ഓടുന്ന ബസ്സുകൾക്കു മുന്നിൽ പിള്ളേരുടെ ‘ടിക്-ടോക്’ ചലഞ്ച്..!!

എഴുത്ത് – ജോമോൻ വി.

ഫേസ്ബുക്കും വാട്സാപ്പും പോലെ തന്നെ അതിവേഗം കുട്ടികളുടെയും യുവതീ യുവാക്കളുടെയും മനസില്‍ സ്ഥാനം പിടിച്ച ഒന്നാണ് ‘മ്യൂസിക്കലി അഥവാ ടിക് ടോക്ക്.’ ടിക് ടോക്കിന്‍റെ പ്രത്യേകത എന്തെന്നാല്‍ എന്തെങ്കിലും ഒരു വീഡിയോ പോസ്റ്റിട്ടാല്‍ അത് വേഗം വയറല്‍ ആകുന്നു. അതു പോലെ കേവലം ഒരു പോസ്റ്റില്‍ ലെക്സും കമന്‍റും എണ്ണിയിരിക്കുന്നവര്‍ക്ക് മറ്റു സോഷ്യല്‍ മീഡിയയിലേക്കാളും ലെെക് കമന്‍സ് ഷെയര്‍ ലഭ്യം ആകുന്നു എന്നതും വാസ്തവം.

പക്ഷെ ഓരൊ ദിവസം കഴിയും തോറും ട്രെന്‍റ് മാറി വരികയാണ്. വ്യത്യസ്തതയ്ക്ക്  വേണ്ടി യുവാക്കള്‍ ജീവിതം അപകടമാകും വിധത്തിലുള്ള ട്രെന്‍റുകളിലേക്ക് പോയ് കൊണ്ടിരിക്കുന്നു.  അതില്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ആയി ശ്രദ്ധയില്‍ പെട്ടതാണ് ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക് ജാസി ഗിഫ്റ്റിന്‍റെ ഹിറ്റ് പാട്ടായ “നില്ല് നില്ല് എന്‍റെ നീല കുയിലെ” എന്ന ഗാനവും Ticktok ല്‍ ബായ്ഗ്രൗണ്ടാക്കി എടുത്തു ചാടുക എന്നത്. മിക്ക യുവാക്കളുടെ കെെയ്യില്‍ എന്തെങ്കിലും കാട്ടു ചെടിയോ തലയില്‍ ഹെല്‍മറ്റൊ ഉണ്ടാവും. ചിലര്‍ വാഹനത്തിന് മുന്നില്‍ ചാടുംമ്പോള്‍ ഹെല്‍മറ്റ് വയ്ക്കുന്നത് സുരക്ഷയ്ക്കൊ അതൊ ആളറിയാതിരിക്കാനൊ എന്നും അറിയില്ല.

ആദ്യം ചെറിയ ടൂ വീ ലറുകളുടെ മുന്നിലായിരുന്നു. പിന്നീടത് ചെറിയ പ്രെെവറ്റു വാഹനങ്ങളും ഫോര്‍വിലറും ആയി. അതിലും അപകടം പിടിച്ച അവസ്ഥയാണിപ്പോള്‍. പാഞ്ഞു വരുന്ന ബസിന് മുന്നിലേക്കാണ് ഇപ്പോൾ ഈ കോപ്രായവുമായി എടുത്ത് ചാടുന്നത്, അത് KSRTC ആയി കൊള്ളട്ടെ പ്രൈവറ്റ് ആയി കൊള്ളട്ടെ ഇവർക്ക് ഒരു കുലുക്കവുമില്ല .

ട്രെന്‍റ് ഓരോ ദിവസവും മാറി അവസാനം പോലീസ് ജീപ്പിന് മുന്നില്‍ വരെ ചാടി വീഡിയോ ഷൂട്ട് ചെയ്ത് ഓടി രക്ഷപെടുന്ന അവസ്ഥയില്‍ എത്തി നില്‍ക്കയാണ് ന്യൂജെന്‍ തലമുറയുടേത്. പോലീസ് പുറത്തിറങ്ങിയപ്പോഴേക്കും ഇവർ ഓടി രക്ഷപ്പെടുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റാൻ എന്ത് പേക്കൂത്തും കാണിക്കാൻ മടിയില്ല പുതുതലമുറക്ക് എന്ന് കാണിക്കുന്ന തരത്തിലാണ് എല്ലാ വീഡിയോകളും.

നട്ടിലും ബോൾട്ടിലും ഓടുന്ന വാഹനങ്ങളുടെ മുൻപിലേക്ക് ചാടിയാൽ എന്ത് സംഭവിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആ ഡ്രൈവറുടെ മാനസികാവസ്ഥയും ചിന്തിക്കുക.. ഒഴിവാക്കാവുന്ന അപകടങ്ങൾ ഒഴിവാക്കുക… KSRTC ബസുകളുടെ മുൻപിലും ഈ പരിപാടി അവതരിപ്പിക്കുന്നുണ്ട്. എല്ലാ ജീവനക്കാർക്കും ഈ കാര്യത്തിൽ അറിവുണ്ട് എന്ന് കരുതാൻ വയ്യ.

ഇത്തരം മാനസിക വൈകല്യം പ്രകടിപ്പിക്കുന്ന കുട്ടികളെ ഒന്നുകിൽ രക്ഷിതാക്കൾ ചികിത്സിക്കണം. വൻദുരന്തങ്ങൾ വരുത്തി വെക്കാവുന്ന ഇതുപോലുള്ള തമാശകൾ ഒരിക്കലും അംഗീകരിക്കാൻ ആവുന്നതല്ല. ഒരു പക്ഷെ ഇമ്മാതിരി കോപ്രായങ്ങൾ കാണിക്കുന്ന ഇവർക്ക് ഒന്നും സംഭവിക്കില്ലായിരിക്കും. പക്ഷെ വാഹനത്തിന്റെ ഡ്രൈവർ ഇവരെ രക്ഷിക്കാൻ നോക്കുമ്പോൾ ആയിരിക്കും വല്യ ആപത്തുകൾ ഉണ്ടാകുന്നത്. വാഹനം വെട്ടിക്കുമ്പോള്‍ നിയന്ത്രണം നഷ്ടപെട്ട് വാഹനം അപകടത്തില്‍പെടുകയൊ കാല്‍നടക്കാരെയൊ മറ്റു വാഹനങ്ങളുമായി കൂട്ടി ഇടിച്ചൊ വന്‍ദുരന്തങ്ങള്‍ ഉണ്ടാകുവാൻ സാധ്യതയുണ്ട്.

സുഹ്രത്തുക്കളെ നിങ്ങളും ആ ബസിലുള്ളവരും മറ്റു കാല്‍ നട യാത്രക്കാരും എല്ലാവരും മനുഷ്യര്‍ ആണ്. ഇതിനെ അശ്രദ്ധയോടെ അപകടം സൃഷ്ടിച്ചു എന്ന് പറയാനാവില്ല, അപകടം ക്ഷണിച്ചു വരുത്തി എന്നെ പറയാനാകൂ. പിന്നീട് ദുഃഖിച്ചിട്ട് കാര്യവും ഇല്ല. അതുകൊണ്ട് ഇത്തരം തമാശകൾ ദയവായി ഒഴിവാക്കുക. മാതാപിതാക്കൾ ഇത്തരം കാര്യങ്ങളിൽ പ്രത്യേകം ജാഗ്രത പുലർത്തുക.