ഉറുമ്പിക്കരയിലേക്ക് ഒരു കിടിലൻ ഓഫ് റോഡ് ട്രിപ്പ്..

കുറച്ചു നാളായി ഒരു ഓഫ് റോഡ് യാത്ര നടത്തണം എന്നാഗ്രഹിച്ചിരിക്കുന്നു. കേരള അഡ്വഞ്ചർ സ്പോർട്സ് ക്ലബ്ബ് അംഗവും ഓഫ് റോഡ് എക്സ്പെർട്ടും കോളേജ് അധ്യാപകനും എൻ്റെ സുഹൃത്തുമായ കോട്ടയം സ്വദേശി ടിസണും സുഹൃത്തുക്കളുമാണ് ഇതിനായി എന്നെ സഹായിച്ചത്. യാത്രയ്ക്കായി തിരഞ്ഞെടുത്ത സ്ഥലം ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനും വാഗമണിനും ഇടയ്ക്കുള്ള ഉറുമ്പിക്കരയിലേക്ക് ആയിരുന്നു. ഞങ്ങളുടെ കൂടെ വരുന്നതോ 40 വർഷം പഴക്കമുള്ള വില്ലീസും 30 വർഷം പ്രായമായ ജീപ്പും ഒരു പുതുപുത്തൻ താറും. അടിപൊളി..

അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി. തുടക്കത്തിൽ ഞാൻ ജീപ്പിൽ ആയിരുന്നു കയറിയത്. ഇവരുടെ വാഹനങ്ങളോടൊപ്പം സുരക്ഷയ്ക്കായുള്ള ഉപകരണങ്ങളും കേടുപാടുകൾ വന്നാൽ വലിച്ചു കൊണ്ടുപോകുന്നതിനായുള്ളവയും വാക്കിടോക്കിയും ഒക്കെയുണ്ടായിരുന്നു. ഓഫ്‌റോഡ് ആരംഭിച്ചപ്പോൾ 4×4 വീൽ ഡ്രൈവ് മോഡിൽ ഇട്ടായിരുന്നു യാത്ര. ജീപ്പിന്റെ ടയറുകളൊക്കെ ഏതാണ്ട് ട്രാക്ടറിന്റെ പോലത്തെയായിരുന്നു. അതിൻ്റെ ഗുണം വണ്ടിയ്ക്ക് കിട്ടുന്നുമുണ്ടായിരുന്നു.

ജീപ്പുകൾ ഇത്തരത്തിൽ മോഡിഫൈ ചെയ്യുന്നത് ചില സമയങ്ങളിൽ നിയമപ്രശ്നങ്ങൾ ഉണ്ടാക്കുകയും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ഇവർക്കെതിരെ തിരിയുകയുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ അത് നമ്മുടെ നിയമത്തിൻ്റെ മാത്രം പ്രശ്നമാണെന്നാണ് കേരള അഡ്വഞ്ചർ സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ പറയുന്നത്. ചില അടിയന്തിര സാഹചര്യങ്ങളിൽ ഇതുപോലത്തെ മോഡിഫൈഡ് ഓഫ് റോഡ് റോഡ് വാഹനങ്ങൾ ഉപകാരമായിത്തീരാറുണ്ട്. അതിനു ഏറ്റവും വലിയ ഉദാഹരണമായിരുന്നു 2018 ആഗസ്ത് മാസത്തിലെ പ്രളയസമയം. എല്ലായിടത്തും വെള്ളം പൊങ്ങിയപ്പോൾ രക്ഷാപ്രവർത്തനത്തിനും മറ്റും പോലീസ്, ഫയർഫോഴ്‌സ് തുടങ്ങിയവർ ആശ്രയിച്ചിരുന്നത് ഇത്തരം മോഡിഫൈഡ് വാഹനങ്ങളെ ആയിരുന്നു. ആ സമയത്ത് കേരള അഡ്വഞ്ചർ സ്പോർട്സ് ക്ലബ്ബ് നൽകിയ സേവനം അത്യന്തം സ്തുത്യർഹമാണ്.

ഓഫ്‌റോഡ് യാത്രയ്ക്കിടയിൽ ഞാൻ ആദ്യം കയറിയ ജീപ്പിൽ നിന്നും വില്ലീസിലേക്ക് മാറിക്കയറി. അതിൻ്റെ സ്റ്റീയറിംഗ് ഒക്കെ വളരെ വ്യത്യസ്തമായിരുന്നു. പഴയകാലത്തിലേക്ക് സഞ്ചരിക്കുന്നതു പോലെയാണ് എനിക്ക് തോന്നിയത്. പക്ഷേ വണ്ടി കിടിലനാണ്. ഇത്രയും പ്രായമായതിന്റെ യാതൊരു കുലുക്കവും വില്ലീസ് ആശാനില്ല.

അങ്ങനെ കേറിക്കേറി ഉറുമ്പിക്കരയിൽ ഞങ്ങൾ എത്തി.അവിടെ ഒരു പഴയ തേയില ഫാക്ടറി സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു. വളരെക്കാലം മുൻപു തന്നെ പ്രവർത്തനമെല്ലാം നിർത്തി ജീർണ്ണാവസ്ഥയിലായിരുന്നു ആ ഫാക്ടറി. വർഷങ്ങളോളം പഴക്കമുണ്ട് ആ ഫാക്ടറിയ്ക്ക് എന്ന് അവിടെ കണ്ട കാര്യസ്ഥനായ ചേട്ടൻ ഞങ്ങളോട് പറഞ്ഞു തരികയുണ്ടായി. ഞങ്ങളുടെ അഭ്യർത്ഥന പ്രകാരം ചേട്ടൻ ഫാക്ടറി തുറന്ന് ഞങ്ങളെ അതിനകത്തൊക്കെ നടന്നു കാണിച്ചു തന്നു.

