കറങ്ങുന്ന കനാൽ – മഹത്തായ ഒരു എഞ്ചിനീയറിംഗ് വിസ്മയം

വിവരണം – Shanil Muhammed.

“ സഞ്ചാരം ആദ്യം നിങ്ങളെ മൗനിയാക്കും, പിന്നെ മെല്ലെയൊരു കഥ പറച്ചിലുകാരൻ ആക്കും…” ഞാൻ പറഞ്ഞതല്ല. ലോക സഞ്ചാരി ഇബ്നു ബത്തൂത്ത പറഞ്ഞതാണ്.

യു കെ വിസക്ക് അപ്ലൈ ചെയ്തു ദിവസങ്ങൾ തള്ളി നീക്കാൻ തുടങ്ങിയിട്ട് മൂന്നാഴ്ച കഴിഞ്ഞു. പാസ്പോര്ട്ട് കയ്യിൽ കിട്ടിയാലേ വിസ ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ കഴിയൂ. ക്ഷമയുടെ നെല്ലിപ്പലക കാണുന്ന ദിവസങ്ങൾ ആണ്. ഇന്ന് കൊറിയർ ഓഫീസിൽ നിന്ന് വിളിക്കും, നാളെ വിളിക്കും എന്നെല്ലാം ഓർത്തു കൊണ്ടാണ് ഓരോ സെക്കൻഡും തള്ളി നീക്കുന്നത്. ഇതുവരെ ഒരു വിസക്കും ഇമ്മാതിരി എക്സൈറ്റഡ് ആയിട്ട് ഇങ്ങനെ കാത്തിരുന്നിട്ടില്ല.

ആഗ്രഹം, അതിയായ ആഗ്രഹം… യു കെ യിൽ എങ്ങനെ എങ്കിലും കാലുകുത്തണം എന്ന വളരെ നാളുകളായുള്ള ഈ ആഗ്രഹത്തിന് പുറത്താണ് വേണമെങ്കിൽ കുറച്ചു ടെലി കോൺഫെറെൻസിലും, കുറെ മെയിൽ അയക്കലിലും തീർക്കാമായിരുന്ന കാര്യം നേരിൽ മീറ്റിങ് ആയി തന്നെ തരപ്പെടുത്തിയത്. അവസാനം കൊറിയർ ഓഫീസിൽ നിന്ന് ഫോൺ വന്നു. അടുത്ത നിമിഷം പിടച്ചു ചാടി അവിടെ എത്തി കവർ പൊട്ടിച്ചപ്പോ സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ … എന്ന് പറഞ്ഞത് പോലെ, ദേ കിടക്കുന്നു ആറു മാസത്തെ മൾട്ടിപ്ലെ എൻട്രി യു കെ വിസ.

മീറ്റിങ് എല്ലാം രണ്ടു മൂന്നു മാസങ്ങൾക്ക് മുൻപ് ചാർട്ട് ചെയ്തു ഇൻവിറ്റേഷൻ എല്ലാം കൊടുത്താണ് വിസക്ക് അപ്ലൈ ചെയ്തത്. വിസ കിട്ടി എല്ലാം ഓക്കേ ആയിട്ട് വേണം ഫൈനൽ ട്രാവൽ പ്ലാൻ ചെയ്യാൻ. ഇനി അധികം ദിവസം ഇല്ല മീറ്റിംഗിന്. ആദ്യ പ്രയോറിറ്റി ബിസിനസ് മീറ്റിംഗ് ആണെങ്കിലും ആദ്യമായി യു കെ പോകുന്നതിന്റെ ത്രില്ല് അപ്പോഴേക്കും മനസ്സിൽ കയറി കൂടിയിരുന്നു.

