തിരുപ്പതിയിൽ ആദ്യമായി പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

വിവരണം – ശരത് മോഹൻ (Post of the Week – പറവകൾ ഗ്രൂപ്പ്).

ഇത് ഒരു യാത്രാവിവരണം എന്നതിലുപരിയായി പോകാൻ ആഗ്രഹിക്കുന്നവർക്ക് തിരുപ്പതി- തിരുമല യെ കുറിച്ച് ഒരു രൂപരേഖ നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഈ വിവരണം തയ്യാറാക്കിയിരിക്കുന്നത്. ഓരോ പ്രാവശ്യം പോകുമ്പോഴും ചെറിയ മാറ്റങ്ങൾ ഉണ്ടാകാറുണ്ട് എങ്കിലും പൊതുവായുള്ള ഒരു രൂപം മനസ്സിൽ ഉണ്ടാകുന്നത് തിരുപ്പതി യാത്രക്ക് ഗുണം ചെയ്യും. അതിനു കാരണം മറ്റൊന്നുമല്ല അവിടെയുള്ള ആളുകൾ പോലീസുകാരുൾപ്പെടെ തെലുങ്ക് മാത്രമാണ് കൈകാര്യം ചെയ്യുക എന്നത് നമുക്ക് ബുദ്ധിമുട്ടുള്ളവാക്കും. തമിഴ് കുറച്ചൊക്കെ പ്രചാരത്തിലുണ്ടെങ്കിലും അവിടെയുള്ള ആളുകളുമായി ആശയവിനിമയം ബുദ്ധിമുട്ടുതന്നെയാണ്.

ഞാൻ ഒട്ടനവധി പ്രാവശ്യം പോയിട്ടുള്ള ഒരു സ്ഥലമാണ് തിരുപ്പതി. അവസാനമായി പോയത് ഏതാനും മാസങ്ങൾ മുന്നേയാണ്. സ്ഥിരമായി പോകാറുള്ളത് വൈകുന്നേരം 4 :45 മണിക്ക് പാലക്കാട് എത്തിച്ചേരുന്ന കന്യാകുമാരിയിൽ നിന്നും മുംബൈയിലേക്ക് പോകുന്ന മുംബൈ സി എസ് ടി എക്സ്പ്രസിലാണ്. അന്ന് ട്രെയിൻ പതിവു സമയത്തിലും ഒരുമണിക്കൂർ വൈകി ആണ് എത്തിയതെങ്കിലും തിരുപ്പതിയിൽ അതിൻറെ കൃത്യ സമയമായ പുലർച്ചെ 3 15 തന്നെ എത്തിച്ചേർന്നു. മുൻകാലങ്ങളിൽ പോയ പരിചയം അതുകൊണ്ടുതന്നെ എന്തുചെയ്യണമെന്ന അവ്യക്തത ഈ യാത്രയിൽ എനിക്ക് അശേഷം ഉണ്ടായിരുന്നില്ല. തിരുപ്പതിയിലെ പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ നടക്കുമ്പോൾ തന്നെ പ്ലാറ്റ്ഫോമിലെ നിറഞ്ഞു കവിയുന്ന ജനബാഹുല്യം നമുക്ക് കാണാൻ സാധിക്കും.

തിരക്കിനിടയിലൂടെ ഒരു വിധം സ്റ്റേഷനു പുറത്തേക്ക് കടന്നു. റെയിൽവേ സ്റ്റേഷൻ എതിർവശത്തുള്ള റോഡിൽ തിരുമല യിലേക്ക് പോകുവാനുള്ള ബസുകൾ നിർത്തിയിട്ടിരിക്കുന്നത് കാണാം. ചെയിൻ സർവീസ് ആയാണ് ബസുകൾ തിരുപ്പതിയിൽ നിന്നും തിരുമല യിലേക്ക് പോകുന്നത്. ബസുകൾ നിർത്തിയതിന് സമീപത്തുനിന്ന് തന്നെ തിരുമലയിലേക്കുള്ള ടിക്കറ്റ് നമുക്കെടുക്കാം. ടിക്കറ്റ് എടുക്കുമ്പോൾ തിരികെ വരാനുള്ള ടിക്കറ്റ് കൂടി എടുത്താൽ ടിക്കറ്റ് നിരക്കിൽ കുറവുണ്ട്. ഏകദേശം 20 കിലോമീറ്റർ കൂടുതൽ ദൂരമുണ്ട് തിരുപ്പതിയിൽ നിന്നും തിരുമല യിലേക്ക്. ടിക്കറ്റെടുത്ത് മുന്നിൽ നിർത്തിയിട്ടിരുന്ന ബസ്സിൽ കയറി മുന്നിലെ സീറ്റിൽ ഇടംപിടിച്ചു. തിരുമലയിലേക്കുള്ള ബസ്സിൽ കയറി ഇരിക്കുമ്പോൾ ഇടതുവശത്തുള്ള സീറ്റിൽ ഇരിക്കണമെന്ന നിർബന്ധബുദ്ധി എനിക്കുണ്ട്. കാരണം പുലർച്ചെ ഹെയർപിൻ വളവുകൾ കയറി പോകുമ്പോൾ താഴെ ലൈറ്റിൽ കുളിച്ച് നിൽക്കുന്ന തിരുപ്പതി എന്ന നഗരക്കാഴ്ച വളരെ മനോഹരമാണ് അത് കാണണമെങ്കിൽ ഇടതുവശത്തെ ഇരുന്നാൽ മാത്രമേ സാധിക്കുകയുള്ളൂ.

