കൂർഗ്ഗിലേക്ക് പോകാം ഒരു അടിപൊളി ട്രിപ്പ്… എന്തൊക്കെ ശ്രദ്ധിക്കണം?

കൂർഗ്ഗ് അഥവാ കുടക്. എല്ലാവരും കേട്ടിട്ടുണ്ടാകും കർണാടകയിലെ ഈ മനോഹരമായ സ്ഥലത്തെക്കുറിച്ച്. ദിലീപ് അഭിനയിച്ച കുബേരൻ സിനിമ കണ്ടിട്ടുള്ളവർക്ക് ഒന്നുകൂടി പെട്ടെന്നു മനസ്സിലാകും. ശരിക്കും കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ്‌ കൂർഗ്ഗ്. പണ്ട് കുടക് ഭരിച്ചിരുന്നത് ഹാലെരി രാജാക്കന്മാരായിരുന്നു(1600-1834). അവരിലെ മൂന്നാമനായ മഡ്ഡുരാജ വടക്കൻ കുടകിലെ കുന്നുകൾ നിരത്തി മഡ്ഡുരാജകേരി സൃഷ്ടിച്ചു. ആ നഗരമാണ് ഇന്ന് മടിക്കേരി എന്നറിയപ്പെടുന്നത്.

വടക്കുപടിഞ്ഞാറു ഭാഗത്ത് ദക്ഷിണ കന്നഡ ജില്ല, വടക്കു വശത്ത് ഹാസൻ ജില്ല, കിഴക്കു വശത്ത് മൈസൂർ ജില്ല, തെക്കു പടിഞ്ഞാറു വശത്ത് കേരളത്തിലെ കണ്ണൂർ ജില്ല, തെക്കു വശത്ത് വയനാട് ജില്ല എന്നിവയാണ്‌ കുടക് ജില്ലയുടെ അതിരുകൾ. കൂർഗ്ഗ് ഇന്നൊരു മികച്ച വിനോദ സഞ്ചാര കേന്ദ്രമാണ്. കേരളത്തിൽ നിന്നും കൂർഗ്ഗിലേക്ക് ഒരു അടിപൊളി യാത്രയായാലോ? മൂന്നാറും അതിരപ്പിള്ളിയും വയനാടും ഒക്കെ പോയി മടുത്തവർക്ക് (അയ്യോ.. അങ്ങനെ മടുക്കില്ലാട്ടോ നമ്മുടെ ഈ സ്ഥലങ്ങൾ..) പരീക്ഷിക്കാവുന്ന ഒരു ടൂർ ഡെസ്റ്റിനേഷൻ കൂടിയാണ് കൂർഗ്ഗ്. സാഹസിക വിനോദങ്ങൾ, സഞ്ചരിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി നിരവധി സ്ഥലങ്ങൾ ഇതൊക്കെയാണ് കൂർഗിനെ സഞ്ചാരികളുടെ ഇടയിൽ പ്രിയങ്കരമാക്കുന്നത്.

കൂർഗ്ഗിലേക്ക് സ്വന്തമായി വാഹനമുള്ളവർക്ക് അതുമായി പോകാം. തലശ്ശേരി, വിരാജ്പേട്ട വഴിയാണ് ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകുന്നത്. അതല്ല ബസ്സിലാണ് നിങ്ങളുടെ യാത്രയെങ്കിൽ തലശ്ശേരിയിൽ നിന്നും വിരാജ്പേട്ട, മടിക്കേരി എന്നിവിടങ്ങളിലേക്ക് ബസ് സർവ്വീസുകളും ലഭ്യമാണ്. സ്വന്തം വാഹനത്തിൽ വരുന്നതായിരിക്കും കൂടുതൽ നല്ലത്. യാത്രയ്ക്കു മുൻപ് നിങ്ങളുടെ താമസത്തിനായി മടിക്കേരിയിലോ മറ്റോ റൂമുകൾ ബുക്ക് ചെയ്യുന്നതായിരിക്കും ഉത്തമം. ഓഫ് സീസണിൽ നല്ല റേറ്റിൽ നമുക്ക് റൂമുകളും ഹോം സ്റ്റേകളും അവിടെ ലഭ്യമാണ്. ഹോംസ്റ്റേകൾ തിരഞ്ഞെടുക്കുന്നതായിരിക്കും കുറച്ചുകൂടി നല്ലത്. അംഗീകാരമില്ലാത്ത ഹോംസ്റ്റേകൾ കൂർഗിൽ നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് വിശ്വാസയോഗ്യമായ ബുക്കിംഗ് സൈറ്റുകളിൽ നിന്നും റിവ്യൂകളും റേറ്റിങ്ങും ഒക്കെ നോക്കിയശേഷം മാത്രം ബുക്ക് ചെയ്യുക.

