സെലിബ്രിറ്റികൾക്ക് ഏറെ പ്രിയപ്പെട്ട കിളിമാനൂരിലെ നാടൻ വഴിയോരക്കട..

വിവരണം – Vishnu A S Nair.

“എടാ അനിയാ, ഞാൻ വീട്ടിൽ നല്ല ഭക്ഷണം കഴിച്ചു വളർന്നവനാണ്. അപ്പോൾ ഞാൻ ഉണ്ടാക്കി കൊടുക്കുന്നതും അതുപോലെ ആയിരിക്കണം എന്നെനിക്ക് നിർബന്ധമുണ്ട്” – തമ്പി അണ്ണൻ, വഴിയോരക്കട. ചില ഭക്ഷണശാലകളുണ്ട്, രുചിയുടെ മേലാപ്പ്കൊണ്ട് മാത്രമല്ല അവരുടെ വ്യത്യസ്‌തമായ പ്രവർത്തനശൈലികൾ കൊണ്ടും, ധാർമികത കൊണ്ടും നമ്മെ അവരോട് കൂടുതൽ അടുപ്പിക്കുന്നവർ. പണപ്പെട്ടിയുടെ കിലുക്കത്തിന് മുൻഗണന കൊടുക്കാതെ തങ്ങൾ വളരുന്നതിനോടൊപ്പം തന്നെപ്പറ്റി നിൽക്കുന്ന ചുറ്റുമുള്ളവരെയും വളർത്തുന്നവർ. അതും ജീവിതമെന്നാൽ മത്സരമെന്നും അതിലെ വിജയമെന്നാൽ ഗാന്ധിതലകളുടെ എണ്ണമെന്നും മാത്രം ആഖ്യാനങ്ങൾ എഴുതിചേർത്ത ഈ സമൂഹത്തിൽ ചിന്തിക്കാനാകുമോ അത്തരക്കാരെക്കുറിച്ച് ?? വിരലിലെണ്ണാവുന്നതേയുള്ളുവെങ്കിലും ഇന്നും അത്തരത്തിൽ ചിലരുണ്ട്, ചില സംരംഭങ്ങളുണ്ട്… അതിലൊന്നാണ് എം.സി.റോഡ് – കിളിമാനൂർ വഴിയുടെ ഓരത്തായി സ്ഥിതി ചെയ്യുന്ന വഴിയോരക്കട…

വഴിയോരക്കടയെക്കുറിച്ച് അല്ലെങ്കിൽ അവിടുത്തെ രുചികളെയും ശൈലികളെയുംക്കുറിച്ച് ധാരാളം നാം കേട്ടിട്ടുണ്ട്. പക്ഷെ അധികമാരും പറഞ്ഞു കേൾക്കാത്ത ചില കഥകളും ഒരു മനുഷ്യന്റെ ജീവിതവും വഴിയോരക്കടയുടെ പിൻതാളുകളിൽ പൊടിപിടിച്ച് കിടപ്പുണ്ട്. നമുക്കത്തൊന്ന് തട്ടിക്കുടഞ്ഞെടുക്കാം. വഴിയൊരക്കടയുടെയും തമ്പി അണ്ണന്റെയും ചരിത്രം ആരംഭിക്കുന്നത് 1995 ലാണ്. അന്നാണ് കുറവൻകുഴിയിലൊരു കള്ള് ഷാപ്പ് തുടങ്ങുന്നത്. കള്ള് ഷാപ്പെന്നു പറഞ്ഞാൽ തിരുവനന്തപുരത്തെ ഏറ്റവും കേമമായ ഷാപ്പുകളിലൊന്ന്. ഷാപ്പാണെങ്കിലും കള്ളിന്റെ കൂടെ വിളമ്പുന്ന നാടൻ വിഭവങ്ങളുടെ രുചിപ്പെരുമയിൽ പലരുടെയും ഇഷ്ട സാങ്കേതമായിരുന്നു ആ സ്ഥലം. അങ്ങനെ മേലെ കള്ളും കീഴെ ചാരായം എന്ന കച്ചവടക്രമത്തിലും ഇതൊക്കെ ഉള്ളിലാക്കി പാട്ടുപാടി വീട്ടിലെത്തുമ്പോൾ വീട്ടുകാരെ സന്തോഷിപ്പിക്കാനുള്ള നാടൻ രുചിക്കൂട്ടിന്റെ പേരിലും കുറവൻകുഴി ഷാപ്പ് നിർബാധം പ്രവർത്തിച്ചു പോന്നു.

