“യാത്രക്കാര്‍ ശ്രദ്ധിക്കുക” തിരക്കേറിയ ബസ്സില്‍ അവരുണ്ടാകും

തിരക്കേറിയ ബസ്സില്‍ നിങ്ങളുടെ വിലപ്പിടിപ്പുളള സാധനങ്ങള്‍ നഷ്ടപ്പെടാം. KSRTC ബസ്സിലെ കണ്ടക്ടര്‍മ്മാരും, ഡ്രൈവര്‍മ്മാരും ഒന്നു ശ്രദ്ധിച്ചാല്‍ യാത്രക്കാരില്‍ നിന്നും ഇത്തരത്തിലുളള കവര്‍ച്ചാ സംഘം മോഷ്ടിക്കുന്നത് ഒഴിവാക്കുവാന്‍ കഴിയും. ടിക്കറ്റ് നല്‍കുമ്പോള്‍ ഒരിക്കലും ഇവരുടെ ഭാഷ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയണമെന്നില്ല. ഉദാഹരണമായി തൻ്റെ ഡ്യൂട്ടിക്കിടയിലെ അനുഭവം പറയുകയാണ് കെഎസ്ആർടിസി എടത്വ ഡിപ്പോയിലെ കണ്ടക്ടറായ ഷെഫീക്ക്.

03.01.2020 , രാവിലെ സുഹൃത്തും, നീര്‍ക്കുന്നം എസ്സ്.ഡി.വി ജി യു.പി സ്കൂളിലെ അധ്യാപകനുമായി സുരേഷ്കുമാര്‍ സര്‍ ഫോണില്‍ വിളിച്ചു ഒരു ടീച്ചറുടെ പഴ്സ് നഷ്ടപ്പെട്ടതായി പറഞ്ഞു. ടിക്കറ്റ് whatsapp ല്‍ അയച്ചു നല്‍കുവാന്‍ പറയുകയും, നഷ്ടപ്പെട്ട സാധനങ്ങളെക്കുറിച്ചും ചോദിച്ചു. 3156 രൂപയും, രണ്ടു താക്കോലും, 5 blue ഇന്‍ക് പേനകളും, 3 Red Ink പേനകളും പേഴ്സിലുണ്ടായിരുന്നു.

ഏത് ഡിപ്പോയുടെ ബസ്സ് ആണെന്നും, സഞ്ചരിച്ചു തുടങ്ങിയ സമയവും എവിടെ നിന്നും എവിടെ വരെയാണ് യാത്ര ചെയ്തത് എന്നും, വേയ്ബില്‍ നമ്പര്‍, ഡ്രൈവര്‍ കണ്ടക്ടര്‍ ഐഡി നമ്പര്‍ തുടങ്ങിയവ അയച്ചു നല്‍കിയ ടിക്കറ്റില്‍ നിന്നും മനസ്സിലാക്കി. വെളളക്കിണര്‍-കുറവന്‍തോട് എന്നാണ് ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത് എങ്കിലും അധ്യാപിക യാത്ര ചെയ്തത് ആനപ്രമ്പാലില്‍ നിന്നും വണ്ടാനം ആശുപത്രി ജം. വരെ ആയിരുന്നു.

പ്രസ്തുത ടിക്കറ്റ് തിരുവല്ലാ ഡിപ്പോയിലേതാണെന്ന് അറിഞ്ഞപ്പോള്‍ ഡിപ്പോയിലെ ഫോണില്‍ ആദ്യം വിളിക്കുകയും RAE 252 ബസ്സിലെ കണ്ട്കടറുടെ ഫോണ്‍നമ്പര്‍ ചോദിച്ചു.അദ്ദേഹം നമ്പര്‍ എടുത്തു വെയ്ക്കാം എന്ന് പറഞ്ഞു. അതേ സമയത്ത് തന്നെ വാട്ട്സ് ആപ്പില്‍ ലഭിച്ച ടിക്കറ്റ് ബഹു. തിരുവല്ലാ എ.ടി.ഒ അജിത്ത് കുമാര്‍ സാറിനും, എടത്വ യൂണിറ്റ് ചാര്‍ജ്ജുളള ഐ.സി രമേശ് കുമാര്‍ സാറിനും അയച്ചു നല്‍കി വിവരങ്ങളും നല്‍കിയിരുന്നു.