ഏകദേശം രാത്രി പത്തു മണി ആയപ്പോ ലണ്ടൻ ഹിത്രൂ എയർപോർട്ടിൽ കാലു കുത്തി. ലോകത്തിലെ ഏറ്റവും തിരക്ക് കൂടുതൽ ഉള്ള എയർപോർട്ട് ആണ് എന്നൊക്കെ കേട്ടാണ് ഹീത്രോ എയർപോർട്ട്ൽ കാലു കുത്തിയത്. പക്ഷെ അതിന്റേതായ ഒന്നും എനിക്ക് അനുഭവപ്പെട്ടില്ല. സത്യത്തിൽ കൊച്ചി എയർപോർട്ടിൽ ഉള്ള തിരക്ക് പോലും കാണാഞ്ഞു അത്ഭുതപ്പെടുകയും ചെയ്തു. (അതിനുള്ള കാരണം ഒരു ദിവസം ലണ്ടൻ ൽ വച്ചു ഒരു സൗഹൃദ സംഭാഷണത്തിൽ ആണ് മനസ്സിലായത്. രാത്രി 11 മുതൽ വെളുപ്പിന് 4 മണി വരെ ഫ്ലൈറ്റ് വരുകയോ പുറപ്പെടുകയോ ഇല്ല എന്ന്. അത് എയർപോർട്ട് പരിസരത്തു താമസിക്കുന്ന ജനങ്ങൾക്ക് ശബ്ദം മൂലം ബുദ്ധിമുട്ട് വരാതിരിക്കാൻ ആണ് ആ നിയമം എന്ന് അറിഞ്ഞപ്പോ, നമ്മുടെ കൊച്ചു കൊച്ചിയിലെ കാര്യം ചുമ്മാ ഒന്ന് ഓർത്തു പോയി). എന്തായാലും ഊബർ വിളിച്ചു റൂമിൽ എത്തി പതിനാലു മണിക്കൂർ നേരത്തെ വിമാന യാത്ര ക്ഷീണം തീർത്തു.

പിറ്റേന്ന് മുതൽ തുടങ്ങിയ ലണ്ടൻ കറക്കം അവസാനിച്ചത് മൂന്നാം നാൾ രാത്രി സ്കോട്ലൻഡ് ലേക്കുള്ള ബസ് പിടിച്ചപ്പോ ആണ്. പൂർണമായി ലണ്ടൻ അനുഭവിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരുന്ന രീതിയിൽ, ബിസിനസ്സ് ആവശ്യവും അല്ലാതുള്ള കറക്കവും എല്ലാം കൂട്ടി കുഴച്ചു മൂന്നു പകലുകൾ. ലണ്ടൻ ട്യൂബ് യാത്രയും, പ്രധാന സ്ഥലത്തുകൂടി ഉള്ള ഓട്ട പ്രദക്ഷിണവും, ബിസിനസ് ആവശ്യത്തിന് ഓരോരുത്തരെ കാണുന്നതും കോഫീ കുടിക്കലും എല്ലാം നന്നായി എന്ജോയ് ചെയ്തു. അതും നല്ല സുഖകരമായ കാലാവസ്ഥയിൽ. പകലിനു ദൈർഖ്യം ഉള്ളത് കൊണ്ട് പകൽ വെളിച്ചത്തുതന്നെ നന്നായി എല്ലായിടത്തും എത്താൻ സാധിച്ചത് ഒരുപാട് ഗുണം ചെയ്തു.

രാവിലെ സ്കോട്ലൻഡ് ഹോട്ടൽ എത്തി ഫ്രഷ് ആയി നേരെ ഒഫീഷ്യൽ മീറ്റിംഗ് കാര്യങ്ങൾക്ക് പുറപ്പെട്ടു. രണ്ടു ദിവസമായി ചാർട്ട് ചെയ്ത കാര്യങ്ങൾ എല്ലാം ഉദ്ദേശിച്ച പോലെ നടന്നു. രണ്ടാം ദിവസത്തെ മീറ്റിംഗ് എല്ലാം കഴിഞ്ഞാണ് നിനച്ചിരിക്കാതെ ആ അത്ഭുത കാഴ്ച്ച കാണാൻ അവസരം ഒത്തു വന്നത്.

രണ്ടു ദിവസത്തെ തകർപ്പൻ കോൺഫറൻസ്, മീറ്റിംഗുകൾ എല്ലാം കഴിഞ്ഞ വൈകുന്നേരം അവിടെ വച്ച് പരിചയപ്പെട്ട ഏക ഇന്ത്യക്കാരി ‘ബർഖ’ യുടെ സ്നേഹത്തോടെ ഉള്ള ക്ഷണം സ്വീകരിച്ചു അവരുടെ കാറിൽ കയറുമ്പോഴേക്കും ആകെ ക്ഷീണിച്ചിരുന്നു. പകലിനു ദൈർഖ്യം കൂടുതൽ ഉള്ള മെയ് മാസം ആയത് കൊണ്ട് ഇരുട്ടാൻ ഇനിയും ഒരുപാട് സമയം. എത്രയും പെട്ടെന്ന് എഡിൻബർഗ് ഹോട്ടലിൽ എത്തി വേഗം കിടക്കാൻ ഉള്ള അവസ്ഥയിൽ ആയിരുന്നു മനസും ശരീരവും. അടുത്തുള്ള ട്രെയിൻ സ്റ്റേഷൻ ലേക്ക് പോകുന്ന വഴി അവരുമായി ഒരു ഫോര്മാലിറ്റിക്ക് ഫാൾക്രിക് എന്ന ഈ സ്ഥലത്തെ പറ്റിയും ഇവിടുത്തെ ജീവിതത്തെ പറ്റിയും ഒക്കെ ചോദിച്ച സമയത്താണ് സെൻട്രൽ സ്കോട്ലൻഡിന്റെ ഈ ഉൾപ്രദേശത്തെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത്.

