‘വരയൻപുലി’ അഥവാ ‘കടുവ’ : കാട്ടിലെയും, ഇപ്പോൾ നാട്ടിലെയും താരം…

കടപ്പാട് – ലിജ സുനിൽ, വിക്കിപീഡിയ, ചിത്രം : ദിപു ഹരിദാസ്.

കാട്ടിലെ രാജാവ് ആരെന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം സിംഹം. എന്നാൽ ഞാൻ പറയും കടുവയാണെന്ന്. കാരണം ഒരു പ്രദേശം ഒറ്റയ്ക്ക് അടക്കി ഭരിക്കുന്ന പ്രൗഢ ഗാംഭീര്യമുളള താരം. ആനയെപോലും ഒറ്റയ്ക്ക് വെല്ലാൻ കഴിവുള്ളവൻ.. സിംഹം കൂട്ടത്തോടെയാണ് ജീവിക്കുന്നതും ആക്രമിക്കുന്നതും. എന്നാൽ കടുവ നേരെ തിരിച്ചും. കടുവയുടെ ഗാംഭീര്യത്തോടെയും, വശ്യതയോടെയുമുളള നടത്തം കണ്ടാൽത്തന്നെ ഏവരും ഒന്നും ഭയക്കും. ഇന്ത്യയിലെ ഏറ്റവും പ്രൗഢഗംഭീരനായ മൃഗമാണ് കടുവ. ഓറഞ്ച് രോമക്കുപ്പായവും അതിൽ വീതിയുളള കറുത്ത വരകളും ഇവയ്ക്ക് രാജകീയ ഭംഗി നൽകുന്നു..

ലോകത്തിലുളള മൊത്തം കടുവയുടെ 60 ശതമാനത്തോളം കാണപ്പെടുന്നത് ഇന്ത്യയിലാണ് എന്നത് ശ്രദ്ധേയമാണ്. ഒറ്റയ്ക്ക് ജീവിക്കുവാൻ ഇഷ്ടപ്പെടുന്ന ജീവിയാണ് കടുവ. അവയ്ക്ക് അധീന പ്രദേശപരിധിയുണ്ട്. ആൺ കടുവയുടെ അധീന പ്രദേശം പെൺകടുവകളെ അപേക്ഷിച്ച് വളരെ വലുതായിരിക്കും. ഇണ ചേരുന്ന സമയത്ത് മാത്രമാണ് ആൺ-പെൺ കടുവകളെ ഒരുമിച്ച് കാണുകയുളളൂ.

ആൺകടുവകളുടെ അധീനപ്രദേശം 70 മുതൽ 100 ചതുരശ്രകിലോമീറ്റർ വരെ വരും. പെൺകടുവകൾ 25 ചതുരശ്രകിലോമീറ്ററാണ്‌ അടക്കി വാഴുക. ഒരു ആൺകടുവയുടെ പരിധിയിൽ പല പെൺകടുവകൾ കാണുമെങ്കിലും, മറ്റൊരു ആൺകടുവയെ സ്വന്തം പരിധിയിൽ കാണുന്നത്‌ അവ തമ്മിലുള്ള പോരാട്ടത്തിലും മിക്കവാറും ഒരു കടുവയുടെ അന്ത്യത്തിലുമായിരിക്കും അവസാനിക്കുക.

