വഴിയരികിൽ പരിക്കേറ്റു വീണ കുരുവിയ്ക്ക് രക്ഷകനായി ഒരു സഞ്ചാരി…

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

റോഡിൽ പൊലിയുന്ന ഓരോ ജീവനും വിലപ്പെട്ടതാണ്. കണ്ട് നില്ക്കാൻ കഴിഞ്ഞില്ല. യാത്രക്കുള്ളിൽ കിട്ടിയ ഒരു യാത്രാനുഭവം. ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം നമ്മുടെയെല്ലാം ജീവിതം തന്നെയാണ്. അടുത്ത നിമിഷം നമ്മളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയാതെ ഓരോ പകലും രാത്രിയും നമ്മൾ സഞ്ചരിക്കുന്നു.

എല്ലാവർക്കും അവരുടേതായ യാത്ര അനുഭവങ്ങൾ ഉണ്ടാക്കുമല്ലോ അതുപോലെ പ്രകൃതിയെ സ്നേഹിച്ച് യാത്ര പോയപ്പോൾ എനിക്ക് ഒരു യാത്ര അനുഭവം കിട്ടി അത് എന്റെ പ്രിയപ്പെട്ട സുഹൃത്തുകളിലേക്ക് പങ്ക് വെയ്ക്കുന്നു. മഴയോട് വല്ലാത്ത പ്രണയമാണ് അതു പോലെ തന്നെ മഴ നനഞ്ഞുള്ള യാത്രകളോടും അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ മൺസൂൺ എത്തിച്ചേർന്നു. ഇന്നത്തെ യാത്ര സുഹൃത്ത് ബിജിനൊപ്പം ചാത്തന്നൂരിലേക്കായിരുന്നു. യാത്ര മധ്യയിൽ വെച്ച് ആണ് ഒരു ജീവൻ റോഡിൽ പൊലിയുന്നത് കാണാൻ ഞാൻ ഇടയാക്കുന്നത്.

ഞങ്ങൾ ടു വീലറിലാണ് ചാറ്റൽ മഴയിലാണ് യാത്ര. ഞാൻ കണ്ടു പക്ഷേ വണ്ടി മുന്നോട്ട് വീണ്ടും പോവുകയാണ്. “ബിജിനെ, ടാ വണ്ടി നിർത്ത്. റോഡ് സൈഡിൽ എന്തോ കിടക്കുന്നു.” ബിജിൻ ഉച്ചത്തിൽ “നല്ല മഴ ഇപ്പോൾ പെയ്യും. നമ്മുക്ക് യാത്ര തുടരാം.” “ടാ ഞാൻ കണ്ടതാണ്…” “ശരി നോക്കാം..” ഞങ്ങൾ വണ്ടി തിരിച്ച് ചെന്ന് നോക്കുമ്പോൾ ഒരു കുരുവി പറക്കാൻ കഴിയാതെ റോഡിൽ കിടക്കുന്നു. ഒരു കാക്ക ഇട്ട് റോഡിലൂടെ വലിക്കാൻ ശ്രമിക്കുന്നു. മറു വശത്ത് കുരച്ച് കൊണ്ട് ഒരു പട്ടി ഓടി വരുന്നു. ഞങ്ങളെ കണ്ടതും രണ്ട് സ്നേഹിതരും ഓടി കളഞ്ഞു.

എന്ത് പറ്റിയതാവാം കാലിൽ? പറന്ന് വന്ന് റോഡിൽ വീണത് ആണോ ? എങ്ങനെ പറക്കുന്ന പക്ഷി റോഡിൽ ? റോഡിൽ കൂടി പോയ വണ്ടി വലതും തട്ടിയതോ? മനസ്സിൽ ഊഹാപോഹങ്ങൾ ഒരു പാട്. ഞാൻ കുരുവിയെ എന്റെ ഉള്ളൻ കൈയ്യിലെടുത്തു . കരയിലകിളിയാണ് , കുരുവികളിൽ എപ്പോഴും ഞാനും നിങ്ങളും കണ്ടിട്ടുള്ള പക്ഷിയാണിത്. ചാറ്റൽ മഴയിൽ തൂവലുകളിൽ നിന്നും ചിറകിൽ നിന്നും വെള്ളം ഇറ്റ് വീഴുന്നുണ്ട്. കുരുവിയെയും കൊണ്ട് പതുക്കെ ഞങ്ങൾ വണ്ടി സ്റ്റാർട്ട് ചെയ്തു കാരണം മഴ വീണ്ടും ചാറാൻ തുടങ്ങി ഞങ്ങൾ അടുത്ത് കണ്ട വെയിറ്റിങ് ഷെഡിലേക്ക് കയറി നിന്നു. ബിജിൻ പറഞ്ഞതുപോലെ കൊടും പേമാരി പെയ്യാൻ തുടങ്ങി.

