ഞാൻ കണ്ട ഉഗാണ്ട – മർച്ചിസൺ വെള്ളച്ചാട്ടവും നാഷണൽ പാർക്കും

വിവരണം – Ignatious Enas (Post of the Week – പറവകൾ ഗ്രൂപ്പ്).

ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ നിന്നും ഏകദേശം ഇരുനൂറ്റി എഴുപത്തഞ്ചു കിലോമീറ്റർ വടക്കു-പടിഞ്ഞാറായി സ്ഥിതി ചെയുന്ന മനോഹരവും അതോടൊപ്പം ഭയാനകവുമായ ഒരു വെള്ളച്ചാട്ടമാണ് മർച്ചിസൺ വെള്ളച്ചാട്ടം (Murchison Falls). നീണ്ടു പരന്നു ഒഴുകുന്ന നൈൽ നദിയിലെ (White Nile) ജലം ഏകദേശം ഏഴുമീറ്റർ വീതിയുള്ള കല്ലിടുക്കിലൂടെ താഴേക്ക് പതിക്കുന്നു. മഴവില്ലിന്റെ വർണ്ണപ്രഭയോടൊപ്പം എങ്ങും നിറഞ്ഞു നിൽക്കുന്ന ഹിമധൂളി നമ്മെ മറ്റൊരു ലോകത്തെത്തിക്കുന്നു.

നൈൽ നദിയുടെയും ആൽബർട്ട് തടാകത്തിന്റെയും തീരങ്ങളിലായി കിടക്കുന്ന അതി വിശാലമായൊരു വന്യജീവി സങ്കേതമാണ് മർച്ചിസൺ ഫാൾസ് നാഷണൽ പാർക്ക്. നാനാവിധങ്ങളായ പക്ഷിമൃഗാദികൾ ഇവിടെ സ്വൈരവിഹാരം നടത്തുന്നു. വംശനാശ ഭീഷണി നേരിടുന്ന പല മൃഗങ്ങളെയും ഇവിടെ കാണുവാൻ കഴിയും.

ഇനി ഞങ്ങളുടെ യാത്രയിലേക്കു. ഞങ്ങൾ അഞ്ചു കുടുംബങ്ങൾ ചേർന്ന് ഉച്ചയോടു കൂടി കമ്പാലയിൽ നിന്നും പുറപ്പെട്ടു, മർച്ചിസൺ വെള്ളച്ചാട്ടത്തിന്റെ അടുത്തുള്ള വലിയ പട്ടണമായ മസിൻഡി (Masindi) ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഇരുപത്തിനാലുപേർക്ക് സുഖമായി യാത്രചെയ്യാവുന്ന ഒരു ചെറിയ ബസാന് ഞങ്ങൾ ബുക്ക് ചെയ്തിരിക്കുന്നത്. കമ്പാല നഗരത്തിൽ നിന്നുണ്ടായ വാഹനത്തിരക്കൊഴിച്ചാൽ സുഖകരമായ യാത്ര. മനോഹരമായ റോഡുകളും കേരളത്തിലെന്നപോലെയുള്ള കാഴ്ചകളും കണ്ടു തുടങ്ങിയ യാത്ര, ചീട്ടുകളിയിലേക്കും, അന്താക്ഷരിയിലേക്കും വഴിമാറി.

രാത്രി എട്ടുമണിയോടെ കൺട്രി ഇൻ എന്ന ഹോട്ടലിൽ എത്തിയ ഞങ്ങൾ ചെറുതായി ഒന്ന് ഫ്രഷ് ആയതിനുശേഷം കുക്കിങ്ങിലേക്കു കടന്നു(ഗ്യാസും, അടുപ്പും, കുക്കറുമൊക്കെയായി ഫുൾ സെറ്റപ്പിൽ ആയിരുന്നു യാത്ര). പൊറോട്ട കമ്പാലയിൽ നിന്നുതന്നെ വാങ്ങി വന്നതിനാൽ കറി മാത്രമേ ഉണ്ടാക്കേണ്ടതായി വന്നുള്ളൂ. മനസ്സിൽ നിന്നും ജോലിയുടെ പിരിമുറുക്കങ്ങൾ എല്ലാം മാറ്റിവച്ചുകൊണ്ടുള്ള ഇത്തരം ഒന്ന്ചേരലുകൾ ഒരു പ്രത്യേക അനുഭൂതി തന്നെയാണ്.