ഫാക്ടറിയുടെ അകത്തൊക്കെ ചുറ്റിക്കണ്ടശേഷം ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. അവിടെ നിന്നും അകലെ മലമുകളിൽ ഒരു വലിയ പാറ കാണാമായിരുന്നു. ആ പാറയുടെ മുകളിലേക്ക് ആണ് ഇനി ജീപ്പുകളുമായി നമുക്ക് പോകേണ്ടതെന്നു ടിസൺ പറഞ്ഞപ്പോൾ ഞാൻ അന്തംവിട്ടുപോയി. അങ്ങനെ ഞങ്ങൾ വീണ്ടും ഓഫ്‌റോഡ് യാത്ര തുടർന്നു. കയ്യിൽ എന്തിനും പോന്ന വണ്ടികളും അതിലേറെ മിടുക്കന്മാരായ ആളുകളും ഉണ്ടെങ്കിൽ പിന്നെ എന്തിനു പേടിക്കണം?

കയറ്റം കയറിക്കൊണ്ടിരിക്കുന്നതിനിടയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ അവിടെ ഒരു പിക്കപ്പ് വാൻ നിറയെ ലോഡുമായി വഴിയിൽ നിർത്തിയിട്ടിരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് കടന്നുപോകുവാനായി പിക്കപ്പ് ഡ്രൈവർ ഓടിവന്നുകൊണ്ട് അൽപ്പം ഒതുക്കി തന്നു. ഒരു വണ്ടിയ്ക്ക് മാത്രം കടന്നു പോകുവാൻ സാധിക്കുന്ന ആ വഴിയിൽ രണ്ടു വാഹനങ്ങൾക്ക് കടന്നുപോകുക അല്പം ശ്രമകരമായ കാര്യമായിരുന്നു. ഓഫ്‌റോഡ് പുലികളല്ലേ ഞങ്ങളുടെയൊപ്പം ഉള്ളത്, പിക്കപ്പിൽ തട്ടാതെ ഒരു വശത്തെ വീലുകൾ വഴിയരികിലെ പാറയിൽ കയറ്റിക്കൊണ്ടു ഞങ്ങളുടെ വാഹനങ്ങൾ കൂളായി മറികടന്നു.

അങ്ങനെ ഞങ്ങൾ അവസാനം നേരത്തെ കണ്ട മലമുകളിലെ പാറയ്ക്ക് മുകളിൽ എത്തിച്ചേർന്നു. അപ്പോൾ സമയം ഉച്ചയ്ക്ക് ഒരുമണിയോടടുത്തിരുന്നു. പക്ഷെ അവിടെ നല്ല തണുപ്പായിരുന്നു ആ സമയത്തും. വളരെ മനോഹരമായ ഒരു സ്ഥലമായിരുന്നു അത്. അവിടെ ക്യാമ്പ് ഫയർ നടത്തിയതിന്റെയും ടെൻറ്റ് അടിച്ചതിന്റെയുമൊക്കെ ലക്ഷണങ്ങൾ കാണാനുണ്ടായിരുന്നു. ഇവിടെ വന്നു ഇങ്ങനെയൊക്കെ ചെയ്യുന്നത് നിയമപരമായി കുറ്റകരമാണോ എന്നറിയില്ല.

ഇത്രയും ദൂരം താണ്ടി വന്നതുകൊണ്ട് ഞങ്ങൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. കഴിക്കുവാനുള്ള ഭക്ഷണം ഞങ്ങൾ കയ്യിൽ കരുതിയിരുന്നതിനാൽ പിന്നെ ഒന്നും ആലോചിക്കാതെ അവിടെ പാറപ്പുറത്ത് ഇരുന്നുകൊണ്ട് ആസ്വദിച്ചു കഴിച്ചു. കഴിച്ചു കഴിഞ്ഞു വേസ്റ്റ് അവിടെങ്ങും തള്ളാതെ ഞങ്ങൾ ഒരു കവറിലാക്കി വണ്ടിയിൽ ഇട്ടുകൊണ്ട് പോന്നു. നമ്മുടെ വിനോദങ്ങൾ ഒരിക്കലും പ്രകൃതിയെ നോവിച്ചു കൊണ്ടാകരുതല്ലോ.

കുറേസമയം അവിടെ ചെലവഴിച്ചതിനു ശേഷം ഞങ്ങൾ മലയിറങ്ങുവാൻ ആരംഭിച്ചു. തിരികെയുള്ള യാത്രയിൽ ഞാൻ മൂന്നു വണ്ടികളും ഒന്നോടിച്ചു നോക്കി. വളരെ വ്യത്യസ്തമായ ഒരനുഭവമായിരുന്നു എനിക്ക് ഈ യാത്രയിലൂടെ ലഭിച്ചത്. അതിനു ഞാൻ സുഹൃത്തായ ടിസനോടും കേരള അഡ്വഞ്ചർ സ്പോർട്സ് ക്ലബ്ബ് അംഗങ്ങളോടും വളരെ കടപ്പെട്ടിരിക്കുന്നു. ഒപ്പം ഞങ്ങളെ ഒരാപകടത്തിലും ചാടിക്കാതെ തിരികെ സുരക്ഷിതമാക്കി എത്തിച്ച വില്ലീസ്, ജീപ്പ്, ഥാർ എന്നീ മൂന്നു വാഹനങ്ങളോടും.