കേരളത്തിൽ നിന്ന് തമിഴ്നാട് വഴി കർണ്ണാടകയിലൂടെ കേരളത്തിലേക്ക് ഒരു ഫാമിലി സഫാരി

വിവരണം – ഷഹീർ അരീക്കോട്. (കവർ ചിത്രം – ബെൻ).

നവംബർ മാസത്തിലെ തണുപ്പുള്ള ഒരു ഞായറാഴ്ച, രാവിലെ 8 മണിക്ക് മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നും ഞങ്ങളുടെ യാത്ര ആരംഭിച്ചു. എടവണ്ണ, നിലമ്പൂർ, എടക്കര, വഴിക്കടവ് വഴി നാടുകാണി ചുരത്തിലൂടെ ഞങ്ങളുടെ ആൾട്ടോ 800 കാർ മുന്നോട്ട് പോയി ചുരത്തിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുണ്ട്, യാത്രക്കാരെ ‘അനുഗ്രഹിച്ച് ‘ യാത്രയാക്കാൻ വനരപ്പട തന്നെ രംഗത്തുണ്ടായിരുന്നു.

ചുരം കടന്ന് നാടുകാണിയിലെത്തി ചെക്ക് പോസ്റ്റിൽ 25 രൂപ കൊടുത്ത് പാസ്സെടുത്ത് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. അപ്പോഴേക്കും പിൻസീറ്റിൽ നിന്നും “കോഫി, ഉഴുന്നുവട” മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു ഒരു കോഫി ഷോപ്പിനു മുന്നിൽ ഞാൻ കാർ നിർത്തി, ഭക്ഷണം കഴിച്ചു കഴിഞ്ഞ് തൊട്ടടുത്ത കടയിൽ നിന്നും ‘ഊട്ടിബർക്കിയും (ഊട്ടിബിസ്കറ്റ്) നീലഗിരി തേയിലയും ചോക്കലേറ്റും’ വാങ്ങിച്ചു നേരെ ഗൂഡല്ലൂർ ലക്ഷ്യമാക്കി മുന്നോട്ടു പോയി.

തമിഴ്നാട് സ്റ്റേറ്റിലെ നീലഗിരി ജില്ലയിലാണ് ഗൂഡല്ലൂർ സ്ഥിതി ചെയ്യുന്നത്. ഗൂഡല്ലൂർ ടൗണിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 കിലോമീറ്ററോളം യാത്ര ചെയ്താൽ ഊട്ടിയിലെത്തിച്ചേരാം, ഇടത്തോട്ട് തിരിഞ്ഞ് മൈസൂർ റോഡിലൂടെ 60 കിലോമീറ്ററോളം സഞ്ചരിച്ചാൽ കർണ്ണാടക സ്റ്റേറ്റിലെ ചാമരാജ് നഗർ ജില്ലയിലെ ഗുണ്ടൽപേട്ടിലെത്താം ആ വഴിയാണ് മുതുമല നാഷണൽ പാർക്ക് & ടൈഗർ റിസർവ്വ്. തെപ്പക്കാട്, മുതുമല, മ സിനഗുഡി, കർഗുഡി, നെല്ലകോട്ട എന്നീ 5 റെയ്ഞ്ചുകൾ ചേർന്നതാണ് മുതുമല നാഷണൽ പാർക്ക്. അതു വഴിയാണ് ഞങ്ങൾ പോകുന്നത്.

മൈസൂർ റോഡിലൂടെ 4 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചപ്പോൾ ഞങ്ങളുടെ ലക്ഷ്യങ്ങളിലൊന്നിലേക്കുള്ള മുളകളാൽ തീർത്ത കമാനം കൺമുന്നിൽ തെളിഞ്ഞു, ഞങ്ങൾ മുതുമല ടൈഗർ റിസർവ്വിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. ഏകദേശം പത്ത് വർഷങ്ങൾക്ക് മുൻപ് കൂട്ടുകാരോടൊത്ത് ബൈക്കിൽ ഇത് വഴി വന്നപ്പോൾ കാട്ടിൽ വെച്ച് ബൈക്കിന്റെ sയർ പഞ്ചറായതും മുതുമല വെച്ച് വീൽ അഴിച്ചെടുത്ത് മസിനഗുഡിയിൽ കൊണ്ടുപോയി പഞ്ചറൊട്ടിച്ച് കൊണ്ടുവന്നതുമായ വീരസാഹസ കഥകൾ പ്രിയതമയോടും മക്കളോടും പങ്കുവെച്ചു കൊണ്ടും, കാടിന്റെ വന്യതയും പ്രകൃതിയുടെ വശ്യമനോഹാരിതയും ആവോളം ആസ്വദിച്ചും സാവധാനം മുന്നോട്ട് പോയി.

