നിപ്പാ പരന്ന സമയത്തെ വയലട യാത്രയും അതുകഴിഞ്ഞനുഭവിച്ച ടെൻഷനും…

വിവരണം – Shritha Meenakshi Prakash.

കഴിഞ്ഞ കൊല്ലം ഏതാണ്ട് ഇതേ സമയം , ബാങ്കിൽ ജോലി കിട്ടിയതിന്റെ റിസൾട്ട്‌ ഒക്കെ അറിഞ്ഞു ഭാവിയെ പറ്റിയുള്ള ടെന്ഷന്സ് ഒന്നും ഇല്ലാതെ ഇങ്ങനെ സുഖിച്ചിരിക്കുന്ന സമയം (കിട്ടിയതിൽ പിന്നെ ഇല്ലാത്ത ടെന്ഷന്സ് ഇല്ല). അതിന്റെ ഇടയിൽ hodophiles എന്നു ജമണ്ടൻ പേരൊക്കെ ഇട്ട് ട്രിപ്പ്‌ പോവൽ പ്ലാനിങ്ങിനായി ഒരു whatsup ഗ്രൂപ്പ്‌ ഒക്കെ തുടങ്ങിയിട്ടുണ്ടായിരുന്നു പുട്ടിനു പീര പോലെ ഇടക്ക് ഇടക്ക് ട്രിപ്പ്‌ ട്രിപ്പ്‌ എന്ന് ആരേലും കുത്തിപ്പൊക്കുന്നത് ഒഴിച്ചാൽ ഒട്ടു മിക്ക ടൈംലും ഗ്രൂപ്പ്‌ ഒരുമാതിരി അച്ചേ ദിൻ ആയിട്ട് കിടന്നു.

ഇമ്മള് വിചാരിച്ച പോലെ അത്ര ഈസി ഒന്നും അല്ല കാര്യങ്ങൾ, പ്ലാൻ ചെയ്ത് ഒരു ചെറിയ ട്രിപ്പ്‌ പോവാണേൽ പോലും ചെലപ്പോ വല്ല്യ സീൻ ആണ്, ട്രിപ്പിന്റെ കാര്യം പറയുമ്പോ അച്ഛൻ ചെലപ്പോ അന്യനും ചെലപ്പോ റെമോയും ആണ്. മൂപ്പരെ മൂട് അനുസരിച്ചു അവതരിപ്പിച്ചു ഒക്കെ സെറ്റ് ആക്കി വരുമ്പോളായിരിക്കും ഏതേലും ഒരെണ്ണം എന്തേലും ഉടായിപ്പ് പറഞ്ഞു മുങ്ങുക,ജാക്കറ്റിൽ ഓട്ട വീണു എന്ന് പറഞ്ഞു മുങ്ങിയ ടീംസ് വരെ കൂട്ടത്തിൽ ഇണ്ട്. ഇക്കിള് പിക്കില് gems പോലെ ഒരുത്തൻ മുങ്ങിയാൽ അവിടുന്നും ഇവിടുന്നും അധികം വൈകാതെ ഓരോരുത്തരായി മുങ്ങി തുടങ്ങും.അങ്ങനെ ഓരോ ടൈംലും ഓരോ പ്രേശ്നങ്ങൾ ആയി ഞങ്ങളുടെ ഗോവയും, ഹംപിയും, കുളു മണാ ലിയും എന്തിനു വയനാട് വരെ വെള്ളത്തിൽ ആയി ഇരികുമ്പോളാണ് നിപ്പ വരുന്നത്. അടിപൊളി ഇനി ഇപ്പൊ വീട്ടിൽ തന്നെ ഇരിക്കാല്ലോ.

