തേക്കടിയിൽ ബോട്ടിംഗിന് പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഇടുക്കി ജില്ലയിലെ പെരിയാർ കടുവാ സംരക്ഷിത പ്രദേശത്തെ പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രമാണ് തേക്കടി. തേക്കടി തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്. ഈ തടാകത്തിലൂടെയുള്ള ബോട്ടിങ്ങ് ആണ് ഇവിടത്തെ പ്രധാന ആകർഷണം. തേക്കടി കാണുവാന്‍ സഞ്ചാരികള്‍ ഒഴുകിയെത്തുന്നതും ബോട്ടില്‍ യാത്ര ചെയ്യാനുള്ള പ്ലാന്‍ മൂലമാണ്. എന്നാല്‍ ഈ ബോട്ടിംഗിനായുള്ള ടിക്കറ്റുകള്‍ നേരത്തെതന്നെ ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്യേണ്ടതെങ്ങനെയെന്ന്‍ എന്‍റെ വീഡിയോ കണ്ടു മനസ്സിലാക്കാം.

നവംബര്‍ ആദ്യവാരത്തിലെ എന്‍റെ തേക്കടിയാത്ര പ്ലാന്‍ ചെയ്യുന്നതിനിടെയാണ് ഓണ്‍ലൈന്‍ ബുക്കിംഗിനെക്കുറിച്ച് അറിയുവാനിടയായത്. അറിഞ്ഞപാടെ ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. സത്യത്തില്‍ ഇങ്ങനെ ബുക്ക് ചെയ്തതിനാല്‍ അവിടെയെത്തിയപ്പോള്‍ സാധാരണ സഞ്ചാരികളെപ്പോലെ വലിയ ക്യൂവില്‍ നിന്ന് കഷ്ടപ്പെട്ട് ടിക്കറ്റെടുക്കേണ്ടി വന്നില്ല. ഭാഗ്യമെന്നു പറയട്ടെ, മുകളിലെ നിലയില്‍ത്തന്നെ എനിക്ക് സീറ്റ് ലഭിച്ചു. സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റുകള്‍ എല്ലാവരും നിര്‍ബന്ധമായി ധരിക്കേണ്ടതായുണ്ട്.

തങ്ങളുടെ ജീവിതം ഈ യാത്രയില്‍ സുരക്ഷിതമാണെന്ന ധൈര്യം എല്ലാ സഞ്ചാരികളുടെയും മുഖത്തു പ്രതിഫലിച്ചിരുന്നു. മികച്ച സൌകര്യങ്ങളോടെ ബോട്ടിംഗ് പുനരാരംഭിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കാനും മറുനാടന്‍ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ മറന്നില്ല. ലൈഫ് ജാക്കറ്റുകള്‍ ഇടുന്നത് ശരീരത്തിന്‍റെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടെങ്കിലും എല്ലാ സഞ്ചാരികളും ഇതണിയാന്‍ പൂര്‍ണ്ണസജ്ജരായിരുന്നു. ബോട്ടിലെ ഗാര്‍ഡുകളിലൊരാള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കാടിനെക്കുറിച്ചുമൊക്കെ വ്യക്തമായി എല്ലാവര്‍ക്കും പറഞ്ഞു തരുന്നുണ്ടായിരുന്നു.

രാവിലെയായതിനാല്‍ നല്ല തണുപ്പ് അനുഭവപ്പെട്ടിരുന്നു. കാടിന്‍റെ നിഴലോടു ചേർന്നുള്ള ഈ യാത്ര ഒരു പ്രത്യേക അനുഭൂതി പകരുന്നതുതന്നെ. ഒരു വശത്ത് വളർന്നുമുറ്റിയ പടുകൂറ്റൻ മരങ്ങൾ…മറുവശത്ത് അനന്തമായി നീണ്ടുകിടക്കുന്ന കാടിന്റെ ഇരുളിമ… ഊഞ്ഞാൽ പോലെ പടർന്നുകയറിയ കൂറ്റൻ വള്ളിപ്പടർപ്പുകളിൽ ആടിക്കളിക്കുന്ന കുസൃതിക്കുരങ്ങന്മാർ… ചില മൃഗങ്ങളെയൊക്കെ കുറച്ചു ദൂരത്തായി ഞങ്ങള്‍ കണ്ടു. ഭാഗ്യമുണ്ടെങ്കില്‍ ആനയെയും കുടുംബത്തെയും നമുക്ക് ഇവിടെ ദര്‍ശിക്കാം…

അങ്ങനെ ഞങ്ങളുടെ അത്യുഗ്രനായ തേക്കടി ബോട്ട് യാത്ര അവസാനിക്കുകയാണ്. കാഴ്ചകളൊക്കെ കണ്ട് ആസ്വദിച്ച് എല്ലാവരും തൃപ്തരായിരുന്നു. ഒരു ബോട്ടിനുള്ളിൽ‌ വച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ രൂപം കൊണ്ട സൗഹൃദങ്ങളോട് യാത്രപറഞ്ഞ് ഞാന്‍ കരയിലേയ്ക്കിറങ്ങി. ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ക്കുമപ്പുറം മനസ്സില്‍ പതിഞ്ഞ ഫ്രെയിമുകളാണ് ഇപ്പോള്‍ എനിക്ക് സ്വന്തമായുള്ളത്. എല്ലാവരോടും പറയുവാന്‍ എനിക്കൊരു കാര്യം മാത്രം… ഇതുവരെ നിങ്ങള്‍ തേക്കടിയില്‍ വന്നിട്ടില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് വലിയൊരു നഷ്ടം തന്നെയായിരിക്കും. ഇവിടെ ഒരു തവണ വന്നുനോക്കൂ.. അപ്പോള്‍ മനസ്സിലാകും ഞാന്‍ ഈ പറയുന്നത് സത്യമാണെന്ന്.

കവർചിത്രം – SN Photography.