കോവിഡ് പ്രതിരോധം; ഇന്നോവ ക്രിസ്റ്റ ആംബുലൻസ് ആക്കി

കൊറോണയെന്ന മഹാമാരി ലോകമെമ്പാടും പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാവരും തങ്ങളുടേതായ സഹായങ്ങൾ നൽകുന്നതിൽ വ്യാപൃതരായിരിക്കുകയാണ്. അതിൽ എടുത്തു പറയേണ്ട ഒരു വിഭാഗമാണ് കാർ കമ്പനികൾ. വെന്റിലേറ്ററുകൾ, ഫേസ് ഷീൽഡുകൾ മുതലായവ സംഭാവന ചെയ്തും, അതുകൂടാതെ കോവിഡ് പ്രതിരോധത്തിനായി അവരവരുടെ വാഹനങ്ങൾ വിട്ടുനൽകിയുമൊക്കെ പ്രമുഖ കാർ കമ്പനികളൊക്കെയും ഈ പോരാട്ടത്തിൽ പങ്കാളികളാകുകയാണ്.

ഇതിനിടയിൽ വ്യത്യസ്തമായ ഒരു കാര്യം ചെയ്ത് ശ്രദ്ധനേടിയിരിക്കുകയാണ് ഇൻഡോനേഷ്യയിലെ ടൊയോട്ട കാർ കമ്പനി. തങ്ങളുടെ മികച്ച മോഡലായ ഇന്നോവ ക്രിസ്റ്റ, മോഡിഫൈ ചെയ്ത് ആംബുലൻസ് ആക്കിമാറ്റി, അത് ഇൻഡോനേഷ്യയിലെ റെഡ്ക്രോസ്സിനും ആരോഗ്യമന്ത്രാലയത്തിനും സംഭാവന ചെയ്തിരിക്കുകയാണ് ടൊയോട്ട. ആംബുലൻസായി പരിഷ്‌ക്കരിച്ചിരിക്കുന്നതിനു പുറമെ നിർണായകവും ജീവൻ രക്ഷിക്കുന്നതുമായ എല്ലാ ഉപകരണങ്ങളും ടൊയോട്ട ഈ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

മേൽപ്പറഞ്ഞ തരത്തിലുള്ള അഞ്ചോളം ക്രിസ്റ്റ ആംബുലൻസുകളാണ് ടൊയോട്ട ഇന്തോനേഷ്യയിൽ സംഭാവന ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ക്രിസ്റ്റ എന്നറിയപ്പെടുന്ന ഈ മോഡൽ ഇന്തോനേഷ്യയിൽ ‘ടൊയോട്ട കിജാംഗ് ഇന്നോവ’ എന്നാണ് അറിയപ്പെടുന്നത്.

പൊതുവെ അകത്ത് നല്ല വിസ്താരമുള്ള ഒരു മോഡലായ ഇന്നോവ ക്രിസ്റ്റയുടെ പിന്നിലെ സീറ്റുകളെല്ലാം മാറ്റിയതിനു ശേഷം വാഹനത്തിന്റെ ഫ്ലോർ പൂർണ്ണമായും പരന്ന തലത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഇതുമൂലം മടക്കാവുന്ന തരത്തിലുള്ള സ്ട്രെച്ചർ വളരെ എളുപ്പത്തിൽ ഫ്ലോറിൽ ഘടിപ്പിക്കുവാൻ സാധിക്കും. സ്‌ട്രെച്ചർ ഘടിപ്പിച്ചിരിക്കുന്നതിന്റെ മറുവശത്തു പാരാമെഡിക്കൽ സ്റ്റാഫുകൾക്ക് ഇരിക്കുവാനുള്ള സൗകര്യങ്ങളുമുണ്ട്. രണ്ടു സീറ്റുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. അതോടൊപ്പം ഹൃദയമിടിപ്പ് പരിശോധിക്കുന്നതിനും മറ്റുമുള്ള ജീവൻരക്ഷാ ഉപകരണങ്ങളും ആംബുലൻസിനകത്തുണ്ട്.

ഇരുണ്ട അവസ്ഥയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് സ്‌പോട്ട്‌ലൈറ്റ് പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഈ ക്രിസ്റ്റ ആംബുലൻസിൻ്റെ പുറംഭാഗം പരിഷ്‌ക്കരിച്ചിട്ടുണ്ട്. മുകൾ ഭാഗത്ത് റൂഫിൽ ഫ്ലാഷറുകളും, സയറണും ഘടിപ്പിച്ചിട്ടുണ്ട്. ഈ മോഡിഫിക്കേഷനുകളെല്ലാം ചെയ്തത് ഇൻഡോനേഷ്യയിലെ ടൊയോട്ടയുടെ ഡിസ്ട്രിബ്യുട്ടേഴ്സ് തന്നെയാണ്.

ഇനി വാഹനത്തിന്റെ കാര്യം നോക്കുകയാണെങ്കിൽ വാഹനത്തിന് 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് വരുന്നത്. എഞ്ചിൻ പരമാവധി 139 bhp കരുത്തും 183 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് എംപിവിയിൽ വരുന്നത്. ഇന്ത്യയിൽ വളരെയേറെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു വാഹനമാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. പോലീസ് ഫോഴ്സ്, മന്ത്രിമാർ തുടങ്ങിയവരുടെ ഇഷ്ട മോഡലാണ് ഇന്ന് ഇന്നോവ ക്രിസ്റ്റ.

ഇന്ത്യയിൽ എംജി മോട്ടോഴ്‌സും ഇത്തരത്തിൽ കോവിഡിനെതിരായ പോരാട്ടത്തിൽ ധാരാളം സംഭാവനകൾ ചെയ്തിട്ടുണ്ട്. എം‌ജി മോട്ടോർസ് തങ്ങളുടെ പ്രശസ്ത മോഡലായ ഹെക്ടർ എസ്‌യുവിയിൽ സമാനമായ പരിഷ്‌ക്കരണങ്ങൾ വരുത്തുകയും അധികൃതർക്ക് വാഹനം സംഭാവന ചെയ്യുകയും ചെയ്തിരുന്നു. ഓക്സിജൻ സിലിണ്ടർ, ഇറക്കുമതി ചെയ്ത ഓട്ടോമാറ്റിക് ലോഡിംഗ് സ്ട്രെച്ചർ, അഫയർ എക്സറ്റിംഗ്യൂഷർ, മെഡിസിൻ കാബിനറ്റ്, അഞ്ച് പാരാമീറ്റർ മോണിറ്റർ, ഇന്റേണൽ ലൈറ്റിംഗ്, ടോപ്പ് ലൈറ്റ് ബാർ എന്നിവയാണ് ഹെക്ടർ ആംബുലൻസിൽ എംജി മോട്ടോർസ് പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നത്.