തൃശ്ശൂർ നഗരത്തിലൂടെ പാതിരാത്രിയിൽ സഞ്ചരിച്ചാൽ കാണുന്ന കാഴ്ചകൾ..

വിവരണം – Prasanth Paravoor.

തൃശ്ശൂരിലെ ചേറൂരിലുള്ള ഭാര്യവീട്ടിൽ ഞങ്ങൾ ബന്ധുക്കളെല്ലാം ഒത്തുകൂടിയ സമയമായിരുന്നു. രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞു ചുമ്മാ വരാന്തയിൽ വിശേഷങ്ങൾ പറഞ്ഞിരിക്കുന്നതിനിടെയാണ് ഒരു രാത്രി കറക്കത്തിനായി പോയാലോ എന്നൊരു ചിന്ത മനസ്സിൽ ഉടലെടുക്കുന്നത്. സംഭവം പറഞ്ഞപ്പോൾ ഭാര്യയുടെ ചേച്ചിയ്ക്കും ചേട്ടനും ഒക്കെ സമ്മതം. അപ്പോൾ സമയം രാത്രി 11.15 ആയിട്ടുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ നാലുപേരും കൂടി കാറിൽ തൃശ്ശൂർ ടൗണിലേക്ക് യാത്രയായി.

വണ്ടിയ്ക്ക് ആണെങ്കിൽ വീട്ടിൽ നിന്നും 10 -15 മിനിറ്റ് ദൂരമേയുള്ളൂ ടൗണിലേക്ക്. ചെമ്പൂക്കാവ് കഴിഞ്ഞു ഞങ്ങൾ പാലസ് റോഡിലേക്ക് ലക്ഷ്യമാക്കി വണ്ടി വിട്ടു. രാത്രി സമയമായിരുന്നതിനാൽ തിരക്ക് ഒട്ടുമുണ്ടായിരുന്നില്ല. പോരാത്തതിന് റോഡിൽ വെളിച്ചവും കുറവായിരുന്നു. പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിലൂടെ ഞങ്ങൾ പ്രസിദ്ധമായ തൃശ്ശൂർ റൗണ്ടിലേക്ക് കയറി.

പകൽ സമയത്ത് വാഹനങ്ങളുടെ തിരക്കോടെ മാത്രം കണ്ടിട്ടുള്ള തൃശ്ശൂർ റൗണ്ട് രാത്രി ഏറെക്കുറെ വിജനമായിരുന്നു. 24 മണിക്കൂർ വൺവേ ആണെങ്കിലും രാത്രിയായാൽ ചില വിരുതന്മാർ റൗണ്ടിലൂടെ എതിർദിശയിലും വണ്ടിയോടിച്ചു വരാറുണ്ട്. ഫുൾടൈം പോലീസ് പെട്രോളിംഗ് ഉള്ളതിനാൽ സുരക്ഷയെക്കുറിച്ച് പേടിക്കാനൊന്നുമില്ല. അങ്ങനെ ഞങ്ങൾ ജോസ് തിയേറ്ററിന്റെ അടുത്ത് വണ്ടി പാർക്ക് ചെയ്തതിനു ശേഷം ഞങ്ങൾ റോഡ് ക്രോസ്‌ ചെയ്ത് തേക്കിൻകാട് മൈതാനത്തേക്ക് കയറി. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ..

തൃശ്ശൂരിലെ പ്രസിദ്ധമായ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നടയ്ക്കു മുന്നിൽ അൽപ്പനേരം ഇരിക്കണം എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ജയസൂര്യയുടെ ‘പുണ്യാളൻ അഗർബത്തീസ്’ എന്ന സിനിമ കണ്ടതു മുതലുള്ള ആഗ്രഹമായിരുന്നു രാത്രിയിൽ ഈ തെക്കേ നടയിൽ വന്നു ഇരിക്കണമെന്ന്. ഞങ്ങൾ നടന്നു ഗോപുരത്തിനരികിൽ എത്തിയപ്പോൾ കുറച്ചുപേർ അവിടെ ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. യാതൊരു വിധ ഒച്ചപ്പാടുമില്ലാതെ അവരും ഞങ്ങളെപ്പോലെ അൽപ്പനേരം സ്വസ്ഥമായി ഇരിക്കാൻ വന്നതായിരിക്കണം.