വർഷങ്ങൾ കൊഴിഞ്ഞു നീങ്ങി. പിന്നീടാണ് കേരളക്കരയാകെ ഞെട്ടിച്ച കല്ലുവാതുക്കൽ മദ്യ ദുരന്തം അരങ്ങേറിയതും ഷാപ്പുകളുടെ മേൽ കർക്കശ നിബന്ധനകളും മറ്റും കൊണ്ടു വന്നതും. അതിന്റെ ഫലമായി കുറവൻകുഴി ഷാപ്പ് ഒട്ടേറെ വെല്ലുവിളികൾ നേരിട്ടെങ്കിലും അതിനെയൊക്കെ അതിജീവിച്ചു. അതിനുകാരണം ഒറ്റയൊരാളായിരുന്നു. ഒരു കടുംവെട്ട്കാരൻ… വഴിയോരക്കടയുടെ കാരണവർ. പേര് ജോൺസൺ. പുള്ളിക്ക് വേറൊരു വിളിപ്പേര് കൂടെയുണ്ട് തമ്പി. ഒട്ടേറെ കടമ്പകൾ നേരിട്ട് മുന്നോട്ട് പോയെങ്കിലും ഒരവസരത്തിൽ തമ്പി മാമന് ഷാപ്പ് നടത്തുന്നതിനോടുള്ള താൽപര്യം നഷ്ടപ്പെട്ടു. അങ്ങനെ 2000മാണ്ട് ഒരു വൃശ്ചിക പുലരിയിൽ ജനങ്ങളുടെ നാവിൽ രുചിമേളം കൊട്ടിക്കയറാൻ ഒരു ചെറിയ നാടൻ ഭക്ഷണശാല ഉടലെടുത്തു. അതായിരുന്നു വഴിയോരക്കട.

വഴിയോരക്കട, ആ പേര് വന്നതിലും ഒരു കാരണമുണ്ട്. ഭക്ഷണശാല 2000ൽ തുടങ്ങിയെങ്കിലും അതിനന്ന് പ്രത്യേകിച്ച് പേരൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ അതിന്റെ നടത്തിപ്പുകാരനായ തമ്പി മാമനും പങ്കാളിയും ഒരുമിച്ചിരുന്ന ഒരവസരത്തിൽ കടയ്ക്ക് ഒരു പേര് വേണമെന്ന് അവർക്ക് തോന്നി. മൂന്ന്‌ പേരുകളാണ് അവർക്ക് മുന്നിൽ ഉണ്ടായിരുന്നത്. ഓലക്കട – ഊണ്കട – വഴിയോരക്കട. ഇതിൽ തമ്പി മാമൻ തിരഞ്ഞെടുത്ത പേരായിരുന്നു ‘വഴിയോരക്കട’. പിൽക്കാലത്ത് ഈ പങ്കാളി പിരിഞ്ഞു പോവുകയും വഴിയോരക്കട തമ്പി മാമൻ ഒറ്റയ്ക്ക് ഏറ്റെടുക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് വഴിയോരക്കടയ്ക്ക് തിരിഞ്ഞു നോൽക്കേണ്ടി വന്നിട്ടില്ല. കൈപ്പുണ്യവും അന്നത്തിനോടുള്ള നേരും നെറിയും വച്ചു പുലർത്തിയതിനാൽ ഉയർച്ചയിലേക്കുള്ള ആകാശകൊട്ടിലുകൾ വഴിയോരക്കട കയ്യടക്കിയത് വളരെ പെട്ടെന്നായിരുന്നു.