ഇണ ചേർന്ന് ഏകദേശം 103-110 വരെ ദിവസത്തെ ഗർഭകാലത്തിന് ശേഷം പെൺകടുവ മൂന്നോ നാലോ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു. കുഞ്ഞുങ്ങൾ രണ്ടു മൂന്നു മാസം വരെ മുലപ്പാൽ മാത്രമാണ് ഭക്ഷിക്കുന്നത്. അതിനുശേഷം കുഞ്ഞുങ്ങൾ അമ്മയോടൊപ്പം ഇര തേടാൻ പോയിത്തുടങ്ങും. ഒന്നര വയസ്സ് പ്രായമുളള കടുവക്കുഞ്ഞുങ്ങളെ ഒറ്റനോട്ടത്തിൽ മുതിർന്നവയിൽ നിന്നും തിരിച്ചറിയുക വിഷമമാണ്. ഇത്തരത്തിലുളള അമ്മയേയും കുഞ്ഞുങ്ങളെയും നമ്മുടെ കാടുകളിലെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കടുവകൾ കൂട്ടങ്ങളായാണ് ജീവിക്കുന്നതെന്ന് ചിലർ തെറ്റിദ്ധരിക്കുന്നുണ്ട്. ഏകദേശം രണ്ടോ മൂന്നോ വയസ്സാകുമ്പോൾ കടുവയ്ക്ക് പ്രായപൂർത്തിയാകുന്നു.

കടുവ പ്രധാനമായും ഭക്ഷിക്കുന്നത് മാനുകൾ, കാട്ടുപോത്ത്, കാട്ടുപന്നി എന്നീ മൃഗങ്ങളെയാണ്. എന്നാൽ മത്സ്യം മുതൽ മുയൽ, മുള്ളൻപന്നി, കുരങ്ങ് തുടങ്ങി പുളളിപ്പുലിയെയും, ആനയെയും വരെ കടുവ ഭക്ഷിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കടുവ ആഴ്ചയിൽ ഒരു മാനിന്റെ വലുപ്പമുളള ഇരയെങ്കിലും ഭക്ഷിക്കാറുണ്ട്. അതായത് ഒരു കടുവയ്ക്ക് ഒരു വർഷം ജീവിക്കുവാൻ 45-50 മാനിന്റെ വലുപ്പമുളള ഇരകളെങ്കിലും കാട്ടിൽ ഉണ്ടാകണം. ഒരു പ്രദേശത്തെ കടുവകളുടെ എണ്ണം അവിടെ കാണുന്ന ഇരയുടെ എണ്ണത്തെ ആശ്രയിച്ചാണിരിക്കുന്നത്.

വനനശീകരണം ആണ്‌ കടുവകളുടെ അതിജീവനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി. ജൈവശൃംഖലയിൽ ഉയർന്ന സ്ഥാനത്തു നിൽക്കുന്നതു മൂലം വനത്തിൽ സംഭവിക്കുന്ന ഏതു മാറ്റവും കടുവകളെ ബാധിക്കുന്നു. അപൂർവ്വമായി ആനകളും, കരടികളും കടുവകളെ എതിർക്കാറുണ്ടെങ്കിലും മനുഷ്യൻ തന്നെ ആണ്‌ കടുവകളുടെ ഏറ്റവും വലിയ ശത്രു. ഇന്ത്യയിൽ കടുവ സം‌രക്ഷണാർത്ഥം സ്ഥാപിതമായ ആദ്യത്തെ ദേശീയോദ്യാനം ജിം കോർബറ്റ് ദേശീയോദ്യാനമാണ്‌. ഇന്ത്യയിൽ ജനിച്ച ഇംഗ്ലീഷുകാരനായ മൃഗസം‌രക്ഷകപ്രവർത്തകനായ എഡ്വേർഡ് ജിം കോർബറ്റിന്റെ പേരിലാണ് ഇതറിയപ്പെടുന്നത്.

കാട്ടിലെ വന്യമൃഗങ്ങളെ ക്രൂരമൃഗങ്ങളെന്നും, ദുഷ്ടമൃഗങ്ങളെന്നുമൊക്കെ ആണല്ലോ നാം മുദ്രകുത്തിയിരിക്കുന്നത്. എന്നാൽ യാഥാർത്ഥത്തിൽ വന്യമൃഗങ്ങളെല്ലാം തന്നെ തികഞ്ഞ മാന്യത പുലർത്തുന്നവയും, അങ്ങോട്ടൊരു പ്രകോപനവുമില്ലാതെ യാതൊരു കാരണവശാലും തിരികെ ഉപദ്രവിക്കാത്തതുമായ ജീവികളാണ്.