ലുലു മാളിലെ കവർച്ച സാഹസികമായി തടഞ്ഞു; ജീവനക്കാരുടെ ധെെര്യത്തിന് യൂസഫലിയുടെ സമ്മാനം

എഴുത്ത് – സന്ദീപ് ദാസ്.

മുക്താർ സെമൻ എന്ന ചെറുപ്പക്കാരൻ കണ്ണൂർ സ്വദേശിയാണ്. ഷാർജയിലെ ലുലു ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ് അയാൾ. ഇക്കഴിഞ്ഞ മാർച്ച് 8ന് രാത്രിയിൽ പതിവുപോലെ ജോലിചെയ്യുകയായിരുന്ന മുക്താർ അസാധാരണമായ ഒരു കാഴ്ച്ച കണ്ടു.മുഖം മൂടി ധരിച്ച, കശാപ്പുകത്തിയും ചുറ്റികയുമേന്തിയ ഏതാനും അക്രമികൾ തങ്ങൾക്കുനേരെ പാഞ്ഞടുക്കുന്നു. ഒരു നിമിഷനേരത്തേക്ക് പകച്ചുപോയെങ്കിലും മുക്താറും കൂട്ടുകാരും ചേർന്ന് അക്രമികളെ സധൈര്യം നേരിട്ടു. പണപ്പെട്ടിയുമായി കടന്നുകളയാൻ ശ്രമിച്ച മുഖംമൂടിക്കാരെ ലുലു ജീവനക്കാർ മിനുട്ടുകളോളം ചെറുത്തുനിന്നു. അതിൻ്റെ ഫലമായി ഒന്നും തന്നെ മോഷണം പോയില്ല. ക്രിമിനലുകൾ വൈകാതെ തന്നെ അറസ്റ്റിലാവുകയും ചെയ്തു !

സ്വന്തം ജീവൻ പോലും പണയം വെച്ച് മോഷണശ്രമം പരാജയപ്പെടുത്തിയ മുക്താറിനെയും സുഹൃത്തിനെയും ഇപ്പോൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ആദരിച്ചിരിക്കുന്നു. പാരിതോഷികങ്ങൾക്കുപുറമെ മുക്താറിന് ഇനി ജോലിയിൽ സ്ഥാനക്കയറ്റവും ലഭിക്കും. കവർച്ചാ സംഘത്തെ സധെെര്യം നേരിട്ട ജീനക്കാർക്ക് അബുദാബിയിലെ ലുലു ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാനും എം.‌ഡിയുമായ എം.എ യൂസഫലി 5000 ദിർഹവും മൊമന്റോയും കീർത്തിപത്രവും സമർപ്പിച്ചു. ഇതേപൊലെ എല്ലാ ജീവനക്കാരും ജാഗരൂകരായിരിക്കണമെന്നും യൂസഫലി ചടങ്ങിൽ പറഞ്ഞു. കൃത്യ സമയത്ത് എത്തി പ്രതികളെ പിടികൂടിയ പൊലീസിനെയും അദ്ദേഹം അഭിനന്ദിച്ചു.

പാതി മരവിച്ച മനസ്സുമായി ജോലി ചെയ്യുന്നവരാണ് പല പ്രവാസികളും. അവരുടെ ഉടൽ അക്കരെയാണെങ്കിലും മനസ്സ് നാട്ടിലായിരിക്കും. ലീ­വ് കഴിഞ്ഞ് തിരിച്ചു പോകാൻ എയർപോർട്ടിലേക്ക് യാത്രതിരിക്കുമ്പോൾ കരച്ചിലടക്കാൻ പാടുപെടുന്ന എത്രയോ ഗൾഫുകാരെ കണ്ടിരിക്കുന്നു. ഒരു പ്രവാസിയുടെ നഷ്ടങ്ങൾ വളരെ വലുതാണ്.നാട്ടിലെ ആഘോഷങ്ങളും സൗഹൃദസദസ്സുകളും അയാൾക്ക് കൈമോശം വരുന്നു.പങ്കാളിയോടൊത്തുള്ള ജീവിതം നിഷേധിക്കപ്പെടുന്നു.കുഞ്ഞുങ്ങളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ നേരിട്ടുകണ്ട് ആസ്വദിക്കാൻ സാധിക്കാതെ വരുന്നു.പണം കൊണ്ട് എല്ലാം നേടാനോ വാങ്ങാനോ സാധിക്കുകയില്ലല്ലോ…

കുടുംബത്തെ രക്ഷിക്കുന്നതിനുവേണ്ടി വിമാനം കയറും.പിന്നീട് കുടുംബത്തിൻ്റെ അന്തസ്സ് നിലനിർത്തുന്നതിനുവേണ്ടി വിമാനയാത്രകൾ പതിവാക്കും.പല പ്രവാസികളുടെയും കഥ ഇതാണ്.ആഗ്രഹമുണ്ടായാലും അവർക്ക് നാട്ടിൽ തുടരാനാവില്ല.മരുഭൂമികൾ മാടിവിളിച്ചുകൊണ്ടേയിരിക്കും. ഗൾഫുകാരൻ കൊണ്ടുവരുന്ന പെർഫ്യൂമുകൾക്കും മറ്റു ഉത്പന്നങ്ങൾക്കും വേണ്ടി നാട് എന്നും കാത്തിരിക്കും.ലീവിനുവരുമ്പോൾ ചിരിക്കുന്ന മുഖത്തിനു പുറകിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഉരുകുന്ന മനസ്സ് പലരും കാണാറില്ല.