ഗ്ലാസ്‌ഗോ യിൽ നിന്നും, എഡിൻബർഗ് നിന്നും ഏകദേശം ഒരേ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഫാൾക്രിക് എന്ന പ്രദേശം, ചരിത്ര പരമായി സ്കോട്ലൻഡ് ന് ഒഴിച്ച് കൂടാത്ത ഇടമാണ്. പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളും, വ്യവസായ കേന്ദ്രങ്ങളും ധാരാളമുള്ള, എന്നാൽ വലിയ ഒച്ചപ്പാടോ, ബഹളങ്ങളോ ഇല്ലാത്ത ഇടം. ഇവിടത്തെ വളരെ പ്രസിദ്ധമായ ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ് ഫാൾക്രിക് വീൽ എന്നറിയപ്പെടുന്ന കറങ്ങുന്ന കനാൽ. ഇവിടത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവും ഇതാണ്.

ട്രെയിൻ സ്റ്റേഷൻ ലേക്ക് പോകുന്ന വഴിയിൽ നിന്നും അല്പം മാറി മെയിൻ ലൈൻ തന്നെ ആണ് ഈ വിസ്മയം എന്ന് ബര്ഖ പറഞ്ഞപ്പോ ഒന്ന് കണ്ടാലോ എന്ന് മനസ്സിൽ വിചാരിച്ചു. പക്ഷെ ലിഫ്റ്റ് തന്ന ആളോട് ഞങ്ങൾ അവിടെല്ലാം കറങ്ങി കാണണം എന്ന് പറഞ്ഞാൽ എന്താകും അവസ്ഥ എന്ന് അറിയില്ലാത്തത് കൊണ്ട് മിണ്ടാതെ ഇരുന്നു. പക്ഷെ, ഞങ്ങളുടെ മനസ് വായിച്ച പോലെ ബര്ഖ കാർ അങ്ങൊട് എടുത്തിട്ട് നമുക്ക് അവിടെ കയറിയിട്ട് പോകാം എന്ന് പറഞ്ഞപ്പോ, സകല ക്ഷീണവും പമ്പ കടന്നു. കാരണം ഇനി ഏത് കാലത്താണ് സ്കോട്ലൻഡ് പോലൊരു രാജ്യത്തു, ഇത്രമാത്രം ഉൾപ്രദേശത്തുള്ള ഈ ടൂറിസ്റ്റ് സ്പോട് ലേക്ക് വരാൻ കഴിയുക എന്നറിയില്ലല്ലോ.

വളരെ ലഘുവായ എഞ്ചിനീയറിംഗ് തത്വങ്ങൾ വച്ച് പ്രവർത്തിക്കുന്ന, എന്നാൽ അത്യാവശ്യം വലിയ ബോട്ട് നെ വരെ ഉയർത്താൻ കെൽപ്പുള്ള വീൽ ഓപ്പറേറ്ററിങ് ആയിട്ടുള്ള കനാല്. ലോകത്തു ഇതുപോലത്തെ ഒന്നേ ഉള്ളു എന്നത് കൊണ്ട് തന്നെ ഇതിനു പ്രസക്തി വേണ്ടുവോളമുണ്ട്. രണ്ടു ലെവലിൽ ഉള്ള കനാലുകൾ (മുകളിലും താഴെയും) തമ്മിൽ പരസ്പരം ബന്ധിപ്പിക്കാൻ ആണ് ഈ കറങ്ങും വിസ്മയം ഉപയോഗിക്കുന്നത്. പണ്ടൊക്കെ സ്‌കൂളിൽ പഠിച്ച ആർക്കിമെഡീസ് തത്വം ആണ് ഇതിന് കാതൽ.

