ഭൂട്ടാൻ തലസ്ഥാന നഗരമായ തിംഫു നഗരത്തിലെ വ്യത്യസ്തമായ കാഴ്ചകൾ

ഭൂട്ടാനിലെ ഞങ്ങളുടെ ആദ്യത്തെ പകൽ പുലർന്നു. പുലർന്നതിനു കുറെ സമയം കഴിഞ്ഞായിരുന്നു ഞങ്ങൾ എഴുന്നേറ്റത്. തലേദിവസത്തെ നീണ്ട യാത്രയുടെ ക്ഷീണം ഞങ്ങൾ മൂന്നു പേരിലും പ്രകടമായിരുന്നു. ഉച്ചയോടടുത്തു ഞങ്ങൾ റെഡിയായി പുറത്തേക്ക് ഇറങ്ങിയപ്പോൾ. സലീഷേട്ടൻ അതിനു മുൻപേ തന്നെ പുറത്തൊക്കെ ചെറുതായി കറങ്ങി വന്നിരുന്നു.

ഹോട്ടലിനു വെളിയിലിറങ്ങിയപ്പോഴാണ് ഞങ്ങൾ താമസിച്ച ഹോട്ടലിന്റെ കൃത്യമായ രൂപം ഞങ്ങൾക്ക് മനസ്സിലായത്. പഴയ മോഡലിലായിരുന്നു അത് പണികഴിപ്പിച്ചിരുന്നത്. അത് അവിടത്തെ നിയമമാണെന്നു ഞങ്ങൾ മനസിലാക്കി. തൊട്ടടുത്തുള്ള റോഡിലൂടെ വാഹനങ്ങൾ പോകുന്നുണ്ടായിരുന്നെങ്കിലും ആരും ഓവർടേക്ക് ചെയ്യുവാനോ ഹോണടിച്ചു മുതിരുന്നത് കണ്ടില്ല. മഹത്തായ ഡ്രൈവിംഗ് സംസ്ക്കാരമായിരുന്നു ഞങ്ങൾ അവിടെ കണ്ടത്.

അവിടെ ഞങ്ങൾ കണ്ട മറ്റൊരു വ്യത്യസ്തമായ കാഴ്ച എന്തെന്നാൽ റോഡിനു നടുവിൽ ഒരു മരം നിൽക്കുന്നു. അതുവഴി റോഡ് പണിതപ്പോൾ അവിടെ നിന്നിരുന്ന മരം നഷ്ടപ്പെടുത്താതെ തന്നെ പണിതത് മൂലമാണ് ഇങ്ങനെ ഒരു കാഴ്ച സാധിച്ചത്. നമ്മുടെ നാട്ടിലെപ്പോലെ വിറളിപിടിച്ച ഡ്രൈവിംഗ് ഒന്നും അവിടെയില്ലാത്തതിനാൽ വാഹനങ്ങൾ മരത്തിലിടിച്ചുള്ള അപകടങ്ങളൊന്നും അവിടെയില്ല.

പരമ്പരാഗതമായ സംസ്‌കാരങ്ങൾ ഇന്നും കാത്തു സൂക്ഷിക്കുന്നവരാണ് ഭൂട്ടാനിലെ ജനങ്ങൾ. അവിടത്തെ ആളുകൾ ഇന്നും ധരിക്കുന്നത് പരമ്പരാഗത വസ്ത്രങ്ങളാണ്. രാജഭരണമാണ് ഭൂട്ടാനിൽ. അവരുടെ രാജാവ് പ്രജകളെ വളരെയധികം സ്നേഹിക്കുന്നയാളാണ്. പ്രജകളാണെങ്കിൽ ദൈവതുല്യനായാണ് രാജാവിനെയും രാജ്ഞിയെയുമൊക്കെ കാണുന്നത്. ഈ കാര്യങ്ങളൊക്കെ അവിടെ വെച്ച് പരിചയപ്പെട്ട ഭൂട്ടാനീസ് ആളുകളിൽ നിന്നും മനസിലാക്കിയാണ്.

രാവിലെ ഞങ്ങൾ വൈകിയെഴുന്നേറ്റതിനാൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കുവാൻ സാധിച്ചിരുന്നില്ല. അതിനാൽ ബ്രേക്ക്ഫാസ്റ്റും ലഞ്ചും കൂടി ബ്രഞ്ച് ആക്കി കഴിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. അവിടെ അടുത്തുള്ള ‘ധർമ്മ’ എന്നുപേരുള്ള റെസ്റ്റോറന്റ് കം ബാറിലേക്ക് ഞങ്ങൾ ബ്രഞ്ച് കഴിക്കുവാനായി കയറി. റെസ്റ്റോറേറ്റിലേക്ക് കയറി കൈകഴുകി ടേബിളിലിരുന്ന ഞങ്ങൾക്ക് അവർ ഒരു മെനു കാർഡും, വെള്ളപ്പേപ്പറും പേനയും കൂടി തന്നു. നമ്മുടെ നാട്ടിലെപ്പോലെ പറഞ്ഞുകൊണ്ട് ഓർഡർ എടുക്കുകയല്ല അവിടെ ചെയ്യുന്നത്. മെനു കാർഡ് നോക്കി നമുക്ക് ആവശ്യമുള്ള വിഭവങ്ങൾ വെള്ളപ്പേപ്പറിൽ എഴുതി കൊടുക്കണം. ഞങ്ങൾ ആവശ്യമുള്ളവ വെള്ളപ്പേപ്പറിൽ എഴുതി കൊടുത്തു.

