തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് മൂന്നാറിൽ തണുപ്പ് കൂടുതലുള്ളത്. വേനൽക്കാലത്ത് പകൽ സമയങ്ങളിൽ മൂന്നാറിൽ വെയിൽ നന്നായി ഉണ്ടാകുമെങ്കിലും വൈകുന്നേരത്തോടെ കാലാവസ്ഥ പാടെ മാറും. പിന്നെ അന്തരീക്ഷം തണുത്തു തുടങ്ങുകയായി. അതിരാവിലെയും ഇത് തന്നെയാണ് അവസ്ഥ. അതുകൊണ്ട് മൂന്നാറിലേക്ക് തണുപ്പ് ആസ്വദിക്കുവാനായി പോകുന്നവർ മിനിമം ഒരു ദിവസമെങ്കിലും അവിടെ തങ്ങുവാനായി തയ്യാറാകുക. ഇപ്പോൾ സീസൺ ഏതാണ്ട് കഴിഞ്ഞതിനാൽ ഓൺലൈൻ ബുക്കിംഗ് സൈറ്റുകൾ വഴി കുറഞ്ഞ നിരക്കിൽ നല്ല താമസ സൗകര്യങ്ങൾ മൂന്നാറിൽ ലഭിക്കും.

2. ഊട്ടി : മൂന്നാർ കഴിഞ്ഞാൽ പിന്നെ തണുപ്പൻ ട്രിപ്പുകളിൽ ഇടം പിടിക്കുന്നത് ഊട്ടിയാണ്. തമിഴ്‌നാട്ടിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഹണിമൂൺ യാത്രയ്ക്കായി മലയാളികൾ അടക്കം ധാരാളമാളുകളാണ് ഊട്ടിയിൽ എത്തിച്ചേരുന്നത്. കോയമ്പത്തൂരിലെയും മേട്ടുപ്പാളയത്തെയും ചൂട് കാലാവസ്ഥ സഹിച്ചു കഴിഞ്ഞാൽ പിന്നെ ചുരം തുടങ്ങുകയായി. ഈ ചുരം കയറിത്തുടങ്ങുമ്പോഴേ തണുപ്പ് വന്നു തുടങ്ങും. അങ്ങനെ ഹെയർപിൻ വളവുകൾ ഓരോന്നായി കയറുമ്പോൾ തണുപ്പ് കൂടിക്കൂടി വരുന്നതായി നമുക്ക് ഫീൽ ചെയ്യും. മൂന്നാറിനേക്കാളും കൂടുതൽ കാഴ്ചകളും ആക്ടിവിറ്റികളും ഊട്ടിയിലുണ്ട് എന്നതിനാൽ ഫാമിലി ട്രിപ്പുകൾക്ക് മിക്കവരും ഊട്ടിയാണ് തിരഞ്ഞെടുക്കാറുള്ളത്.

3. കൊടൈക്കനാൽ : ഊട്ടി കഴിഞ്ഞാൽ തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതലാളുകൾ സന്ദർശിക്കുന്ന ഹിൽ സ്റ്റേഷനാണ് കൊടൈക്കനാൽ. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനിഗ്രഹീതമായതിനാൽ ‘മലനിരകളുടെ രാജകുമാരി’ എന്നും കൊടൈക്കനാൽ അറിയപ്പെടുന്നുണ്ട്. എപ്പോഴും കോടമഞ്ഞിനാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ കോടൈകാണൽ എന്ന തമിഴ് വാക്കുകൾ ചേർന്നാണ് കൊടൈക്കനാൽ ഉണ്ടായത് എന്ന് ചിലർ വാദിക്കുന്നു എന്നാൽ കാടിന്റെ സമ്മാനം എന്നർത്ഥമുള്ള തമിഴ് പദങ്ങളിൽ നിന്നാണ് ഇത് രൂപപ്പെട്ടത് എന്നും വാദിക്കുന്നവർ ഉണ്ട്. കൊടൈക്കനാലിൽ വേനൽക്കാലം തുടങ്ങുന്നത് ഏപ്രിൽ മാസം മുതലാണ്. ആ സമയത്ത് കൊടൈക്കനാലിലെ താപനില 11 നും 19 നും ഇടയിലായിരിക്കും. മലയാളികൾക്ക് കൊടൈക്കനാലിൽ പോകുന്ന വഴി പഴനി ക്ഷേത്ര ദർശനം കൂടി നടത്താം.