സെൻട്രൽ സ്കോട്ലൻഡ് എന്ന് അറിയപ്പെടുന്ന ഇവിടെ, ബ്രിട്ടീഷ് വാട്ടർ വെയ്‌സ് ന്റെ ഭാഗമായി എഡിൻബറ, ഗ്ലാസ്ഗോ എന്നിവിടങ്ങളിലെ ഏഴ് ലോക്കൽ അതോറിറ്റികൾ കൂടിച്ചേർന്ന് രൂപീകരിച്ച മില്ലേനിയം ലിങ്ക് പ്രൊജക്റ്റ് ന്റെ ഭാഗമായി, ഫോര്ത് & ക്ലയ്ഡ് എന്ന കനാലും യൂണിയൻ കനാലും കൂടി ബന്ധിപ്പിക്കാൻ ആണ് falkrik വീൽ എന്ന ഈ എഞ്ചിനീയറിംഗ് അത്ഭുതം പ്രവർത്തിക്കുന്നത്.

1999 ഇൽ രൂപകൽപ്പന പൂർത്തിയായി 2000 ഇൽ നിർമ്മാണം ആരംഭിച് 2002 ഇൽ പണി പൂർത്തിയായി പ്രവർത്തനം ആരംഭിച്ച ഈ അത്ഭുതം കാണാൻ ദിനം തോറും നിരവധി ആളുകളാണ് എത്തിചേരുന്നത്. 45 ഹെക്ടർ സ്ഥലത്തു വിശാലമായി ഒരുക്കിയ പാർക്കുകളും, കളി സ്ഥലവും ഒരു ഭംഗിയുള്ള സുവനീർ ഷോപ്പും ഉൾപ്പെടെ ഭംഗിയായി ഒരുപാട് സമയം ചിലവഴിക്കാൻ ഉതകുന്ന രീതിയിൽ ആണ് ഇതിന്റെ നിർമ്മാണം.

ഇതിന്റെ ഉയരം 35 മീറ്റർ ആണ്. അതായത് ഏകദേശം 8 ഡബിൾ ഡക്കർ ബസ് ഒന്നിന് മുകളിൽ ഒന്നായി അടക്കി വച്ചാൽ ഉണ്ടാകുന്ന ഉയരം. രണ്ടു വശങ്ങളിലായി 300 ടൺ ഭാരം ഉയർത്താനുള്ള കഴിവുണ്ട് ഇതിന്. അതിൽ വെള്ളം കൂടാതെ രണ്ടു ബോട്ട് നിറയെ ആളുകളും പെടും. 5 ലക്ഷം ലിറ്റർ വെള്ളം ആണ് ഇത് ക്യാരി ചെയ്യുന്നത് എന്ന് പറഞ്ഞാൽ, ഏകദേശം ഒരു ഒളിമ്പിക് പൂൾ നിറക്കാൻ ആവശ്യമായ വെള്ളമാണ് ഒരു തവണ ഇതിന്റെ പ്രവർത്തനത്തിൽ ഉയർത്തുന്നത്.

14000 മുതൽ 45000 ബോൾട്ടുകൾ ഇതിന് ആവശ്യമായി വന്നിട്ടുണ്ട്. 1000 ആളുകൾ രണ്ടു വര്ഷം മുഴുവൻ പണിപ്പെട്ടാണ് ഇത് പടുതുയര്ത്തിയിരിക്കുന്നത്. ഏകദേശം 2200 ടൺ സ്റ്റീൽ, 7000 ക്യൂബിക് മീറ്റർ കോൺക്രീറ്റ് എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മിതി.