അങ്ങനെ ഒരുദിവസം ഇങ്ങനെ ബോറടിച്ചു ഇരിക്കുമ്പോൾ പുട്ടുവിനോട്(Monisha John) വീട്ടിലേക് വരാൻ പറഞ്ഞു. ഞങ്ങള്ക്ക് ആ സമയത്ത് എന്തോ ഒരു എക്സാം ഇണ്ട്, ഒരുമിച്ച് പഠിക്കാം എന്നൊക്കെ പറഞ്ഞു കുറെ തള്ളിയപ്പോൾ ആണ് ഓള് വരാം എന്ന് സമ്മതിച്ചേ. വന്നത് ഒരു N95 മാസ്ക് ഒക്കെ ഇട്ടാണ്. അമ്മ ഫർമസിസ്റ് ആയതോണ്ട് എനിക്കും കൊടുത്തയച്ചിൻഡ് കൊറച്ചു മാസ്ക്. വന്നപ്പോ തൊട്ടു നിപ്പാ വിശേഷങ്ങളും മറ്റും പറഞ്ഞു മണി ഉച്ചയായി.ഒരു 2.30 ആയപ്പോൾ പെട്ടെന്ന് ഒരു തോന്നൽ ഒന്ന് വയലട വരെ പോയാലോ. ഇപ്പോളോ എന്നൊരു വാക്ക് പോലും ചോദിക്കാതെ ട്രിപ്പ്‌ പോവാൻ മുട്ടി നിൽക്കുന്ന ഞങ്ങൾ ജീൻസും എടുത്തണിഞ്ഞു വണ്ടിയിൽ കേറി. ഈ വയലട വയലട എന്ന് കേട്ടതല്ലാതെ ബാലുശ്ശേരി എത്തിയാൽ പിന്നെ എങ്ങോട്ടാ പോണ്ടത് എന്ന് ഒരു പിടിയും ഇല്ല. ഗൂഗിൾ അമ്മായിയോട് ചോദിച്ചപ്പോൾ 52km. ഓക്കേ set, അമ്മായിൻറേം വാക്കും കേട്ടു വയലട എത്തി.

വണ്ടി നിർത്തിയിട്ടു കുറച്ചു നടക്കാൻ ഉണ്ട്. കൊറച്ചു ഇടുങ്ങിയ വഴിയാണ്. ആരെയും കാണാൻ ഇല്ല. ഒരു ടൂറിസ്റ്റ് സ്പോട് ആയിട്ട് എന്താ മനുഷ്യന്മാരോന്നും ഇല്ലാത്തെ? വയലട എന്താ ഇത്ര ഐസൊലേറ്റഡ് പ്ലേസ് ആണോ?. നല്ല പേടി ഉണ്ട്. ഒന്നാമത് ഞങ്ങൾ രണ്ടും അല്ലാതെ മൂന്നാമതൊരാൾ ഞങ്ങൾ ഇവിടെ വന്നത് അറിഞ്ഞിട്ടില്ല. പലപ്പോഴും തിരിച്ചു പോയാലോ എന്ന് കരുതി. കഷ്ട്ടപ്പെട്ടു വന്നതല്ലേ എന്തായാലും കേറി നോക്കാം. അങ്ങനെ കൊറച്ചു മുളങ്കായൽ സൈഡിലൂടെ നടന്നു കുറച്ചു പാറകളുടെ മുകളിലൂടെ കയറി. പിന്നേം കയറി പിന്നേം കയറി ഞങ്ങൾ വ്യൂ പോയിന്റിൽ എത്തി. അടിപൊളി !! ഇവിടേം ആരും ഇല്ല.

“വേഗം പോയി ഫോട്ടോ എടുത്ത് നമക്ക് സ്കൂട്ട്,ആവാം പുട്ടു.” ഞാൻ ഈ അടിപൊളി വ്യൂ കണ്ടു രണ്ട് മിനിറ്റ് നിന്ന് രണ്ട് സെൽഫീ എടുത്ത് പോവാന്ന് വിചാരിക്കുമ്പോൾ അവൾക് വ്യൂ പോയിന്റിലെ പാറയുടെ മുകളിൽ കയറി കയറി തന്നെ ഫോട്ടോ എടുക്കണം. “കാണുമ്പോള് തന്നെ മനുഷ്യന്റെ തല കറങ്ങുന്നു , നീ കളിക്കാതെ വാ പുട്ടു..” ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങി ഇരിക്കുന്ന എന്നോട് അവൾ വയലയുടെ ഊഷ്മളതയും ഹരിതാപയും പച്ചപ്പും ഒക്കെ വിവരിക്കാൻ തുടങ്ങി. അവൾക്ക് പാറപ്പുറത് കേറാതെ വരൂല പോലും

