നദിയിൽ ഇടിച്ചിറക്കിയ വിമാനവും 155 ജീവനുകളുടെ രക്ഷപ്പെടലും…

വിമാനങ്ങൾ ചില അടിയന്തിര സാഹചര്യങ്ങളിൽ ക്രാഷ് ലാൻഡ് ചെയ്യാറുണ്ട്. കരയിൽ ക്രാഷ് ലാൻഡ് ചെയ്യുന്നതിനേക്കാൾ അപകട സാധ്യത കൂടുതലായിരിക്കും വെള്ളത്തിൽ ലാൻഡ് ചെയ്‌താൽ. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഒരു വിമാനം നദിയിൽ ക്രാഷ് ലാൻഡ് ചെയ്യുകയുണ്ടായി. എന്നാൽ നദിയിൽ ‘ഇടിച്ചിറങ്ങിയ’ വിമാനത്തിലെ 155 യാത്രക്കാരും രക്ഷപ്പെട്ടു. അതായിരുന്നു അന്നത്തെ പ്രധാന അദ്ഭുതം. ശരിക്കും എന്താണ് അന്നു സംഭവിച്ചത്? അതിനെക്കുറിച്ചാണ് ഈ ലേഖനം.

2009 ജനുവരി 15, ന്യൂയോർക്ക് ലാഗാർഡിയ എയർപോർട്ടിൽ നിന്നും നോർത്ത് കരോലിനയിലെ ഷാർലറ്റിലേക്ക് പറക്കുവാനായി തയ്യാറെടുക്കുകയായിരുന്നു യുഎസ് എയർവെയ്സിന്റെ ഫ്‌ളൈറ്റ് നമ്പർ 1549 എന്ന എയർബസ് A320 വിമാനം. വിമാനത്തിൽ ക്യാപ്റ്റൻ ചെസ്‌ലി സള്ളൻബർഗർ, കോ പൈലറ്റ് ജെഫ്രി സ്കൈൽസ് എന്നിവർ ഉൾപ്പെടെ 155 ആളുകളായിരുന്നു ഉണ്ടായിരുന്നത്.

എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള അനുമതി ലഭിച്ചതോടെ വിമാനം റൺവേയിൽ നിന്നും പതിവുപോലെ സുരക്ഷിതമായിത്തന്നെ ടേക്ക്ഓഫ് ചെയ്തു. വിമാനം ഏതാണ്ട് രണ്ടായിരത്തി എണ്ണൂറ് അടി ഉയരത്തിലേക്ക് പറന്നുയർന്നപ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. കാനഡ ഗീസ് എന്നറിയപ്പെടുന്ന ദേശാടനക്കിളികളുടെ ഒരു വലിയ കൂട്ടം വിമാനത്തിൻ്റെ മുന്നിൽ വന്നു പെട്ടിരിക്കുന്നു.

പൈലറ്റുമാർക്ക് വിമാനത്തിൻ്റെ ഗതി മാറ്റാൻ സമയം കിട്ടുന്നതിനു മുൻപു തന്നെ അവ കൂട്ടത്തോടെ വിമാനത്തിൻ്റെ മുന്നിലെ ഗ്ലാസ്സിലേക്ക് ഇടിച്ചുകയറി. വിമാനത്തിൻ്റെ ഒട്ടു മിക്ക ഭാഗങ്ങളിലും അവ കൂട്ടത്തോടെ വന്ന് ഇടിച്ചു. വിമാനത്തിൻ്റെ രണ്ട് എഞ്ചിനുകളുടെ ഉള്ളിലേക്കും അവ ഇടിച്ചു കയറി. പെട്ടെന്ന് ഒരു വലിയ ശബ്ദം അവർ കേട്ടു. എൻജിൻ തകർന്നതിൻ്റെ ശബ്ദമാണത്.

വിമാനത്തിന്റെ രണ്ടു എൻജിനുള്ളിലും പക്ഷികൾ കുടുങ്ങിയിയതോടെ അവ പ്രവർത്തനരഹിതമായി. ഇതോടെ വിമാനത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടു. കൺമുന്നിൽ വൻ ദുരന്തം… എന്നാൽ നാല്പത്തിരണ്ടു വർഷത്തിലേറെ പൈലറ്റായി ജോലി പരിചയമുള്ള ഇരുപതിനായിരം മണിക്കൂറിലേറെ വിമാനം പറത്തിയിട്ടുള്ള ക്യാപ്റ്റൻ സള്ളൻബർഗർ രണ്ടു എൻജിനുകളും നിലച്ചു താഴോട്ടു വീണുകൊണ്ടിരിക്കുന്ന ആ വിമാനത്തെ എങ്ങനെ സുരക്ഷിതമായി ഇറക്കണം എന്നായിരുന്നു ആ നിമിഷത്തിൽ ആലോചിച്ചത്.

