“വന്ദന” കുഞ്ഞുനാളിലെ മനസ്സിൽ കയറിക്കൂടിയ ഒരു ബസ്

എഴുത്ത് – Jibin Jolly Issac.

“വന്ദന” കുഞ്ഞുനാളിലെ ബസ് പ്രണയത്തിൽ മനസ്സിൽ കയറി കൂടിയ നാമം. അങ്ങ് അകലെ നിന്നെ വരവ് അറിയിച്ചു കൊണ്ട് നീട്ടി ഉള്ള എയർ ഹോൺ മുഴക്കവും. ഐവറി നിറത്തിൽ ഒരു നെടുനീളൻ നീല നിറവുമായി ഒരു അതുഗ്രൻ അശോക് ലെയ്ലാൻഡ് ബസ്.

ഒന്നോർത്താൽ എന്റെ മാത്രം ആകില്ല. ഞങ്ങളുടെ ഗ്രാമത്തിലെ പലരിലും ഒരു വണ്ടി പ്രേമം അല്ലെങ്കിൽ ബസ് പ്രേമം നിറയാൻ ഒരു പ്രധാന ഘടകം വന്ദന തന്നെ ആകും. 1980 കളിൽ ആണ് KLB 9727 ചുങ്കപ്പാറ -തിരുവല്ല -പരുമല റോഡിൽ TVS നിർമിത അശോക് ലെയ്ലാൻഡ് വണ്ടിയുമായി വന്ദനയുടെ കടന്നു വരവ്. പിന്നീട് കല്ലൂപ്പാറകാർക്ക് കൃത്യ സമയം അറിയാൻ ഉള്ള ഒരു ഉപാധിയായി തന്നെ മാറിയ ബസ്.

കല്ലൂപ്പാറയിലെ 2000 മുൻപ് ജനിച്ച ആർക്കും തന്നെ ഈ ബസുമായി ഒരു ആത്മബന്ധം കാണാതിരിക്കില്ല. രാവിലെ ജോലി സ്ഥലങ്ങളിൽ പോകുന്നവർക്ക്, കച്ചവട സംബന്ധമായ യാത്രകൾക്ക്, എന്തിനേറെ ഒരു സ്കൂൾ ബസ് എന്നും പറയാം. കൃത്യനിഷ്ഠയോടുള്ള സേവനം അത് എപ്പോഴും അവരുടെ മുഖമുദ്ര തന്നെ ആയിരുന്നു. ഒരു കിലോമീറ്റർ മുൻപേ കേൾക്കാം നീട്ടി ഉള്ള ഹോൺ ശബ്ദം. യാത്രയിൽ ഉടനീളം സാമ്പ്രാണി തിരിയുടെ സുഗന്ധം. എന്റെ ഓർമ്മ ശരിയാണെങ്കിൽ അതിന്റെ അകത്ത് ഒരു ചെറിയ മണി തൂക്കിയിരുന്നു അതിന്റെ ശബ്ദം ബസ്സിനുള്ളിൽ എപ്പോഴും കേൾക്കാമായിരുന്നു.

2007 വരെ ഒരേ വണ്ടിയുമായി നിറഞ്ഞാടിയ അവർ KL 01 F 9747 എന്ന വണ്ടിയിൽ കൂടുതൽ യാത്ര സൗകര്യത്തിനായി അതെ നിറത്തിൽ മാറി ചിന്തിച്ചു. എന്നാൽ എവിടെയും ഒരു വില്ലൻ പരിവേഷം പോലെ ആരെങ്കിലും കടന്നു എത്താറുള്ളത് പോലെ K.S.R.T.C യുടെ അതിഭീകരമായ കടന്നു കയറ്റത്തിൽ 2008ൽ തന്റെ അവസാന യാത്രയും നടത്തി അവർ ഞങ്ങളുടെ ഗ്രാമ വീഥികളിൽ നിന്നും മാഞ്ഞു.

പിന്നീട് കോട്ടയത്തു ഒക്കെ ചുറ്റി പറ്റി ഉണ്ടായിരുന്നു എന്നു അറിഞ്ഞിരുനെങ്കിലും കൂടുതൽ അറിവുകൾ ഇല്ല. ഇപ്പൊ ഓരോരുത്തരുടെയും മനസ്സിൽ വന്ദന എന്ന നാമം മാത്രം അവശേഷിക്കുന്നു.

NB – അന്വേഷിച്ചു അറിഞ്ഞ അറിവുകൾ ആയതിനാൽ തെറ്റുകൾ തിരുത്താൻ എല്ലാർക്കും അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ അവരുടെ ഓർമ്മകൾ പങ്കു വെക്കാനുള്ള അവസരം കൂടി ആയി കാണാം.

ചിത്രം കടപ്പാട്: പ്രൈവറ്റ് ബസ് കേരള ഫേസ്ബുക്ക് കൂട്ടായ്മ.