വലിയശാല ശശി അപ്പൂപ്പൻ്റെ നാടൻ ഊണും കറികളും

വിവരണം – Vishnu A S Pragati.

കാലമെത്ര മാറിയാലും രുചി ഭേദങ്ങൾ നാവിനെ എത്രകണ്ട് ത്രസിപ്പിച്ചാലും നമ്മൾ മലയാളികൾക്ക് കരിയോടും കടലിനോടും സംതൃപ്തി നൽകുന്ന മറ്റൊന്ന് കൂടിയുണ്ട് – ഉച്ച വെയിൽ കാച്ചി തിളയ്ക്കുന്ന നേരത്തെ മൃഷ്ടാനമായൊരു ഊണ്. പറയാൻ അധികമൊന്നുമില്ലെങ്കിലും ഒരു ഊണും കൂടെ സൗജന്യമായി കിട്ടുന്നൊരു ഏമ്പക്കവും തുടർന്നുള്ളൊരു ഉച്ചയുറക്കും നൽകുന്ന മനസ്സുഖം. അതൊന്നു വേറെ തന്നെയാണ്…

അത്തരത്തിലുള്ള നാടൻ ഊണ് കിട്ടുന്ന സ്ഥലങ്ങൾ തേടിയുള്ള പരതലിൽ ഇത്തവണ കാൽ വച്ചത് നമ്മുടെ വലിയശാലയിലാണ്. വയസ്സ് എഴുപത് കഴിഞ്ഞെങ്കിലും തോൽക്കാൻ മനസ്സില്ലാതെ കാലം പഴുപ്പിച്ച ഒരുവന്റെ രുചിയിടത്തിലേക്ക്.. വലിയശാല ശശി അപ്പൂപ്പന്റെ രുചിയിടത്തിലേക്ക്…

കിള്ളിപ്പാലം – ചെന്തിട്ട വഴിക്കിടയിലുള്ള കൊച്ചാർ റോഡ് കയറി ഒരു 300 മീറ്റർ മുന്നോട്ട് പോയി റെയിൽവേ ഓവർബ്രിഡ്ജിന്റെ അവിടെനിന്നും വലത്തോട്ടുള്ള വഴിയൊരു 100 മീറ്റർ പോയാൽ വലതു വശത്തായാണ് ശശി അപ്പൂപ്പന്റെയും ഭാര്യയായ കമലം അമ്മൂമ്മയുടെയും ഊണ് കട. കടയെന്നൊക്കെ പറഞ്ഞാൽ ഒരു ഡെസ്കിനും 2 ബെഞ്ചിനും ചുറ്റുമായി ഒരു അഞ്ചു പേർക്ക് കഷ്ടി-പിഷ്ടി ഇരിക്കാം അത്ര തന്നെ.

ചെന്നു കയറുക ബെഞ്ചിന്റെ ഒരറ്റത്ത് സ്ഥാനം പിടിക്കുക ഒരൂണും മീൻ പൊരിച്ചതും പറയുക. ഞൊടിയിടയിൽ പ്രായം തളർത്താത്ത മനസ്സുമായി ശശി അപ്പൂപ്പൻ മുന്നിലേക്കൊരു ഇലയും അത് കഴുകാനായി വെള്ളവും നൽകും. ഇല കഴുകി കണ്ടാൽ പിന്നെ വരിവരിയായി തൊടുകറികളുടെ വരവാണ്. ആദ്യം തന്നെ മാങ്ങയും- നാരങ്ങയും-പുളിഞ്ചിക്കയും ഒരുമിച്ചിട്ട നല്ല കിണ്ണം കാച്ചിയ അച്ചാർ, പുറകെ നല്ല ഒന്നാംതരം കാബേജ് തോരൻ ശേഷം നല്ല കിടുക്കാച്ചി ഒടച്ചുകറി.

തൊടുകറികൾ കഴിഞ്ഞാൽ പിന്നെ മീൻ കറിയുടെ വരവാണ്. പക്കാ വീട്ടിലുണ്ടാക്കിയ പോലത്തെ ചാളക്കറി. ശേഷം നല്ല ആവി പറക്കുന്ന തൂവെള്ള ചോറിന്റെ വരവാണ്. ഇതുവരെ കഴിച്ചിട്ടുള്ള ഊണിടങ്ങളിൽ ആദ്യമായാണ് ആദ്യത്തെ വിളമ്പിൽ തന്നെ ഇത്രയും ചോർ ഇടുന്ന ഒരു ഭക്ഷണശാല കാണുന്നത്. അതോ ഇനി എന്റെ ആകാരം അനുസരിച്ച് ഇട്ടതാണോ എന്നും സംശയമുണ്ട് !!

