മുൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിൻ്റെ ലക്ഷ്യറി വിമാനത്തിനു സംഭവിച്ചത്

അമേരിക്കൻ പ്രസിഡന്റായി സ്ഥാനം ഏൽക്കുന്നതിന് മുൻപ് തന്നെ ബില്യണുകൾ ആസ്ഥിയുള്ള ഒരു വ്യക്തിയായിരുന്നു ഡോണള്‍ഡ് ട്രംപ്. ആർഭാട ജീവിതത്തിൽ ട്രംപിന്റെ മുഖമുദ്രയായിരുന്ന ബോയിങ് 757 വിമാനത്തിൻ്റെ കഥ ഒന്നറിഞ്ഞിരിക്കാം.

1991 ൽ നിർമ്മിച്ച്‌, അമേരിക്കയിൽ N757AF ആയി രജിസ്റ്റർ ചെയ്ത ഈ വിമാനം ഡെൻമാർക്കിലെ സ്റ്റെർലിംഗ് എയർവേയ്‌സ്, മെക്സിക്കോയിലെ ടൈസ എയർലൈൻസ് എന്നീ വിമാനകമ്പനികൾ ഉപയോഗിച്ച ശേഷം 1995 ൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അല്ലെൻ വാങ്ങുകയും ഒരു കോർപ്പറേറ്റ് ജെറ്റായി ഉപയോഗിക്കുകയും ചെയ്തു. 2010 ല്‍ പോള്‍ അലനില്‍ നിന്നാണ് ഡോണള്‍ഡ് ട്രംപ് ഈ ബോയിങ് 757 വിമാനം സ്വന്തമാക്കുന്നത്.

228 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്ന ഈ വിമാനം ട്രംപ് പുതുക്കിപ്പണിത് 43 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാക്കി മാറ്റി. കിടപ്പുമുറി, ഗെസ്റ്റ് സ്യൂട്ട്, ഡൈനിങ് റൂം, വിഐപി ഏരിയ, ഗാലറി എന്നിങ്ങനെ ഇന്റീരിയറും എക്സ്റ്റീരിയറും ട്രംപ് തന്റെ ഇഷ്ടമനുസരിച്ച് ഡിസൈൻ ചെയ്യിച്ചു. വിമാനത്തിനകത്തെ ചില ഭാഗങ്ങൾ തീർത്തിരിക്കുന്നത് 24 കാരറ്റ് സ്വർണ്ണം കൊണ്ടാണെന്നത് മറ്റൊരു കാര്യം.

മണിക്കൂറിൽ ഏകദേശം 900 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന വിമാനത്തിന് ഒറ്റയടിക്ക് ഏകദേശം 7080 കിലോമീറ്റർ വരെ സഞ്ചരിക്കാം. എന്നാൽ വിമാനത്തിൻ്റെ ചെലവ് അൽപ്പം കടന്നതാണ്. ഒരു മണിക്കൂര്‍ പറക്കുന്നതിന് ഏതാണ്ട് 12 ലക്ഷത്തോളമാണ് ചെലവ് കണക്കാക്കുന്നത്.

ട്രംപിന്റെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിനായുള്ള പ്രചാരണ കാലത്തായിരുന്നു ഈ വിമാനം കൂടുതൽ ജനശ്രദ്ധ നേടിയത്. ‘ട്രംപ് ഫോഴ്സ് വൺ’ എന്നായിരുന്നു അക്കാലത്ത് ഈ വിമാനം അറിയപ്പെട്ടിരുന്നത്. പിന്നീട് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയപ്പോൾ ഈ ബോയിങ് 757 വിമാനത്തിന്റെ ചെലവ് അറിഞ്ഞിരുന്നില്ല. ഔദ്യോഗിക വകയിലും മറ്റും ഈ ചെലവ് കൂട്ടിച്ചേര്‍ക്കപ്പെട്ടു. എന്നാൽ ഇത്തവണ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ട്രംപിൻ്റെ കഷ്ടകാലം തുടങ്ങി. സാമ്പത്തികം കുറച്ചു പരുങ്ങലിലായി. അധികാരത്തിലും ആഡംബരത്തിലും അദ്ദേഹം തിരിച്ചടികൾ നേരിട്ടു.

ഒരുകാലത്ത് ആഡംബരത്തിൻ്റെ അവസാന വാക്കെന്നോളം വിലസിപ്പറന്നു നടന്നിരുന്ന ഈ ബോയിങ് 757 വിമാനം ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ഓറഞ്ച് കൗണ്ടി എയര്‍പോര്‍ട്ട് റാംപില്‍ കട്ടപ്പുറത്താണ്. ട്രംപിന്റെ ഈ ഇഷ്ടവിമാനം ഇനി പറക്കണമെങ്കില്‍ വലിയൊരു തുക മുടക്കേണ്ടി വരുമെന്നതാണ് മറ്റൊരു വസ്തുത. ഇരട്ട എഞ്ചിനുകളില്‍ ഒന്ന് പൂര്‍ണമായും മാറ്റേണ്ടിവരും. ഇതിന് മാത്രം പത്ത് ലക്ഷത്തില്‍ അധികം ഡോളര്‍ ചെലവ് വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ വിമാനം പൊടിതട്ടിയെടുക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.

ട്രംപിനു മുന്നിലുള്ള മറ്റൊരു മാര്‍ഗം വിമാനം വിറ്റൊഴിവാക്കുകയെന്നതാണ്. കാലപ്പഴക്കം മൂലം ട്രംപിന്റെ ഈ വിമാനം ആസ്തിയല്ല ബാധ്യതയായാണ് മാറിക്കൊണ്ടിരിക്കുന്നത്. ഏകദേശം 725 കോടി രൂപയിലധികം മുടക്കിയാണ് ട്രംപ് വിമാനം വാങ്ങിയത്. ഇന്ന് ഈ വിമാനം വിറ്റാല്‍ ഏകദേശം 100 കോടി രൂപയ്ക്കടുത്ത തുക മാത്രമാണ് ലഭിക്കുക. എന്നാൽ വിമാനം പണിതീർത്ത് പഴയ പ്രൗഢിയോടെ 2021 അവസാനത്തോടെ തിരികെ കൊണ്ടുവരും എന്നാണു ട്രംപ് പ്രസ്താവിച്ചിരിക്കുന്നത്. എന്തായാലും വിമാനം പറക്കുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണാം.