ചൂട് മാറ്റുവാനും മനസ്സ് കുളിർപ്പിക്കുവാനുമായി ഒരു തകർപ്പൻ ബൈക്ക് യാത്ര…

വിവരണം – Jaina Nidhish.

വീട്ടിൽ ഒരു പണിയുമില്ലാതെ ചൂട് അടിച്ച് പണ്ടാരമടങ്ങി ഇരുന്നപ്പോഴാണ് മ്മടെ കെട്ടിയോൻ പുതിയൊരു ഓഫറുമായി രംഗപ്രവേശനം ചെയ്തത്. എനിക്കൊരു മൂന്നുദിവസം കിട്ടിയിട്ടുണ്ട് നീ എങ്ങോടാന്ന്‌ വച്ചാൽ തീരുമാനിക്ക്. നാളെ വെളുപ്പിന് പോകാം കൂടെ കുറച്ച് നിബന്ധനകളും. പോക്കറ്റിന് വേണ്ടത്ര കനം ഇല്ല അതുകൊണ്ട് ഒരുപാട് അങ്ങ് വിശാലമായ പ്ലാനിങ് ഒന്നും വേണ്ട. രണ്ടാമത്തെ കാര്യം ഒന്ന് ധനുഷ്കോടി പോയി വന്നിട്ട് രണ്ട് മാസം ആയിട്ടുള്ളൂ അതുകൊണ്ട് ഇനിയും ആയിരം കിലോമീറ്റർ മുകളിൽ പറ്റില്ലെന്ന്. പിന്നെ തണുപ്പുള്ള സ്ഥലോം വേണം. ആകെ പെട്ടല്ലോ ദൈവമേ ..! ഇതൊരുമാതിരി അടിച്ച ലോട്ടറി ടിക്കറ്റ് നനഞ്ഞുപോയ അവസ്ഥ. എന്തായാലും കിട്ടിയ ലോട്ടറി പാഴാക്കാൻ ഞാനില്ല എന്ന് മനസ്സിൽ വിചാരിച്ചു തുനിഞ്ഞിറങ്ങി.

പല പല കടമ്പകൾ കടക്കേണ്ടി ഇരിക്കുന്നു പിന്നെ രണ്ടും കൽപ്പിച്ച് സ്ഥിരം ചെയ്യാറുള്ളതുപോലെ എല്ലാ ട്രാവൽ ഗ്രൂപ്പുകളിലും കയറി അങ്ങു നിരങ്ങി. പക്ഷെ നമ്മുടെ സ്ഥിരം തണുപ്പ് സ്ഥലങ്ങളെക്കുറിച്ച് ആർക്കും ഒരു അഭിപ്രായമില്ല എന്നു മനസിലാക്കി. പക്ഷേ എനിക്ക് കിട്ടിയ അവസരം വെറുതെ കളയാൻ പറ്റില്ലല്ലോ അവസാനം ഞാൻ തന്നെ അങ്ങു നിശ്ചയിച്ചു കൊടൈക്കനാൽ തന്നെ പോയേക്കാം . അങ്ങനെ അത് സെറ്റായി. രണ്ടുദിവസം കൊടൈക്കനാലിൽ അടിച്ചുപൊളിക്കാം. എങ്കിലും ഉള്ളിലൊരു ഭയം ഉണ്ട്, അവിടെ എങ്ങാനും തണുപ്പില്ലെങ്കിൽ എൻറെ കാര്യം മഹാ ശോകം ആയിരിക്കും. പിന്നെ അതൊന്നും പുറമേ പ്രതിഫലിപ്പിക്കാതെ ഞാൻ അടുത്ത കാര്യങ്ങളിലേക്ക് നീങ്ങി. റൂം പലസ്ഥലത്തും നോക്കി ഒടുക്കത്തെ റേറ്റ് അടുക്കാൻ പറ്റുന്നില്ല പിന്നെ പല സൈറ്റിലും നോക്കി ഒന്ന് രണ്ടെണ്ണം കണ്ടുപിടിച്ചു. അപ്പോഴാ അടുത്ത പ്രശ്നം, രണ്ടുദിവസത്തേക്ക് റൂം ബുക്ക് ചെയ്യാൻ പറ്റുന്നില്ല. പെട്ടല്ലോ ദൈവമേ വീണ്ടും.. ഇനിയെന്തുചെയ്യും മല്ലയ്യ..എന്ന് ആലോചിച്ച് ഇരുന്നപ്പോഴാണ് ഒരു കാര്യം ഓർത്തത്.