ഒഴിച്ചു കറിയിൽ പരിപ്പില്ല. ആദ്യമേ സാമ്പാറിലേക്ക് കടന്നു. വലിയ കട്ടിയൊന്നുമില്ലെങ്കിലും നല്ല കിടുക്കൻ സാമ്പാർ. മുങ്ങി തപ്പാതെ കിട്ടിയ വെള്ളരിക്ക കഷ്ണങ്ങളും മറ്റും വെരവി ഒടച്ചു വലിച്ചു കീറിയ പൊരിച്ച കൊഴിയാളയുടെ ഒരു കഷ്ണവും ചേർത്തു കഴിക്കണം. വിജ്രംഭനം.. വെറും പ്രകമ്പനം.. നല്ല കിണ്ണം കാച്ചിയ ഊണ് !!

കൂടെ കുടിക്കാൻ നല്ല പരുവത്തിന് ചൂടുള്ള കൊഴുത്ത കഞ്ഞിവെള്ളം.. ആ കഞ്ഞിവെള്ളം അങ്ങനെയങ്ങ് കുടിക്കരുത്. ഇലയിലെ അച്ചാറിൽ ദ്രാവകാവസ്ഥയിൽ ഉള്ളവ മാത്രം വച്ചിട്ട് കഷ്ണങ്ങൾ എല്ലാം വാരി കഞ്ഞിവെള്ളത്തിൽ ഇടുക. ശേഷം അങ്ങോട്ടുമിങ്ങോട്ടും രണ്ടു ലാഞ്ച്, പിന്നെയൊരു കറക്കം. അച്ചാറിന്റെ മുളകും എണ്ണയും മുകളിലൊരു പാട പോലെ കിടക്കും, ഭയപ്പെടരുത്.. പതിയെ കുടിക്കുക.. ചൂട് കഞ്ഞിവെള്ളവും നാരങ്ങയുടെയും, മാങ്ങയുടെയും, പുളിഞ്ചികയുടെയും രുചിയോടൊപ്പം എരിവും.. ആഹാ… എന്താ അനുഭൂതി !!

ശേഷം വന്ന പുളിശ്ശേരിയും മോരും ഉജ്ജ്വലമായ പ്രകടനം കാഴ്ചവച്ചെങ്കിലും പൊടി കലക്കിയ രസം അത്രയ്ക്ക് രസം തോന്നിയില്ല. അവസാനം നാലാം തവണയും ചോറ് വാങ്ങി മുറിച്ചിട്ട ചാളക്കഷ്ണങ്ങൾ ചേർന്ന മീൻകറിയും ചേർത്തൊരു പിടി പിടിക്കണം. സ്വയമ്പൻ.. നല്ല തറവാട്ടിൽ പിറന്ന ഊണ്…

അവസാനം അച്ചാർ കലക്കിയ കഞ്ഞിവെള്ളം കഷ്ണങ്ങളോട് കൂടി ചവച്ചിറക്കി എരിവിന്റെ ആലസ്യം നാവിൽ സീൽക്കാരം ഉണർത്തിയതിനോടൊപ്പം ആഞ്ഞൊരു ഏമ്പക്കവും കൂടി. മർത്യനായി പിറന്നതിൽ ഇതിലും വലിയ ഭാഗ്യം മറ്റെന്തു വേണം.

പരിമിതമായ സ്ഥലസൗകര്യത്തിലും ഇടംചെറുപ്പിനിടയിലും എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന ആ മനുഷ്യന്റെ ഊർജ്ജസ്വലത പറയാതെ വയ്യ. എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന വ്യക്തിത്വം.. എല്ലാരോടും ഒരു പോലെ സംസാരിക്കുന്ന മനുഷ്യൻ. വിരലിലെണ്ണാവുന്ന വിഭവങ്ങൾ മാത്രമേ വിളമ്പുന്നുവെങ്കിലും, വിളമ്പുന്നത് പക്കാ ഡീസന്റായി കൊടുക്കുന്നുണ്ട്, അതാണല്ലോ നമുക്ക് വേണ്ടതും. വിലവിവരം ഊണ് + മീൻകറി – 50 Rs,  മീൻ പൊരിച്ചത് – 30 Rs.

