വിവോ V20 യുടെ ഒരു സിനിമാറ്റിക് ട്രാവൽ സ്റ്റൈൽ Unboxing വീഡിയോ

സുഹൃത്തുക്കളേ, ഞാൻ നിങ്ങളുടെ സുജിത് ഭക്തൻ. ബ്ലോഗിങ്, വ്ലോഗിങ് മേഖലയിൽ നിന്നും ഒരു ചുവടുകൂടി കടന്നുകൊണ്ട് ഒരു ചെറിയ പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ച വിവരം സന്തോഷത്തോടെ ഞാൻ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. ആ വിശേഷങ്ങളിലേക്ക് കടക്കാം.

സ്മാർട്ട്ഫോൺ മേഖലയിലെ പ്രധാന കമ്പനികളിലൊന്നായ വിവോ, V20 എന്ന പേരിൽ പുതിയ ഒരു മോഡൽ വിപണിയിലെത്തിച്ചിരിക്കുകയാണ്. ഇത്തരത്തിൽ വിവോ V20 യുടെ രണ്ടു വേരിയന്റുകളാണ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. 8 ജിബി RAM മെമ്മറിയും 128 ജിബി സ്റ്റോറേജ് ഉള്ളതുമായതാണ് വിവോ V20 യുടെ അടിസ്ഥാന പതിപ്പ്. ഇതിൻ്റെ ടോപ് വേരിയന്റിന് 256 ജിബി സ്റ്റോറേജുണ്ട്.

ഇതിനു മുൻപ് പുറത്തിറങ്ങിയ വിവോയുടെ V19 മോഡലിൻ്റെ പിൻഗാമിയായ V20 മനോഹരമായ രൂപകൽപ്പനയിലാണ് പുറത്തിറക്കിയിരിക്കുന്നത്. 44 എംപി സെല്‍ഫി ക്യാമറയും 64 എംപി ട്രിപ്പിള്‍ ക്യാമറയും ആകര്‍ഷകമായ ഡ്യുവല്‍ ടോണ്‍ ഡിസൈനും ഒക്കെയാണ് വിവോ V 20 ഫോണിനെ കൂടുതൽ ആകർഷകമാക്കുന്നത്. 7.38 എംഎം മാത്രമുള്ള പാനലും വിവോ V20-യുടെ ആകർഷണങ്ങളിൽ ഒന്നാണ്.

ഇനി ഡിസ്‌പ്ലെയുടെ കാര്യം നോക്കിയാൽ 2400 x 1800 പിക്‌സല്‍ റസലൂഷനിലുള്ള 6.44 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനു വരുന്നത്. ഒക്ടകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 720G SoC പ്രോസസ്സർ V20-യിൽ 8 ജിബി റാമുമായി ചേർന്നു പ്രവർത്തിച്ചാണ് പുതിയ വിവോ V20 യ്ക്ക് ശക്തി പകരുന്നത്. 4000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. 33W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതാണിത്.

എബിൻ ക്ളീറ്റസ് സംവിധാനം ചെയ്ത് അനിൽ വിജയ് ഛായാഗ്രഹണം നിർവ്വഹിച്ച പുതിയ വിവോ V20 യുടെ അതിമനോഹരമായ ഒരു അൺബോക്സിംഗ് വീഡിയോയിൽ അഭിനയിക്കുവാനാണ് എനിക്ക് ഭാഗ്യം ലഭിച്ചത്. ഇടുക്കി, മൂന്നാർ മേഖലകളിൽ സിനിമാറ്റിക് ആയി ചിത്രീകരിച്ച വീഡിയോയിൽ ഇടുക്കിയുടെ മാസ്മരികതയും വന്യതയും പച്ചപ്പുമെല്ലാം ഒട്ടും ചോർന്നുപോകാതെ ആസ്വദിക്കുവാൻ സാധിക്കും. ആ വീഡിയോ താഴെ കൊടുക്കുന്നു. ഒന്നു കണ്ടുനോക്കണേ.

പൊതുവെ വിവോ ഫോണുകൾ ക്യാമറയിൽ നൂതനവും വ്യത്യസ്തവുമായ മാറ്റങ്ങളും സവിശേഷതകളുമൊക്കെ നൽകുന്നവയാണ്. പുതിയ വിവോ V20 യില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറയും സെല്‍ഫിയ്ക്കായി ഒരു ക്യാമറയുമാണുള്ളത്. ട്രിപ്പിള്‍ ക്യാമറയില്‍ 64 എംപി സെന്‍സറാണ് ആദ്യം, ഒപ്പം എട്ട് എംപി സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറ, രണ്ട് എംപി മോണോ ക്യാമറ എന്നിവയും ഉള്‍പ്പെടുന്നു. 4K സെൽഫി വീഡിയോ, സ്റ്റെഡിഫേസ് സെൽഫി വീഡിയോ, സൂപ്പർ നൈറ്റ് സെൽഫി 2.0, ഡ്യുവൽ-വ്യൂ വീഡിയോ, സ്ലോ-മോ സെൽഫി വീഡിയോ, മൾട്ടി-സ്റ്റൈൽ പോർട്രെയിറ്റ് തുടങ്ങിയവയും വിവോ V20 യുടെ സവിശേഷതകളാണ്.

കമ്പനിയുടെ സ്വന്തം ഫൺടച്ച് OS 11 സ്‌കിന്നോടുകൂടി ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് V20 ഫോൺ പ്രവർത്തിക്കുന്നത്. സെപ്റ്റംബറിൽ എത്തിയ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന സവിശേഷതയും വിവോ V20 യ്ക്കുണ്ട്.

മിഡ്‌നെറ്റ് ജാസ്, മൂൺലൈറ്റ് സൊണാറ്റ, സൺസെറ്റ് മെലഡി എന്നിങ്ങനെ 3 നിറങ്ങളിലാണ് വിവോ V20 ലഭ്യമായിരിക്കുന്നത്. വെറും 171 ഗ്രാം ആണ് ഫോണിന്റെ ഭാരം. ഇനി ഫോണിന്റെ വിലയുടെ കാര്യം പറയുകയാണെങ്കിൽ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 24,990 രൂപയും, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 27,990 രൂപയുമാണ് വില. കൂടുതൽ വിവരങ്ങൾക്ക് : https://bit.ly/2SS22E9.