അടുത്തുള്ള വിമാനത്താവളങ്ങളിൽ ഒന്നും ഇറങ്ങാൻ ആവില്ലെന്നു മനസ്സിലാക്കിയ ക്യാപ്റ്റന്റെ മുന്നിൽ വേറെ വഴികളുണ്ടായിരുന്നില്ല. ക്രാഷ് ലാൻഡിംഗ്… താഴെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന, കെട്ടിടങ്ങൾ നിറഞ്ഞ ന്യൂയോർക്ക് നഗരമാണ്. മുന്നിൽ ആകെയുള്ള സുരക്ഷിതമായ സ്ഥലം ശാന്തമായി ഒഴുകുന്ന ഹഡ്‌സൻ നദി മാത്രമാണ്. നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം നിർണ്ണായകമായ ആ തീരുമാനം എടുത്തു. വിമാനം ഹഡ്‌സൺ നദിയിൽ ഇറക്കുക.

എയർബസ് നിർമ്മിച്ച എ 320 ശ്രേണിയിൽപ്പെട്ട സാമാന്യം വലുപ്പമുള്ള ആ വിമാനം വെറുതെ വെള്ളത്തിലേക്ക് ഇറക്കുക എന്നതായിരുന്നില്ല ഇവിടെ വെല്ലുവിളി. മറിച്ചു, എങ്ങനെ ഒരു റൺവേയിൽ വിമാനം ഇറക്കുന്നുവോ അതേ കൃത്യതയോടെ വിമാനം ഇവിടെയും ഇറക്കേണ്ടതുണ്ട്. രണ്ടു ചിറകുകളും ഒരേ ലെവലിൽ ആയിരിക്കണം. വിമാനം ചരിഞ്ഞു ഒരു ചിറകെങ്ങാൻ ആദ്യം വെള്ളത്തിൽ മുട്ടിയാൽ അതോടെ വിമാനം തകരും.

വിമാനം ക്രാഷ് ലാൻഡ് ചെയ്യുവാൻ പോകുകയാണെന്ന സന്ദേശം കാബിൻ ക്രൂവിനും യാത്രക്കാർക്കും നൽകിയശേഷം, മനഃസാന്നിധ്യം കൈവിടാതെ യാത്രക്കാരോടു ധൈര്യത്തോടെ ഇരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട്, തൻ്റെ നീണ്ട കാലത്തെ അനുഭവസമ്പത്തിൽ നിന്ന് ആർജ്ജിച്ചെടുത്ത ആത്മധൈര്യം കൈമുതലാക്കിയ അദ്ദേഹം പക്ഷികൾ വന്നിടിച്ചു രണ്ടു എൻജിനുകളും നിലച്ച ആ വിമാനം മൂന്നോ നാലോ മിനിറ്റുകൾക്കുള്ളിൽ ഹഡ്‌സൻ നദിയിൽ സുരക്ഷിതമായി ഇറക്കി.

ശരിക്കും ഭീതിദമായ അനുഭവം. എന്നാൽ അദ്ഭുതമെന്നോണം യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നു. നദിയിൽ മുങ്ങിക്കൊണ്ടിരുന്ന ആ വിമാനത്തിന്റെ ചിറകുകളിൽ യാത്രക്കാർ നിലയുറപ്പിച്ചു. അപകടം നടന്നയുടൻ നദിയിൽക്കൂടി പൊയ്‌ക്കൊണ്ടിരുന്ന ഏതാനും ബോട്ടുകളും ഒരു ചങ്ങാടവും മിനിറ്റുകൾക്കകം കുതിച്ചെത്തി. വിമാനത്തിൽ നിന്ന് ഓരോരുത്തരായി ബോട്ടിലേക്ക് കയറി.