“ഓക്കേ ഓക്കേ ബട്ട്‌ ഓൺ one കണ്ടിഷൻ, നീ അതിൽ കയറുന്നതിനു മുൻപ് വണ്ടിയുടെ കീ എന്റെൽ തരണം.” ശവം എന്ന് പറഞ്ഞു അവൾ ഒന്നാട്ടിയെങ്കിലും കീ എന്റെൽ തന്നു. അവൾ പാറപ്പുറത്ത് കയറാൻ തുടങ്ങി. അവൾ വീഴോ എന്ന് പേടിച്ചു പേടിച്ചു ഞാൻ ഫോട്ടോ ക്ലിക്കി തുടങ്ങി. 1, 2, 3,….,20… “മതി മതി നീ ഇങ്ങോട്ട് ഇറങ്ങ്. ഇനി ഞാൻ കേറട്ടെ” .അത് അങ്ങനെയാ ഇടക്ക് ഫോട്ടോ ഒരു വീക്നെസ്സാ.

ഞാൻ പാറപ്പുറത്തു ഇങ്ങനെ പോസ്സ് ഇട്ടു ഇരികുമ്പോളാണ് അവൾക് ഒരു കാൾ. സംസാരിച്ചോണ്ടിരികുമ്പോൾ പെട്ടെന്ന് ഇറങ്ങാൻ പറഞ്ഞുകൊണ്ട് അവളുടെ ആക്ഷൻസ് വരുന്നുണ്ട്. ഒരുവിധം ഇറങ്ങിയതും, ഓട് ഓട് എന്ന് പറഞ്ഞു അവള് ഓടാൻ തുടങ്ങി. ഓടുന്നതിനിടയിൽ വീടിന്റെ കീ അവളുടെ കയ്യിലാണ് എന്നും അവളുടെ പപ്പാ കീ വെയിറ്റ് ചെയ്തു വീടിന്റെ കൊലായിൽ ഇരിക്കാണ് എന്നും പറഞ്ഞു.

“അടിപൊളി 52 km, അപ്പുറത് വെയിറ്റ് ചെയ്യുന്നതിനാണോ നമ്മൾ ഇവിടുന്ന് ഓടുന്നെ, എടൊ ലേറ്റ് ആവും വെയിറ്റ് ചെയ്യാൻ പറ”. “ഞാൻ ടൗണിലാണ്, ഫോട്ടോസ്റ്റാറ്റ് എടുക്കാൻ വന്നതാണ് എന്നാ പറഞ്ഞെ.” “ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കാൻ നീ എന്തിനാ ടൗണിൽ വരെ പോവുന്നെ. പറയുമ്പോൾ കൊറച്ചു ലോജിക് ആയിട്ട് കള്ളം പറഞ്ഞൂടെ?” “എനിക്ക് പെട്ടെന്ന് അങ്ങനെയാ ആണെടോ വന്നത്. നമ്മക്ക് അരമണിക്കൂറിൽ അവിടെ എത്തണം.” “എടൊ അതൊന്നും നടക്കൂല ഇയ്യ്‌ ലേറ്റ് ആവും പറ. ഇവിടുന്നു എത്ര ദൂരം ഇണ്ട്.. പോരാത്തതിന് മഴയും.”

