അരമണിക്കൂർ ബ്ലോക്കിൽ പെട്ടു; ടോൾ കൊടുക്കാതെ ഒരു വേറിട്ട പ്രതിഷേധം

പ്രതിഷേധിച്ചാൽ പാലിയേക്കര ടോൾപ്ലാസയിൽ ടോൾ കൊടുക്കേണ്ട. പ്രതിഷേധിക്കൂ, പ്രതികരിക്കൂ, സമൂഹമേ.. ഇതും ഒരു ബാലികേറാമലയോ? പുരാണ കഥയിലെ ബാലികേറാമല പോലെ ആയിരിക്കുകയാണ് നമ്മുടെ കുപ്രസിദ്ധമായ തലോർ “ടോൾപ്ലാസ” ഇവിടെ നീതിയും ന്യായവും ധർമ്മവും വെറും നോക്ക് കുത്തികളാകുന്നു.

സുഗമമായ യാത്രയ്ക്ക് വേണ്ടിയാണ് നമ്മൾ ടോൾ നൽകേണ്ടത്. എന്നാൽ ഇന്ന് എവിടെയാണ് സുഗമമായ യാത്ര ലഭിക്കുന്നത്? തലോർ മുതൽ ചാലക്കുടി വരെ നോക്കിയാൽ തന്നെ എത്ര സിഗ്നലുകളാണ് ഉള്ളത്. 66 കിലോമീറ്റർ സഞ്ചരിക്കാൻ നമ്മൾ 26 സിഗ്നലുകൾ കടക്കണം.

കഴിഞ്ഞ ദിവസങ്ങളിൽ പുതുക്കാട് സിഗ്നൽ ക്രോസ്സിൽ രണ്ട് അധ്യാപകരുടെ ജീവനുകൾ പൊലിഞ്ഞത് നമ്മൾ വേദനയോടെയാണ് കണ്ടത്. പുതുക്കാട് ജംഗ്ഷനിൽ വളരെ അപകടം പിടിച്ച ക്രോസിങ് ആണ് ഇവിടെ ഒരു മേൽപ്പാലം വളരെ അത്യാവശ്യമാണ്.

ഇതൊന്നും വകവെക്കാതെ ഈ ഹൈവേ കരാറെടുത്തു എന്ന അഹങ്കാരത്തിൽ സാധാരണക്കാരന്റെ കുത്തിന്പിടിച്ച് ഗുണ്ടായിസം കാണിച്ച് ടോൾ പിരിവു നടത്തുന്നവർക്ക് ഓശാന പാടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ജനപ്രതിനിധികളും ഇവരുടെ അപ്പക്കഷണം ഭക്ഷിച്ച് അവർക്കു വേണ്ടി കുരയ്ക്കുന്ന നിയമപാലകരും എല്ലാം കണ്ടില്ലെന്ന് നടിക്കുന്ന ജില്ലാ ഭരണകൂടവും നാൾക്കുനാൾ ഇവിടം ശക്തി പ്രകടനങ്ങളുടെ ഗോദ ആക്കി മാറ്റുന്നു.

“കരയുന്ന കുഞ്ഞിനെ പാലുള്ളൂ” എന്ന പഴമൊഴി പോലെ കയ്യൂക്കുള്ളവനും, പ്രതികരിക്കുന്നവർക്കും മാത്രം “ഫ്രീ” കിട്ടുന്നു എന്നതും നമ്മൾ പൊതുജനം വലിയ പ്രാധാന്യത്തോടെ കാണേണ്ടിയിരിക്കുന്നു. ചാലക്കുടിയിൽ സബ് വേ പണി തുടങ്ങിയിട്ട് ഏകദേശം രണ്ടു വർഷത്തിനു മുകളിലായി. ഇതുവരെയും പണി പൂർത്തീകരിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. പലപ്പോഴും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ട്രാഫിക് ബ്ലോക്ക് ആണ് ഇവിടെ ഉള്ളത്.

ഇത്തരത്തിൽ ചാലക്കുടിയിൽ അരമണിക്കൂറോളം ബ്ലോക്കിൽപ്പെട്ടു കിടക്കേണ്ടി വന്ന കാരണം ചൂണ്ടിക്കാട്ടി പാലിയേക്കര ടോൾ പ്ലാസയിൽ ഇനി ടോൾ തരില്ലെന്ന നിലപാടുമായി പ്രതിഷേധിച്ചിരുന്നു. ഏകദേശം ഒന്നരമണിക്കൂർ ലെയ്‌നിൽ കിടന്നു പ്രതിഷേധിച്ചതിനൊടുവിൽ ടോൾ ബൂത്ത് ജീവനക്കാർ ബാരിയർ തുറന്നുവിട്ട് വാഹനത്തെ പോകുവാൻ അനുവദിക്കുകയായിരുന്നു. പ്രസ്തുത ദൃശ്യങ്ങൾ താഴെ കൊടുക്കുന്നു.

2012 ഫെബ്രുവരിയിലാണ് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പാലിയേക്കര ടോൾ പിരിവ് ആരംഭിച്ചത്. സാധാരണ നിലയിൽ പിരിച്ച് പിരിച്ച് കുറയുകയാണ് പതിവ്. എന്നാൽ ഇവിടെ 70 ൽ നിന്ന് 75 ലും, 105 ൽ നിന്ന് 110 ലും എത്തി നിൽക്കുന്നു ടോൾ നിരക്കുകൾ. ചിലപ്പോൾ ഇവർക്കും റോഡ് നിർമാണത്തിലുള്ള അവശ്യ സാധനങ്ങളുടെ ലഭ്യത കുറവായിരിക്കും നിലവാര പട്ടിക ഇങ്ങനെ കുത്തനെ കൂട്ടാൻ പ്രരണയാത് എന്ന് അനുമാനിക്കാം അല്ലേ?

“മികച്ച റോഡും സൗകര്യപ്രദമായ യാത്രയും യാഥാർഥ്യമാക്കാൻ ജനങ്ങൾ ത്യാഗം സഹിക്കേണ്ടി വരും” എന്നാണ് കോടതി പറയുന്നത്. ഹൈക്കോടതിയുടെ ഈ മനോഹരമായ വാക്കുകൾ ചേർത്തുകൊണ്ടും പ്രതികരണശേഷി നഷ്ടപ്പെട്ടു തുടങ്ങിയ ജനങ്ങൾക്കായി ഈ വീഡിയോ സമർപ്പിച്ചുകൊണ്ട് നിർത്തുന്നു.

കടപ്പാട് – ജിൻഷാദ് കല്ലൂർ, മലയാളി ക്ലബ്ബ്.