ചോറ്, പരിപ്പ് കറി, ഓംലറ്റ് എന്നിവയും ഭൂട്ടാൻ സ്പെഷ്യലായ എമാദാറ്റ്ഷി എന്നു പേരുള്ള ഒരു കറിയും ഞങ്ങൾ ഓർഡർ ചെയ്തു കഴിച്ചു. ഹോട്ടലിൽ അവിടത്തെ രാജാക്കന്മാരുടെ ചിത്രങ്ങൾ ആദരവോടെ വെച്ചിട്ടുണ്ടായിരുന്നു. ഹോട്ടലിലെ ഭക്ഷണത്തിന്റെ ബിൽതുക കൊടുത്തപ്പോൾ കിട്ടിയത് ഇന്ത്യൻ രൂപയും ഭൂട്ടാൻ കറൻസിയും ചേർത്തായിരുന്നു. ഇവിടെ എവിടെയും ഭൂട്ടാൻ കറൻസികൾക്കൊപ്പം ഇന്ത്യൻ രൂപയും എടുക്കും. അങ്ങനെ ഞങ്ങൾ ഹോട്ടലിൽ നിന്നും പുറത്തേക്ക് ഇറങ്ങി.

പിന്നീട് ഞങ്ങൾ പോയത് തിംഫുവിലെ ഇമിഗ്രെഷൻ ഓഫീസിലേക്ക് ആയിരുന്നു. ഞങ്ങൾക്ക് ഫ്യുണ്ട്ഷോലിംഗിൽ നിന്നും കിട്ടിയ പെർമിറ്റ് പ്രകാരം തിംഫുവിലും പാറോയിലും മാത്രമേ പോകുവാൻ സാധിക്കുകയുള്ളൂ. മറ്റുള്ള സ്ഥലങ്ങളിലേക്ക് പോകണമെങ്കിൽ ഇവിടെ വന്നിട്ട് പോകേണ്ട മറ്റു സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി നമുക്ക് കിട്ടിയ പെർമിറ്റ് നീട്ടേണ്ടതായുണ്ട്. ഇമിഗ്രെഷൻ ഓഫീസിനടുത്തുള്ള ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നും അതിനായുള്ള ഫോമുകൾ ലഭിക്കും. ഞങ്ങൾ അവിടെ നിന്നും ഫോം വാങ്ങി പൂരിപ്പിച്ചതിനു ശേഷം പുതുതായി പെർമിറ്റ് ആവശ്യമുള്ള സ്ഥലങ്ങൾ രേഖപ്പെടുത്തി ഇമിഗ്രെഷൻ ഓഫീസിൽ കൊടുത്തു.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ഈ ഓഫീസിൽ പെർമിറ്റ് സംബന്ധമായ കാര്യങ്ങൾ ചെയ്യാവുന്നതാണ്. അങ്ങനെ ഞങ്ങൾ എഴുത്തു കൊടുത്തതിൽ ഒരു സ്ഥലം ഒഴിച്ച് ബാക്കി സ്ഥലങ്ങളിലേക്കുള്ള പെർമിറ്റ് ഞങ്ങൾക്ക് ലഭിച്ചു. ഞങ്ങൾക്ക് പെർമിറ്റ് ലഭിക്കാതിരുന്ന സ്ഥലം ചൈന ബോർഡർ ആയിരുന്നു. അതിനാലാകാം പെർമിറ്റ് ലഭിക്കാതിരുന്നത്. ഞങ്ങൾക്ക് പെർമിറ്റ് കിട്ടിയതിനു ശേഷം വണ്ടിയ്ക്ക് കൂടി പെർമിറ്റ് എടുക്കേണ്ടതായുണ്ട്.അതിനായി RSTA ഓഫീസിലേക്ക് ഞങ്ങൾ യാത്രയായി. പക്ഷേ ഞങ്ങൾ ആ ഓഫീസിൽ ചെന്നപ്പോൾ പെർമിറ്റ് കൊടുക്കുന്ന സമയം കഴിഞ്ഞിരുന്നു. അതിനാൽ ഞങ്ങൾക്ക് വണ്ടിയുടെ പെർമിറ്റിനായി ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കണം.

RSTA ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷം ഞങ്ങൾ ഒരു ബുദ്ധക്ഷേത്രത്തിലേക്ക് ആയിരുന്നു പോയത്. നല്ല ഉയരത്തിലായിരുന്നു ആ മൊണാസ്ട്രി സ്ഥിതി ചെയ്തിരുന്നത്. നല്ല ഉയരത്തിൽ ആയിരുന്നതിനാൽ ഞങ്ങളെല്ലാവരും നടക്കുമ്പോൾ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. മൊണാസ്ട്രിയ്ക്ക് സമീപത്തായി ഒരു എയർസ്ട്രിപ്പ് കൂടി ഞങ്ങൾ കണ്ടു. വളരെ ശാന്തമായ ഒരു അന്തരീക്ഷമായിരുന്നു അവിടെ. ഞങ്ങൾക്ക് വല്ലാത്തൊരു പോസിറ്റിവ് എനർജ്ജിയായിരുന്നു ഞങ്ങൾക്ക് അവിടെ അനുഭവപ്പെട്ടിരുന്നത്. കുറേസമയം ഞങ്ങൾ അവിടെ ചെലവഴിച്ചതിനു ശേഷം തിരിച്ചു പോന്നു.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.