“ടിവി കിട്ടിയോ ടീച്ചറെ?” പഠിക്കാനുള്ള ആഗ്രഹത്തോടെ ഒരു മകൾ

കൊറോണ ഭീതിയിൽ സ്‌കൂളുകൾ അടച്ചതു കാരണം ഇപ്പോൾ ഓൺലൈൻ ക്ലാസ്സുകൾ ആണല്ലോ. എന്നാൽ വീട്ടിൽ ടിവി ഇല്ലാത്ത കുട്ടികളുടെ കാര്യമാണ് കഷ്ടം. ഈ ബുദ്ധിമുട്ട് മനസ്സിലാക്കി നമ്മുടെ സമൂഹത്തിലെ നന്മമനസുകൾ പാവപ്പെട്ട കുട്ടികൾക്ക് ടിവിയും മറ്റു പഠനോപകരണങ്ങളുമൊക്കെ സമ്മാനിക്കുന്നുണ്ട് ഇപ്പോൾ. അത്തരത്തിൽ ഒരു കുട്ടിയ്ക്ക് ടിവി എത്തിച്ചു നൽകിയ അനുഭവം പങ്കുവെയ്ക്കുകയാണ് അമ്പലപ്പുഴ icds കൗൺസിലറായ ദിവ്യ ഗായത്രി. ദിവ്യയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ…

“ടിവി കിട്ടിയോ ടീച്ചറെ?” ആദ്യത്തെ ഫോൺ കോളിൽ തന്നെ അവൾ ഫോൺ എടുത്തു ചോദിച്ചതാണ്. “ഉമ്മാക്ക് വയ്യാതെ ആയിട്ട് കുറെ ആയി. ഞാൻ ആയിട്ട് ആരോടും ഒന്നും വേണമെന്ന് പറയില്ല..ന്നാലും. ടീച്ചറിനോട് ആയോണ്ട് ഞാൻ അങ്ങ് പറഞ്ഞതാ…”

“മോൾക്ക് എന്ത് വിഷമം ഉണ്ടായാലും ടീച്ചറിനോട് പറഞ്ഞോളൂ. കൗൺസിലർ ടീച്ചർ ആകുമ്പോ എല്ലാം നമ്മൾ തുറന്ന് പറയണമെന്നാ.” ഞങ്ങൾ സംസാരിച്ചു കുറച്ച് നേരം. സംസാരത്തിൽ എന്ത്കൊണ്ടോ എനിക്ക് നേരിട്ട് പോയി കാണാൻ തോന്നി. അങ്ങനെ പോയി.

അവിടെ ചെന്നപ്പോഴേ എന്നേം പ്രതീക്ഷിച്ചു അവൾ വഴിയിൽ ഉണ്ട്. പെട്ടന്ന് ഒരു കോൾ.. മറ്റാരുടെയോ സ്പോൺസർ tv അവൾക്ക് ആരോ നൽകുന്നുണ്ട് എന്നും അത് കുറച്ച് വൈകും എന്ന് ഞാൻ ഫോണിൽ മറ്റൊരു ടീച്ചറിനോട് സംസാരിക്കുന്നത് അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ആ കുഞ്ഞ് മുഖം വാടിയിരുന്നു.

ഫോൺ കട്ട്‌ ചെയ്ത് ഞാൻ അവളെ നോക്കി. “ഇനിം വൈകുമോ ടീച്ചറെ?” “ഇല്ല മോളെ, ടീച്ചർ ഉറപ്പായും ഇന്ന് തന്നെ tv എത്തിക്കും” എന്ന് പറയുമ്പോഴും എവിടുന്ന് എങ്ങനെ എന്നൊന്നും എനിക്ക് ഒരു എത്തും പിടീം ഇല്ലായിരുന്നു. എന്നാൽ അവളുടെ പ്രാർഥന പടച്ചോൻ കേട്ടു. ഒരുപാട് നന്മ ഉള്ള കുറച്ച് മനുഷ്യർ സഹായവുമായി വന്നു.

ടിവിയുമായി എത്തിയ ഉടൻ അവളുടെ കൊച്ചനുജത്തി ഓടി വന്നു. ഉമ്മിച്ചിയോടും വാപ്പിച്ചിയോടും സംസാരിച്ചു. എല്ലാം കഴിഞ്ഞ് അവളെ നോക്കി “സന്തോഷമല്ലേ മോളെ” എന്ന് ചോദിച്ചു. അവൾക്ക്‌ സന്തോഷം അറിയിക്കാൻ വാക്കുകൾ ഇല്ല. കൊച്ച് അനുജത്തിടെ വക ടീച്ചറിന് ഒരു ഉമ്മയും. അവൾക്ക് ഏറ്റവും ഇഷ്ടമുള്ളവർക്കേ അവൾ കൊടുക്കാറുള്ളു എന്ന് ഉമ്മിച്ചിയും.

“ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്കണേ ടീച്ചറെ” എന്ന് പോരാൻ നേരം അവൾ പ്രത്യേകം പറഞ്ഞിരുന്നു. പ്രാർത്ഥനയോടെ ഞാൻ അവിടെ നിന്നും തിരിച്ചു.