റൂട്ട് മാപ്പ് ഞാൻ ഒന്നുകൂടെ നോക്കി വൺസൈഡ് 265 കിലോമീറ്റർ ഉണ്ട്. കൂത്താട്ടുകുളത്ത് നിന്നാണ് ഞങ്ങൾ യാത്ര തുടങ്ങുന്നത്. പീരുമേട് -കുട്ടിക്കാനം- തേക്കടി -കൂടി കൊടൈക്കനാൽ . അടുത്ത റൂട്ട് മൂന്നാർ കൂടി അപ്പൊ പിന്നെ ഒരു ദിവസം കൊടൈക്കനാലും ഒരു ദിവസം മുന്നാറും stay ആകാമെന്ന് വിചാരിച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കൊടൈക്കനാൽ Lofty medows- ലും മുന്നാർ Tea banglow – ലും റൂം ബുക്ക് ചെയ്തു. മൂന്നു മണിക്ക് തന്നെ ബാഗും കെട്ടിപ്പെറുക്കി വിട്ടു വണ്ടി കൊടൈക്കനാലിന്. പീരുമേട് എത്തിയപ്പോഴേക്കും എനിക്കൊരു ഇത്തിരി അഹങ്കാരം കൂടി 18 ഡിഗ്രി തണുപ്പ് ഇപ്പോഴത്തെ നമ്മുടെ നാട്ടിലെ അവസ്ഥ വച്ച് ഏതോ സ്വർഗ്ഗത്തിൽ ചെന്നപോലെ. വെളുപ്പിന് തേക്കടി വഴിയുള്ള യാത്ര ഒരു രക്ഷയുമില്ല. അത്രയ്ക്ക് അടിപൊളിയായിരുന്നു.

വഴിയിലെ ഫോട്ടോയെടുപ്പ് കലാപരിപാടികളെല്ലാം കഴിഞ്ഞ് കൊടൈക്കനാൽ ചെക്പോസ്റ്റിൽ എത്തിയപ്പോൾ സമയം ഉച്ചക്ക് 12:00 മണി. നമ്പർ നോട്ട് ചെയ്യാൻ ചെക്ക്പോസ്റ്റിൽ വണ്ടി നിർത്തിയപ്പോൾ പോലീസുകാരന് എന്തെന്നില്ലാത്ത സംശയം, ഞാൻ ആരാണെന്ന്. പപ്പുവിന്റെ ഡയലോഗ് ഒക്കെ മനസ്സിൽ വന്നെങ്കിലും വളരെ സമാധാനപരമായി വൈഫ് ആണെന്ന് പറഞ്ഞു. എങ്കിലും പുള്ളിക്ക് ഒരു വിശ്വാസക്കുറവ് കല്യാണ ഫോട്ടോ കാണിക്കാൻ പറഞ്ഞു. ഫോട്ടോ കാണിച്ചു ഞങ്ങടെ ID Check ചെയ്തപ്പോ വീണ്ടും ചോദ്യം “ഹിന്ദുവും ക്രിസ്ത്യാനിയും കല്യാണം കഴിക്കാൻ കേരളത്തിൽ ഒത്തുക്കുമാ?” ഒന്നു ചിരിച്ച് “ഒത്തുക്കും സാർ” എന്ന് പറഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു. (പാഠം 1: ചെക്ക്പോസ്റ്റിൽ വണ്ടിടെ ഡോക്യൂമെന്റ്‌സ് ചെക്കിങ് ഇണ്ട് RC book, insurance paper കയ്യിൽ കരുതുക, പാഠം 2: couples പോകുമ്പോൾ ആവശ്യമായ കല്യാണഫോട്ടോയും marriage certificate copy ഒക്കെ കയ്യിൽ കരുതിയാൽ വളരെ നല്ലത്).

ഒരു മണി ആയപ്പോഴേക്കും ഞങ്ങൾ കൊടൈക്കനാൽ എത്തി. നല്ല അടിപൊളി ക്ലൈമറ്റ് ഒട്ടും നിരാശപ്പെടുത്തിയില്ല. പോരാത്തതിന് ഹോട്ടലിൽ മാനേജറുടെ വക ഒരു കമന്റും, ഈ ഈമാസം ഉച്ചയ്ക്ക് ഇത്ര നല്ല ക്ലൈമറ്റ് ഇത് ആദ്യമായിട്ടാണെന്ന്. ഞങ്ങൾ രണ്ടുപേരും കൊടൈക്കനാലിൽ ആദ്യം ആയതുകൊണ്ട് സ്ഥലങ്ങളെല്ലാം അതായത് Lake, Piller rock, Vattakkanal, Fairy falls, Pine forest, Guna caves എല്ലാം കണ്ടു വന്നപ്പോഴേക്ക് പിറ്റേന്ന് വൈകിട്ട്‌ 4 .30 ആയി. ഇനിയല്ലേ Twist. ഞങ്ങൾക്ക് ഇന്ന് തന്നെ മൂന്നാറിൽ എത്തണം. കാരണം കൊളുക്കുമലയിൽ സൺറൈസ് ആണ് ഞങ്ങളുടെ ലക്ഷ്യം. പോകേണ്ടത് ബോഡിമെട്ട് കൂടി സൂര്യനെല്ലി. ഒട്ടും സമയം കളയാതെ വണ്ടി നേരെ വിട്ടു മൂന്നാറിന്. പക്ഷേ കണക്കുകൂട്ടലുകളെല്ലാം തെറ്റി. തമിഴ്നാടു ഫുൾ ഇലക്ഷൻ ബ്ലോക്ക്. പിന്നെ രണ്ടും കൽപ്പിച്ച് അങ്ങു പോകാമെന്ന് കരുതി ചുരത്തിന്റെ താഴെ എത്തിയപ്പോൾ 7:00 മണി. അത്രയും നേരത്തെ ധൈര്യം ഒന്നും അപ്പോൾ കയ്യിലില്ല വേറൊന്നുമല്ല സൂര്യനെല്ലി എത്തുന്ന കാര്യം തന്നെ.

