വയനാട്ടിൽ NH 766 പൂർണ്ണമായും അടയ്ക്കുവാൻ നീക്കം; പ്രതിഷേധം ശക്തം

കോഴിക്കോട്‌ നിന്ന് വയനാട്ടിലേക്കും മൈസൂരിലേക്കും ബാംഗ്ലൂരിലേക്കും ഒക്കെ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന പാതയാണ് നാഷണൽ ഹൈവേ 766. ഇവിടെ കഴിഞ്ഞ പത്തു വർഷത്തോളമായി രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെ വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ്‌. ഇപ്പോളിതാ കേരള – കർണാടക പാതയായ ഈ NH 766 റോഡ് പൂർണമായി അടക്കാനുള്ള നീക്കം നടക്കുകയാണ്. വയനാടിനെ മാത്രമല്ല, ഗുണ്ടൽപേട്ട്, മൈസൂർ, ബാംഗ്ലൂർ, കോഴിക്കോട് തുടങ്ങി ഒരുപാട് പ്രദേശങ്ങളിലുള്ള നിരവധി ജനങ്ങളെയാണ് ഇത് ബാധിക്കാൻ പോകുന്നത്. ഇതിനെതിരെ ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന സമരമാണ് വയനാട്ടിൽ, ബത്തേരിയിൽ നടക്കുന്നത്.

മാധ്യമ ശ്രദ്ധ വേണ്ടുവോളം കിട്ടാത്തത് കൊണ്ട് കേരളത്തിൽ തന്നെ നടന്നതിൽ ഏറ്റവും വലിയ ഈ സമരം ആരും അറിയാതെ പോകരുത്. രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ വയനാടൻ ജനത നിലനിൽപ്പിനായുള്ള സമരത്തിന് ഇറങ്ങുമ്പോൾ അതിനെ സപ്പോർട്ട് ചെയേണ്ടത് അത്യാവശ്യമാണ്. കാടിനെയോ വന്യമൃഗങ്ങളെയോ സ്നേഹിക്കാത്തവരല്ല വയനാട്ടുകാർ. കഴിഞ്ഞ മാസം ഇരുളത്ത് ചെരിഞ്ഞ മണിയൻ എന്ന കാട്ടാനക്ക് ലഭിച്ച ആദരവ് എല്ലാവരും കണ്ടതല്ലേ?

കേരള കര്‍ണാടക പാത 766 അടച്ച് പൂട്ടിയാല്‍ ചെക്ക് പോസ്റ്റിൽ പ്രവർത്തിക്കുന്ന ചെറിയ ഹോട്ടലുകൾ, ബത്തേരിയിലെ ഓട്ടോ, ടാക്സി ചെറുകിട വഴിയോര കച്ചവടക്കാര്‍, വാണിജ്യമേഖല തുടങ്ങിയ ഒത്തിരി മേഖലയില്‍ ജോലിചെയ്യുന്നവരുടെ ജീവിതം അവതാളത്തിലാകും. ഗതാഗത സംവിധാനങ്ങൾക്ക് ചിലവ് ഏറൂം. സമയനഷ്ടം ഉണ്ടാക്കും. മാത്രമല്ല നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതും കര്‍ണാടകയിലാണ്, അവര്‍ക്കും ഇത് നല്ലതുപോലെ ബാധിക്കും.

മറ്റൊന്ന് കര്‍ണാകത്തില്‍ ചെയ്യുന്ന നല്ലൊരു ശതമാനം കൃഷി വിളവുകളും കേരളത്തിലേക്ക് വരുന്നത് വയനാട് മുത്തങ്ങ വഴിയാണ്. ദേശീയപാത 766 അടക്കുന്നതോടെ അവിടുത്തെ സാധാരണക്കാരായ കൃഷിക്കാരും പ്രതിസന്ധിയിലാകും. നിങ്ങൾ കണ്ടിട്ടുണ്ടാകും ഗുണ്ടൽപേട്ട് കഴിഞ്ഞു മുത്തങ്ങ ഭാഗത്തേക്ക് വരുന്ന വഴിയുടെ ഓരത്ത് പച്ചക്കറികളും മറ്റും വിൽക്കുവാൻ ഇരിക്കുന്ന ദൈന്യത നിറഞ്ഞ മുഖങ്ങൾ. അതുവഴി വരുന്നവരിൽ മിക്കയാളുകളും പച്ചക്കറികൾ നാട്ടിലെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങിക്കൊണ്ടു വരികയും ചെയ്യാറുണ്ട്.

ഇരു സംസ്ഥാനങ്ങളിലും പാത അടക്കകല്‍ വലിയ രീതിയില്‍ ടൂറിസം മേഖലക്ക് നഷ്ടം വരുത്തും. കാരണം വയനാട്ടിൽ വരുന്ന സഞ്ചാരികൾ കർണാടകയിലേക്ക് പോകുവാൻ തിരഞ്ഞെടുക്കുന്ന റൂട്ട് മുത്തങ്ങ – ബന്ദിപ്പൂർ വഴിയാണ്. അതുപോലെതന്നെ ബെംഗളൂരു പോലുള്ള കർണാടകയിലെ നഗരങ്ങളിൽ നിന്നും ആളുകൾ വീക്കെൻഡ് ആഘോഷിക്കുവാനായി തിരഞ്ഞെടുക്കുന്ന ഒരു പ്രധാനകേന്ദ്രമാണ് നമ്മുടെ വയനാട്. ഈ മുഴുവൻ സമയ നിരോധനം വരുന്നതോടെ ഇവയിൽ ഗണ്യമായ കുറവുണ്ടാകും.

വന്യമൃഗ സംരക്ഷണത്തിന് ഇരു സംസ്ഥാനങ്ങളും ആലോചിച്ച് മറ്റുവഴികള്‍ കണ്ടെത്തേണ്ടതാണ്. വനമേഖലയില്‍ ക്യാമറകള്‍ സ്ഥാപിക്കുക, വനം വകുപ്പിന്‍റ രാത്രികാല പട്രോളിംഗ് കൂടുതല്‍ ഊര്‍ജിതമാക്കുക, കൂടുതൽ Aid post കള്‍ നിര്‍മ്മിക്കുക, വാഹനത്തിന്‍റെ വേഗതാപരിധി നിയന്ത്രിക്കാനുള്ള സംവിധാനം റോഡില്‍ നിര്‍മ്മിക്കുക, നിയമ ലംഘനങ്ങൾക്ക് കടുത്ത പിഴ അല്ലെങ്കിൽ മറ്റു ശിക്ഷാ നടപടികൾ കർക്കശമാക്കുക തുടങ്ങിയവ ചെയ്യുക. അല്ലാതെ വയനാട്ടിലേയും ഗുണ്ടല്‍പേട്ടിലേയും പാവങ്ങളുടെ ജീവിതം വഴിമുട്ടിക്കലല്ല.

ഈ പാതയെക്കാൾ കൂടുതൽ വന്യജീവികൾ ഉള്ള റോഡ് ആണ് ബാവലി – മൈസൂർ പാതയും, കുട്ട, ഗോണികുപ്പ ഹുൻസൂർ ,റോഡുകളും. ഇത്തരത്തിൽ വന്യജീവി സംരക്ഷണത്തിന്റെ നൂലാമാലകൾ നോക്കുകയാണെങ്കിൽ വയനാടിന് കര്ണാടകയുമായി നേരിട്ട് റോഡുകൾ സാധ്യമല്ല എന്നതാണ് സത്യം. പിന്നെ എന്തുകൊണ്ടു മാത്രം NH 766 നെ ലക്‌ഷ്യം വെയ്ക്കുന്നു?

ഈ നിരോധനത്തിന് പിന്നിൽ വലിയ വലിയ കളികൾ ഉണ്ടോ? എന്തെങ്കിലും ഗൂഢാലോചനകളുണ്ടോ? എന്നൊക്കെ സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഈ വിഷയത്തിൽ വയനാട്ടുകാർക്കൊപ്പം എല്ലാവരും അണിനിരക്കുക.