കാടിന്റെ മക്കളെയൊന്നും കണ്ടില്ല എന്ന നിരാശയിലും കാനനഭംഗി നന്നായി ആസ്വദിച്ച് തെപ്പക്കാട് എന്ന മുതുമലയിൽ എത്തിച്ചേർന്നപ്പോഴേക്കും സൂര്യൻ 90° തികക്കുന്ന തിരക്കിലായിരുന്നു. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് വീതി കുറഞ്ഞ പാലം കടന്ന് മസിനഗുഡി-ഊട്ടി റോഡിലേക്ക് കടന്നപ്പോൾ വലതു വശത്തായി മുതുമല എലഫന്റ് ക്യാമ്പ് കാണാൻ സാധിച്ചു. ഗേറ്റിനു മുൻപിൽ പ്രവേശന സമയം 8:30am – 9:00am, 5:30pm – 6:00pm എന്ന ബോർഡും കാണാം. മനസിനഗുഡി റോഡിലേക്ക് പ്രവേശിച്ച് കുറച്ചു ദൂരം പോയപ്പോൾ റോഡരികിലായി മയിലിനെ കണ്ടതും കുട്ടികൾക്ക് ആവേശമായി. ഞങ്ങൾ വീണ്ടും മുന്നോട്ട് പോയപ്പോൾ ഒരു മാൻ വട്ടംചാടി ഓടിപ്പോകുന്നതു കാണാൻ സാധിച്ചു.

മുതുമല നിന്നും 7 km പിന്നിട്ടപ്പോൾ മസിനഗുഡി എത്തിച്ചേർന്നു. ഇവിടെ നിന്നും 30 കിലോമീറ്റർ സഞ്ചരിച്ചാൽ ഊട്ടിയിലെത്താം. നല്ല കിടിലൻ ചുരത്തോടു കൂടിയ വഴിയാണത്. മസിനഗുഡിയിലെ റോഡിൽ നിറയെ പശുക്കൾ, അവക്കിടയിലൂടെ കാർ തിരിച്ചു വീണ്ടും മുതുമല ലക്ഷ്യമാക്കി. പിന്നോട്ട് പോയപ്പോൾ മാനുകൾ കൂട്ടത്തോടെ മേഞ്ഞു നടക്കുന്ന നയന മനോഹര ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സാധിച്ചു. അൽപ സമയത്തിനകം മുതമലയിലെത്തി. അവിടെ നിന്നും ഞങ്ങൾ വലത്തോട്ട് തിരിഞ്ഞ് വീണ്ടും മൈസൂർ റോഡിലേക്ക് പ്രവേശിച്ചു. ഏകദേശം 5 കിലോമീറ്ററോളം സഞ്ചരിച്ചപ്പോഴേക്കും ബന്ദിപൂർ ടൈഗർ റിസർവ്വിലെത്തിച്ചേർന്നു.

കർണ്ണാടക സ്റ്റേറ്റിലാണ് ബന്ദിപൂർ നാഷണൽ പാർക്ക് & ടൈഗർ റിസർവ്വ് സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് മൈസൂർ രാജാക്കന്മാരുടെ സ്വകാര്യ വേട്ട മൈതാനമായിരുന്നു ഇത്. കർണ്ണാടക സ്റ്റേറ്റിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള കമാനം കടന്ന് അൽപദൂരം പോയപ്പോൾ റോഡരികിലായി ഒരു ഒറ്റയാൻ നിൽപുണ്ടായിരുന്നു. ആശാൻ അൽപം കലിപ്പ് മോഡിലായിരുന്നു എന്നാണ് തോന്നുന്നത്. കുറച്ചു കൂടെ മുന്നോട്ട് പോയപ്പോൾ അച്ചനുമമ്മയും കുട്ടിക്കുറുമ്പനുമടങ്ങുന്ന ഒരു ആന ഫാമിലിയെ കണ്ടു. അതോടെ മക്കൾ രണ്ടു പേരും ആവേശത്തിലായി. ബന്ദിപുരയിലെ സഫാരി ടിക്കറ്റ് കൗണ്ടറിനടുത്ത പാർക്കിംഗ് ഏരിയയിൽ കാർ നിർത്തി. ടോയ്ലറ്റും വിശ്രമ ഇരിപ്പിടങ്ങളുമടങ്ങിയ പാർക്കിനു സമാനമായ ഒരിടം. അവിടെ അൽപസമയം ചിലവഴിച്ചു. സമീപത്ത് കുറച്ച് കോട്ടേജുകൾ കാണാം അവിടെ താമസിക്കുന്നവർക്ക് രാത്രിയായാൽ മാൻകൂട്ടങ്ങളടക്കമുള്ള മൃഗങ്ങളെ വളരെ അടുത്ത് കാണാൻ സാധിക്കും.

