“ടൊൺകൊ” – ഒരുകാലത്ത് കൊച്ചിയിലെ നരകമായിരുന്ന ജയിൽ…

ലേഖകൻ – Abdulla Bin Hussain Pattambi.

പണ്ട്‌ നമ്മുടെ കൊച്ചി നഗരത്തിൽ വലിയൊരു നരകമുണ്ടായിരുന്നു. അതിലേക്ക്‌ ഇറക്കപ്പെടുന്ന മനുഷ്യർ ഈ ഭൂമിയിലെ ഏറ്റവും വലിയ കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു. അതിലെ കൊടും ചൂട്‌ താങ്ങാനാവാതെ അവർ വിയർത്തൊലിച്ചു. പലരും ആ നരകത്തിലെ ദുരിതം താങ്ങാനാവാതെ മരണത്തിനു കീഴടങ്ങി. അതില്‍ നിന്ന് രക്ഷപ്പെട്ടവരാവട്ടെ മാറാവ്യാധികൾ പിടിപെട്ട്‌ ജീവച്ഛവങ്ങളായി.

ഇത്‌ ഏതെങ്കിലും ഇതിഹാസത്തിലെ കഥയല്ല. കൊച്ചിയിൽ തലയുയർത്തി നിന്നിരുന്ന ഒരു ജയിലിന്റെ ചരിത്രമാണ്. ടൊൺകൊ എന്നായിരുന്നു ആ ജയിലിന്റെ പേര്. അത്‌ പണിതതാവട്ടെ കാടത്തത്തിന് പുകൾപെറ്റ പോർച്ചുഗീസുകാരും. ഗോവയിലായിരുന്നു അവർ ഇത്പോലെ മറ്റൊരു നരകം നിർമ്മിച്ചിരുന്നത്‌. അബദ്ധത്തിൽ പോർച്ചുഗീസുകാരുടെ ചതിയിൽപെട്ട്‌ ഈ തടവറയിൽ പത്തു ദിവസം കഴിയേണ്ടി വന്ന ‘പിറാർഡ്‌ ഡി ലാവൽ’ എന്ന ഫ്രഞ്ച്‌ വ്യാപാരിയാണ് കൊച്ചിയിലെ ഈ പറങ്കിനരകത്തെ പറ്റിയുളള വിവരങ്ങൾ നമുക്ക്‌ കൈമാറുന്നത്‌.

കോഴിക്കോട്‌ സന്ദര്‍ശിക്കാൻ വന്ന അദ്ദേഹം സന്ദര്‍ശന ശേഷം, കോഴിക്കോട്‌ നിന്ന് തിരികെ ജന്മനാട്ടിലേക്ക്‌ , ( ഫ്രാൻസിലേക്ക്‌ ) മടങ്ങാൻ അങ്ങോട്ട്‌ പോവുന്ന ഡെച്ച്‌ കപ്പലിൽ കയറാൻ തുറമുഖത്തെത്തുമ്പോഴേക്കും പിറാറിനെ കാത്തുനിൽക്കാതെ ഡെച്ചുകപ്പൽ തീരം വിട്ടിരുന്നു. അവർ അധികം താമസിയാതെ കോഴിക്കോട്ടേക്ക്‌ തിരികെ വരുമെന്ന സാമൂതിരിയുടെ ഉറപ്പിന്മേൽ അദ്ദേഹം എട്ടു മാസത്തോളം അവിടെ കാത്തിരുന്നു. എന്നാൽ ഡെച്ച്‌ കപ്പൽ എത്താതായതോടെ മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഒരു പോർച്ചുഗീസ്‌ കപ്പലിൽ യാത്രതിരിക്കാൻ അദ്ദേഹം തീരുമാനിച്ചു. അവരുടെ സ്വഭാവം പിറാറിന് നേരത്തെ അറിയാമായിരുന്നു. എന്നാലും മറ്റു മാർഗങ്ങള്‍ ഇല്ലാത്തതിനാലാണ് അദ്ദേഹത്തിന് അവരുടെ കപ്പല്‍ തിരിഞ്ഞെടുക്കേണ്ടി വന്നത്. ആ യാത്രയാണ് അദ്ദേഹത്തേയും കൂടെയുണ്ടായിരുന്ന രണ്ട്‌ ജെസ്സ്യൂട്ട്‌ പാതിരിമാരേയും ടൊൺകൊ എന്ന നരകത്തിലേക്ക്‌ എത്തിച്ചത്‌.