കൂർഗ്ഗിൽ ചെന്നാൽ അവിടത്തെ സ്പെഷ്യൽ ഭക്ഷണ വിഭവങ്ങൾ രുചിക്കുവാൻ മറക്കരുത്. ചെറിയൊരു നഗരമായതിനാൽ രാത്രി വൈകുന്നതോടെ കൂർഗ്ഗിലെ ഭൂരിഭാഗം ഹോട്ടലുകളും കടകളും അടയ്ക്കും. അതുകൊണ്ട് നിങ്ങളുടെ ഡിന്നർ പുറത്തു നിന്നുമാണെങ്കിൽ അത് അൽപ്പം നേരത്തേയാക്കുവാൻ ശ്രമിക്കുക. ഈ കാര്യം അന്വേഷിച്ചു അറിഞ്ഞിട്ട് വേണ്ടത് ചെയ്താൽ മതി. നിങ്ങൾ താമസിക്കുന്നത് ഹോംസ്റ്റേയിൽ ആണെങ്കിൽ അതിൻ്റെ ഉടമയുമായി സൗഹൃദം സ്ഥാപിക്കുക. പ്രാദേശികമായ അറിവുകൾ ലഭിക്കുവാൻ ഈ സൗഹൃദം സഹായകരമാകും.

കൂർഗ്ഗിലെ കാപ്പിപ്പൊടിയും ഹോം മെയ്‌ഡ്‌ ചോക്കലേറ്റുകളും വളരെ പ്രസിദ്ധവും രുചികരവുമാണ്. അവിടെ ചെന്നാൽ അത് മികച്ച സ്ഥലത്തു നിന്നും വാങ്ങുവാൻ ശ്രമിക്കുക. നേരത്തെ പറഞ്ഞതുപോലെ ഹോംസ്റ്റേ ഉടമസ്ഥന്റെ സഹായം ഉണ്ടെങ്കിൽ ലാഭത്തിനു കാപ്പിപ്പൊടിയും ചോക്കലേറ്റുകളും ലഭിക്കുന്നത് എവിടെയാണെന്ന് കണ്ടെത്തുവാനും നിങ്ങൾക്ക് കഴിയും. കൂർഗ്ഗിലെ കാഴ്ചകൾ മനോഹരവും വർണ്ണനാതീതവുമാണ്. കുറച്ചുനാൾ മുൻപ് നടത്തിയ സര്‍വേയില്‍ കൂര്‍ഗ്ഗിന് ഇന്ത്യയിലെ പ്രധാന ഹില്‍സ്‌റ്റേഷന്‍ എന്ന പദവി നല്‍കിയിരുന്നു. അവിടത്തെ പ്രകൃതി ഭംഗി ഏത് കാലാവസ്ഥയിലും ആസ്വദിക്കേണ്ടത് തന്നെ. കൂർഗ്ഗിൽ വന്നാൽ കണ്ടിരിക്കേണ്ട ചില പ്രധാനപ്പെട്ട സ്ഥലങ്ങളുണ്ട്. അവ എതെയൊക്കെയെന്നു പറഞ്ഞു തരാം.

