മോഹിച്ച് ഊട്ടിയിലെത്തി എന്നിട്ട് ഉടനെ മടങ്ങി? ഇതുപോലെ ചില യാത്രകൾ

വിവരണം – ദയാൽ കരുണാകരൻ.

ചിലപ്പോൾ നമ്മൾ നൂറുക്കണക്കിന് കി.മീറ്റർ ഓടി ചില സ്ഥലങ്ങളിൽ എത്തും. എന്നിട്ട് അവിടെ ഒന്നു കാലു കുത്തുക പോലും ചെയ്യാതെ മറ്റെവിടേക്കോ അല്ലെങ്കിൽ തിരികെ നമ്മുടെ താമസസ്ഥലത്തേക്ക് മടങ്ങിയെന്ന് വരാം. ‘ലക്ഷ്യത്തിലെത്തി ഉടൻതന്നെ മടക്കയാത്ര പ്ളാൻ ചെയ്യുക.’ ഇത്തരം അനുഭവങ്ങൾ നിങ്ങൾക്കും കാണാം. ഇത്തരം മൂന്നു യാത്രകൾ എനിക്കുമുണ്ട്. പക്ഷെ ഇതിൽ രണ്ടു യാത്രകൾ… റദ്ദാക്കി മടങ്ങിയ യാത്രകൾ… ഞാൻ കുറച്ചു നേരത്തിന് ശേഷം അവിടേക്ക് മടങ്ങി വന്നു പുനഃസ്ഥാപിച്ചു. എന്തോ… ആ യാത്രകൾ മൂന്നും അവിസ്മരണീയങ്ങളായി ഇപ്പോഴും മനസ്സിൽ നിറഞ്ഞു നില്ക്കുന്നു.

ഇതിൽ ആദ്യത്തെ യാത്ര എന്റെ ബാച്ച്ലർ കാലത്തേതായിരുന്നു. അന്ന് നാല് അവധി ദിനങ്ങൾ ഒത്തു കിട്ടുകയോ ഞങ്ങൾ നാലു സുഹൃത്തുക്കൾ കൂട്ടിമുട്ടുകയോ ചെയ്താൽ ഒരു അഞ്ചാമൻ പ്രത്യക്ഷപ്പെടുക പതിവായിരുന്നു. സുഹൃത്തായ ടാക്സി മുതലാളി കം ഡ്രൈവർ. കക്ഷിയുടെ ലോഗൊ തന്നെ ഇങ്ങനെയായിരുന്നു.” ഈറ്റിഞ്ഞും ഡ്രിഞ്ചിഞ്ഞും ഒണ്ടോ വെയ്റ്റിഞ്ഞ് ഫ്രീ” (If any food and boozing, waiting charge is free). ആ മാസത്തെ കാർ ലോൺ ഇ.എം.ഐ അടയാനുള്ള ഓട്ടം കിട്ടിയാൽ കക്ഷി ഞങ്ങളുടെ കൂടെ ഏത് കാട്ടിലും എത്ര ദിവസവും വന്നു സന്തോഷത്തോടെ സഹകരിക്കുമായിരുന്നു. കാരണം അദ്ദേഹത്തിന്റെയും ലഹരിയായിരുന്നു.

അത് വെറുമൊരു സാരഥി മാത്രമായിരുന്നില്ല. ആറടി ഉയരവും ആജാനു ബാഹുതയും കൊമ്പൻമീശയുമൊക്കെ നിമിത്തം യാത്രാവഴിയിൽ ഒരു ‘വൈറ്റ് ക്യാറ്റി’ന്റെ അകമ്പടി തോന്നിപ്പിക്കുകയും ചെയ്തിരുന്നു. ആ സുഹൃത്തിന് വരാൻ കഴിഞ്ഞില്ലെങ്കിൽ കൂട്ടു ചേരാൻ മറ്റൊരു സുഹൃത്ത് കാറുമായി വരുമായിരുന്നു. നാഷണൽ പെർമിറ്റ് ലോറിയൊക്കെയുള്ള ഒരു ഇന്റ്റർ സ്റ്റേറ്റ് ട്രാവൽ എക്സപെർട്ട് സുഹൃത്തായിരുന്നു അത്.