ഫ്രാൻസിലേക്ക്‌ കൊച്ചിയിൽ നിന്നുളള പറങ്കി കപ്പലിൽ പിറാറിനും സുഹൃത്തുക്കൾക്കും പോവാമെന്ന് കോഴിക്കോട്‌ വെച്ച്‌ കണ്ട പറങ്കി കപ്പലിലെ നാവികർ അവരെ ധരിപ്പിച്ചത്‌ പ്രകാരമായിരുന്നു അദ്ദേഹവും പാതിരിമാരും അവരുടെ കപ്പലിൽ കയറിയത്‌. എന്നാൽ കൊച്ചിയിലെത്തിയതോടെ പറങ്കികൾ തനിസ്വഭാവം പുറത്തെടുത്തു. അവരെ അറസ്റ്റ്‌ ചെയ്യുകയും ടൊൺകൊ നരകജയിലിൽ അടക്കുകയുമായിരുന്നു. ടൊൺകൊ നരകത്തിന്റെ ( തടവറ ) അകം വിവരിക്കാൻ കഴിയാത്ത വിധം ദുർഗ്ഗന്ധവും അറപ്പും വെറുപ്പും നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം വിവരിക്കുന്നു. മുസ്ലീംകൾ , ഹിന്ദുക്കൾ , നാട്ടുകൃസ്ത്യാനികൾ , ചില കൊടുംകുറ്റങ്ങളിൽ പിടിക്കപ്പെട്ട പോർച്ചുഗീസുകാർ തുടങ്ങി നൂറ്റിനാൽപ്പതോളം തടവുകാരെ അദ്ദേഹം അതിനകത്ത്‌ കാണുകയുണ്ടായി. അവർക്കിടയിൽ ഈ നരകത്തിൽ കിടന്ന് മാരക രോഗികളായവർ വരെ ഉണ്ടായിരുന്നുവെന്ന് പിറാർ ഡി ലാവൽ സാക്ഷ്യപ്പെടുത്തുന്നു.

42 അടി താഴ്ച്ചയുള്ള ചതുരാകൃതിയിൽ ഒരുയർന്ന ഗോപുരം പോലെയായിരുന്നു ഈ ജയിൽ പണിതിരുന്നത്‌. മുകൾ നിലയിലെ ചതുരാകൃതിയിലുളള സൂത്രവാതിൽ വഴി കപ്പിയും കയറും കെട്ടിയ പലകവഴി ( ലിഫ്റ്റിന്റെ പ്രാകൃത രൂപം ) തടവുപുളളികളെ അതിലേക്കിറക്കുകയും കയറ്റുകയുമാണ് ചെയ്തിരിരുന്നത്‌. വെളിച്ചവും വായുവും കടക്കാൻ ശെരിക്കുമൊരു ‘കിളിവാതിൽ’ മാത്രമേ അതിനുണ്ടായിരുന്നൊളളൂ. അതുതന്നെ ഇരുമ്പുകമ്പികൾ നാട്ടി സുരക്ഷിതമാക്കിയിരുന്നു. താഴെ ചുമരുകളല്ലാതെ വാതിലുകളോ ജനലുകളോ ഒന്നും തന്നെ ആ നരകത്തിനുണ്ടായിരുന്നില്ല. ഈ കിളിവാതിൽ വഴി കുത്തിരുകി വിടുന്ന ഭക്ഷണമായിരുന്നു തടവുകാർക്ക്‌ ലഭിച്ചിരുന്നത്‌. അൽപ്പം ചോറും വായിൽ വെക്കാൻ കൊളളാത്ത മീൻ കറിയും അൽപ്പം കുടിവെളളവുമായിരുന്നു ആ ഭക്ഷണമെന്ന് പിറാർഡ്‌ രേഖപ്പെടുത്തുന്നു. കുളിക്കാനും കൈകാൽ കഴുകാനും കുറച്ച്‌ വെളളം ലഭിക്കും എന്നതൊഴിച്ചാൽ രാവിലത്തെ ആ ചോറും കറിക്കും പുറമേ ദിവസത്തിന്റെ ബാക്കി ഭാഗങ്ങളിൽ , ഉച്ചക്കും രാത്രിയുമൊന്നും ഭക്ഷണമായി അവർക്കൊന്നും ലഭിച്ചിരുന്നില്ല.