അബ്ബി വെള്ളച്ചാട്ടം : മടിക്കേരിയിൽ നിന്നും മൈസൂർ റൂട്ടിൽ 8 കിലോമിറ്റർ ദൂരെയാണീ വെള്ളച്ചാട്ടം. കാടിനും കാപ്പിതോട്ടങ്ങൾക്കും നടുവിലൂടെ അഞ്ഞൂറു മീറ്ററോളം ഇറങ്ങിചെല്ലമ്പോൾ ഏകദേശം 100 അടി ഉയരത്തുനിന്നും 7 നിലകളായി പരന്നൊഴുകുന്ന ഇതിനെ തൂക്കുപാലത്തിൽ നിന്നും കാണുന്നത് മനോഹരമാണ്.

ഗദ്ദിഗെ : മടിക്കേരിയിലെ രാജാക്കന്മാരുടെ ശവകുടീരങ്ങൾ നിൽക്കുന്ന ഭൂമി. ഇസ്ലാമിക് ശൈലിയിൽ തീർത്ത മൂന്നു കുടിരങ്ങളാണുള്ളത്. . വീരരാജേന്ദ്രന്റെയും പത്നിമഹാദേവിഅമ്മയുടെയും സ്മരണക്കാണ് നടുവിലെ കുടീരം അതിനു രണ്ടുവശമായി അദ്ദേഹത്തിന്റെ മരുമകൻ ലിംഗരാജേന്ദ്രന്റെ യും അദ്ദേഹത്തിന്റെ. രാജഗുരു രുദ്രപ്പയുടെയും കുടീരങ്ങളാണ് 1820കളിൽ ആണ് ഇവ പണികഴിപ്പിച്ചതെന്നു കരുതുന്നു. അതിനുസമീപമായി ആരാധനാമൂർത്തിയായ ശിവന്റെ ഓർമ്മക്ക് രണ്ട് നന്ദിപ്രതിമകളുണ്ട്. ഇന്ന് പുരാവസ്തുവകുപ്പിന്റെ കീഴിൽ ഒരു നല്ല ഉദ്യാനമായി ഇവിടം പരിപാലിക്കുന്നു. രാവിറ്റെ 10 മണി മുതൽ കുടീരത്തിന്റെ ഉള്ളീൽ കയറി ദർശിക്കാവുന്നതാണ്.

ഓംകാരേശ്വരക്ഷേത്രം : മടിക്കേരി നഗരത്തിൽ മുസ്ലിം വാസ്തുമാതൃകയിൽ നിർമ്മിക്കപ്പേട്ട വിശ്വനാഥക്ഷേത്രം. ഇവിടുത്തെ ഒരുരാജാവ് ഒരു സാത്വികനായ ബ്രാഹ്മണനെ വധിച്ചു എന്നും ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവത്തിനു പരിഹാരമായി കാശിയിൽ നിന്നും വിശ്വനാഥനെ ഇവിടെ കൊണ്ടുവന്നു പൂജിക്കാൻ തുടങ്ങി എന്നുമാണ് ഐതിഹ്യം. വശങ്ങളില്‍ മീനാരങ്ങളോട് കൂടി നിര്‍മ്മിക്കപെട്ട ക്ഷേത്രം ഇസ്ലാമിക വാസ്തുകലയുടെ പ്രകടമായ സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