ബസ് സാവധാനം നീങ്ങിത്തുടങ്ങി. ഏകദേശം നാല് കിലോമീറ്റർ കഴിയുമ്പോൾ ഒരു ബസ് സ്റ്റാൻഡ് ഉണ്ട്. ബസ് അവിടെ നിർത്തും. ഇവിടെ നിന്ന് ടിക്കറ്റ് എടുക്കാത്തവർക്ക് ആ സ്റ്റാൻഡിൽ നിന്നും ടിക്കറ്റെടുക്കാം. കണ്ടക്ടർ എന്ന സംവിധാനം ഈ ബസുകളിൽ ഒന്നിലും ഇല്ല. പ്രസ്തുത സ്റ്റാൻഡിൽ കയറി ഇറങ്ങിയ ശേഷം ബസ് അടിവാരത്തിലേക്ക് പ്രവേശിച്ചു. ഇവിടെ ചെക്കിങ് ഉണ്ട്. യാത്രക്കാരെല്ലാവരും അവരവരുടെ സാധനങ്ങളുമായി ബസിൽ നിന്നും ഇറങ്ങി ചെക്കിങ് കൗണ്ടറിലേക്ക് ചെല്ലണം. ലഗേജുകൾ സ്കാനിംഗ് മെഷീനിൽ വെച്ച് പരിശോധിക്കും. തുടർന്ന് നമ്മുടെ ശരീര പരിശോധനയും പൂർത്തിയാക്കിയശേഷം തിരികെ നമ്മുടെ ബസിൽ തന്നെ വന്നു കയറണം. തുടർന്നങ്ങോട്ട് മലകയറ്റമാണ്.

ഏകദേശം നാലരയോടെ തിരുമലയിലെ ബസ്റ്റാൻഡിൽ പ്രവേശിച്ചു. എത്ര പ്രാവശ്യം പോയാലും അവിടുത്തെ സ്ഥലങ്ങൾ ചിലപ്പോൾ എനിക്ക് അപരിചിതത്വം സമ്മാനിക്കാറുണ്ട്. എൻറെ ആദ്യ ലക്ഷ്യം ഒരു റൂം എടുക്കുക എന്നതാണ്. തിരുമല ദേവസ്ഥാനം ഒട്ടനവധി താമസസൗകര്യങ്ങൾ ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്. 50 രൂപ 1000 രൂപ വരെയുള്ള താമസം ലഭ്യമാണ്. ഞാൻ എപ്പോൾ പോകുമ്പോഴും താമസിക്കാറുള്ളത് അമ്പതു രൂപയുടെ താമസസ്ഥലത്താണ്. അതിനു കാരണം ഉണ്ട്. അമ്പലത്തിൽ സമീപത്തുനിന്നും ഏകദേശം 2 കിലോമീറ്റർ മാറിയാണ് ഈ താമസസ്ഥലം. അമ്പലത്തിലെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു വളരെ ശാന്തമായ ഒരു അന്തരീക്ഷമാണ് ഇവിടെയുള്ളത്. 50 രൂപയുടെ താമസസൗകര്യം എന്നുകരുതി തലകുനിക്കേണ്ട ഒന്നല്ല ഇവിടത്തെ താമസം. ഈ തുകയ്ക്ക് അറ്റാച്ചഡ് ബാത്ത്റൂമോടുകൂടി ഉള്ള ഒരു കോട്ടേജ് തന്നെയാണ് നമുക്ക് ലഭിക്കുന്നത്.