അന്നൊക്കെ അടുത്തടുത്ത അവധി ദിവസങ്ങൾ വന്നാൽ ഞങ്ങൾക്ക് ഒരു യാത്ര ഉറപ്പായിരുന്നു. ഞങ്ങളിൽ മിക്കവരും മികച്ച ഡ്രൈവിംഗ് സ്റ്റാറുകളായിരുന്നു. അതിനാൽ ഒരു രാത്രി കൊണ്ട് തമിഴ്നാടോ കർണ്ണകയോ എത്തുന്നത് പ്രശ്മായിരുന്നില്ല. അന്ന് ഞങ്ങളുടെ ക്യാമ്പിങ്ങ് എന്റെ വീടിനടുത്തുള്ള ഒരു പൗരാണിക ക്ഷേത്രത്തിന്റെ ആൽത്തറയും അതിനടുത്തുള്ള സുഹൃത്തിന്റെ വ്യാപാരസ്ഥാപനുമായിരുന്നു. സത്യത്തിൽ ആ സുഹൃത്തായിരുന്നു ഞങ്ങളുടെ ആദ്യകാലയാത്രകളുടെ സംഘാടകൻ. ദുഖകരമെന്നു പറയട്ടെ ആ സുഹൃത്ത് അകാലത്തിൽ തന്നെ ഞങ്ങളെ വിട്ടുപോയി. അന്നത്തെ ഞങ്ങളുടെ യാത്രകൾ അപ്നാ അപ്നാ ആയിരുന്നു. അതായത് ഒരാൾ മൊത്തം ചിലവും കൈകാര്യം ചെയ്ത് യാത്ര തീരുമ്പോൾ തുല്യമായ വീതം വക്കുന്ന മാന്യമായ ഇടപാട്.

സ്കൂളിൽ നിന്നും കോളേജിലേക്ക് എത്തിയ കാലം. ആയിരത്തി തൊള്ളായിരത്തി എൺപതുകൾ… അതായത് ഞങ്ങൾ യാത്ര തുടങ്ങിയ കാലത്തെ അവസ്ഥകളാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. എൺപതുകളുടെ പകുതിയിൽ ഞങ്ങളുടെ യാത്രകൾ മിക്കവയും പഠനവും തൊഴിൽ തേടലും ബോംബെയിലെ ഗൾഫ് ഇന്റ്റർവ്യൂ എന്നൊക്കെ പറഞ്ഞ് വീട്ടുകാരെ വെട്ടിക്കുന്നതായിരുന്നു. തൊണ്ണൂറുകൾ ആയപ്പോഴേക്കും ഞങ്ങളൊക്കെ തൊഴിലും വരുമാനവുമൊക്കെയായി മാതാപിതാക്കളോട് യാത്രക്ക് പോകുന്നു എന്ന് പറഞ്ഞു പോകാൻ തക്ക പ്രായത്തിലായി കഴിഞ്ഞിരുന്നു. തൊണ്ണൂറുകളിൽ വീട്ടിൽ നിന്നും വണ്ടിയെടുത്ത് പോകാനുള്ള ലൈസൻസൊക്കെ കിട്ടിയ കാലമായിരുന്നു. തൊണ്ണൂറുകളിലെ ഞങ്ങളുടെ മിക്ക യാത്രകളും ഞങ്ങളിൽ ഒരുവന്റ്റെ സുമോയിലായിരുന്നു. സത്യത്തിൽ ആ യാത്രകളൊക്കെ വിവരണാതീതമാണ്.

ലക്ഷ്യത്തിലെത്തി ഉടൻ മടക്കയാത്ര’യെ കുറിച്ച് പറയുമ്പോൾ എന്റെ മനസ്സിൽ വരുന്ന ആദ്യത്തെ യാത്ര തൊണ്ണൂറുകളിലെ ടാറ്റാ സുമോയിലുള്ള ഒരു മടിക്കേരി- മൈസൂർ- ബാംഗ്ലൂർ വഴി ഊട്ടി യാത്രയാണ്. ഒരു പാതിരാവിൽ തുടങ്ങിയ ഒരു ഗോവ യാത്ര മഴയുടെ രൗദ്രത കൊണ്ട് വഴിമാറി മാറി മടിക്കേരിയുടെ മടിയിലെത്തുകയായിരുന്നു. പിന്നെ ആ യാത്ര ദിവസങ്ങൾ കഴിഞ്ഞ് ഊട്ടിയിലെത്തുകയായിരുന്നു. ഈ യാത്രയുടെ ആദ്യ പാദത്തിൽ കൊയിലാണ്ടിക്കും തലശ്ശേരിക്കുമിടയിൽ ആളനക്കമില്ലാതിരുന്ന ഏതൊ ഒരു ശ്രീ കുരുംബ ദേവി ക്ഷേത്രത്തിൽ ഞങ്ങൾ കയറിയതും അവിടെ ചില സംഭവങ്ങളുണ്ടായതും മറ്റും സംബന്ധിച്ച എന്റെ ഒരു പോസ്റ്റ് ചിലരെങ്കിലും ഓർക്കുന്നുണ്ടായിരിക്കും. അന്ന് മടിക്കേരിയും മൈസൂറും നടന്നുകണ്ട ഞങ്ങൾ എന്തിന് ബാംഗ്ലൂരിലും ഊട്ടിയിലും പോയി എന്നത് ഇന്നും എനിക്ക് മനസ്സിലാവുന്നില്ല.