ആന ഉണ്ടാകുമെന്ന് പലരും പറഞ്ഞു. പക്ഷേ പോകാതെ പറ്റില്ലല്ലോ. കാര്യം എന്തൊക്കെ പറഞ്ഞാലും രാത്രി നല്ല തണുത്ത കാറ്റും കൊണ്ട് പതിയെ ചുരം കയറുന്നത് ഒരു വല്ലാത്ത ഫീൽ തന്നെ ആണ് .പിന്നെ ഞങ്ങളുടെ ഭാഗ്യത്തിന് ഞങ്ങൾ പോണ സൈഡിലേക്ക് ഒരു വണ്ടി പോലും ഇല്ല. ഓപ്പോസിറ്റ് സൈഡിലേക്ക് നിറയെ വണ്ടികളും. ഓരോ വളവ് കഴിയുംതോറും ആനയുടെ രൂപം മനസ്സിൽ തെളിഞ്ഞു കൊണ്ടിരുന്നു. പിന്നെ ഫുഡ് കഴിക്കാൻ കയറിയ റെസ്റ്റോറന്റിലെ ചേട്ടൻറെ ഉപദേശവും, ആന ഉണ്ടാകും അതുകൊണ്ട് ഏതെങ്കിലും വണ്ടിയുടെ പിന്നാലെ പോയാൽ മതിയെന്ന്. ബുക്ക് ചെയ്ത ഹോട്ടലിൽ വിളിച്ച് അന്വേഷിച്ചപ്പോൾ അവരും അത് തന്നെ പറഞ്ഞു. പിന്നെ സർവ്വ ദൈവങ്ങളെയും മനസ്സിൽ വിളിച്ച് ഗൂഗിളമ്മച്ചിയോട് ചോദിച്ചു ചോദിച്ചു സ്ഥലമെത്തി. ഭാഗ്യത്തിന് ആനയെ കണ്ടില്ല.

പിറ്റേന്ന് രാവിലെ 5.45 ആയപ്പോഴേക്കും കൊളുക്കുമല Peak, ഞങ്ങളുടെ ഡെസ്റ്റിനേഷൻ എത്തി. ഓഫ് റോഡ് എന്ന് പറഞ്ഞു പക്കാ ഓഫ് റോഡ് ആദ്യം ആയിട്ടുള്ള അനുഭവം കുലുങ്ങി കുലുങ്ങി വയ്യാതായി പാതി വഴി വച്ച് തിരിച്ചു പോയാലോ എന്ന് പോലും ഞാൻ വിചാരിച്ചു പക്ഷേ തിരിച്ചുപോയിരുന്നു എങ്കിൽ അത് ഒരു തീരാനഷ്ടം ആയേനേന്ന് മലയുടെ മുകളിൽ ചെന്നപ്പോൾ മനസ്സിലായി. കൊളുക്കുമല എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന മൂന്നാറിന്റെ വശ്യ സൗന്ദര്യം മൊത്തം ഒളിപ്പിച്ചു വച്ച് അതി സുന്ദരിയായി തലയെടുപ്പോടെ നിൽക്കുകയാണ് കൊളുക്കുമല. തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട പാറക്കെട്ടുകളുടെ അകമ്പടിയോടെ ഒരു രാജകുമാരിയെ പോലെ… കൊളുക്കുമലയിൽ സൂര്യരശ്മികൾ പതിക്കുമ്പോൾ ഒരു പ്രത്യേക മനോഹാരിത ആണെന്ന് പറഞ്ഞ് ഞങ്ങളെ കൊളുക്കുമല കാണാൻ പ്രേരിപ്പിച്ച സുഹൃത്തിനെ ഓർക്കുന്നു. എല്ലാ യാത്രകളുടെയും അവസാനം പറയും പോലെ വീണ്ടും വരുമെന്ന് മനസ്സിൽ മന്ത്രിച്ചു ഞങ്ങൾ യാത്ര തുടർന്നു. ഇനിയും കണ്ടു തീർന്നിട്ടില്ലാത്ത പ്രകൃതിയുടെ വിസ്മയങ്ങൾ തേടി….