നമ്മളിൽ പലരും അറിയാതെ ചെയ്യുന്ന ചില ട്രാഫിക് നിയമലംഘനങ്ങൾ അറിഞ്ഞിരിക്കാം…

വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ട്രാഫിക് നിയമങ്ങൾ അൽപ്പം അയഞ്ഞതാണ്. എങ്കിലും റോഡിൽ വാഹനവുമായി ഇറങ്ങുന്നതിനു മുൻപ് എല്ലാവരും റോഡിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. എന്നാൽ പൊതുവായ റോഡ് നിയമങ്ങൾ കൂടാതെ അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ടെന്ന് ഓർക്കുക. നമ്മളിൽ പലരും അറിവില്ലായ്‌മ കൊണ്ട് ഇത്തരം നിയമലംഘനങ്ങൾ നടത്താറുണ്ടായിരിക്കാം. എന്തായാലും അവ ഒന്നറിഞ്ഞിരിക്കുക.

പബ്ലിക് പാർക്കിംഗ് ഏരിയകൾ നാം എല്ലാവരും ഉപയോഗിക്കാറുള്ളതാണല്ലോ. ഒരു വാഹനം പാർക്ക് ചെയ്യേണ്ട മര്യാദകൾ പാലിക്കാതെ തോന്നിയ പോലെ, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വാഹനം പാർക്ക് ചെയ്യുന്നത് ഒരു കുറ്റമാണ്. മിക്ക പാർക്കിംഗ് ഏരിയകളിലും കാണാം, ഏതെങ്കിലും വാഹനം ഇങ്ങനെ മറ്റുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത തരത്തിൽ പാർക്ക് ചെയ്തിരിക്കുന്ന കാഴ്ച. കാർ പാർക്കിങ് ഏരിയകളിൽ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ വഴികൊടുക്കാതെ തടസ്സം കിടന്നാൽ അതും കുറ്റകരം തന്നെയാണ്. ഇത്തരം കാര്യങ്ങൾ ആരെങ്കിലും പോലീസിൽ വിളിച്ചറിയിച്ചാൽ കുറ്റം ചെയ്തയാൾക്ക് 100 രൂപ പിഴയടക്കേണ്ടതായി വരും.

നമ്മുടെ വാഹനങ്ങളിൽ, അതിപ്പോൾ സ്വകാര്യ വാഹനം ആയാലും ഫസ്റ്റ് എയ്‌ഡ്‌ കിറ്റുകൾ നിർബന്ധമായും ഉണ്ടായിരിക്കണം. ഇങ്ങനെയൊരു നിയമം ഇന്ത്യയിൽ കൊൽക്കത്തയിലും ചെന്നൈയിലും നിലവിലുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുവാൻ നീക്കമുള്ളതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഫസ്റ്റ് എയ്‌ഡ്‌ കിറ്റ് ഇല്ലാത്തതായി കണ്ടെത്തിയാൽ 500 രൂപയാണ് പിഴയീടാക്കുന്നത്.

പബ്ലിക് സ്ഥലങ്ങളിൽ പുകവലി കുറ്റകരമാണ് എന്ന് എല്ലാവര്ക്കും അറിയാമല്ലോ. അതുപോലെ തന്നെയാണ് കാറുകളിൽ ഇരുന്നുകൊണ്ട് പുകവലിക്കുന്നതും. പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങളിൽ ഇരുന്നുകൊണ്ട്, അതിപ്പോൾ സ്വന്തം വേണ്ടിയാണെങ്കിലും പോലീസ് കണ്ടാൽ പിഴയീടാക്കും.

നമ്മൾ ചിലപ്പോൾ കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വാഹനങ്ങളുമായി റോഡിലിറങ്ങാറുണ്ട്. ചിലപ്പോൾ വണ്ടിയുടെ യഥാർത്ഥ ഉടമ അറിഞ്ഞു കാണില്ല നമ്മൾ ഈ വണ്ടിയുമായി കറങ്ങാനിറങ്ങുന്നത്. ചെന്നൈയിൽ ആണെങ്കിൽ ഇത്തരത്തിൽ ഉടമയുടെ അറിവോടെയല്ലാതെ മറ്റു വാഹനങ്ങൾ ഓടിക്കുന്നത് കുറ്റകരമാണ്. കുറ്റം ചെയ്തതായി തെളിഞ്ഞാൽ 500 രൂപ പിഴയോ മൂന്നു മാസം തടവോ ശിക്ഷ ലഭിച്ചേക്കാം. വാഹനമോഷ്ടാക്കളെ കുടുക്കുവാനാണ് ചെന്നൈ പോലീസ് വളരെ വ്യത്യസ്തമായ ഈ ഒരു നിയമം നടപ്പിലാക്കിയിരിക്കുന്നത്.