30 പൗണ്ട് കൊടുത്തു ടിക്കറ്റ് എടുത്തു സാവധാനം ബോട്ടിൽ കയറാൻ കാത്തു നിന്നു. ബോട്ടിൽ കയറി ഉടനെ ഗൈഡ് വന്നു ലൈഫ് ജാക്കറ്റ് എല്ലാം തന്നു, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ബോട്ട് സാവധാനം ഫാൽക്കരിക് വീൽ ന്റെ ഒരു വശത്തുള്ള റിസർവോയർ ലേക്ക് സാവധാനം പ്രവേശിച്ചു. സുരക്ഷാ പരിശോധന എല്ലാം പൂർത്തിയായി വീൽ കറങ്ങാൻ ആരംഭിച്ചു. വീഗാലാൻഡ്ൽ ഒരു റൈഡിൽ ഇരിക്കുന്ന ആവേശത്തോടെ ഞങ്ങൾ ഇരുന്നു. ഏകദേശം പത്തു മിനിറ്റു കൊണ്ട് സാവധാനം ഞങ്ങൾ മുകളിൽ എത്തി. വീണ്ടും സുരക്ഷ പരിശോധനക്ക് ശേഷം ബോട്ട് മുകളിലുള്ള കനാലിലേക്ക് വെള്ളത്തോടുകൂടെ നീങ്ങിത്തുടങ്ങി. ഏകദേശം രണ്ടു കിലോമീറ്റർ പോയി ചുറ്റികറങ്ങി വീണ്ടും തിരിച് മുകളിലെ കൈയിൽ കയറി. പത്തു മിനിറ്റു കൊണ്ട് താഴെ എത്തി. അവിസ്‌മരണീയമായ അനുഭവം സമനിച്ചു കൊണ്ട്.

മനോഹരമായ, ഏവരെയും ആകർഷിക്കുന്ന ഈ നിർമ്മിതി നല്ലൊരു അനുഭവമായി സ്കോട്ലൻഡ് യാത്രയിൽ എടുത്തു പറയാവുന്നതാണ്. കാരണം, പ്രകൃതി ഭംഗി കൊണ്ട് പേരുകേട്ട സ്കോട്ലൻഡ് എന്ന രാജ്യത്തിന്റെ സാംസ്കാരികമായ ഉന്നതി മനസ്സിലാക്കാൻ എഡിന്ബറ പോലുള്ള സ്ഥലങ്ങൾ ധാരാളമാണ്. എന്നാൽ സാങ്കേതികമായി എത്ര ഉയർന്ന നിലവാരത്തിൽ ആണ് ഈ രാജ്യം എന്ന് ഈ നിർമ്മിതി നമ്മോടു വിളിച്ചോതുന്നു.

പണ്ട് ആയൊക്കെയോ പറഞ്ഞു തന്നിട്ടുണ്ട് ” കുന്നോളം മോഹിച്ചാലേ കുന്നിക്കുരുവോളം എങ്കിലും കിട്ടൂ ” എന്ന്. എന്നിലെ യാത്രികനെ സംബന്ധിച്ചു, കുന്നോളം മോഹം കൊണ്ട് നടന്നപ്പോ, മലയോളം കിട്ടിയ പ്രതീതി ആയിരുന്നു ഇത് കണ്ടു കഴിഞ്ഞപ്പോ.

പച്ചവിരിച്ച പുൽമേടുകളിൽ കൂട്ടമായി നടക്കുന്ന ചെമ്മരിയാടുകളും, മഞ്ഞ പട്ടു വിരിച്ചപോലുള്ള കടുക്‌ ചെടികൾ നിറഞ്ഞ മലഞ്ചേരിവുകളും, കടലിന്റെയും, മനോഹരമായ കടലിടുക്കിന്റെയും നാട്ടിൽ എങ്ങും പ്രസാദാത്മകമായ കാഴ്ചകളും, നല്ല ജനങ്ങളും, ഈ തണുത്ത സുഖകരമായ കാലാവസ്ഥയും എല്ലാം കൂടി നമ്മോടു എന്തൊക്കെയോ വിളിച്ചു പറയുന്ന പോലെ തോന്നും. അത് ചിലപ്പോ, ഈ അടുത്തു ഏതോ യാത്രാ വിവരണത്തിൽ വായിച്ച പോലെ, ” ഇവിടം സ്വർഗ്ഗമാണ് ” എന്ന് പറയുന്നതാണോ ? കണ്ണടച്ച് കാതോർത്തപ്പോ അങ്ങനെ ഒരു ഫീൽ. ഒരു പക്ഷെ എന്നെങ്കിലുമൊരിക്കൽ അങ്ങിനെ ഒരനുഭവം നിങ്ങൾക്കും കിട്ടിയേക്കാം.

NB : യൂ കെ, യൂറോപ്പ് എന്നിവിടങ്ങളിൽ പോകുമ്പോ സിറ്റി സെന്റര് വിട്ട് കുറച്ചു ഉള്ളിലുള്ള ഇടങ്ങളിൽ കുറച്ചു ദിവസം താമസിക്കുന്നത് എന്ത് കൊണ്ടും നല്ല അനുഭവം ആയിരിക്കും.