മൈസൂർ അന്ന് എന്റെ ഒരു സെക്കന്റ് ഹോം ടൗണായിരുന്നു. കണ്ണു കെട്ടി വിട്ടാലും മൈസൂർ മൊത്തം തെറ്റാതെ കറങ്ങി വരുന്ന കാലം. ആ യാത്രയിൽ ഞങ്ങൾ മൈസൂരിൽ ഒരു പകലും രാത്രിയും ചിലവഴിച്ചു. അടുത്ത ദിവസം വൈകിട്ട് മൈസൂറിൽ നിന്നും ബാംഗ്ലൂരെത്തി. എം.ജി റോഡിലെ ഒരു ഹോട്ടലിൽ ഡിന്നർ കഴിക്കുമ്പോൾ ഞങ്ങൾ തീരുമാനിച്ചത് ഇങ്ങനെയായിരുന്നു. ‘ബാംഗ്ലൂരിൽ എത്രയോ തവണ വന്നിരിക്കുന്നു. ഇവിടെ എന്തു കാണാനാണ്.’ സത്യത്തിൽ അന്ന് ബാംഗ്ലൂരിന്റ്റെ എല്ലാ മൂലകളിലും ഞാൻ സഞ്ചരിച്ചിരുന്ന ഇടങ്ങളുമായിരുന്നു. അങ്ങനെ ഞങ്ങൾ അടുത്ത രാവിലെ ഊട്ടിയിലേക്ക് യാത്ര തീരുമാനിച്ചു.

അടുത്ത ദിവസം രാവിലെ തുടങ്ങിയ ഊട്ടിയാത്ര വൈകുന്നേരമായിരുന്നു ലക്ഷ്യം കണ്ടത്. നേരെ പോയത് ഊട്ടി തടാകത്തിലേക്ക്. അവിടെ എത്തിയപ്പോൾ വെളിച്ചം മങ്ങിയിരുന്നു. അവിടെ എത്തിയപ്പോൾ എനിക്ക് ഒരു ഭയമുണ്ടായി. “ഊട്ടിയിൽ തൊട്ടു മുന്നേ വന്നതല്ലേ ഇവിടെ എന്തു കാണാൻ?” എന്ന് ആരെങ്കിലും ചോദിക്കുമോ എന്ന ഭയം. അന്തരിച്ച നടൻ മുരളി അഭിനയിച്ച ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് അതിന്റ്റെ പ്രൊഡക്ഷൻ മാനേജർ ഞങ്ങളുടെ യാത്രാ ടീമിലെ സുഹൃത്തിന്റെ അമ്മാവനായിരുന്നു. ആ സമയത്ത് ഞങ്ങൾ ഊട്ടിയിലുണ്ടായിരുന്നു.

അങ്ങനെ ഭയത്തിന്റ്റെ ‘ആക്ഷൻ’ മുഖത്ത് വരുത്തി ഞാനും സുഹൃത്തുക്കളും കാറിൽ തന്നെ ഇരിക്കയാണ്. ആ സമയത്ത് നല്ല തണുപ്പുമുണ്ടായിരുന്നു. ഒരു സുഹൃത്ത് പാർക്കിംഗ് ഗ്രൗണ്ടിലെ ടോയ്ലറ്റിൽ പോകാൻ വേണ്ടി മാത്രം പുറത്തിറങ്ങി. മറ്റൊരാൾ വീട്ടിലേക്ക് ടെലിഫോൺ വിളിക്കുന്നതിനായും ഇറങ്ങി. അന്ന് മൊബൈൽ ഫോൺ ഇവിടെ ഇറങ്ങിയ കാലമാണ്. ആ സമയം ഞങ്ങൾ കാറിൽ തന്നെ ഇരുന്നു. ഫോൺ ചെയ്യാൻ പുറത്തിറങ്ങിയ സുഹൃത്ത് മടങ്ങി വന്നു. ഞാൻ ഭയന്നത് സംഭവിച്ചു. ആ സുഹൃത്ത് പറഞ്ഞത് മടങ്ങി പോകണമെന്നായിരുന്നു. പ്രത്യേകിച്ച് വലിയ കാരണമൊന്നും ആ സുഹൃത്ത് പറഞ്ഞതുമില്ല. വെറുമൊരു ഹോം സിക്നെസ്സ് മാത്രം.

ഇതിനിടയിൽ ടോയ്ലറ്റിൽ പോയ സുഹൃത്ത് മടങ്ങി വന്നു. ഉടൻ മടങ്ങണമെന്ന തീരുമാനം ആ സുഹൃത്തിനെ വല്ലാതെ ഉലച്ചു. അന്ന് ഞങ്ങൾ മൂന്നു സുഹൃത്തുക്കൾക്ക് ഊട്ടിയിൽ തങ്ങണമെന്നു തന്നെയായിരുന്നു താല്പര്യം. പക്ഷെ ഞങ്ങളുടെ യാത്രയുടെ ജനറൽ പോളിസി- ‘സന്തോഷ യാത്ര, ഒന്നിനും കലഹം പാടില്ല’ പ്രകാരം ആരും എതിർപ്പൊന്നും പറഞ്ഞില്ല. അങ്ങനെ ടോയ്ലറ്റിൽ പോയി വന്ന സുഹൃത്ത് കാറിൽ കയറിയതും ഞങ്ങളുടെ മടക്കയാത്ര തുടങ്ങുകയും ചെയ്തു. സത്യത്തിൽ ഞങ്ങൾ മൂന്നു പേർക്ക് ആ മടക്കയാത്ര വല്ലാത്ത വിഷമമാണ് തന്നത്.

