കോട്ടയം ജില്ലയിൽ നിങ്ങൾക്ക് സന്ദർശിക്കുവാൻ പറ്റിയ ചില സ്ഥലങ്ങൾ..

കേരളത്തിന്റെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കോട്ടയം. കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്ന അപരനാമത്തിലും അറിയപ്പെടുന്നു. കോട്ടയത്തിന്റെ ചരിത്രം പറഞ്ഞു അധികം സമയം കളയുന്നില്ല. നേരെ കാര്യത്തിലേക്ക് കടക്കാം. കോട്ടയം ജില്ലയിലുള്ളവർക്ക് അല്ലെങ്കിൽ കോട്ടയത്തു വരുന്നവർക്ക് സന്ദർശിക്കുവാൻ പറ്റിയ പ്രധാനപ്പെട്ട സ്ഥലങ്ങളെ പരിചയപ്പെടുത്തുക എന്നതാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. അപ്പോൾ നമുക്ക് തുടങ്ങാം അല്ലേ?

1.വാഗമൺ : കോട്ടയം – ഇടുക്കി ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ് വാഗമൺ. ഈരാറ്റുപേട്ടയിൽ നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരമുണ്ട് ഈ മനോഹരമായ പ്രദേശത്തേക്ക്. തേയിലത്തോട്ടങ്ങൾ, പൈൻ മരങ്ങൾ, മൊട്ടക്കുന്നുകൾ എന്നിവയും അതോടൊപ്പം നല്ല തണുത്ത കാലാവസ്ഥയുമാണ് വാഗമണിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. ഇവിടേക്കുള്ള യാത്രയും അതിമനോഹരമാണ്. കോട്ടയം, പാലാ, ഈരാറ്റുപേട്ട, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നും വാഗമണിലേക്ക് കെഎസ്ആർടിസി ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. സമയവിവരങ്ങൾ അറിയുന്നതിനായി www.aanavandi.com സന്ദർശിക്കുക.

2. ഇല്ലിക്കൽ കല്ല് :കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. അധികമാർക്കും അറിയാതെ കിടന്നിരുന്ന ഈ സ്ഥലം പ്രശസ്തമാക്കിയത് സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളാണ്. ഈ കൊടുമുടി ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ ‘കൂടക്കല്ല്’ എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ ‘കൂനൻ കല്ല്’ എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള ‘നരകപാലം’ എന്ന ഭാഗമുണ്ട്.

അപകടമരണങ്ങൾ സംഭവിച്ചിട്ടുള്ളതിനാൽ ഇപ്പോൾ ഇല്ലിക്കൽ കല്ലിലെ ചില ഏരിയയിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇല്ലിക്കൽ കല്ലിനു മുകളിൽ നീലക്കൊടുവേലി ഉണ്ടെന്ന് പ്രാദേശികമായി ഒരു വിശ്വാസമുണ്ട്. മുകളിൽ നിന്നും അറബിക്കടലും അവിടുത്തെ ഉദയം/അസ്തമയവും കാണാൻ കഴിയും. തലനാട് വഴിയും അയ്യമ്പാറ വഴിയും ഇല്ലിക്കൽകല്ലിലെത്താം.

3. കുമരകം : ലോക വിനോദസഞ്ചാര ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ചിട്ടുള്ള കുമരകത്തെക്കുറിച്ച് അധികമൊന്നും വിവരിക്കേണ്ട കാര്യമില്ല എന്നറിയാം. കോട്ടയം ജില്ലയിൽവേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം. ഹൗസ് ബോട്ടുകളിലൂടെയുള്ള കായൽ യാത്രകൾക്ക് ആലപ്പുഴയോളം തന്നെ പേരുകേട്ട സ്ഥലമാണ് കുമരകവും. മനോഹരങ്ങളായ കാഴ്ചകൾക്കൊപ്പം മീൻ, ഞണ്ട്, ചെമ്മീൻ തുടങ്ങിയ രുചിയേറുന്ന കായൽ വിഭവങ്ങളും ഇവിടെ വരുന്നവർക്ക് ആസ്വദിക്കാം. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍,ഹോംസ്റ്റേകള്‍ തുടങ്ങിയവക്കൊപ്പം ശുദ്ധമായ അന്തിക്കള്ള് ലഭിക്കുന്ന ഷാപ്പുകളിലും വരെ ഭക്ഷണപ്രിയര്‍ ഈ ഭക്ഷണങ്ങള്‍ തേടിയത്തൊറുണ്ട്. ദേശാടനക്കിളികൾ വരെ അതിഥികളായി എത്തുന്ന കുമരകം പക്ഷി സങ്കേതവും ഇവിടെ കാണേണ്ട കാഴ്ചകളിൽ ഒന്നാണ്.