150 യാത്രക്കാരെയും തൻ്റെ സഹപ്രവർത്തകരെയും സുരക്ഷിതമായി ബോട്ടുകളിലേക്കു മാറ്റിയതിനു ശേഷമാണ് കാപ്റ്റൻ ചെസ്ലി സുള്ളൻബർഗർ വെള്ളം കയറിക്കൊണ്ടിരുന്ന ആ വിമാനത്തിൽ നിന്നും പുറത്തു വന്നത്. യാത്രക്കാരെ രക്ഷിച്ചശേഷം വിമാനം മുങ്ങിത്താഴുമ്പോൾ സള്ളൻബർഗർ രണ്ടുതവണ വിമാനത്തിനുള്ളിലൂടെ നടന്ന് ആരെങ്കിലും രക്ഷപ്പെടാനുണ്ടോ എന്നു നോക്കുകയും ചെയ്‌തു. പൈലറ്റിന്റെ ധീരതയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നാണ് യാത്രക്കാരടക്കമുള്ളവർ പറഞ്ഞത്.

ഹഡ്‌സൺ നദിയിലെ മരവിപ്പിക്കുന്ന ജലത്തിൽ അതിസാഹസികമായി വിമാനം ഇറക്കിയ പൈലറ്റിന്റെ അചഞ്ചലമായ മനോധൈര്യം ലോകത്തിന്റെ മുഴുവൻ പ്രശംസ പിടിച്ചുപറ്റി. ഒരു കൈക്കുഞ്ഞ് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിലാർക്കും കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞതു പൈലറ്റിന്റെ മികവിന് അംഗീകാരമാണ്.

എയർബസ് എ-20 വിമാനം ഇത്ര വിദഗ്‌ധമായി ജനസാന്ദ്രതയേറിയ നഗരമധ്യത്തിലെ നദിയിൽ സുരക്ഷിതമായി ഇറക്കിയതു വിദഗ്‌ധരെപ്പോലും അമ്പരപ്പിച്ചു. മൈനസ് ആറ് ഡിഗ്രി തണുത്തുറഞ്ഞ വെള്ളത്തിൽ ഇറക്കിയ വിമാനത്തിൽ നിന്നു യാത്രക്കാരെ അതിവേഗം രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ച രക്ഷാബോട്ടുകളിലെ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നു.

മിറക്കിൾ ഓൺ ദി ഹഡ്‌സൻ എന്ന പേരിൽ പ്രസിദ്ധമായ ഈ സംഭവത്തെ ആസ്പദമാക്കി ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത്, ടോം ഹാങ്ക്സ് ക്യാപ്റ്റന്റെ വേഷത്തിലഭിനയിച്ച ‘സുള്ളി’ എന്ന ഹോളിവുഡ് ചിത്രം 2016 ൽ പുറത്തിറങ്ങുകയുണ്ടായി.

ഈ സംഭവത്തിനു ശേഷം ക്യാപ്റ്റൻ ചെസ്‌ലി സള്ളൻബർഗർക്ക് ധാരാളം അവാർഡുകളും പ്രശംസനങ്ങളും ലഭിച്ചു. 2010 മാർച്ച് 3 നു ക്യാപ്റ്റൻ സള്ളൻബർഗർ റിട്ടയർ ചെയ്തു. അദ്ദേഹത്തിൻ്റെ അവസാന പറക്കൽ ദിവസം യു.എസ്. എയർവേയ്‌സ് Flight 1549 ലെ യാത്രക്കാരും ജീവനക്കാരുമെല്ലാം ചേർന്ന് ഒരു റീയൂണിയനും നടത്തിയിരുന്നു.

അപകടത്തിനു ശേഷം ഹഡ്‌സൺ നദിയിൽ നിന്ന് പിന്നീട് വീണ്ടെടുത്ത ആ വിമാനം നോർത്ത് കരോലിനയിലെ ഷാർലറ്റ് വിമാനത്താവളത്തിന് അടുത്തുള്ള കരോലിനാസ് ഏവിയേഷൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. 2015 ൽ യുഎസ് എയർവേയ്‌സ് അമേരിക്കൻ എയർലൈൻസിൽ ലയിക്കുകയും ചെയ്തു.

പല അതിവിദഗ്ദരായ പൈലറ്റുമാർക്കും വിമാനം പറത്തുമ്പോൾ കണക്കുകൂട്ടലുകൾ തെറ്റിപ്പോകുന്ന ചരിത്രമുള്ളപ്പോൾ, തൻ്റെ അതിസാഹസീകമായ ഒരു പ്രവൃത്തി വഴി ഒരു വൻ അപകടമൊഴിവാക്കിയ ക്യാപ്റ്റൻ ചെസ്‌ലി സള്ളൻബർഗർക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്…

കടപ്പാട് – തോമസ് ചാലാമനമേൽ, മനോരമ ഓൺലൈൻ.