അന്നത്തെ ആ ബാംഗ്ളൂർ – ഊട്ടി യാത്ര കൊല്ലെഗൽ, ചാമരാജ് നഗർ വഴിയോ അതോ ബന്ദീപൂർ മസിനഗുഡി വഴിയോ എന്ന് തീർച്ചയില്ല. പക്ഷേ ആ യാത്ര വനഭംഗി കൊണ്ടും ചെക്ക്പോസ്റ്റിലെ വനപാലകരുടെ മദ്യം തേടിയുള്ള പരിശോധനയാലും മറക്കാനാവാത്തതായിരുന്നു. ഇന്ന് ഓർക്കുമ്പോൾ ആ ഊട്ടി യാത്രയുടെ ബാക്കി പത്രമെന്ന് എനിക്ക് പറയാൻ അവശേഷിക്കുന്നത് ആ യാത്രയുടെ ആദ്യപാദത്തിൽ സംഭവിച്ച കൊയിലാണ്ടി തലശ്ശേരി പാതയിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ദുരൂഹത സംബന്ധിച്ച എന്റെ പോസ്റ്റ് മാത്രമാണ്.

അടുത്ത ‘ലക്ഷ്യത്തിലെത്തി ഉടൻ മടക്കയാത്ര’ 2009 ൽ ആണ്. അത് എന്റെ ഒരു കൊടൈക്കനാൽ ഫാമിലി യാത്ര ആയിരുന്നു. ആ യാത്ര ആദ്യ ദിവസം തേക്കടിയിൽ തങ്ങി. രണ്ടാം ദിനം രാവിലെ 10 മണിയോടെ കൊടൈക്കനാലിലെത്തി. ആ യാത്ര മുൻകൂട്ടി നിശ്ചയിച്ചു ഹോട്ടൽ ബുക്കു ചെയ്തതായിരുന്നില്ല. കാലാവധി തീർന്നു പുതുക്കാത്ത ഡ്രൈവിംഗ് ലൈസൻസ് പോലും അന്ന് കൈവശമില്ലായിരുന്നു. അന്നത്തെ കൈമുതൽ എന്തും നേരിടാമെന്നുള്ള അമിതവിശ്വാസവും ഒരു എ.ടി.എം കാർഡും മാത്രമായിരുന്നു. ഫാമിലി യാത്രകളിൽ ഈ അമിത വിശ്വാസം നല്ലതല്ല.

രാവിലെ കൊടൈക്കനാൽ എത്തി ഗൈഡ് സെൽവനെ പിടികൂടി. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിനാൽ ഒരു തമിഴ് പേശലിന് ഒരാൾ ഇരിക്കട്ടെയെന്നു കരുതി. ആദ്യം ഹോട്ടൽ താമസം അന്വേഷിച്ചു. സീസൺ ആയിരുന്നതിനാൽ ഇഷ്ട ഹോട്ടലുകൾ എല്ലാം മുഖം തിരിച്ചു നിന്നു. മാർക്കറ്റ് റോഡിലെ ഹോട്ടൽ റെഡ് ആപ്പിൾ ഉച്ചക്ക് ശേഷം നോക്കാമെന്ന് ഭാഗികമായി ഏറ്റു. വേഗം ഞങ്ങൾ ഗൈഡ് സെൽവനുമായി ഒരു ‘ഹാഫ് ഡേ’ കൊടൈ സഞ്ചാരത്തിനിറങ്ങി. ഇതിനിടയിൽ ഹോട്ടൽ റെഡ് ആപ്പിളിലെ വിളി വന്നു ‘നോ റൂം’. അതോടെ മനസ് ഇരുന്നു പോയി. ദക്ഷിണേന്ത്യയിലെ എന്റെ സ്ഥിരം സ്ഥലങ്ങളിലൊക്കെ എനിക്ക് മനസ്സിന് പിടിച്ച ചില ഹോട്ടലുകൾ കിട്ടിയില്ലെങ്കിൽ അത് എന്നെ മാനസികമായി അലട്ടുക പതിവാണ്.