ഈ താമസസൗകര്യം ലഭിക്കുന്നതിനുവേണ്ടി നമ്മൾ ആദ്യം പോകേണ്ടത് സി ആർ ഒ കോംപ്ലക്സ് ലേക്കാണ്. ഈ സ്ഥലത്തേക്കുള്ള വഴിയിൽ സംശയം ഉള്ളതുകൊണ്ട് മൊബൈലിലെ ജിപിഎസ് സംവിധാനത്തെ ഉപയോഗപ്പെടുത്തിയാണ് പ്രസ്തുത സ്ഥലത്ത് എത്തിച്ചേർന്നത്. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് രാവിലെ ആറ് മണി മുതൽ മാത്രമേ റൂം അനുവദിക്കുകയുള്ളൂ. അതുവരെ ക്യൂവിൽ തന്നെ തുടർന്നു. റൂം എടുക്കുന്നതിന് ആവശ്യമായിട്ടുള്ളത് ആധാർ & ഫോൺ നമ്പർ മാത്രം. പ്രസ്തുത വിവരങ്ങൾ നൽകി റൂമിൽ ആയുള്ള റസിപ്റ്റ് ലഭിച്ചു. തുടർന്ന് തൊട്ടുമുകളിലെ നിലയിലുള്ള ഓഫീസിൽ നിന്നാണ് ഏത് സെക്ഷനിലെ റൂമാണ് നമുക്ക് നൽകുക എന്ന തീരുമാനിക്കുന്നത്. തുടർന്ന് നമുക്ക് ഏത് സെക്ഷനിലെ റൂം ആണ് അനുവദിച്ചിരിക്കുന്നത് അങ്ങോട്ട് പോകണം. അവിടെയുള്ള ഓഫീസിൽനിന്നും നമുക്കുള്ള റൂം ചാവി വാങ്ങണം. ഇതാണ് ഞാൻ പോയ സമയത്ത് റൂം എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ.

ഇപ്പോൾ ഓൺലൈനിലും നേരത്തെ റൂം ബുക്ക് ചെയ്യാവുന്നതാണ്. ഇതല്ലാതെ ഫ്രീയായി താമസിക്കാൻ ഒട്ടനവധി സത്രങ്ങൾ അവിടെയുണ്ട്. തല മൊട്ടയടിക്കണം എങ്കിൽ സി ആർ ഒ കോംപ്ലക്സിനു സമീപത്തുതന്നെ ദേവസ്ഥാനം വക സ്ഥലമുണ്ട്. കല്യാണഘട്ട എന്ന പേരിലാണ് ഇത് അറിയപ്പെടുക. ഇവിടെ തികച്ചും സൗജന്യമാണ്. നാമമാത്രമായ ബാത്റൂം ഫീസ് എന്ന പേരിൽ പൈസ വാങ്ങി ചെയ്യുന്ന മറ്റ് പല കല്യാണഘട്ടകളും പ്രവർത്തിക്കുന്നുമുണ്ട്. രണ്ടുതരത്തിലുള്ള ദർശനമാണ് ഇപ്പോൾ ഇവിടെയുള്ളത്. 1 സർവ്വ ദർശനവും, 2 സ്പെഷ്യൽ എൻട്രി ദർശനവും. സ്പെഷൽ എൻട്രി ദർശനത്തിന് 300 രൂപയാണ് ഒരാളിൽനിന്നും ഈടാക്കുക. ഇത് ഓൺലൈൻ വഴി (ttdsevaonline.com) ചെയ്യാവുന്നതാണ്. ഇരു ദർശനങ്ങൾക്കും പോകാനുള്ള വഴികൾ സ്ഥല സൂചികളിലൂടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഞാൻ സ്പെഷൽ എൻട്രി ദർശനമാണ് എടുത്തിരുന്നത്. വരിയിൽ നിന്ന് ഏകദേശം ഒരു മണിക്കൂറിനകം ദർശനം ലഭിച്ചു. ഞാൻ കണ്ട ഒരു പ്രത്യേകത ശ്രീകോവിലിന് തൊട്ടുമുന്നിലായി ഭണ്ഡാരങ്ങൾ സ്ഥാപിച്ചിട്ടില്ല എന്നതാണ്. നമുക്ക് സമർപ്പിക്കാനുള്ള കാണിക്ക പുറത്ത് ഒരു പ്രത്യേകരീതിയിൽ സ്ഥാപിച്ചിട്ടുള്ള കാണിക്കവഞ്ചിയിൽ സമർപ്പിക്കാം. നാലമ്പലത്തിന് പുറത്തേക്കു പ്രവേശിക്കുമ്പോൾ തന്നെ ഭഗവാന് നിവേദിച്ച് പ്രസാദം ചെറിയ പാത്രത്തിൽ നമുക്ക് നൽകും. ക്ഷേത്രത്തിനു സമീപത്തുതന്നെ അന്ന പ്രസാദ മണ്ഡപമുണ്ട്. ഏകദേശം നാലായിരത്തോളം ആളുകൾക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന സംവിധാനമാണ് അവിടെയുള്ളത്. ഭക്ഷണം വിളമ്പുന്നതിന് അനേകമാളുകൾ. രാവിലെ മുതൽ തുടങ്ങുന്ന ഭക്ഷണം വൈകുന്നേരം വരെയുണ്ട്. ഉച്ചയ്ക്ക് മാത്രം ഒരു ചെറിയ ഇടവേള.