ചിലർ കാറുകളിൽ ചെറിയ LED സ്ക്രീനുകൾ ഫിറ്റ് ചെയ്ത് സിനിമകളോ വീഡിയോകളോ ആസ്വദിച്ചുകൊണ്ട് വണ്ടിയോടിക്കുന്നത് കണ്ടിട്ടുണ്ടാകും. എന്നാൽ ഇത് കുറ്റകരമാണ്. കാറുകളിൽ ഇത്തരത്തിൽ സിനിമാ – വീഡിയോ പ്രദർശനം പാടില്ലെന്നാണ്. ചിലർ മൊബൈൽഫോണുകൾ ഡാഷ് ബോർഡിൽ ഉറപ്പിച്ചുകൊണ്ടും ഇത്തരത്തിൽ വീഡിയോകൾ ആസ്വദിക്കുന്നതായി കാണാം. ഇതും കുറ്റകരം തന്നെയാണ് എന്നോർക്കുക.

സ്വന്തമായി വാഹനമില്ലാത്തവരിൽ പലരും ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റു വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചു കൊണ്ട് പോയിട്ടുണ്ടാകും. മിക്കവാറും ഇരുചക്രവാഹനങ്ങളിലായിരിക്കും കൂടുതലാളുകളും ലിഫ്റ്റ് അടിച്ചു യാത്ര ചെയ്തിട്ടുണ്ടാകുക. ഇനിയിപ്പോൾ സ്വന്തം വാഹനം ഉണ്ടായാലും അത് വഴിയിൽ കേടാകുകയോ പഞ്ചർ ആകുകയോ ചെയ്താലും ലിഫ്റ്റ് അടി തന്നെ ശരണം. മറ്റുള്ളവർക്ക് ഒരു ഉപകാരം ആകുമ്പോൾ ച്ചില്ല സമയങ്ങളിലെങ്കിലും ലിഫ്റ്റ് കൊടുക്കുന്നത് അപകടകരമായി തീരാറുണ്ട്. ലിഫ്റ്റ് ചോദിച്ചു വരുന്നയാൾ ഏതു തരക്കാരൻ ആണെന്ന് വാഹനം ഓടിക്കുന്നയാൾക്ക് അറിയില്ലല്ലോ. എന്നിരുന്നാലും ലോകമെമ്പാടുമുള്ള ഒരു കലയായി ഈ ലിഫ്റ്റ് ചോദിക്കൽ ഇന്നും തുടരുന്നു.

ചിലർ കാറുകളിലും ലോറികളിലും വരെ ലിഫ്റ്റ് ചോദിച്ചുകൊണ്ട് യാത്ര ചെയ്യാറുണ്ട്. എന്തിനേറെ പറയുന്നു ലിഫ്റ്റ് അടിച്ചു മാത്രം യാത്ര ചെയ്യുന്ന ഒരു സഞ്ചാര രീതി തന്നെ ഇന്ന് നിലവിലുണ്ട്. ‘ഹിച്ച് ഹൈക്കിംഗ്’ എന്നാണു ആ രീതിയ്ക്ക് ലോകം നൽകിയിരിക്കുന്ന പേര്. സ്വകാര്യ വാഹനങ്ങളിൽ അപരിചിതർക്ക് ലിഫ്റ്റ് കൊടുത്താൽ പോലീസ് പിടിക്കുമോ? ഇതിനെക്കുറിച്ച് ആർക്കും വലിയ പിടിയുണ്ടാകാൻ ഇടയില്ല. എനിക്കും മുൻപ് അങ്ങനെത്തന്നെയായിരുന്നു. പക്ഷെ സത്യത്തിൽ അങ്ങനെയൊന്നുണ്ട്. സ്വകാര്യ വാഹനങ്ങളിൽ ലിഫ്റ്റ് കൊടുക്കുന്നത് നിയമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ അത് കുറ്റകരമാണത്രെ. അപരിചിതർക്ക് സ്വകാര്യ വാഹനങ്ങളിൽ ലിഫ്റ്റ് കൊടുക്കുന്നത് മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 66, സെക്ഷൻ 192 വകുപ്പുകൾ പ്രകാരം കുറ്റകരമാണ്. അതുകൊണ്ട് സ്വകാര്യ വാഹനങ്ങളിൽ മറ്റുള്ളവർക്ക് ലിഫ്റ്റ് കൊടുക്കുമ്പോൾ ഒരു ഈ നിയമപ്രശ്നത്തെക്കുറിച്ച് ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഇനി നിങ്ങൾ വാഹനവുമായി നിരത്തിലിറങ്ങുന്നതിനു മുൻപ് ഈ പറഞ്ഞ കാര്യങ്ങൾ കൂടി ഒന്നോർത്തു വെക്കുക. നിയമങ്ങൾ പാലിക്കപ്പെടാനുള്ളതാണ്. അത് പാലിക്കുക തന്നെ ചെയ്യണം.