Photo – Anil Rana.

4. പൂഞ്ഞാര്‍ കൊട്ടാരം : കോട്ടയത്തുനിന്നും പാല-ഈരാറ്റുപേട്ട വഴിയില്‍ സഞ്ചരിച്ചാല്‍ പൂഞ്ഞാര്‍ കൊട്ടാരത്തിലെത്താം. കേരളത്തിന്റെ പഴയകാല പ്രൗഢി വിളിച്ചോതുന്ന കെട്ടിടമാണ് ഇത്. ഈ കൊട്ടാര ചുവരുകള്ക്കുള്ളില്‍ അനതിസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. തൊട്ടടുത്ത ശാസ്താക്ഷേത്രത്തിലെ കരിങ്കല്‍ ഭിത്തിയില്‍ കൊത്തിയുണ്ടാക്കിയിട്ടുള്ള ചുറ്റുവിളക്കുകള്‍ അത്യാകര്ഷകവും രാജ്യത്ത് അപൂര്വ്വവുമാണ്.

5. താഴത്തങ്ങാടി ജുമാ മസ്‌ജിദ്‌ : കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്.
കേരളത്തില്‍ ഇസ്ലാംമതം പരിചയപ്പെടുത്തിയ മാലിക്ദിനാറിന്റെ പുത്രനായ ഹബീബ് ദിനാര്‍ പണി കഴിപ്പിച്ചതാണ് ഈ പള്ളി എന്ന് വിശ്വസിക്കുന്നു. പരമ്പരാഗത കേരളീയ വാസ്തു വിദ്യാശൈലിയില്‍ നിര്മ്മിിച്ചിട്ടുള്ള ഈ പള്ളി വാസ്തു വിദ്യാ സമ്പന്നത കൊണ്ടും കൊത്തു പണികളുടെ സൌന്ദര്യം കൊണ്ടും പ്രശസ്തമാണ്.
നിഴല്‍ ഘടികാരം, ഒറ്റക്കല്ലില്‍ തീര്‍ത്ത ഹൗള്(അംഗശുദ്ധിക്ക് വെള്ളം ശേഖരിക്കുന്ന നിര്‍മാണം), തടിയില്‍ തീര്‍ത്ത ഖുര്‍ആന്‍ വാക്യങ്ങള്‍, മനോഹരമായ മാളികപ്പുറം, കൊത്തുപണികളാല്‍ സമൃദ്ധമായ മുഖപ്പുകള്‍ എന്നിവ പള്ളിയുടെ പ്രത്യേകതകളാണ്.

6. വൈക്കം : എറണാകുളം, ആലപ്പുഴ ജില്ലകളോട് അടുത്തു കിടക്കുന്ന കോട്ടയത്തെ ഒരു പ്രദേശമാണ് വൈക്കം. വൈക്കം മഹാദേവ ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകർഷണം. നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ വൈക്കത്തെക്കുറിച്ച് അധികമൊന്നും വിവരിക്കേണ്ട ആവശ്യമില്ലെന്നു കരുതുന്നു. ആലപ്പുഴ, കുമരകം എന്നീ സ്ഥലങ്ങൾ പോലെ തന്നെ വൈക്കവും കായൽ യാത്രകൾക്ക് പേരുകേട്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