മസിൻഡി പട്ടണത്തിൽ നിന്നും നിന്നും പാർക്കിന്റെ പ്രധാന ഗേറ്റിലേക്ക് ഒരുമണിക്കൂർ യാത്രയുണ്ട്. അവിടുന്ന് വീണ്ടും രണ്ടുമണിക്കൂർ വനത്തിലൂടെ യാത്രചെയ്ത ശേഷം ഒരു ഫെറിയും കടന്നു വേണം വനത്തിലൂടെയുള്ള വന്യജീവി സഫാരി നടത്തുന്ന സ്ഥലത്തെത്താൻ. അവിടുന്ന് തന്നെ നൈൽ നദിയിൽ കൂടി ബോട്ടിങ് നടത്താനും സാധിക്കും. അതിരാവിലെ ഗെയിം ഡ്രൈവ് നടത്തണമെങ്കിൽ പാർക്കിനോട് ചേർന്നുള്ള ഹോട്ടലുകളിൽ തന്നെ താമസിക്കണം.

രാവിലെ പ്രഭാത ഭക്ഷണവും കഴിഞ്ഞു ആറുമണിയോടെ മർച്ചിസൺ ഫാൾസ് ലക്ഷ്യമാക്കി ഞങ്ങളുടെ യാത്ര ആരംഭിച്ചു. ടാറിടാത്ത വഴിയാണെങ്കിലും സുഖകരമായ ഒരുമണിക്കൂറത്തെ യാത്രക്കുശേഷം പ്രധാന കവാടത്തിൽ എത്തിച്ചേർന്നു. അവധി ദിവസങ്ങൾ ആയതിനാൽ നല്ല തിരക്ക്. ഉഗാണ്ടയിൽ ജോലി ചെയ്യുന്നവർക്ക് മുപ്പതു ഡോളറും വിസിറ്റിംഗ് വിസയിൽ ഉള്ളവർക്ക് നാൽപതു ഡോളറും ആണ് പ്രവേശന ഫീസ്. രണ്ടു മണിക്കൂറത്തെ യാത്രക്കുശേഷം ഫെറിയും പിടിച്ചു ഞങ്ങൾ സഫാരി തുടങ്ങുന്ന കവാടത്തിലെത്തി. ഫെറിയിൽ ഒരാൾക്ക് പത്തു ഡോളർ ആയി.

ഒരു ഗൈഡിനെയും കൂട്ടി ഞങ്ങൾ സഫാരിയിലേക്കു കടന്നു. സഫാരി തുടങ്ങാൻ താമസിച്ചതിനാൽ വളരെ കുറച്ചു മൃഗങ്ങളെ മാത്രമേ കാണുവാൻ കഴിഞ്ഞുള്ളു. ഉഗാണ്ടൻ കോബ് എന്നൊരിനം മാനിനേയും ഒരീബി ഒന്നൊരിനം ചെറിയ മാനിനെയും ഞാൻ ആദ്യമായാണ് കാണുന്നത്. സിബ്രയും ചീറ്റപ്പുലിയും ഈ വനത്തിൽ ഇല്ല. സാധാരണ ജിറാഫിൽ നിന്നും വളരെ വ്യത്യാസമുള്ള ജിറാഫുകൾ (Reticulated Giraffe) അണിവിടെയുള്ളത്. ഒരുകാലത്തു ലക്ഷക്കണക്കിന് ആനകൾ ഉണ്ടായിരുന്ന ഈ പാർക്കിൽ ഇന്ന് ആയിരത്തിലതികം ആനകൾ മാത്രമാണുള്ളത്.





ഒന്നരയോടെ ഞങ്ങൾ തിരിച്ചെത്തി കരുതിയിരുന്ന ഭക്ഷണവും കഴിച്ചു ബോട്ടിങ്ങിനു തിരിച്ചു. മർച്ചിസൺ വെള്ളച്ചാട്ടത്തിനെ ലക്ഷ്യമാക്കിയാണ് യാത്ര. അതിവിശാലമായ നൈൽ നദിയുടെ ഇരുവശങ്ങളിലും ധാരാളം മൃഗങ്ങളെ കാണുവാൻ കഴിയും. അവിടവിടെയായി കൂട്ടത്തോടെ തമ്പടിച്ചിരുന്ന ഹിപ്പോ കൂട്ടങ്ങളും ധാരാളം. ഒഴുക്കിനെതിരെ പോകുന്നതിനാൽ വളരെ പതുക്കെയാണ് ബോട്ട് നീങ്ങുന്നത്.