രാത്രിയായാൽ ഒരു തൂക്കുവിളക്ക്‌ അവിടെ തൂക്കിയിടുമെങ്കിലും ജയിലിനകത്തെ വിഷവായുകാരണം വിളക്ക്‌ അൽപ്പനേരം കൊണ്ട്‌ തന്നെ കെട്ടുപോകും. അത്പോലെ രാത്രിയില്‍ അവരുടെയെല്ലാം കാലുകൾ അവിടെയുളള ചങ്ങലകളിൽ ബന്ധിപ്പിക്കും. എല്ലാ തടവുകാരുടേയും അവസ്ഥ ഇതായിരുന്നു. മലമൂത്ര വിസർജ്ജനം നടത്താൻ അവർക്കാകെയുണ്ടായിരുന്നത്‌ ഒരു പാത്രം മാത്രമായിരുന്നു. ഇരുനൂറിനടുത്ത്‌ തടവുകാരുണ്ടായിരുന്ന ആ നരകത്തിലെ ഈ “കക്കൂസ്‌” പുറത്ത്കൊണ്ടുപോയി ഒഴിവാക്കിയിരുന്നത്‌ ദിവസത്തിൽ ഒരു പ്രാവശ്യം മാത്രമായിരുന്നുവത്രെ.

കാറ്റും വെളിച്ചവും കടക്കാത്ത ആ നരകത്തിൽ വിയർത്തും ശ്വാസം മുട്ടിയും ജീവച്ഛവങ്ങളായി മാറിയ തടവുകാർക്ക്‌ ഈ മലഗന്ധം സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. കിളിവാതിൽ പോലുളള പൊത്തിലൂടെ വരുന്ന അൽപ്പം കാറ്റും വെളിച്ചവുമായിരുന്നു ആ ഹതഭാഗ്യരുടെ ജീവൻ പിടിച്ചു നിർത്താൻ സഹായിച്ചിരുന്നതത്രെ. അതും രാത്രിയായാൽ പറങ്കി ഉദ്യോഗസ്തൻ കൊട്ടിയടക്കും.

ചൂടും പുഴുക്കവും കാരണം ശ്വാസം കിട്ടാതെ വലയുന്ന തടവുകാർ, സ്ഥലപരിമിതിമൂലം പരസ്പരം ചാരിയും ഒട്ടിക്കിടന്നും ആണ് രാത്രികൾ തളളി നീക്കിയിരുന്നത്‌. അതിനകത്തെ കടുത്ത ഉഷ്ണം കാരണം ആരും വസ്ത്രം ധരിച്ചിരുന്നില്ല. പത്തു ദിവസം അതിനകത്ത്‌ കിടക്കേണ്ടി വന്നപ്പോഴേക്കും അദ്ദേഹത്തിന്റെ ശരീരത്തിൽ നിറയെ വ്രണങ്ങളും കുരുക്കളും നിറയുകയും ശരീരവേദനയാൽ കഷ്ടപ്പെടുകയും ചെയ്തിരുന്നതായി പിറാർ ഡി ലാവൽ രേഖപ്പെടുത്തുന്നുണ്ട്‌.

‘ഭൂമിയിൽ മറ്റെങ്ങും ഇത്രയും ഭയാനകവും ക്രൂരവുമായ സ്ഥലമുണ്ടെന്ന് തോന്നുന്നില്ല. എന്നിട്ടും അഞ്ചും ആറും വർഷങ്ങൾ അതിനകത്ത്‌ കഴിയേണ്ടി വന്നവർ ഉണ്ടെന്നറിയുമ്പോൾ അൽഭുതപ്പെടുന്നു’വെന്ന് പിറാർ ഡി ലാവൽ ആശ്ചര്യപ്പെടുന്നു. ഇദ്ദേഹത്തെ പിന്നീട്‌ പറങ്കികൾ മോചിപ്പിച്ച്‌ ഗോവയിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു. അവിടുത്തെ തടവറയിൽ വെച്ചാണ് പ്രസിദ്ദനായ ഡോൺ പെഡ്രൊ റോഡ്‌ റിഗ്സ്‌ എന്ന കുഞ്ഞാലിമരക്കാർ അഞ്ചാമനെ പിറാർ ഡി ലാവൽ കാണുന്നതും പരിചയപ്പെടുന്നതും. ഈ ജയിലിനെക്കുറിച്ചുള്ള വിവരങ്ങൾ ‘സഞ്ചാരികൾ കണ്ട കേരളം’ എന്ന പുസ്തകത്തിൽ ഉണ്ട്. ഇന്ന് ഇതിന്റെ സ്ഥാനം കൊച്ചിയിൽ എവിടെയാണെന്നും മറ്റും ആർക്കും അറിയില്ല.