7. കോട്ടത്താവളം : കോട്ടയത്തു നിന്നും ഏകദേശം 70 കിലോമീറ്റർ അകലെയുള്ള കോട്ടത്താവളം അധികമാരും അറിയപ്പെടാത്ത ഒരു സ്ഥലമാണ്. പൂഞ്ഞാർ, അടിവാരം മേഖലയിലാണ് മനോഹരമായ വെള്ളച്ചാട്ടമുള്ള ഈ സ്ഥലം. സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ മൂന്ന്‌ കിലോമീറ്റര്‍ ദൂരം ജീപ്പില്‍ സഞ്ചരിച്ചും പിന്നീട്‌ അര കിലോമീറ്റര്‍ നടന്നുംവേണം വെള്ളച്ചാട്ടത്തിനു സമീപമെത്താന്‍. മനോഹരമായ ഒരു വ്യൂ പോയിന്റും സമീപത്തായുണ്ട് എന്നത് ഇവിടെയെത്തുന്നവർക്ക് കാഴ്ചയുടെ മായാലോകം സാധ്യമാക്കുന്നു.

8. മാർമല അരുവി വെള്ളച്ചാട്ടം : കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് മാർമല അരുവി വെള്ളച്ചാട്ടം. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് അരുവിയിലാണ് ഈ വെള്ളച്ചാട്ടം. കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് ഇത്. വർഷകാലത്ത് ശക്തമായ ഒഴുക്കായതു കാരണം അരുവിയിലും വെള്ളച്ചാട്ടത്തിലും പ്രവേശിക്കാനാവില്ല. വിനോദസഞ്ചാരികൾ ധാരാളമായി എത്താറുള്ള ഇല്ലിക്കൽ മലനിരകളും ഇല്ലിക്കൽകല്ലും ഇതിനടുത്താണ്.ഈരാറ്റുപേട്ടയിൽ നിന്ന് പത്തുകിലോമീറ്റർ ദൂരമാണ് മാർമല അരുവിയിലേയ്ക്കുള്ളത്. തീക്കോയിയിൽ നിന്ന് മംഗളഗിരി വഴിയും അടുക്കത്തു നിന്ന് വെള്ളാനി വഴിയും മാർമല അരുവിയിൽ എത്താം.

9. ഭരണങ്ങാനം തീർത്ഥാടന കേന്ദ്രം : കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്തുള്ള പ്രസിദ്ധമായ ഒരു സ്ഥലമാണ് ഭരണങ്ങാനം.വിശുദ്ധ അല്ഫോൻസാമ്മയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് സെന്റ് മേരീസ് പള്ളിയോടു ചേർന്നുള്ള ഒരു ചെറിയ പള്ളിയിൽ ആണ്. അതിനാൽ ഇവിടം ഒരു തീർത്ഥാടന കേന്ദ്രമായി അറിയപ്പെടുന്നു. ഇതുവഴി വാഗമൺ പോകുന്നവർക്ക്
ഭരണങ്ങാനം പള്ളി കൂടി സന്ദർശിക്കാവുന്നതാണ്.

10. മാംഗോ മെഡോസ് പാർക്ക് : ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് കോട്ടയത്തെ കടുത്തുരുത്തിക്കു സമീപമുള്ള മാംഗോ മെഡോസ് തന്നെയാണ്. ഏകദേശം 120 കോടി രൂപയോളം ചെലവഴിച്ചാണ് ഈ പാര്‍ക്ക് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റിയ തരത്തിലാണ് പാര്‍ക്കിന്‍റെ നിര്‍മ്മാണം.

നാലായിരത്തിലേറെ ഇനം അപൂർവ മരങ്ങൾ ഇവിടെയുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു കാര്യം ആദ്യമേതന്നെ പറയട്ടെ. സാധാരണ നമ്മള്‍ കണ്ടിട്ടുള്ള വീഗാലാന്‍ഡ്, സില്‍വര്‍ സ്റ്റോം മുതലായ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ പോലെയല്ല ഇത് എന്നോര്‍ക്കുക. പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് മാംഗോ മെഡോസ് എന്നയീ മഹാപ്രപഞ്ചം.

പുറംലോകം അറിയാതെ കിടക്കുന്ന ഒത്തിരി മനോഹരങ്ങളായ സ്ഥലങ്ങൾ കോട്ടയം ജില്ലയിൽ ഉണ്ടാകാം. ഏതെങ്കിലും സ്ഥലങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. എന്തായാലും ഇനി ഒരു ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ മേൽപ്പറഞ്ഞ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി നോക്കുക.