ചൈനയിലെ ഗ്രാമങ്ങളിലേക്ക്; മുന്തിരിത്തോട്ടവും സ്നേഹമുള്ള ചേച്ചിയും

ചൈനയിലെ യിവു നഗരക്കാഴ്ചകളെല്ലാം ആസ്വദിച്ചതിനു ശേഷം പിറ്റേന്ന് ഉച്ചയോടെ ഞങ്ങൾ അവിടം വിടാൻ തീരുമാനിച്ചു. ഇനി ചൈനയിലെ വ്യത്യസ്തമായ ഗ്രാമങ്ങളിലേക്കാണ് ഞങ്ങളുടെ യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. മുഴുവൻ പ്ലാനിംഗും സഹീർ ഭായിയുടേതാണ്. അങ്ങനെ ഞങ്ങൾ ഹോട്ടൽ റൂം വെക്കേറ്റ് ചെയ്തശേഷം സഹീർ ഭായിയുടെ ജാഗ്വാർ കാറിൽക്കയറി ഭക്ഷണം കഴിക്കുവാനായി ഒരു ഇന്ത്യൻ റെസ്റ്റോറന്റ് തപ്പി യാത്രയായി. ഒടുവിൽ ലിറ്റിൽ ഇന്ത്യ എന്ന വെജിറ്റേറിയൻ ഹോട്ടലിൽ ഞങ്ങൾ കയറി.

മെനു കാർഡ് വന്നു. അത്യാവശ്യം നല്ല ചാർജ്ജ് തന്നെയായിരുന്നു എല്ലാ വിഭവങ്ങൾക്കും. കൂടുതലും നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ആയിരുന്നുവെങ്കിലും നമ്മുടെ മസാലദോശ തുടങ്ങിയ ഐറ്റങ്ങളും അവിടെ ലഭിക്കുമായിരുന്നു. ഞങ്ങൾ മസാലദോശയും, ബട്ടൂരയും ഓർഡർ ചെയ്തു. മസാലദോശയുടെ മസാലയ്ക്കും ഒരു നോർത്ത് ഇന്ത്യൻ ടച്ച് ഉണ്ടായിരുന്നു. നമ്മുടെ മസാലദോശയുടെ രുചി ഇല്ലായിരുന്നുവെങ്കിലും ഞങ്ങൾ കഴിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ചൈനീസ് വിഭവങ്ങളായിരുന്നു ഞങ്ങൾ കഴിച്ചുകൊണ്ടിരുന്നത്. അതിൽ നിന്നും ഒരു മോചനം എന്ന നിലയ്ക്കാണ് മൂന്നാം ദിവസം ഞങ്ങൾ ഇന്ത്യൻ ഫുഡ് തിരഞ്ഞെടുത്തത്.

ഭക്ഷണം കഴിച്ചതിനു ശേഷം ഞങ്ങൾ വീണ്ടും യാത്രയായി. ചൈനയിൽ ഗൂഗിൾ മാപ്പ് ഇല്ലാത്തതിനാൽ ബൈദു എന്ന മാപ്പ് ഉപയോഗിച്ചായിരുന്നു ഞങ്ങളുടെ യാത്ര. ഞങ്ങളുടെ മാത്രമല്ല, അവിടത്തുകാരുടെ യാത്ര ഈ മാപ്പ് ഉപയോഗിച്ച് കൊണ്ടാണ്. ഇടയ്ക്കു വെച്ച് ഞങ്ങൾ കാറിൽ പെട്രോൾ അടിക്കുവാനായി ഒരു പമ്പിൽ കയറി. ആ പമ്പിനോടൊപ്പം ഒരു ചെറിയ സൂപ്പർ മാർക്കറ്റ് കൂടിയുണ്ടായിരുന്നു. അവിടെ സിഗരറ്റ്, മദ്യം തുടങ്ങിയവ വിൽക്കുവാൻ വെച്ചിട്ടുണ്ടായിരുന്നു. അടിപൊളി..

ചൈനയിലെ ഗ്രാമങ്ങൾ എക്‌സ്‌പ്ലോർ ചെയ്യുവാനായാണ് ഞങ്ങൾ ഇറങ്ങിത്തിരിച്ചത്. ബൈദു മാപ്പ് കാണിച്ചു തന്ന വഴികളിലൂടെ ഞങ്ങൾ യാത്രയായി. അങ്ങനെ പോയിപ്പോയി ഞങ്ങൾ ഒരു മുന്തിരിത്തോട്ടത്തിനു അടുത്തെത്തി. അവിടെ ഒരു കോഴി ഫാമും ഉണ്ടായിരുന്നു. കൃഷിക്കാർ കൂട്ടത്തോടെ താമസിക്കുന്ന ഏരിയയായിരുന്നു അത്. കൃഷിക്കാരോക്കെ നല്ല കിടിലൻ ഫ്‌ളാറ്റിൽ ആയിരുന്നു താമസിച്ചിരുന്നത് എന്ന കാര്യം ഞങ്ങളെ അത്ഭുതപ്പെടുത്തി.

ഒടുവിൽ മുന്തിരിത്തോട്ടത്തിൽ ഒരു ചൈനീസ് ചേച്ചിയെ ഞങ്ങൾ കണ്ടുമുട്ടി. നല്ല സ്നേഹമുള്ള ചേച്ചി ആയിരുന്നു അത്. അവർ ഞങ്ങളെ തോട്ടത്തിലേക്ക് സ്വീകരിച്ചാനയിക്കുകയും മുന്തിരി രുചിക്കുവാൻ തരികയും ചെയ്തു. നല്ല രുചിയുള്ള മുന്തിരി ആയിരുന്നു ആ തോട്ടത്തിലേത്. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ വിഷം അടിക്കുന്ന ഒരു സാധനമാണ് മുന്തിരി. അതൊന്നും അടിക്കാത്തതു കൊണ്ടായിരിക്കും ചൈനീസ് മുന്തിരികൾക്ക് ഇത്ര രുചി.

അതിനിടയിൽ തോട്ടക്കാരി ചേച്ചി ഞങ്ങളുടെ ഫോട്ടോകൾ എടുക്കുകയും ആർക്കൊക്കെയോ അത് സന്തോഷത്തോടെ പങ്കുവെക്കുകയും ചെയ്തു. അങ്ങനെ കുറച്ചു സമയം അവരുമായി വിശേഷങ്ങൾ പങ്കു വെച്ചതിനു ശേഷം ഞങ്ങൾ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി. ഇനി ചൈനീസ് നെൽപ്പാടങ്ങളിലേക്ക് പോകാമെന്നു സഹീർഭായി പറയുകയുണ്ടായി. അങ്ങനെ ഞങ്ങൾ അവിടെ നിന്നും കാറിൽക്കയറി അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി. To contact Saheer Bhai in China : https://www.instagram.com/saheerchn/, Whatsapp: 008615669591916.