പെട്ടെന്ന് തന്നെ തിരുവല്ലാ ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്ററെ എ.ടി.ഒ വിളിക്കുകയും, ഡ്യൂട്ടിയിലുളള കണ്ട്കടറുടെ ഫോണ്‍ നമ്പര്‍ കളക്ട് ചെയ്യുകയും ചെയ്തു. കണ്ടക്ടറെ സ്റ്റേഷന്‍ മാസ്റ്റര്‍ ആദ്യം വിളിച്ചിട്ട് കിട്ടിയില്ല എന്ന് എ.ടി.ഒ പറഞ്ഞു. എങ്കിലും ഒരിക്കല്‍ കൂടി കണ്ടക്ടര്‍ ജയകുമാറിനെ ഞാന്‍ ഫോണില്‍ വിളിച്ചു. അദ്ദേഹം പറഞ്ഞത് “രാവിലെ തന്നെ ആലപ്പുഴയിലെ കണ്‍ട്രോളിംഗ് ഇന്‍ഷ്പെക്ടര്‍ വിളിച്ചിരുന്നു. അപ്പോള്‍ തന്നെ ബസ്സില്‍ നോക്കിയിരുന്നു. പഴ്സ് കിട്ടിയില്ല. നല്ല തിരക്കുണ്ടായിരുന്നു. 3100 രൂപയോള പ്രസ്തുത ട്രിപ്പില്‍ കളക്ഷന്‍ ഉണ്ടായിരുന്നു.”

കഴിഞ്ഞ ദിനങ്ങളില്‍ നാടോടി സ്ത്രീകള്‍ ബസ്സില്‍ മോഷണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ച്ചയായി 3 കേസുകളാണ് ശ്രദ്ധയില്‍പെട്ടത്. ഡിസം. 31 ന് ആലപ്പുഴയുടെ ഡിപ്പോയുടെ ബസ്സില്‍ നടന്ന സംഭവം. ജനുവരി 2 ന് കുഞ്ഞുമോള്‍ സജീവന്‍റെ പണവും, രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടിരുന്നു. ആലപ്പുഴ പാതിരപ്പളളിയില്‍ നിന്നും കയറി അമ്പലപ്പുഴ വളഞ്ഞവഴിയില്‍ ഇറങ്ങിയപ്പോഴാണ്. പിന്നെ ഇന്നലെ തിരുവല്ല – അമ്പലപ്പുഴ റൂട്ടില്‍ അധ്യാപികയുടെ പഴ്സ് നഷ്ടപ്പെട്ടത്. മാതൃഭൂമി ദിനപ്പത്രം തുടര്‍ച്ചയായി ഈ വിഷയം വാര്‍ത്തയാക്കിയിരുന്നു.

ഇതെല്ലാം മനസ്സില്‍ ഉണ്ടായിരുന്നതിനാല്‍ അപരിചിതകളായ തമിഴ് സംസാരിക്കുന്നവരെ ബസ്സില്‍ കണ്ടപ്പോള്‍ ശ്രദ്ധിച്ചു. ആലപ്പുഴയില്‍ നിന്നും കയറിയതാണ് 2 സ്ത്രീകള്‍. അത്യാവശ്യം ആഭരണങ്ങളുളള ഒരു യാത്രക്കാരിയുടെ അരികില്‍ ഇവര്‍ രണ്ടുപേരും ചെന്നിരുന്നു. ഇവര്‍ കയറിയ സമയത്ത് നല്ല തിരക്കുണ്ടായിരുന്നു. ആലപ്പുഴയില്‍ നിന്നും ഹരിപ്പാടേക്കാണ് ടിക്കറ്റ് എടുത്തത്. ഇവര്‍ നിരിക്ഷിക്കുവാന്‍ തുടങ്ങി. അതില്‍ ഒരു നാടോടി സ്ത്രീ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഡിസംബര്‍ 31-ന് ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ പ്രസാദ് എ.പിയും,കണ്ടക്ടര്‍ കൃഷ്ണപ്രിയയും,നാട്ടുകാരും ഓാടിച്ചിട്ട് 3 നാടോടി സ്ത്രീകളെ അമ്പലപ്പുഴ തെക്ക്‌ വശത്ത് വെച്ച് പിടികൂടി കൊണ്ടുപോകുമ്പോള്‍ യാദൃശ്ചികമായി ഞാന്‍ ഡ്യൂട്ടിയിലായിരുന്നു സഭവസ്ഥലത്തുകൂടി പോകുകയും ചെയ്തു. പുതിയ സാരിയൊക്കെ ധരിച്ചാണ് അവര്‍ വന്നത്. ഇന്നലെ കണ്ടവര്‍ ചുരിദാറായിരുന്നു. അധ്യാപിക പറഞ്ഞത് പ്രകാരം ഒരു സ്ത്രീ മഞ്ഞ ഷാളും, ചുരിദാറുമാണ് ധരിച്ചിരുന്നത്.

ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍ പുന്നപ്ര കളിത്തട്ട് ജം.നില്‍ ഇറങ്ങുവാന്‍ ശ്രമിച്ചു. പെട്ടെന്ന് തന്നെ ഡ്രൈവറോട് കാര്യം പറഞ്ഞു. ഹരിപ്പാട് ടിക്കറ്റ് എടുത്ത നിങ്ങള്‍ എന്തിനാണ് ഇവിടെ ഇറങ്ങുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ സ്ഥലം അറിയില്ലായിരുന്നു വണ്ടാനത്തിന് ഇപ്പുറത്താണ് ഇറങ്ങേണ്ടത് എന്ന് പറഞ്ഞു. അത് വിശ്വസിക്കുവാന്‍ കഴിയുമായിരുന്നില്ല. പെട്ടന്ന് തന്നെ ഇവരുടെ അരികില്‍ ഇരുന്ന യാത്രക്കാരിയോട് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചു.ഇല്ല എന്ന് പരിശോധിച്ചതിന് ശേഷം യാത്രിക പറഞ്ഞു.

നിറയെ യത്രിക്കാരുമായി കൊല്ലം ബോര്‍ഡ് വെച്ച് ഞങ്ങള്‍ ഓവര്‍ടേക്ക് ചെയ്ത് വന്ന ഹരിപ്പാട് ഡിപ്പോയുടെ RPC 100 എന്ന ബസ്സിലെ യാത്രികരെ ലക്ഷ്യമാക്കിയാണ് ഇവര്‍ പുന്നപ്ര കളിത്തട്ട് ഇറങ്ങുവാന്‍ ശ്രമിച്ചത് എന്ന് മനസ്സിലാക്കി. ഇവരെ കുട്ടികള്‍ പഠിക്കുന്ന വണ്ടാനം മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ ആണ് ഇറക്കിയത്. അപ്പോഴേക്കും RPC 100 ബസ്സ് ഞങ്ങളെ ഓവര്‍ടേക്ക് ചെയ്തു പോയിരുന്നു.

ഈ സംഭവങ്ങള്‍ എടത്വ ഐ.സി രമേഷ് കുമാര്‍ സാറിനെ വിളിച്ചു പറഞ്ഞിരുന്നു. പ്രിയപ്പട്ട യാത്രികരോട് ഒരിക്കല്‍ കൂടി പറയുകയാണ് “പരമാവധി വിലപ്പിടിപ്പുളള ആഭരണങ്ങള്‍ ഒഴിവാക്കി ശ്രദ്ധയോടെ യാത്ര ചെയ്യുക…”