കോവിഡ് 19 : കേരളത്തിലെ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ജനറൽ കോച്ചുകളിലെ ജനറൽ കോച്ചുകളിലെ ദിവസയാത്രക്കാരുടെ എണ്ണത്തിൽ 61 ശതമാനം കുറവ്. കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് റദ്ദാക്കാൻ എത്തുന്നവരുടെ എണ്ണം കൂടിയതായാണ് കണക്കുകൾ. അമൃത, മലബാർ, മാവേലി, മംഗലാപുരം എക്സ്‌പ്രസുകളിലും കാലിയായ ബർത്തുകളുടെ എണ്ണം കൂടുകയാണ്.

കൊറോണ വൈറസ് ബാധയെ തുടർന്ന് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകൾ റദ്ദാക്കി. ജനശതാബ്ദി അടക്കം 10 സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച (20-03-2020) മുതലുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. റദ്ദാക്കിയ ട്രെയിനുകളുടെ വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.

തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി (12082) മാർച്ച് 20 മുതൽ 30 വരെയും, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി (12081) മാർച്ച് 21 മുതൽ 31 വരെയും, മംഗലാപുരം – കോയമ്പത്തൂർ ഇന്റർസിറ്റി (22609) മാർച്ച് 20 മുതൽ 31 വരെയും, കോയമ്പത്തൂർ – മംഗലാപുരം ഇന്റർസിറ്റി (22610) മാർച്ച് 21 മുതൽ ഏപ്രിൽ ഒന്നു വരെയും, മംഗലാപുരം – തിരുവനന്തപുരം മലബാർ (16630) – മാർച്ച് 20 മുതൽ 31 വരെയും, തിരുവനന്തപുരം-മംഗലാപുരം മലബാർ (16629) മാർച്ച് 21 മുതൽ ഏപ്രിൽ ഒന്നു വരെയും, ലോക്മാന്യതിലക് – എറണാകുളം തുരന്തോ എക്സ്പ്രസ് (12223) മാർച്ച് 21 മുതൽ ഏപ്രിൽ ഒന്നു വരെയും, എറണാകുളം – ലോക്മാന്യതിലക് തുരന്തോ എക്സ്പ്രസ് (12224) മാർച്ച് 22 മുതൽ ഏപ്രിൽ ഒന്നു വരെയും റദ്ദാക്കിയിട്ടുണ്ട്.

മേൽപ്പറഞ്ഞവ കൂടാതെ, തിരുവനന്തപുരം – ചെന്നൈ വീക്കിലി (12698) മാർച്ച് 21, 28 തിയതികളിലെ സർവീസും, ചെന്നൈ – തിരുവനന്തപുരം- (12697) മാർച്ച് 22,29 തിയതികളിലെ സർവ്വീസും റദ്ദാക്കി. കൊല്ലം – ചെങ്കോട്ട പാസഞ്ചർ, കൊല്ലം-പുനലൂർ പാസഞ്ചർ, പുനലൂർ‑കൊല്ലം പാസഞ്ചർ എന്നിവ റദ്ദാക്കി. ഗുരുവായൂർ- പുനലൂർപാസഞ്ചർ കൊല്ലം വരെയേ സർവ്വീസ് നടത്തൂ.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇതുവരെ 168 ട്രെയിനുകളാണ് സർവീസ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസം മാത്രം 84 ട്രെയിനുകളാണ് റദ്ദാക്കിയത്. ഈ ഒരു സാഹചര്യത്തിൽ റദ്ദാക്കിയ തീവണ്ടികളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന എല്ലാവർക്കും പണം തിരികെ നൽകുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കുമ്പോൾ ഈടാക്കുന്ന പണം പോലും യാത്രക്കാരിൽ നിന്ന് വാങ്ങില്ല. ഇതുമൂലം 450 കോടി രൂപയോളമാണ് ഇന്ത്യൻ റെയിൽവേയ്ക്ക് നഷ്ടം വരിക.

ഇതിന് പുറമേ റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്ലാറ്റ് ഫോം ടിക്കറ്റുകളുടെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ 250 റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 50 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഈ വര്‍ധനവ് താത്കാലികമാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.