ഏകദേശം 4 മണിയോടെ സെൽവൻ ഞങ്ങളെ കൊടൈക്കനാലിന്റ്റെ മിക്ക സ്ഥലങ്ങളിലും കൊണ്ടു പോയിരുന്നു. അങ്ങനെ വൈകുന്നേരത്തോടെ ഞങ്ങൾ കൊടൈ പര്യടനമൊക്കെ ധൃതിയിൽ തീർത്ത് സെവൻസ് റോഡ് ജംഗ്ഷന് അടുത്തുള്ള ഷോപ്പിംഗ് സ്ട്രീറ്റിലെത്തി. 1990 ലെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയിൽ ശങ്കർ മോഹൻലാലിനെ ആദ്യമായി കാണുന്നത് ഇവിടുത്തെ ഒരു ബുക്ക് ഷോപ്പിൽ വച്ചായിരുന്നു. 2009 ൽ അവിടെ ബുക്ക് ഷോപ്പിന് പകരം കോസ്മെറ്റിക് ഷോപ്പ് പോലെ എന്തോ ആയിരുന്നു. എപ്പോൾ കൊടൈ എത്തുമ്പോഴും ഞാൻ ലാലേട്ടന്റ്റെ നരേന്ദ്രനെയും പ്രഭയെയുമൊക്കെ സങ്കല്പിച്ച് അവിടെ ഇത്തിരി നില്ക്കുക പതിവാണ്. അവിടെ നിലക്കുമ്പോൾ ലാലേട്ടന്റ്റെ ആ പഴയ ഇടം നമ്മൾ മലയാളികളുടെ സ്വന്തം ഇടമെന്ന തോന്നൽ നമ്മളിലുണ്ടാക്കും. അതൊരു പ്രത്യേക സുഖമാണ്.

പക്ഷെ 2009 ലെ എന്റെ മനസ്സിന്റെ ഭാവം വിഷാദമായിരുന്നു. വിഷാദത്തിൽ പാതി മഞ്ഞിൽ വിരിഞ്ഞ പൂവിന്റ്റെ സംഭാവനയായിരുന്നു. പാതി ഹോട്ടൽ ‘റെഡ് ആപ്പിളി’ൽ മുറി കിട്ടാതെ പോയതിന്റ്റെയും. അവിടെ വച്ച് ഞാനൊരു തീരുമാനമെടുത്തു. നേരെ മടങ്ങുക. തേക്കടിയിലേക്ക്. പാതിരാത്രിയിൽ അവിടെയെത്തി ഉറങ്ങാം. അങ്ങനെ ഞങ്ങൾ കൊടൈക്കനാലിനോട് വിടപറഞ്ഞ് Laws ghat റോഡിലൂടെ യാത്രയായി. കൊടൈ നിന്നും കുറച്ചു കി.മീറ്റർ താഴെ വന്നപ്പോൾ വഴിയരികിൽ ഒരു വീടിന്റെ മരവേലിക്ക് പുറത്ത് കൂട്ടമായി പടർന്നു കിടക്കുന്ന ചെറിയ ചുവന്ന Euforbia പൂക്കൾ പോക്കുവെയിലിൽ തിളങ്ങി നില്ക്കുന്നത് കണ്ടു. വളരെ ആകർഷകമായിരുന്നു അത്.

ഞാൻ അവിടെ കാർ നിർത്തി. ഞങ്ങളുടെ കുറച്ചു ചിത്രങ്ങൾ എടുത്തു. അവിടെ നിന്നും ഒടിച്ചു കൊണ്ടു വന്ന Euforbia ചെടി ഇന്നും ഞങ്ങളുടെ ബാൽക്കണിയിലുണ്ട്. അവിടെ വച്ച് എടുത്ത ഞങ്ങളുടെ മക്കളുടെ ചിത്രം വാർഡ് റോബിൽ ഇപ്പോഴും പതിച്ചു വച്ചിട്ടുണ്ട്. സത്യത്തിൽ ആ Euforbia പൂക്കൾ കണ്ടപ്പോൾ മനസ്സിലേക്ക് ഒരു സന്തോഷം ഇരച്ചു വന്നു. വിഷാദമൊക്കെ അകന്നു പോയി. കൊടൈ സെവൻസ് റോഡിലെ ലാലേട്ടന്റ്റെ നരേന്ദ്രനും പ്രഭയും നടന്നു പോയ ഇടങ്ങൾ വീണ്ടും കാണണമെന്ന് തോന്നി. വൈഫിനോട് ഞാൻ മടങ്ങി കൊടൈയിലേക്ക് പോകുന്നതിനേ കുറിച്ച് ചോദിച്ചു. സത്യത്തിൽ അവളും അത് ആഗ്രഹിച്ചിരുന്നു. നേരെത്തെ അവൾ എന്റെ ഭ്രാന്തിന് വെറുതെ കൂട്ടു നില്ക്കുകയായിരുന്നു. അങ്ങനെ വീണ്ടും സെൽവനെ വിളിച്ചു. ഞങ്ങൾ മടങ്ങി കൊടൈയിൽ എത്തിയപ്പോൾ ഫോറസ്റ്റ് ഓഫീസ് അടുത്ത് വൃത്തിയുള്ള ഒരു പുതിയ ഹോട്ടൽ സെൽവൻ കണ്ടെത്തി വച്ചിരുന്നു. അങ്ങനെ ആ രാത്രി അവിടെ തങ്ങി.