ആരോട് പറയാൻ ആര് കേൾക്കാൻ, കോലായിൽ 5 മിനിറ്റ് അകലെ ഉള്ള കോഴിക്കോട് ടൗണിൽ നിന്നും പുട്ടു വീടിന്റെ കീ കൊണ്ട് വരുന്നത് കാത്തു ഇരിക്കുന്ന ജോൺ പപ്പയുടെ അടുത്തേക് 52 km ഇപ്പുറത് നിന്ന് ഞങ്ങൾ യാത്ര തിരിച്ചു. അവൾക്ക് മുഴുത്ത പ്രാന്ത് ആയതോണ്ട് ആാാ പോക്കറ്റ് റോഡിലൂടെ നല്ല ഒടുക്കത്തെ സ്പീഡിൽ ആണ് വണ്ടി വിടുന്നത്. അപ്പോൾ ആണ് ഒരു മാരുതി കാറിൽ 4 ചെക്കന്മാർ നമ്മളെ ഫോളോ ചെയ്യുന്നത്. പെൺപിള്ളേർ ഇത്ര സ്പീഡിൽ പോവുന്നതിന്റെ ഒരു ഇത് ഉള്ളത് കാരണം ഒരുകാരണവും ഇല്ലാതെ കാർഹോൺ അടിച്ചും നമ്മളെ ഓവർടേക്ക് ചെയ്യാനും ശ്രമിച്ചും നല്ലോണം വെറുപ്പിക്കുന്നുണ്ട്.

എന്റെ പൊന്നു ചേട്ടന്മാരെ കീ കൊടുക്കണം അയിനാണ് ഇങ്ങനെ ഓടുന്നെ. എന്തായാലും അവർ നമ്മളെ പേടിപ്പിക്കാൻ വേണ്ടി കാർ ഒന്ന് വളച്ചു കളിച്ചതും, ഓവർടേക്ക് ചെയ്യാൻ ശ്രെമിച്ചതും ഞങ്ങൾ സൈഡ് കൊടുത്തതും അവർ നേരെ പോയി ഒരു ഇലക്ട്രിക് പോസ്റ്റിൽ പോയി ഇടിച്ചതും, കാർ ഒന്ന് പൊന്തിയതും ആ ലൈനിൽ ഉള്ള ഇലക്ട്രിക് പോസ്റ്റ്‌ 3 എണ്ണം വീണതും , അവിടെ മൊത്തം സ്പാര്ക് ആയതും, നാട്ടുകാർ ഓടികൂടിയതും ഒക്കെ വിത്തിൻ സെക്കന്റ്‌സ്‌ ആയിരുന്നു. വണ്ടി ഓടിച്ചിരുന്ന നമ്മടെ പുട്ടു മോൾ കീ കൊടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ ഇതൊന്നും അറിഞ്ഞത് പോലും ഇല്ല.

അങ്ങനെ ഒരുവിധം ഓടി പാഞ്ഞു അവളുടെ വീട്ടിൽ എത്തിയപ്പോളേക് ജോൺ പപ്പാ വേറെ എങ്ങോട്ടോ പോയീണ്ട്. അവിടെ കിട്ടിയ ഗ്യാപ്പിൽ ബാക്കിൽ എന്താ നടന്നത് എന്ന് അറിയാതെ വണ്ടി ഓടിച്ചു എത്തിയ അവളോട്‌ ഞാൻ സംഭവ വികാസങ്ങൾ വിവരിച്ചു കൊടുത്തു. ഞെട്ടി തരിച്ചു ഇരുന്നു എല്ലാം കേട്ടു ടെൻഷൻ അടിക്കുന്നതിനിടയിൽ ഒന്ന് ഇടക്ക് ടീവി വെച്ചിട്ടുണ്ടായിരുന്നു. അപ്പോളാണ് ആ വാർത്ത ശ്രദ്ധിച്ചത് ” നിപ്പ വൈറസ് ഉറവിടം കോഴിക്കോട് വയലടയിൽ നിന്ന്..”

ഈ പോസ്റ്റ്‌ ഇപ്പോൾ ഇടാൻ കാരണം, ഈ നിപ്പാ ടൈമിൽ ആണ് അന്നത്തെ വയലട ട്രിപ്പിന്റെ കാര്യം അറിയാതെ വീട്ടിൽ പറയുന്നേ. അപ്പോൾ പിന്നെ ഒരു തീരുമാനം ആയല്ലോ. അതോണ്ട് പേടിച്ചു എടുത്ത രണ്ട് ഫോട്ടോസ് ഇവിടെ വെളിച്ചം കാണുന്നു..