ക്ഷേത്രത്തിനു സമീപത്തു തന്നെയാണ് ലഡ്ഡു പ്രസാദവിതരണ സ്ഥലം. ഒരാൾക്ക് രണ്ട് ലഡു ദർശനത്തിനു ലഭിക്കും. ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ തന്നെ ഒരാൾക്ക് രണ്ടെണ്ണo അധികം ബുക്ക് ചെയ്യാവുന്നതാണ്. അല്ലാത്തവർക്കായി ഇതിനു സമീപത്തുതന്നെ ലഡു ടിക്കറ്റ് കൗണ്ടറും ഉണ്ട്. മറ്റൊരു സവിശേഷതയാണ് ക്ഷേത്ര സമീപത്തെ കുളം. പുഷ്കരണി എന്ന പേരിലാണ് ഈ കുളം അറിയപ്പെടുന്നത്. വളരെ വൃത്തിയോടെ കൂടി ഈ കുളം പരിപാലിച്ചു പോരുന്നു. മത്സ്യങ്ങൾ ഈ കുളത്തിൽ ഉണ്ട്.. അവയിലേതെങ്കിലും ചത്തു പൊങ്ങിയാൽ കുളത്തിലെ ചുമതലയുള്ള ജോലിക്കാർ ഫൈബർ ബോട്ടിൽ തുഴഞ്ഞ് എത്തി അവയെ നീക്കം ചെയ്യും. കുളത്തിലെ മാലിന്യം ഇപ്രകാരമാണ് നീക്കം ചെയ്യുന്നത്. ഇവിടത്തെ മറ്റൊരു പ്രത്യേകത ക്ഷേത്രത്തെയും താമസസ്ഥലങ്ങളും എല്ലാം ചുറ്റി സൗജന്യ ബസ് സർവീസ് ഉണ്ട് എന്നതാണ്. അതുകൊണ്ടുതന്നെ താമസം ക്ഷേത്രത്തിൽനിന്നും എത്ര അകലെയായാലും എത്തിച്ചേരുവാൻ യാതൊരു ബുദ്ധിമുട്ടുമില്ല. ക്ഷേത്രവും താമസവും ഇതിനെല്ലാമുപരിയായി മ്യൂസിയവും, ഗാർഡനും, വലിയ ഷോപ്പിംഗ് കോംപ്ലക്സും എല്ലാം തന്നെ തിരുമല ദേവസ്ഥാന മേൽനോട്ടത്തിൽ ഉണ്ട്.

മനസിന് വളരെയധികം കുളിർമയേകുന്ന ഒരു അന്തരീക്ഷമാണ് തിരുമല യിലുള്ളത്. ഗാർഡൻ മ്യൂസിയവും മുൻകാല യാത്രകളിൽ പോയിട്ടുണ്ട് എന്നതിനാൽ പ്രാവശ്യത്തെ യാത്രയിൽ ഇവ ഉൾക്കൊള്ളിച്ചല്ല. ദർശനത്തിനും ഭക്ഷണത്തിനും ശേഷം തിരികെ മുറിയിലെത്തി അല്പസമയം വിശ്രമിച്ചു. ഈ യാത്ര അവസാനിക്കാൻ സമയമായിരിക്കുന്നു. അത്താഴവും അന്ന പ്രസാദ ഹാളിൽ നിന്നും കഴിച്ച് റൂം ഒഴിഞ്ഞുനൽകി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര ആരംഭിച്ചു. മുൻനിശ്ചയ പ്രകാരം ടിക്കറ്റ് എടുത്തിരുന്ന ഹൈദരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസിൽ നാട്ടിലേക്ക്..