ഇതുവരെ സഞ്ചരിച്ച വനപാതകളിൽ ഏറ്റവും സുന്ദരമായ ഭാഗം ബന്ദിപൂർ മേഖലയാണ്. മതിവരുവോളം ആസ്വദിച്ചു കൊണ്ടു ഞങ്ങൾ മുന്നോട്ടു പോയി. ഗ്രേ ലാങ്ങർ വിഭാഗത്തിൽ പെട്ടതെന്ന് തോന്നുന്ന കുരങ്ങനേയും വഴിയിൽ കണ്ടു. കാട് പിന്നിട്ടപ്പോൾ വിശാലമായ കൃഷിസ്ഥലങ്ങളും ജനവാസ കേന്ദ്രങ്ങളും കാണാൻ സാധിച്ചു. സമയം രണ്ട് മണി കഴിഞ്ഞു. ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. Ghans Gufha Restaurant എന്ന പേരിലുള്ള, തീം പാർക്കുകളുടെ കവാടത്തിനോട് സാദൃശ്യമുള്ള ഒരു റസ്റ്ററൻറ് കണ്ടപ്പോൾ അവിടെ നിർത്തി. പാർക്കിനു സമാനമായ അവിടം കുട്ടികൾക്ക് നന്നേ ബോധിച്ചു. പുറത്തെ കാഴചകൾ കണ്ട് ഗുഹാമുഖം പോലുള്ള വാതിലിലൂടെ അകത്തേക്ക് കയറി. നല്ല തിരക്ക് ‘ഹൗസ്ഫുൾ.’ നോ രക്ഷ.. കുറേ പേർ ക്യൂവിലുണ്ട്. അടുത്ത ഹോട്ടൽ തേടി ഞങ്ങൾ യാത്രയായി. അവസാനം ഹങ്കള എന്ന സ്ഥലത്തെ താജ് റസ്റ്ററൻറിൽ നിന്നും ഊണ് കഴിച്ചു.

ഭക്ഷണം കഴിഞ്ഞ് നേരെ ഗുണ്ടൽപേട്ടിലേക്ക് തിരിച്ചു. കൃഷിയിടങ്ങൾ കൊണ്ട് സമൃദ്ധമായ പ്രദേശങ്ങൾ കാണാം. ഗുണ്ടൽപേട്ടിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സുൽത്താൻ ബത്തേരി റോഡിലേക്ക് പ്രവേശിച്ചു. പലതരം വിളകൾ നിറഞ്ഞ കൃഷി സ്ഥലങ്ങളും വെജിറ്റബിൾസും ധാന്യങ്ങളും വിൽക്കുന്ന കടകളും നിറഞ്ഞ വഴി. ചെമ്മരിയാടുകളെയും കാലികളെയും തെളിച്ചു കൊണ്ട് പോകുന്ന ഗ്രാമീണരേയും വഴിയോര കച്ചവടക്കാരെയും എങ്ങും കാണാം. ട്രാക്ടർ ഉപയോഗിച്ച് റാഗി മെതിച്ചെടുക്കുന്നതും കാണാൻ സാധിച്ചു. ഗുണ്ടൽപേട്ട് വരെ വന്നാൽ വെജിറ്റബിൾസ് വാങ്ങാതെങ്ങനാ. നല്ല ഫ്രെഷ് സാധനങ്ങൾ കണ്ട കടയിൽ കയറി കാറിന്റെ ഡിക്കി നിറച്ചു. സൂര്യകാന്തിപ്പാടങ്ങളെ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സീസണല്ലാത്തതുകൊണ്ടാകാം അവിടവിടെ കുറച്ച് പൂക്കൾ മാത്രമേ കാണാൻ സാധിച്ചുള്ളൂ. സൂര്യന് വിനയം വന്നു തുടങ്ങിയിരിക്കുന്നു. ആളില്ലാ ടോൾ പ്ലാസയും കടന്ന് വീണ്ടും കാട്ടിലേക്ക്.