പറഞ്ഞുകേട്ട അറിവനുസരിച്ച് ഏതാണ്ട് നാല്പത് വർഷങ്ങൾക്ക് മേലെയായി ശശി അപ്പൂപ്പനും കമലം അമ്മൂമ്മയും വലിയശാലയിൽ ഈ ഊണിടം തുടങ്ങിയിട്ട്. മുൻപൊക്കെ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിലും കാലമേറ്റിയ പ്രായവും ശാരീരിക അസ്വസ്ഥകളും കാരണം ചില സമയങ്ങളിൽ ഇപ്പോൾ തുറക്കാറില്ല. ഊണും കറികളും എല്ലാം വീട്ടുകാർ ചേർന്നു മാത്രമേ പാചകം ചെയ്യാറുള്ളൂ. വെളിയിൽ നിന്നും ആളെ ജോലിക്ക് വയ്ക്കുന്ന പതിവില്ല, അതിൽ അപ്പൂപ്പന് താൽപ്പര്യവുമില്ല.

കണ്ണഞ്ചിപ്പിക്കുന്ന ആമ്പിയൻസും നിരനിരയായി എഴുത്തുകുത്തുകളിലെ മെനുവും വടിവൊത്ത കളസവുമായുള്ള ജീവനക്കാരും മാത്രം പഥ്യമുള്ളവർ ഇവിടം ഒഴിവാക്കുന്നതാണ് നല്ലത്. പകലന്തിയോളം മുച്ചക്ര വാഹനത്തിൽ ജീവിതമെഴുതുന്നവരുടെയും വർക്ക്ഷാപ്പിലെ അണ്ണന്മാരുടെയും വെയിലിനെ വിയർപ്പുകൊണ്ട് മറയ്ക്കുന്ന കുറച്ചു മനുഷ്യരുടെയും സ്ഥിരം കേന്ദ്രമാണിത്..

മുന്നിലിരിക്കുന്ന ചെമ്പിലെ ചോർ കണ്ട് “ഈ കൊച്ചു കടയിൽ ഇത്രയൊക്കെ ഊണ് പോകുമോ?” എന്ന ചോദ്യത്തിന് “നീയൊരു രണ്ടു മണിക്ക് വന്നു നോക്ക് ഒരു വറ്റ് പോലും കാണൂല.” അതാണ് മറുപടി. അതാണ് വിശ്വാസം. വെറും ആത്മവിശ്വാസം.

ചുളിഞ്ഞ തൊലിയും എല്ലോട് ഒട്ടുന്ന ചതയും പിന്നൊരു ‘സാൻടക്ക്’ ബനിയനും മാടികുത്തിയ കൈലിയുമായി ശശി അപ്പൂപ്പൻ ഇവിടെ കാണും. അതിശയോക്തി കലർത്താവുന്ന രുചിക്കൂട്ടുകളൊന്നും ഇല്ലെങ്കിലും ഒരു വീടിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കീശയിലെ കാശ് കൈമോശം വരാതെ മനസ്സറിഞ്ഞു, വിശ്വസിച്ചു കഴിക്കാം. അത്രേ പറയാനുള്ളൂ.

ചിലർ ഇങ്ങനെയാണ്. തളർത്താൻ കലിയും കാലവും എന്തു തന്നെ ശ്രമിച്ചാലും ചുമ്മാ കല്ലു പോലങ്ങു നിന്നു കളയും. ആരുടെ മുന്നിലും അതിപ്പോ ജന്മം കൊടുത്ത മക്കളുടെ മുന്നിലായാലും പടം ഭിത്തിയിൽ കയറും വരെ വെറുതേ ഉണ്ടുറങ്ങാൻ മനസ്സിലാത്തവർ. ഇങ്ങനെയും ചിലരുണ്ട്. ഇങ്ങനെയും ചില രുചിയിടങ്ങളും.

NB – ഓരോ ദിവസം ഓരോ കറികളാണ്. കാര്യം മേൽപ്പറഞ്ഞതൊക്കെ ശരിയാണെങ്കിലും തിരക്ക് കൂടുമ്പോൾ വെളിയിലെ ഷീറ്റിനടിയിലെ വിളമ്പലും കഴിക്കലും അത്ര സുഖകരമായി തോന്നിയില്ല. ഈച്ച ശല്യം തന്നെ കാരണം. ഉള്ളിലെ മുറി തരക്കേടില്ല, വൃത്തിയും വെടിപ്പുമുള്ളതാണ്, കഴിവതും അവിടിരുന്നു കഴിക്കാൻ ശ്രമിക്കുക.