4. പൊന്മുടി : തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ ഒരു ഹിൽസ്റ്റേഷൻ ആണ് പൊന്മുടി. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 60 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാണ്. ഹെയർപിൻ വളവുകൾ താണ്ടി വേണം പൊമുടിയിലേക്ക് എത്തുവാൻ. ഇവിടെ ഒരു ദിവസം താമസിക്കണമെങ്കിൽ ഒരേയൊരു മാർഗ്ഗമേയുള്ളൂ. KTDC യുടെ ഗോൾഡൻ പീക്ക് എന്ന റിസോർട്ട്. ഇവിടെ 2000 – 3000 രൂപ മുതൽ റൂമുകൾ ലഭ്യമാണ്. സീസൺ അനുസരിച്ച് റൂം ചാർജ്ജിൽ വ്യത്യാസങ്ങൾ വന്നേക്കാം.

5. വാഗമൺ : കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 28 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്. മധ്യകേരളത്തിലുള്ളവർക്ക് ഈസിയായി ഒരു വൺഡേ ട്രിപ്പ് പോകുവാൻ പറ്റിയ സ്ഥലമാണ് വാഗമൺ. വേനൽക്കാലത്ത് ഇവിടെ പകൽ സമയം ചൂട് അനുഭവപ്പെടുമെങ്കിലും വൈകുന്നേരത്തോടെ അന്തരീക്ഷം തണുത്തു തുടങ്ങും. പിന്നീടങ്ങോട്ട് രാത്രിയാകുന്നതോടെ നല്ല തണുപ്പായി മാറും. അതുകൊണ്ട് ഈ ചൂട് കാലത്ത് തണുപ്പ് ആസ്വദിക്കുവാനാണ് നിങ്ങളുടെ യാത്രയെങ്കിൽ ഒരു ദിവസം തങ്ങുവാനുള്ള പ്ലാനിങ്ങോടെ വാഗമണിലേക്ക് വരിക. ധാരാളം റിസോർട്ടുകളും കോട്ടേജുകളും ഇവിടെ ലഭ്യമാണ്.

© Albin Manjalil.

6. ലക്കിടി, വയനാട് : തണുപ്പ് ആസ്വദിക്കുവാൻ വടക്കൻ കേരളത്തിലുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലമാണ് വയനാട്ടിലെ ലക്കിടിയും പരിസരപ്രദേശങ്ങളും. വയനാട്ടിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ ചൂട് കുറവായിരിക്കും എന്നതാണ് കാരണം. അതുകൊണ്ടു തന്നെ ധാരാളം റിസോർട്ടുകളും ഹോംസ്റ്റേകളും ഈ ലഭ്യമാണ്. വൈകുന്നേരവും അതിരാവിലെയുമാണ് ഇവിടെ ഏറ്റവും കൂടുതലായി തണുപ്പ് ആസ്വദിക്കുവാൻ സാധിക്കുന്നത്.

7. കൂർഗ് : കേരളത്തിന് മൂന്നാർ എന്നപോലെയാണ് കർണാടകയ്ക്ക് കൂർഗ്. കുടക് എന്നും ഈ പ്രദേശത്തെ വിളിക്കാറുണ്ട്. നിത്യഹരിത വനങ്ങളും, തേയിലത്തോട്ടങ്ങളും, കാപ്പിത്തോട്ടങ്ങളും മഞ്ഞുപുതച്ചു നിൽക്കുന്ന അന്തരീക്ഷവുമെല്ലാമാണ് കൂർഗ്ഗിനെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നത്. അൽപ്പം കാശു മുടക്കാൻ തയ്യാറാണെങ്കിൽ നല്ല കിടിലൻ റിസോർട്ടുകളിൽ താമസിച്ചു കൊണ്ട് അടിച്ചു പൊളിക്കാം. കുറഞ്ഞ ചെലവിലാണ് നിങ്ങളുടെ യാത്രയെങ്കിൽ സാധാരണക്കാർക്ക് കയ്യിലൊതുങ്ങുന്ന ബഡ്‌ജറ്റ്‌ ഹോംസ്റ്റേകളും അവിടെയുണ്ട്. തിരക്കുകളെല്ലാം മാറ്റിവെച്ച് രണ്ടോ മൂന്നോ ദിവസം കൂർഗിൽ ചെലവഴിക്കുവനായിട്ടു വേണം നിങ്ങളുടെ ട്രിപ്പ് പ്ലാൻ ചെയ്യുവാൻ. വടക്കൻ കേരളത്തിലുള്ളവർക്ക് എളുപ്പം എത്തിച്ചേരുവാൻ സാധിക്കുന്ന ഒരു സ്ഥലം കൂടിയാണിത്.