ബന്ദിപൂർ നാഷണൽ പാർക്ക് പിന്നിട്ട് കേരളത്തിലേക്ക് കടന്നു. വൈകുന്നേരമായിരുന്നിട്ടും മൃഗങ്ങളെയൊന്നും കാണാൻ സാധിച്ചില്ല..കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി – മൈസൂർ റോഡിലുള്ള മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയാണ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. ഈ വന്യജീവി സങ്കേതം കർണ്ണാടകവുമായും തമിഴ്നാടുമായും അതിർത്തി പങ്കിടുന്നു..ആറു മണിക്ക് മുന്നെ മുത്തങ്ങ ചെക്ക് പോസ്റ്റ് കടന്നു. ഗോത്രവർഗ്ഗക്കാരെന്ന് തോന്നിക്കുന്ന സ്ത്രീകളും കുട്ടികളുമൊക്കെ ചെറിയ കൂടിനകത്ത് നെല്ലിക്കയും മറ്റുമായി ആവശ്യക്കാരെ കാത്ത് വഴി നീളെ നില്പുണ്ട്.

നേരെ സുൽത്താൻ ബത്തേരിയിലേക്ക്, അവിടെ നിന്ന് ചായ കുടിച്ചു. മീനങ്ങാടി, കൽപ്പറ്റ വൈത്തിരി വഴി ലക്കിടിയിലെത്തി..താമരശ്ശേരി ചുരത്തിന്റെ ആത്മാവായ കരിന്തണ്ടനെ ബന്ധിച്ച ചങ്ങലയും പിന്നിട്ട് ചുരത്തിലേക്ക് പ്രവേശിച്ചു വ്യൂ പോയിന്റിൽ അൽപ നിമിഷങ്ങൾ മാത്രം ചിലവഴിച്ച് ചുരമിറങ്ങാൻ തുടങ്ങി. പപ്പു ചേട്ടൻ റോഡ് റോളറോടിച്ച ‘താമരശ്ശേരി ചുരം.’ ചുരത്തിൽ ചിലയിടങ്ങളിൽ വാഹനത്തിരക്ക് കാരണം ചെറിയ ബ്ലോക്ക് ഉണ്ടായിരുന്നു, ”കടുക്മണി വ്യത്യാസത്തിൽ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ മതി….” കുഴപ്പമൊന്നുമില്ല പുറകിലുള്ള വണ്ടി ഓവർ ടേക്ക് ചെയ്ത് പോകും അത്ര തന്നെ. ചുരമിറങ്ങി അടിവാരവും ഈങ്ങാപുഴ ടൗണും പിന്നിട്ട് ഷാലിമാർ ഹോട്ടലിനു മുൻപിൽ ഞാൻ കാർ നിർത്തി. റിലാക്സ് ചെയ്ത് ഭക്ഷണവും കഴിച്ച് നേരെ വീട്ടിലേക്ക് തിരിച്ചു. രാത്രി 10 മണിയോടെ വീട്ടിൽ തിരിച്ചെത്തി.

ഞങ്ങൾ പിന്നിട്ട വഴികൾ: അരീക്കോട് – എടവണ്ണ – നിലമ്പൂർ – എടക്കര – വഴിക്കടവ് – നാടുകാണി – ഗൂഡല്ലൂർ – മുതുമല – മസിനഗുഡി – മുതുമല – ബന്ദിപൂർ – ഗുണ്ടൽപേട്ട് – ബന്ദിപൂർ വനം – മുത്തങ്ങ – സുൽത്താൻ ബത്തേരി – മീനങ്ങാടി -കൽപറ്റ – ലക്കിടി – അടിവാരം – താമരശ്ശേരി – മുക്കം – അരീക്കോട്.