പിറ്റേദിവസത്തെ കൊടൈ പകൽ എനിക്ക് വലിയ സർപ്രൈസാണ് തന്നത്. അന്ന് ബെരിജം ലേക്കിൽ വച്ചാണ് എനിക്ക് അത് ഉറപ്പിക്കാൻ കഴിഞ്ഞത്. 1990 ൽ ഞാനും സുഹൃത്തുക്കളും ചേർന്ന് ഒരു അംബാസിഡർ കാറും ഉന്തിപ്പോയത് സാക്ഷാൽ എസ്കേപ്പ് റോഡിലൂടെ ആയിരുന്നെന്ന്. അതിന് സഹായകമായത് അന്ന് (2009) ‘ബെരിജം ലേക്’ ചെക്ക്പോസ്റ്റിൽ വച്ചു കണ്ടുമുട്ടിയ ഒരു വിരമിച്ച വനപാലകൻ നിമിത്തവും. 1990 ലെ ഞങ്ങളുടെ എസ്കേപ്പ് റോഡ് യാത്ര കാലത്തെ എസ്കേപ്പ് റോഡിനെയും ബെരിജം ചെക്ക്പോസ്റ്റിനെയും നന്നായി അറിയുന്ന ആളായിരുന്നു ആ വനപാലകൻ.

2009 ലെ ആ കൊടൈക്കനാൽ യാത്രയിലെ അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ എനിക്ക് തന്നത് 1990 ലെ ഞങ്ങളുടെ മാസ്മരികമായ എസ്കേപ്പ് റോഡ് യാത്രയുടെ താക്കോലുകളായിരുന്നു. സത്യത്തിൽ എസ്കേപ്പ് റോഡ് യാത്ര സംബന്ധിച്ച എന്റെ എഫ്.ബി പോസ്റ്റുകൾക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങൾ കിട്ടയത് 2009 ലെ ആ കൊടൈക്കനാൽ യാത്രയിലെ ട്വിസ്റ്റുകൾ നിമിത്തമായിരുന്നു. വിരമിച്ച ആ പഴയ വനപാലകൻ യാദൃശ്ചികമായി ബെരിജം ലേക് ചെക്ക്പോസ്റ്റിലെത്തുക, ആ സമയം ഞാൻ അവിടെ എത്തുക, എസ്കേപ്പ് റോഡിന്റ്റെ 90 കളെ കുറിച്ച് ആ വനപാലകനിൽ നിന്നും കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുക. അയാളെ എനിക്ക് കാണാൻ കഴിഞ്ഞ ഒരു ടൈമിംഗ് ഉണ്ട്. സത്യത്തിൽ ആ ടൈമിംഗ് സൃഷ്ടിച്ചത് തലേദിവസത്തെ ആ യാത്ര റദ്ദാക്കി പോകലും മടങ്ങി വരവുമൊക്കെയായിരുന്നില്ലേ? അതാണ് ‘ഉർവ്വശീ ശാപം ഉപകാരം! ‘

എന്റെ അടുത്ത ‘ലക്ഷ്യത്തിലെത്തി ഉടൻ മടക്കയാത്ര’ 2016 മെയ് അവസാനത്തെ ഒരു വാൽപ്പാറ യാത്ര ആയിരുന്നു. ആ യാത്ര തുടങ്ങിയത് മൂന്നാറിൽ നിന്നുമായിരുന്നു. ഉച്ചക്ക് വാൽപ്പാറയെത്തി. വാസ്തവത്തിൽ അത് ആദ്യം ഒരു മൂന്നാർ യാത്ര മാത്രമായിരുന്നു. മൂന്നാറിൽ എത്തിയതിന് ശേഷമാണ് വാൽപ്പാറ തീരുമാനിക്കപ്പെടുന്നത്. മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിന് തൊട്ടു മുമ്പുള്ള ആഴ്ചയായതിനാൽ വാൽപ്പാറയിലെ നാമമാത്രമായ ഹോട്ടലുകളും ഹോംസ്റ്റേകളും ഹൗസ്ഫുൾ ആയിരുന്നു. വാൽപ്പാറയിലാകട്ടെ അന്ന് ഒരു നല്ല ഹോട്ടൽ മാത്രമാണുണ്ടായിരുന്നത്. ബാക്കിയൊക്കെ ഹോംസ്റ്റേകളും മറ്റുമായിരുന്നു. ഞങ്ങൾ കണ്ട ഒഴിവുള്ള ഹോംസ്റ്റേകൾ മിക്കവയും നിലവാരമില്ലാത്തതായിരുന്നു.