മടിക്കേരി കോട്ട : ഇംഗ്ലീഷ് വാസ്തുശൈലിയിൽ നിർമ്മിക്കപ്പെട്ട കൊട്ടാരമാണിത്. ഇപ്പോൾ ഇവിടെ ഗവർമെന്റ് ഓഫീസുകകൾ പ്രവർത്തിക്കുന്നു. അതിനു സമീപമുള്ള രണ്ട് ആനകളുടെ പ്രതിമ പ്രശസ്തമാണ്. രാവിലെ ആനയുടെ ചിന്നം വിളി സഹിക്കാതെ വീരരാജ എന്ന രാജാവ് ജനലിലൂടെ മുറ്റത്ത് നിർത്തിയിരുന്ന രണ്ടാനകളെയും വെടിവെച്ചുകൊന്നു എന്നും പിന്നീട് പ്രായശ്ചിത്തമായി അവയുടെ പ്രതിമ ഉണ്ടാക്കി എന്നും പറയപ്പെടുന്നു. കൊട്ടക്കകത്ത് ഒരു ഗണേശക്ഷേത്രം, ഒരു പള്ളി, രാജവംശത്തെക്കുറിച്ചുള്ള ഒരു മ്യൂസിയം എന്നിവയും ഉണ്ട്.

രാജാസീറ്റ് : മടിക്കേരിയിൽ നഗരത്തിനു സമീപം ഒരു താഴ്വാരത്തിനെ ദൃശ്യം കാണാവുന്ന ഒരു സുന്ദരപ്രദേശമാണിത്. ഇവിടെ രാജാവ് വൈകുന്നേരങ്ങളിൽ വന്നിരിക്കുമായിരുന്നു എന്ന് പറയപ്പെടുനു. ഉമ്മത്തിന്റെ (detura metal) പൂകൊണ്ട് അലങ്കരിച്ച നർത്തകിമാർ നടത്തുന്ന ഉമ്മത്തറ്റ് എന്ന് ഒരു നൃത്തരൂപം ഇവിടെ അരങ്ങേറിയിരുന്നതായി പറയുന്നു. ഇപ്പോൾ ഒരു നല്ല ഉദ്യാനമായി അത് പരിപാലിക്കുന്നു. കുട്ടികൾക്കായി ഒരു കളിത്തീവണ്ടിയൂം ഇവിറ്റെ ഒരുക്കിയിട്ടുണ്ട്. അതിനു സമീപം ചൗട്ടി മാരിയമ്മൻ കോവിൽ എന്ന പുരാതന ക്ഷേത്രവും ഉണ്ട്.

നിസർഗ്ഗധാം – മടിക്കേരിയിൽ നിന്ന് 25 കിമിയും കുശാൽനഗറിൽ നിന്നും 4 കിമി യും അകലെ സ്ഥിതിചെയ്യുന്ന കാവേരിയിലെ ഒരു നൈസർഗ്ഗിഗദ്വീപാണ് നിസർഗ്ഗധാം എന്നപേരിൽ സൃഷ്ടിച്ചിട്ടുള്ളത്. ആനസവാരി, ഏറുമാടം , മാൻ പാർക്ക് , എന്നിവ ആകർഷണീയമാണെങ്കിലും. ഈ വനത്തിലൂടെയുള്ള യാത്രതന്നെയാണ് മനസ്സിനും ശരീരത്തിനും കുളിരുപകരുന്നത്. കുശാൽ നഗരത്തിൽ നിന്നും സിദ്ധാപുര റൂട്ടിൽ നിസർഗ്ഗധാമിൽ നിന്നും 8 കിമി ദൂരെ ആണ് 2775 ഫീറ്റ് നീളവും 174ഫീറ്റ് ഉയരവുമുള്ള ഹാരങ്കി ഡാം. കുടകിലെ ഒരേഒരു ജലസംഭരണിയാണീത്. മടിക്കേരിയില്‍ നിന്നും മൈസൂറിലേക്കുള്ള വഴിയില്‍ ഏതാണ്ട് ഇരുപത്തിയഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന കാവേരിയുടെ തീരത്തുള്ള ഒരു ആനവളര്‍ത്തല്‍ കേന്ദ്രം ആണ് ദുബാരെ. അവിടെ വനം വകുപ്പിന്റെ ആന പരിശീലനകേന്ദ്രം പ്രവർത്തിക്കുന്നു. 21 ആനകളുള്ള അവിടെ സന്ദർശകർക്ക് ആനയെ കുളിപ്പിക്കാനും തീറ്റി കൊടുക്കാനുമെല്ലാം പാപ്പാന്മാരെ സഹായിക്കാം. ആന പരിശീലനവും കാണാൻ സാധിക്കും.

