TNSTC യും SETC യും; തമിഴ്‌നാട്ടിലെ സർക്കാർ ബസ്സുകളുടെ ചരിത്രം

കേരളത്തിനു കെഎസ്ആർടിസി പോലെ തന്നെ തമിഴ്‌നാട് സംസ്ഥാനത്തെ സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് TNSTC. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്നാണിതിന്റെ മുഴുവൻ പേര്. 1972 ലാണ് TNSTC പ്രവർത്തനമാരംഭിക്കുന്നത്.

തമിഴ്‌നാട്ടിലെ എല്ലാ ഓർഡിനറി, ഇന്റർ-സിറ്റി, ഇന്റർ-സ്റ്റേറ്റ് റൂട്ടുകളിലും TNSTC സർവ്വീസ് നടത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ മൊത്തം ബസ് റൂട്ടുകൾ എടുത്തു നോക്കിയാൽ അതിൽ ഭൂരിഭാഗവും TNSTC യുടെ കുത്തകയാണെന്നു മനസിലാക്കാം. അതായത് പ്രൈവറ്റ് ബസ്സുകൾ അവിടെ കുറവാണ്.

തമിഴ്‌നാട് സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതും സർക്കാർ അധികാരത്തിൽ പ്രവർത്തിക്കുന്നതുമായ ഒരു കോർപ്പറേഷനാണ് TNSTC. തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലേക്കും, അതുപോലെത്തന്നെ അയൽസംസ്ഥാനങ്ങളായ കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്കും, കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലേക്കും TNSTC സർവ്വീസുകൾ നടത്തുന്നുണ്ട്. ബസ്സുകളുടെ എണ്ണത്തിലും, സർവീസുകളുടെ കാര്യത്തിലും ഇന്ത്യയിലെ വലിയ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ ഒന്നാണ് TNSTC. ഏകദേശം ആറായിരത്തോളം ബസ് റൂട്ടുകളിൽ TNSTC ദിവസേന സർവ്വീസ് നടത്തുന്നുണ്ട്.

ചെന്നൈ നഗരത്തിൽ സർവ്വീസ് നടത്തുന്നത് TNSTC യുടെ കീഴിൽത്തന്നെയുള്ള മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ MTC ആണ്. പല്ലവൻ ട്രാൻസ്‌പോർട്ട് എന്ന പേരായിരുന്നു ആദ്യം ഇതിനു നൽകിയിരുന്നതെങ്കിലും പിന്നീട് MTC എന്ന പേര് നൽകപ്പെടുകയായിരുന്നു.

അതുപോലെത്തന്നെ TNSTC യുടെ ദീർഘദൂര ഡീലക്സ് സർവ്വീസുകൾ കൈകാര്യം ചെയ്യുന്നതിനായി 1975 ൽ ഒരു വിഭാഗം കൂടി ഉടലെടുത്തു. തുടക്കത്തിൽ പല്ലവൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനു കീഴിൽ ആയിരുന്നു ഇതെങ്കിലും പിന്നീട് 1980 ൽ തിരുവള്ളുവർ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്ന പേര് നൽകുകയായിരുന്നു. പിന്നെ 1997 ലായിരുന്നു നാം ഇന്നു കാണുന്ന സ്റ്റേറ്റ് എക്സ്പ്രസ്സ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അഥവാ SETC എന്ന വിഭാഗം രൂപംകൊണ്ടത്. 300 കിലോമീറ്ററിൽ കൂടുതൽ ദൂരം സർവ്വീസ് നടത്തുന്ന എക്സ്പ്രസ്സ് റൂട്ടുകളിലാണ് SETC ബസ്സുകൾ ഓടുന്നത്. ഡീലക്സ്, അൾട്രാ ഡീലക്സ്, എസി, സ്ലീപ്പർ തുടങ്ങിയ ബസ് സർവീസുകളാണ് SETC യുടെ കീഴിലുള്ളത്.

ഒരിടയ്ക്ക് ബസുകളുടെ മോശം മെയിന്റനൻസ് കൊണ്ടും വൃത്തിയില്ലായ്മ കൊണ്ടുമൊക്കെ ഏറെ കുറ്റങ്ങൾ കേട്ട TNSTC യും SETC യും ഇന്ന് മികച്ച ബസ്സുകൾ ഇറക്കി തങ്ങളുടെ റൂട്ടുകളിൽ മികച്ച രീതിയിലുള്ള സേവനം നൽകുന്നു. TNSTC, SETC ബസ്സുകളിൽ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാനായി ഓൺലൈൻ റിസർവേഷൻ സൗകര്യങ്ങളും നിലവിലുണ്ട്.