രണ്ടു മണിക്കൂറത്തെ യാത്രക്കുശേഷം വെള്ളച്ചാട്ടത്തിന്റെ അടുത്ത് എത്തിച്ചേർന്നു ( ഏകദേശം ഒരു ഒരു കിലോമീറ്റര് ദൂരെ). വെള്ളച്ചാട്ടതിന്റെ മുകളിൽ നിന്നുള്ള കാഴ്ചയാണ് മനോഹരം. അതിനായി രണ്ടു വഴികളാണുള്ളത്. ഒന്ന്, ബോട്ടിൽ നിന്നിറങ്ങി കീഴ്ക്കാം തൂക്കായ മലയുടെ സൈഡിൽകൂടി ഒരു മണിക്കൂർ ട്രെക്കിങ്ങ് നടത്തി മുകളിലെത്തുക. രണ്ടു, ബോട്ടിൽ തന്നെ തിരിച്ചു പോയി, വണ്ടിയിൽ തന്നെ മറ്റൊരു വഴിയിലൂടെ യാത്ര ചെയ്തു മുകളിലെത്തുക.

ഞങ്ങൾ ട്രെക്കിങ്ങ് തിരഞ്ഞെടുത്തു. ഒരാൾക്ക് പത്തു ഡോളർ ഫീസ് ഉണ്ടെന്നു പിന്നീടാണ് മനസിലായത്. എന്തായാലും ട്രെക്കിങ്ങ് തുടങ്ങിയപ്പോൾ തന്നെ അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് മനസിലായി. പ്രത്യേകിച്ച് കുട്ടികളും, മുതിർന്നവുരുമൊക്കെയായി പോകുമ്പോൾ. ഒരുമണിക്കൂർ ട്രക്കിങ് ഞങ്ങൾ ഒന്നര മണിക്കൂറെടുത്തു നടന്നു തീർത്തു. ഇടുക്കിയിൽ ജീവിക്കുന്ന അറുപതിനോടടുത്ത എന്റെ അമ്മ മാത്രം യാതൊരു മടുപ്പും കൂടാതെ മുകളിലെത്തി.





മുകളിലെത്തിയപ്പോഴുള്ള കാഴച, അത് എഴുതി ഫലിപ്പിക്കാൻ സാധിക്കില്ല, അനുഭവിക്കുക തന്നെ വേണം. ഭയാനകതയും അതോടൊപ്പം തന്നെ മനോഹരവും. വെള്ളച്ചാട്ടത്തിന്റെ കാതടപ്പിക്കുന്ന ശബ്ദത്തോടൊപ്പം ചെറിയൊരു ഭീതിയും നമ്മിലേക്ക്‌ പടരുന്നു. എന്നാൽ സപ്ത വർണങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന മഴവില്ലും, ചുറ്റും പടരുന്ന ഹിമ പടലവും മറ്റൊരു ലോകത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ ഈ വെള്ളച്ചാട്ടം കണ്ട യൂറോപ്പ്യന്മാരായ സാമുവേലും ഫ്ലോറെൻസ് ബേക്കറുമാണ് , റോയൽ ജിയോഗ്രാഫ്യ്ക്കൽ സൊസൈറ്റിയുടെ പ്രെസിഡന്റായിരുന്ന റോഡരിക് മർച്ചിസൺ ന്റെ ബഹുമാനാർത്ഥം, മർച്ചിസൺ വെള്ളച്ചാട്ടം എന്ന പേര് നൽകിയത്. ഏഴുമീറ്റർ വീതിയും നാല്പത്തി മൂന്ന് മീറ്ററോളം താഴ്ചയുമുള്ള ഈ വെള്ളചാട്ടത്തെ, ഇദി അമീന്റെ ഭരണകാലത്തു ‘കബലീഗ’ എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. പുള്ളിയുടെ ഭരണശേഷം വീണ്ടും മർച്ചിസൺ എന്നുതന്നെ നാമകരണപ്പെട്ടു. ഒരു മണിക്കൂറോളം വെള്ളച്ചാട്ടത്തിനടുത്തു ചിലവഴിച്ച ഞങ്ങൾ മസിൻഡിയിലെ ഹോട്ടലിലേക്ക് തിരിച്ചു.

അടുത്ത ദിവസം ഉച്ചയോടുകൂടി മനോഹരങ്ങളായ ഓർമകളും പേറി, മസിൻഡിയോട് വിടപറഞ്ഞു, കമ്പാല ലക്ഷ്യമാക്കി യാത്ര തിരിച്ചു.