ഞങ്ങളെ കൂടാതെ രണ്ട് പേർ വെറെയും നില്പുണ്ട് . അവർക്ക് കുരുവിയെ എന്റെ കൈയ്യിൽ കണ്ടപ്പോൾ അത്ഭുതം. ഞാൻ പറഞ്ഞു റോഡരികിൽ നിന്ന് കിട്ടിയതാണ്. എന്താ സംഭവിച്ചത് എന്ന് അറിയില്ല. ഒരു കാലിന് എന്തോ പ്രശ്നം ഉണ്ട്. അത് തീർച്ചയാണ്. കാരണം ആ കാൽപാദം എന്റെ കൈകളിൽ കരിയില കിളി ഊന്നുന്നില്ല. അതിൽ ഒരു ചേട്ടൻ പറഞ്ഞു അടുത്ത് രണ്ട് കിലോ മീറ്റർ മാറി മൃഗാശുപത്രി ഉണ്ട്. ഇത് കേട്ടതും ബിജിൻ ചിരിച്ചു. ഞാൻ ചോദിച്ചു “എന്തടേ…”

പെട്ടെന്നാണ് അത് സംഭവിച്ചത് കുരുവി എന്റെ കൈയ്യിൽ കിടന്ന് പിടയാൻ തുടങ്ങി. പക്ഷേ ഈ സമയം എന്റെ സമനില തെറ്റുമോ എന്ന് എനിക്കൊരു ഉൾവിളി വന്നു. കാരണം പ്രിയപ്പെട്ട അമ്മയുടെ മരണം കൺ മുന്നിൽ കണ്ട നിമിഷങ്ങൾ. തേടിപ്പോകുമ്പോഴെല്ലാം എന്‍റെ നിഴലിന്‍ മറവില്‍ വാക്കുകള്‍ ഒളിച്ചിരുന്നു കരയുന്നതെന്തിനാണ് ?കണ്ണീരു വറ്റാത്ത ഈറന്‍ ചിരികളാല്‍
ഉള്ളിലെത്ര തടാകങ്ങള്‍.

അവിടെ ഒരു പോസ്റ്റ് ആണ് ഇരിക്കാൻ ഇരുപ്പിടമായി ഇട്ടിരിക്കുന്നത്, അതിൽ ഇരുന്നു. മനസ്സിനെ നിയന്ത്രിച്ചു. മഴയും കാറ്റും ശക്തമായി കൂടുന്നു. ഞാൻ കുരുവിയെ എന്റെ മാറോട് ചേർത്തു . വെയറ്റിങ് ഷെഡിന്റെ സൈഡിൽ കൂടി മഴ വെള്ളം വീഴുന്നുണ്ട് ഞാൻ അതിൽ കുരുവിയുടെ ചുണ്ട് നനച്ചു. രണ്ട് മൂന്ന് മഴ തുള്ളികൾ കുരുവി കുഞ്ഞ് നുണഞ്ഞ് ഇറക്കി. ബിജിൻ ഇതെല്ലാം കണ്ട് അരികിൽ ഒപ്പം. മഴ ശാന്തമാക്കാൻ തുടങ്ങി. എല്ലാവർക്കുമറിയാമല്ലോ ജൂൺ മാസത്തെ മഴ പെയ്യും തോരും എന്ന കോട്രാക്ട് പദ്ധതിയാണല്ലോ എടുത്തേക്കുന്നത്.

ഒന്ന് മഴ ശാന്തമായി , ഇപ്പോൾ കുരുവി എന്റെ കൈയിലെ വിരലുകളിലെ ചൂടിൽ സുരക്ഷിതമാണ്. പിന്നെ എനിക്ക് ഒരു വലിയ സന്തോഷം ഉണ്ടായി കുരവിയെ കിട്ടിയല്ലോ. വെയറ്റിങ് ഷെഡിലേക്ക് വീണ്ടും മൂന്ന് പേർ എത്തി അവരും എന്തോ അത്ഭുതത്തോടെ എന്നെ നോക്കാൻ തുടങ്ങി. പെട്ടെന്ന് അത് സംഭവിച്ചു കുരുവി എന്റെ കൈവെള്ളയിൽ നിന്നും പറന്നു റോഡിൽ ഇറങ്ങി. ഞാൻ ഓടി എടുക്കാൻ ശ്രമിച്ചു. പക്ഷേ ബിജിനും ഒരു ചേട്ടനും തടഞ്ഞു.

എന്റെ കൈയ്യിൽ ഊന്നാത്ത ഒരു കാല് പിച്ച പിച്ച ഊന്നി എന്തോ രണ്ട് കൊത്തിപറുക്കൽ റോഡിൽ നടത്തി. ആ മനോഹരമായ കാഴ്ച ഇപ്പോഴും എന്റെ മനസ്സിൽ നിന്ന് പോകുന്നില്ല . പ്രകൃതിയുടെ എല്ലാ കാഴ്ചകളും കൺകുളിരേ കാണാൻ കുരുവി പറന്ന് ഉയർന്നു ഉയരങ്ങളിലേക്ക്. “അറിയില്ലയീ യാത്ര…. എങ്ങോട്ടെന്നു വിടർന്നു ആയിരം കിനാവുകൾ… മനതാരിൽ പടരുന്നു..സൗരഭ്യം നല്കുന്നു… എന്നും എപ്പോഴും ഈ വിധിയാമി.. വഴിത്താരയിൽ…ഒന്നായി പാറന്നുയരാം….കിളികൾ നാം.”

എനിലെ യാത്ര മോഹങ്ങളിൽ എപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് പക്ഷികളെ പോലെ രണ്ട് ചിറക് ഉണ്ടായിരുന്നെങ്കിൽ. ഞങ്ങൾ വീണ്ടും യാത്ര തുടർന്നു .എന്റെ ഈ യാത്ര അനുഭവം എന്റെ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കണമെന്ന് തോന്നി അതാണ് ഈ എഴുത്ത്. അതു പോലെ തന്നെ സുഹൃത്തുക്കളെ റോഡിൽ പൊലിയുന്ന ഓരോ ജീവനും വിലപ്പെട്ടതാണ് ആലോചിക്കുക.. ചിന്തിക്കുക.. പ്രവർത്തിക്കുക.. ഈ മൂന്ന് സന്ദേശങ്ങളും മുറുകെ പിടിച്ച് യാത്ര തുടരാം… ഉയരെ…