ഹോ, ആ സിനിമയിൽ ജയസൂര്യ പറഞ്ഞത് പോലെ തന്നെ വല്ലാത്തൊരു പോസിറ്റിവ് എനർജ്ജി തന്നെയാണ് അവിടെ ഇരിക്കുമ്പോൾ ഞങ്ങൾക്ക് അനുഭവപ്പെട്ടത്. ഒരു ക്ഷേത്രവും മൈതാനവും അതിനു ചുറ്റും ഒരു ടൗണും, തൃശ്ശൂരല്ലാതെ വേറെ ഇവിടെയുണ്ട് ഇതുപോലൊരു സെറ്റപ്പ്?? ഈ തെക്കേനടയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. തൃശ്ശൂർ പൂരത്തിലെ പ്രശസ്തമായ ‘തെക്കോട്ടിറക്കം’ ഈ ഗോപുരം കടന്നാണ്. കേരളത്തിലെ ഏറ്റവും തലപ്പൊക്കമുള്ള ലക്ഷണമൊത്ത ഗജവീരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണു ഈ ഗോപുരനടയിലൂടെ ‘മാസ്സ് എൻട്രി’യായി കടന്നു തെക്കോട്ടിറക്കം നടത്തുന്നത്. ആ കാഴ്ച ഒന്നു നേരിൽ കാണേണ്ടതു തന്നെയാണ്.

തേക്കിൻകാട് മൈതാനത്തിൽ നിന്നും പിന്നീട് ഞങ്ങൾ നടന്നത് 100 മീറ്ററോളം ദൂരത്തായി സ്ഥിതി ചെയ്യുന്ന രാഗം തിയേറ്ററിനു സമീപത്തേക്കായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള തിയേറ്റർ ഏതെന്നു ചോദിച്ചാൽ ഒരേയൊരു ഉത്തരമേ എല്ലാവർക്കും പറയാനുണ്ടാകൂ – തൃശ്ശൂർ രാഗം.. തൃശ്ശൂർക്കാരുടെ ഭാഷയിൽ പറഞ്ഞാൽ “മ്മടെ രാഗം..” തൃശൂരിനെ അറിയാവുന്ന ആര്‍ക്കും ‘രാഗ’ത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പൂരത്തിന്റെ തട്ടകത്ത് തലയെടുപ്പോടെ ആനച്ചന്തത്തോടെ തലയുയർത്തി നിൽക്കുന്ന രാഗം തിയറ്റര്‍ സിനിമാ പ്രേമികളുടെ മായാലോകമാണ്.

ഇന്നും കേരളത്തിലെ വിവിധ നിന്നുള്ള സിനിമാപ്രേമികൾ രാഗത്തിൽ സിനിമ കാണുവാനായി മാത്രം തൃശ്ശൂർ എത്തുന്നു എന്നത് ഈ തിയേറ്ററിന്റെ ഫാൻസ്‌ പവറിനെയാണ് കാണിക്കുന്നത്. രാത്രി വൈകിയതിനാൽ രാഗത്തിന്റെ മുന്നിലെ മനോഹരമായ ലൈറ്റുകളെല്ലാം കെടുത്തിയിരുന്നു. എന്നാലും ഇരുട്ടിലും ആ ചന്തം ഒന്നു കാണേണ്ടതു തന്നെയാണ്.