സ്വന്തം നാട്ടിൽ അനുഭവപ്പെടുന്ന സ്വാതന്ത്ര്യവും സുരക്ഷിതത്വബോധവുമൊന്നും മറ്റൊരു രാജ്യത്ത് ഉണ്ടാവണമെന്നില്ല.അങ്ങനെ സാധാരണ പ്രവാസി അനുഭവിക്കുന്ന മാനസികസംഘർഷങ്ങളിലൂടെ മുക്താറും കടന്നുപോകുന്നുണ്ടാവാം. നാട്ടിലെ മഴയും പച്ചപ്പും മറ്റും ഒാർക്കുമ്പോൾ ജോലി പോലും പല പ്രവാസികൾക്കും ദുഷ്കരമാകാറുണ്ട്. അപ്പോഴാണ് തീർത്തും അപരിചിതരായ ക്രിമിനലുകൾ മുക്താറിനെ ആക്രമിക്കാൻ വരുന്നത്. അതും ശാരീരികശക്തിയിൽ മലയാളികളേക്കാൾ ബഹുദൂരം മുമ്പിൽ നിൽക്കുന്ന ആഫ്രിക്കൻ സ്വദേശികൾ. ചെറുത്തു നിൽക്കാൻ വലിയ മനഃസ്സാന്നിദ്ധ്യം തന്നെ വേണം.

ആയുധമേന്തിയ അക്രമികളെ ഈ രീതിയിൽ നേരിട്ടത് ബുദ്ധിമോശമല്ലേ എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. അതിൽ കാര്യവുമുണ്ട്. പക്ഷേ പുറത്തിരുന്ന് നിർദ്ദേശങ്ങൾ നൽകാൻ എളുപ്പമാണ്. അസാധാരണമായ ഒരു അനുഭവത്തിലൂടെയാണ് മുക്താറും സംഘവും കടന്നുപോയത്. ആ സമയത്ത് ബുദ്ധിപൂർവ്വം ചിന്തിച്ച് തീരുമാനമെടുക്കാൻ കഴിയണമെന്നില്ല. പ്രത്യാക്രമണമാണ് ആ ഘട്ടത്തിൽ നല്ലതെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവും. ഭാഗ്യം കൊണ്ട് ആളപായം ഉണ്ടായതുമില്ല. കാഷ് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരനെ ക്രിമിനലുകൾ ആക്രമിച്ചപ്പോഴാണ് മറ്റു ജീവനക്കാർ കൂട്ടത്തോടെ ഇടപെട്ടത്. ലുലുവിലെ ജീവനക്കാർ പല ഭാഷകൾ സംസാരിക്കുന്നവരായിരുന്നു. പക്ഷേ കൂട്ടത്തിലുള്ള ഒരുത്തനെ മർദ്ദിക്കുന്നതു കണ്ടപ്പോൾ കൈയ്യും കെട്ടി നോക്കിനിൽക്കാൻ അവർക്ക് സാധിച്ചില്ല.അത് തീവ്രമായ മനുഷ്യത്വത്തിൻ്റെ ലക്ഷണമാണ്.

മാസാമാസം വലിയ തുക ശമ്പളമായി എണ്ണിവാങ്ങിയിട്ടും ചെയ്യുന്ന ജോലിയോടും സമൂഹത്തിലെ മനുഷ്യരോടും യാതൊരുവിധ പ്രതിബദ്ധതയും കാണിക്കാത്ത ഒരുപാട് ജീവനക്കാരെക്കൊണ്ട് നിറഞ്ഞതാണ് ഈ ലോകം. അവിടെയും മുക്താറും സംഘവും വേറിട്ടുനിന്നു. സ്വാർത്ഥരായ മനുഷ്യർ ഈ രീതിയിൽ പ്രതികരിക്കില്ല എന്നത് തീർച്ചയാണ്.മനുഷ്യത്വം,ആത്മാർത്ഥത തുടങ്ങിയ മൂല്യങ്ങൾക്ക് ലഭിച്ച പ്രതിഫലമാണ് ഈ പ്രമോഷൻ.മുക്താറിനും കുടുംബത്തിനും ഇനിയും നന്മകളുണ്ടാകട്ടെ. നാളെ അക്രമികളോട് പൊരുതുന്ന മറ്റൊരു മുക്താറിനെ കാണാനിടവരാതിരിക്കട്ടെ. വിജയം ഒട്ടും തന്നെ ഉറപ്പില്ലാത്ത വളരെയേറെ അപകടം പിടിച്ച ഒരു കളിയാണത്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്…