കാനന സൗന്ദര്യം ഒരിക്കൽ കൂടി ആസ്വദിക്കാൻ വീണ്ടും ഒരു വാൽപ്പാറ യാത്ര.

വിവരണം – മഹേഷ് കുമാർ.

യാത്രകൾ അനവധി പോയിട്ടുണ്ടെങ്കിലും പ്രകൃതിയെ അറിഞ്ഞ് കൊണ്ടുള്ള യാത്ര അത് വേറെ ഒരു അനുഭവം തന്നെയാണ്. അതിന് തിരഞ്ഞെടുത്ത വഴി അതിരപ്പിള്ളി വഴി മലക്കപ്പാറ ആണ്. ഇത് വഴി മുൻപ് ഒരിക്കൽ ബൈക്കിൽ പോയിട്ടുണ്ടെങ്കിലും പോകുന്തോറും വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരു സ്ഥലം ആണ് മലക്കപ്പാറ. മനസ്സിൽ ചെറിയ ഭയവും സന്തോഷവും സംതൃപ്തിയും നൽകുന്ന ഒരു വഴിയും കൂടിയാണ് മലക്കപ്പാറ. കാലത്ത് 5.30 ഓട് കൂടി ഞങ്ങൾ 4 പേർ വീട്ടിൽ നിന്ന് ഇറങ്ങി. വീട്ടിൽ നിന്നും വാൽപ്പാറ വരെ 163 km ആണ് ഉള്ളത്. അതിരപ്പിള്ളി കഴിഞ്ഞ് വാഴച്ചാൽ ചെക്ക് പോസ്റ്റിൽ നിന്നും പ്രത്യേക അനുമതി വാങ്ങി വേണം കടക്കാൻ. പ്രളയ ശേഷം 8 മാസം വരെ അത് വഴി പ്രവേശനം നിഷേധിച്ചിരിക്കുകയായിരുന്നു. റോഡിന്റെ അവസ്ഥ തന്നെയായിരുന്നു അതിന് കാരണം.

യാത്രാ സ്നേഹികളുടെ ഇഷ്ട റൂട്ടുകളിൽ ഒന്നാണ് വാൽപ്പാറ. തുമ്പൂർമ്മുഴി യും അതിരപ്പിള്ളി യും മുൻപ് ഞാൻ പോയിട്ടുള്ളത് കൊണ്ട് ഈ പ്രാവശ്യം അവിടെ കയറിയില്ല. അതിരപ്പിള്ളിയിൽ നിന്ന് പ്രഭാത ഭക്ഷണത്തിന് ശേഷം 8.35 ന് വാഴച്ചാൽ ചെക്ക് പോസ്റ്റ് എത്തി. അവിടെ നിന്നും സത്യവാങ്മൂലം എഴുതി കൊടുത്ത് വേണം പ്രവേശിക്കാൻ. 8.50 ന് എല്ലാം കഴിഞ്ഞ് കാനന യാത്ര ആരംഭിച്ചു. പോകുന്ന വഴി ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം ഉണ്ടായി. ഈറ്റ കാടുകൾക്ക്‌ ഇടയിൽ അതാ നിൽക്കുന്നു ഒരു “കൊമ്പൻ.” അവൻ ഈറ്റയൊക്കെ തിന്നു ഒരു നിൽപ്പാണ്. കണ്ടപാടെ വണ്ടി ചെറുതായൊന്നു സ്ലോ ചെയ്തു. ഫോട്ടോയ്ക്കുള്ള വകുപ്പ് ഒന്നും കിട്ടിയട്ടില്ല. ആനയെ കണ്ട സംതൃപ്തിയിൽ യാത്ര തുടർന്നു. പിന്നെയും ഞങ്ങളുടെ മനസ്സിൽ ആനയെ കാണുമോ എന്നുള്ള ഭയം ആയിരുന്നു.

അതിനുള്ള ലക്ഷണങ്ങളും വഴിയിൽ കിടക്കുന്നുണ്ടായിരുന്നു. ചൂട് കാലം ആയാലും അതിന്റെ ചൂടൊന്നും വനത്തിനുള്ളിൽ ഇല്ല. കുറച്ച് കഠിനമായ വളവുകൾ താണ്ടി പിന്നെയും യാത്ര തുടർന്നു. കുറച്ച് സമയത്തേക്ക് കാറുകളും ജീപുകളും ഞങ്ങൾക്ക് എസ്കോർട്ട് തന്നു. പോകുന്ന വഴി ഒന്ന് രണ്ട് സ്ഥലങ്ങളിൽ റോഡ് പണി നടക്കുന്നുണ്ട്. കൂടാതെ മറ്റൊരു ആനയെയും (KSRTC) വനത്തിനുള്ളിൽ കണ്ടൂ. കൃത്യം 10.40 ന് മലക്കപ്പാറ ചെക്ക് പോസ്റ്റിൽ റിപ്പോർട്ട് ചെയ്തു. അവിടെ വെച്ച് പോലീസുകാർ കുറച്ച് കുശലാന്വേണം നടത്തി ഞങ്ങളെ വിട്ടു.

അവിടെ നിന്ന് വാൽപ്പാറയിലേക്ക് 22 km ആണുള്ളത്. തേയില തോട്ടങ്ങൾ ഒരുപാടു ഉണ്ട് ഈ വഴിയിൽ. കൂടാതെ നല്ല വെയിലും. വാൽപ്പാറ ഒരു ടൗൺ ആണ്. അവിടെ ഒരു ഉത്സവം നടക്കുന്നത് കൊണ്ട് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വാൽപ്പാറ പൊള്ളാച്ചി വഴി ആണ് തിരിച്ച് വരുന്നത്. വരുന്ന വഴിയും കാണുവാൻ ധാരാളം സ്ഥലങ്ങൾ ഉണ്ട്. 40 ഹെയർപിൻ ഇറങ്ങുന്ന വഴി പ്രകൃതിയെ ആസ്വദിച്ച് യാത്ര തുടർന്നു. അത്യാവശ്യം ചൂട് ഉണ്ട് അവിടെ. മഴക്കാലത്ത് പോകുന്നതാണ് ഏറ്റവും ഉചിതം. പോകുന്ന വഴി 2 വെള്ളച്ചാട്ടങ്ങൾ കൂടിയുണ്ട്. അങ്ങനെ ഒരു യാത്ര കൂടി പര്യവസാനിച്ചു.