കൂര്‍ഗ്ഗിനെ മൂന്നാറില്‍ നിന്നും വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം ബുദ്ധ വിഹാരങ്ങളാണ്. ടിബറ്റുകാരുടെ കുടിയേറ്റസ്ഥലമാണ് ബൈലക്കുപ്പ. ധര്‍മ്മശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റിയന്‍ സെറ്റില്‍മെന്റാണ് ഇവിടുത്തേത്. മടികേരിയിൽ നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരത്തായാണ് കുശാൽ നഗർ സ്ഥിതി ചെയ്യുന്നത്. കുശാൽ നഗറിൽ നിന്നും അഞ്ചാറു കിലോമീറ്റർ ദൂരമുണ്ട് ബൈലക്കുപ്പയിലേക്ക്. ഇവിടെയെത്തിക്കഴിഞ്ഞാൽ ഒരു നിമിഷം നിങ്ങൾ നിൽക്കുന്നത് ടിബറ്റിൽ ആണെന്ന് തോന്നിയാൽ ഒട്ടും അതിശയമില്ല. കാരണം ഇവിടെ ആയിരത്തോളം ടിബറ്റുകാരാണ് കഴിയുന്നത്. ടിബറ്റിയന്‍ മൊണാസ്ട്രികള്‍, ടിബറ്റന്‍ ഭക്ഷണം, കരകൗശലവസ്തുക്കള്‍, രോമക്കുപ്പായങ്ങള്‍ തുടങ്ങിയ സഞ്ചാരികളെക്കാത്ത് ഒട്ടേറെ ടിബറ്റിയന്‍ കാഴ്ചകളുണ്ടിവിടെ. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധമത പഠന കേന്ദ്രമാണ് ബൈലക്കുപ്പ. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയ്ക്കുള്ളിലെ ഒരു കൊച്ചു ടിബറ്റ് തന്നെയാണിവിടം.

ഇനിയൊരല്പം സാഹസികത നിറഞ്ഞ ഒരു ട്രിപ്പ് ആണ് നിങ്ങൾ പ്രതീക്ഷിക്കുന്നത് എങ്കിൽ അതിനും പരിഹാരമുണ്ട് കൂർഗ്ഗിൽ വന്നാൽ. ബ്രഹ്മഗിരി, പുഷ്പഗിരി, തടിയന്റമോൾ തുടങ്ങിയ പ്രശസ്തമായ ട്രെക്കിംഗ് കേന്ദ്രങ്ങൾ കൂർഗ്ഗ് ജില്ലയിലാണ്. വിശ്വസ്തരായ (Authorized) ഗൈഡുകളുടെ സേവനം ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ട്രെക്കിംഗ് പോലുള്ള ആക്ടിവിറ്റികൾക്ക് മുതിരുക. അതുപോലെതന്നെ സൗത്ത് ഇന്ത്യയിൽ മികച്ച റിവർ റാഫ്റ്റിങ് സാധ്യമായ ഒരു സ്ഥലം കൂടിയാണ് കൂർഗ്ഗ്. ഗൂഗിളിൽ തപ്പിയാൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കും.

അതിഥിയെ ദേവനായി കണക്കാക്കുന്ന കൂർഗ്ഗ് സംസ്ക്കാരം നേരിട്ട് അനുഭവിച്ചറിയുക തന്നെ വേണം. കൂര്‍ഗും അവിടുത്തെ മനുഷ്യരും എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ്… അപ്പോൾ നിങ്ങളുടെ അടുത്ത യാത്ര കൂർഗ്ഗിലേക്ക് ആക്കിക്കൂടെ?

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.