അവിടെ നല്ല ഹോട്ടൽമുറി കിട്ടാത്തതിനാൽ വൈകുന്നേരത്തോടെ ഞങ്ങൾ വാൽപ്പാറ വിട്ട് അതിരപ്പിള്ളി – ചാലക്കുടിക്ക് പോകാൻ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ മടങ്ങുകയും ചെയ്തു. മലക്കപ്പാറ ചെക്ക്പോസ്റ്റിൽ വൈകിട്ട് 6 മണിക്ക് മുമ്പേ എത്തിയില്ലെങ്കിൽ ചെക്ക്പോസ്റ്റ് അടക്കുകയും ചെയ്യുമായിരുന്നു. വാൽപ്പാറ – മലക്കപ്പാറ ഏകദേശം 45 മിനിറ്റ് യാത്ര. അങ്ങനെ മലക്കപ്പാറ യാത്ര തുടരുമ്പോൾ മനസ്സിലൊരു ചിന്ത ഉടലെടുത്തു. വാൽപ്പാറയിൽ വന്നിട്ട് അവിടുത്തെ രാത്രി തണുപ്പ് അറിഞ്ഞില്ലെങ്കിൽ അതൊരു നഷ്ടമല്ലേ. മെയ് മാസം ആയതിനാൽ പകൽ അത്ര തണുപ്പില്ലായിരുന്നു.

അങ്ങനെ തേയിലക്കാടുകൾക്ക് നടുവിലെ പാതയിൽ കാർ നിർത്തി ഞാൻ ആലോചനയിലാണ്ടു. എന്നാൽ സായാഹ്ന സൂര്യനിൽ ഇത്തിരി ഫോട്ടോഷൂട്ടും ആകട്ടെയെന്ന് കരുതി. ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോഴേക്കും മലക്കപ്പാറ ചെക്ക്പോസ്റ്റ് അടക്കേണ്ട 6 മണിയുമെത്തി. ഒടുവിൽ ഞങ്ങൾ ഒരു തീരുമാനത്തിലെത്തി. വഴിയരികിൽ കാറിൽ കിടന്നായാലും വാൽപ്പാറയിലെ തണുപ്പ് അനുഭവിക്കണമെന്ന്. അങ്ങനെ റദ്ദാക്കിപ്പോയ വാൽപ്പാറ യാത്ര വീണ്ടും വാൽപ്പാറയിലേക്ക് തിരിച്ചു.

മടങ്ങി എത്തിയപ്പോൾ ഭാഗ്യത്തിന് ടൗണിൽ തന്നെ ഒരു റിസോർട്ട് റൂം കിട്ടി. ഏജന്റ് പറഞ്ഞത് 2500 രൂപ. പക്ഷെ ആ റിസോർട്ടിന്റ്റെ നടത്തിപ്പ് വൃദ്ധൻ വാങ്ങിയത് 1000 രൂപയും. നേരം വൈകിയതോടെ വേനൽമാസമായിട്ടും വാൽപ്പാറയിലെ തെരുവിലേക്ക് ശക്തമായ കോടമഞ്ഞും ശീതവും അരിച്ചിറങ്ങി. ഫുഡ് വാങ്ങാൻ പുറത്ത് പോയ ഞാനും ഇളയ മകനും വൂളൻ ജാക്കറ്റിലും വിറച്ചു വിറച്ചാണ് റൂമിൽ എത്തിയത്. രാത്രിയായതോടെ സൂചിമഴയും തുടങ്ങി.

ആ വേനൽ രാത്രിയിൽ റിസോർട്ട് നടത്തിപ്പുകാരനായ വൃദ്ധൻ ഞങ്ങൾക്ക് റൂമിൽ ഹീറ്റർ വച്ചു തന്നു. പുറത്തെ ഹാളിൽ അയാൾ പഴയ ഫയർ ഹോളിൽ വിറകെരിച്ച് എനിക്ക് വാൽപ്പാറയുടെ പഴയ കഥകൾ പറഞ്ഞു തന്നു. കഥകൾ കൊണ്ടും മഞ്ഞു കൊണ്ടും അതിസുന്ദരമായൊരു രാത്രിയായിരുന്നു അത്. ആ കഥയിൽ വാൽപ്പാറയുടെ തുടക്കമുണ്ടായിരുന്നു. ആരുടെയൊക്കെയോ പിതാമഹന്മാരുണ്ടായിരുന്നു. അവരുടെ ജീവിതകഥകളുണ്ടായിരുന്നു. എല്ലാം ഞാൻ കേട്ടിരുന്നു.

ആ യാത്ര മടങ്ങിവന്ന ഉടനെ ഞാൻ വാൽപ്പാറ യാത്രയെ കുറിച്ച് എഴുതി തുടങ്ങി. സാധാരണ യാത്ര കഴിഞ്ഞു വന്നാൽ ഉടനെയൊന്നും ഞാൻ എഴുതാറില്ല. പക്ഷെ വാൽപ്പാറ യാത്ര കഴിഞ്ഞു വന്ന ഉടനെ ഞാൻ ഭൂരിഭാഗവും എഴുതി തീർന്നു. എവിടെയോ എന്തോ മറന്നപോലെ എഴുത്ത് ഇത്തിരി നിർത്തി. പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് എനിക്കൊരു കടുത്ത പനി വന്നു. ശരീരോഷ്മാവ് വല്ലാതെ കടുത്തു. വൈഫ് നെറ്റിയിൽ തുണി നനച്ചിട്ടു. ഊഷ്മാവ് പിന്നെയും കൂടി. എനിക്ക് ഒരിഞ്ച് നടക്കാനാകാതെ വിഷമിച്ചു.