8. യേലഗിരി : തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ് യേലഗിരി. സമുദ്രനിരപ്പില്‍ നിന്ന്‌ 1048 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഹില്‍സ്റ്റേഷന്‍ ബെംഗളൂരുവിൽ നിന്നും 160 കിലോമീറ്റർ അകലെയാണ്. ബെംഗളൂരുവിൽ താമസിക്കുന്നവർക്ക് വീക്കെൻഡ് യാത്രയ്ക്കായി തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലം കൂടിയാണിത്. തമിഴ്‌നാട്ടിലെ പ്രധാന ഹിൽ സ്റ്റേഷനുകളായ ഊട്ടി, കൊടൈക്കനാൽ എന്നിവയെപ്പോലെ പ്രശസ്തവും വികസിതവുമല്ല യേലഗിരി. എങ്കിലും ഇവിടെ ട്രെക്കിംഗ്, ഹൈക്കിംഗ്, പാരാ ഗ്ലൈഡിംഗ് തുടങ്ങിയ ആക്ടിവിറ്റികൾ ഉണ്ട്. ഇവിടെ മെയ് മാസത്തിൽ നടക്കുന്ന ‘ആനുവൽ സമ്മർ ഫെസ്റ്റിവൽ’ പേരുകേട്ടതാണ്.

9. വട്ടക്കനാൽ : തമിഴ്‌നാട്ടിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാലിൽ വരുന്നവർക്ക് സന്ദർശിക്കുവാൻ പറ്റിയ ഒരു സ്ഥലമാണ് വട്ടക്കനാൽ. കൊടൈക്കനാലിൽ നിന്നും ഇവിടേക്ക് വെറും അഞ്ചു കിലോമീറ്റർ ദൂരമേയുള്ളൂ. ഈ സ്ഥലത്ത് ഒക്ടോബർ മുതലുള്ള സീസൺ സമയത്ത് കൂടുതലും ഇസ്രയേലികളായിരിക്കും ടൂറിസ്റ്റുകളായി എത്തുന്നത്. അതുകൊണ്ട് വട്ടക്കനാലിനെ ‘തമിഴ്‌നാടിന്റെ ലിറ്റിൽ ഇസ്രായേൽ’ എന്നും അറിയപ്പെടുന്നു. പുലർച്ചെ മഞ്ഞണിഞ്ഞ കാലാവസ്ഥയിൽ മലകൾക്കിടയിലൂടെ സൂര്യൻ ഉദിച്ചുയരുന്ന കാഴ്ച നയനാനന്ദകരമാണ്. വട്ടക്കനാലിലെ മറ്റൊരു മനോഹരമായ സ്ഥലം ‘ഡോൾഫിൻ നോസ്’ ആണ്. ഡോൾഫിന്റെ മൂക്കിനോട് സാദൃശ്യമുള്ള ഈ പാറക്കെട്ടുകളുടെ കാഴ്ച അതിമനോഹരമാണ്.

10. വാൽപ്പാറ : സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിൽ ആണെങ്കിലും കേരളത്തോട് ചേർന്നു കിടക്കുന്ന വാൽപ്പാറയിലെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും മലയാളികളാണ്. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി – അതിരപ്പിള്ളി – മലക്കപ്പാറ വഴിയാണ് വാൽപ്പാറയിൽ എത്തിച്ചേരുന്നത്. തണുപ്പ് ആസ്വദിക്കണമെങ്കിൽ വാൽപ്പാറയിൽ ഒരു ദിവസം താമസിക്കുവാൻ കണക്കാക്കി വരിക. ഒരു വീക്കെൻഡ് ട്രിപ്പിനുള്ള എല്ലാ ചേരുവകളും അടങ്ങിയ ഒരു റൂട്ടാണിത്.