രാഗത്തിന്റെ പരിസരത്തു നിന്നും ഞങ്ങൾ റൗണ്ടിൽക്കൂടി നടന്ന് വീണ്ടും ജോസ് തിയേറ്ററിനു സമീപത്തേക്ക് വന്നു. കാർ അവിടെയായിരുന്നല്ലോ പാർക്ക് ചെയ്തിരുന്നത്. കേരളത്തിലെ ഏറ്റവും പഴക്കമേറിയ തിയേറ്ററുകളിൽ ഒന്നാണ് തൃശ്ശൂരിലെ ജോസ് തിയേറ്റർ. ജോസിന് തൊട്ടടുത്തുള്ള ‘Desi Cuppa’ എന്ന ഷേക്ക് പാർലർ ആ വൈകിയ സമയത്തും തുറന്നിട്ടുണ്ടായിരുന്നു. ഞങ്ങൾ ഷെയ്‌ക്കോ ജ്യൂസോ കഴിക്കാമെന്നു കരുതി അവിടേക്ക് ചെന്നു. എന്നിട്ട് എല്ലാവർക്കും ഓരോ ലൈം ജ്യൂസ് ഓർഡർ ചെയ്തു. അതിനു തൊട്ടു മുന്നിലായി ഒരു ചിത്രകാരൻ ഒരു കുട്ടിയുടെ ചിത്രം ലൈവായി വരയ്ക്കുന്നത് കാണാമായിരുന്നു. നിമിഷനേരങ്ങൾക്കുള്ളിൽ ആ ചിത്രം അദ്ദേഹം മനോഹരമായി പൂർത്തിയാക്കുകയും ചെയ്തു.

ജ്യൂസ് ഒക്കെ കുടിച്ചശേഷം പിന്നീട് ഞങ്ങൾ കറങ്ങുവാനായി പോയത് കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തേക്ക് ആയിരുന്നു. തൃശ്ശൂർ നഗരത്തിൽ 24 മണിക്കൂറും ആക്ടീവായി ഇരിക്കുന്ന ഒരു സ്ഥലം ഇതായിരിക്കും. കാരണം കെഎസ്ആർടിസി സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അവിടെ എല്ലായ്പ്പോഴും ആളുകൾ ഉണ്ടാകുകയും കടകളും ഹോട്ടലുകളുമെല്ലാം ഫുൾടൈം തുറന്നിരിക്കുകയും ചെയ്യും. കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിൽ രാത്രി സർവ്വീസുകളായ മിന്നൽ, സ്‌കാനിയ, സൂപ്പർ ഡീലക്സ്, സൂപ്പർഫാസ്റ്റ് എന്നിവയൊക്കെ വന്നും പോയുമിരുന്നു. ട്രിപ്പ് കഴിഞ്ഞ ബസ്സുകളെല്ലാം സ്റ്റാൻഡിൽ നിരനിരയായി നിർത്തിയിട്ടിരിക്കുന്നു.

കുറച്ചു സമയം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തു ചെലവഴിച്ച ശേഷം ഞങ്ങൾ വീണ്ടും റൗണ്ടിൽ കയറുകയും വടക്കുംനാഥനെ വലംവെച്ചുകൊണ്ട് വടക്കേ സ്റ്റാണ്ടിലേക്കുള്ള വഴിയിലേക്ക് കയറുകയും ചെയ്തു. പിന്നീട് അവിടെ നിന്നും ചെമ്പൂക്കാവിലേക്കും അവിടുന്ന് ചേറൂരിലെ വീട്ടിലേക്കും പോയി. അങ്ങനെ ഞങ്ങളുടെ നൈറ്റ് ഡ്രൈവ് അവസാനിച്ചിരിക്കുന്നു. രാത്രി 11.15 വീട്ടിൽ നിന്നും പുറപ്പെട്ട ഞങ്ങൾ തിരിച്ചെത്തിയപ്പോൾ വെളുപ്പിന് 1.15 ആയിരുന്നു. അതായത് 2 മണിക്കൂർ സമയം ഞങ്ങൾ തൃശ്ശൂർ നഗരത്തിലെ രാത്രിക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് നടന്നു. എന്തായാലും സംഭവം കൊള്ളാം, പകൽ സമയത്തെ തിരക്കുകളിൽ നിന്നും വ്യത്യസ്തമായി തൃശൂരിലെ രാത്രിക്കാഴ്ചകൾ വളരെ മനോഹരവും വ്യത്യസ്തവുമായിരുന്നു. അത് ഒരിക്കലെങ്കിലും നിങ്ങൾ ഒന്നാസ്വദിച്ചിരിക്കണം.