എന്നെ ആശുപത്രിയിലെ ക്രിട്ടിക് കെയറിലാക്കി. ഡെംഗു ഫീവർ പോലെ. നാട്ടിൽ നിന്നും അമ്മയും ബന്ധുവും എന്നെ കാണാൻ വന്നു. എന്റെ രക്തത്തിലെ ശ്വേതരക്താണുക്കൾ അനുദിനം കുറഞ്ഞ് അപകടാവസ്ഥയിലേക്ക് എത്തുന്നതിന്റ്റെ വക്കിലെത്തി. ആ രാത്രികളിൽ ഞാൻ അസാധാരണമായ സ്വപ്നങ്ങൾ കണ്ടു. ആ സ്വപ്നങ്ങൾ എല്ലാം എന്റെ വാൽപ്പാറ പോസ്റ്റിന്റ്റെ പൂർത്തീകരണങ്ങളായിരുന്നു. ചിലപ്പോൾ എന്റെ പ്രഞ്ജ നഷ്ടപ്പെട്ടു അബോധത്തിലേക്ക് പോകുന്നത് ഞാൻ തിരിച്ചറിഞ്ഞു. അബോധത്തിൽ നിന്നും പിടഞ്ഞെഴുന്നേൽക്കാൻ ഞാൻ കിണഞ്ഞു ശ്രമിച്ചു. ഒന്നും സംഭവിക്കില്ലെന്ന് എന്റെ മനസ്സ് പറഞ്ഞു. രാത്രിയിൽ ഞാൻ പിടഞ്ഞെഴുന്നേക്കുമ്പോൾ എനിക്കു മനസ്സിലായി ഏറെ നേരമായി എനിക്ക് ബോധമില്ലായിരുന്നെന്ന്. കിടന്ന ബെഡ്സ്പ്രെഡ് മൊത്തമായി വിയർപ്പിൽ മുങ്ങിക്കിടന്നിരുന്നു. ശരീരം തണുത്ത് മരവിച്ചിരുന്നു.

ആ ജ്വരമൂർച്ഛയിൽ ഞാൻ ഓർത്തത് വാൽപ്പാറയിലെ റിസോർട്ടിലെ വൃദ്ധൻ പറഞ്ഞ കഥയിലെ പിതാമഹന്മാർ കടന്നുപോയ മലമ്പനിയുടെയും തുള്ളൽപ്പനിയുടെയും അവസ്ഥയെ കുറിച്ചായിരുന്നു. ശരിക്കും ആതുരാലയത്തിലെ ആ രാത്രി ഞാൻ കടന്നു പോയത് ജ്വരാവിഷ്ടമായ ആദി വാൽപ്പാറയുടെ ദിനങ്ങളിലൂടെ ആയിരുന്നു. ആരുടെയോക്കെയോ പിതാമഹന്മാരെ കൊന്നുതിന്ന പരമാണുക്കൾ ജനിതക ഗോവണികളെ പ്രച്ഛന്നതപ്പെടുത്തി ഇപ്പോഴും വാൽപ്പാറയിൽ പതിയിരിക്കയാണോ എന്ന് എനിക്ക് തോന്നിച്ച ദിനങ്ങൾ.

എന്തായാലും ആ വാൽപ്പാറ യാത്ര ആദ്യം എനിക്ക് മടങ്ങണമെന്ന് തോന്നിയെങ്കിലും. റിസോർട്ടിലെ വൃദ്ധന്റ്റെ കഥകൾ കേൾക്കാൻ വേണ്ടി തിരികെ വാൽപ്പാറയിലേക്ക് പോകേണ്ടി വന്നു എന്നതാണ് ശരി. അങ്ങനെ മനോഹരമായ ഒരു സഞ്ചാരകഥ എഴുതാനും കഴിഞ്ഞു. സത്യത്തിൽ ആ വൃദ്ധന്റ്റെ റിസോർട്ടിലേക്ക് എന്നെ എത്തിക്കുന്നതിനും കഥകൾ കേൾക്കുന്നതിനും നിമിത്തമായത് ആ യാത്രയിലെ ട്വിസ്റ്റുകൾ ആയിരുന്നില്ലേ. വാൽപ്പാറയിൽ നിന്നും ആദ്യം മടങ്ങാൻ തീരുമാനിക്കുക. പിന്നെ തീരുമാനം മാറ്റുക. ചുരുക്കത്തിൽ സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലതിന്. സംഭവിക്കാനുള്ളതും നല്ലതിന്.