ഇന്നത്തെ തലമുറയിലൂടെ മാത്രം വഴിയോരക്കടയെ നോക്കിക്കാണുന്നവർ കാണാതെ പോകുന്നൊരു മുഖമുണ്ട്. വഴിയോരക്കടയുടെ കാരണവരുടെ മുഖം. തമ്പി മാമന്റെ മുഖം.. വെളുപ്പിന് നാലു മണിക്ക് കടയിലെ ജീവനക്കാർക്ക് താക്കോൽ കൊടുത്തു തുടങ്ങുന്ന ദിനം അവിടുത്തേക്കുള്ള പച്ചക്കറിയും മീനും മറ്റും ചന്തയിൽ നേരിട്ട് പോയി വാങ്ങിയും ശേഷം തലക്കറിക്കും മറ്റുമുള്ള മീൻ മുറിച്ചു കൊടുത്തും അടുക്കളയിലെ പരുവം നോക്കി തീരുമാനിച്ചുമാണ് മുന്നേറുന്നത്. തമ്പി മാമൻ OK പറയാതെ ഒരു വിഭവംപോലും ആ അടുക്കളപ്പടി കടക്കരുതെന്ന നിർദ്ദേശം ഇപ്പോഴും പാലിച്ചു പോകുന്നു. അതല്ലാതെ മറുത്തു വല്ലതും ചെയ്താൽ വേറെ പ്രശ്നമൊന്നുമില്ല ആ വിഭവം തെങ്ങിന്റെ മൂട്ടിൽ കിടക്കും. അത്രേയുള്ളൂ. So simple.

അങ്ങനെ ഒരുപാട് നാളത്തെ ആഗ്രഹത്തിന് ശേഷം ഞാനും വഴിയോരക്കടയിലെത്തി. തിരുവനന്തപുരത്തു നിന്നും ഏതാണ്ട് 40 കിലോമീറ്റർ ദൂരമുണ്ട് വഴിയോരക്കടയിലേക്ക്. പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് ചെന്നപാടെ കാണുന്നത് പാർക്കിങ് നിറഞ്ഞു നിൽക്കുന്ന കാറുകളും ട്രാവലറുകളുമാണ്. കഷ്ടപ്പെട്ട് എന്റെ വണ്ടി ഒതുക്കിയിട്ട് റോഡ് മുറിച്ചുകടന്ന് വഴിയോരക്കടയിലേക്ക് വലതുകാൽ വച്ചു കയറി. അവിടെ വച്ചാണ് വഴിയോരക്കടയുടെ നമുക്ക് പരിചിതമായ മുഖമായ മഹേഷ് ചേട്ടനെ കാണുന്നത്. ഉച്ച സമയമായതിനാൽ നല്ല തിരക്കുണ്ടായിരുന്നു. ഒരു പതിനഞ്ച് മിനുട്ടത്തെ കാത്തിരിപ്പിന് ശേഷം ഒരു ഫാമിലി ഡൈനിങ്ങ് റൂം ഞങ്ങൾക്കായി കിട്ടി.

ആതിഥ്യ മര്യാദയിൽ മുന്നിട്ട് നിൽക്കുന്ന വഴിയോരക്കടയുടെ പേര് നിലനിർത്തിക്കൊണ്ട് തന്നെ മഹേഷേട്ടൻ ഞങ്ങളുടെ ഓർഡർ എടുത്തു. അദേഹത്തിനെക്കാൾ എടുത്തു പറയേണ്ടത് അവിടുള്ള ജീവനക്കാരുടെ പെരുമാറ്റം തന്നെ. അതീവ സൗഹാർദ്ദപരമായ പെരുമാറ്റത്തോടെ ബൈജു ചേട്ടൻ ഞങ്ങളിലൊരാളായി മാറി. അങ്ങനെ ഒന്നൊന്നായി ഊണും കുഞ്ഞിക്കോഴി പൊരിച്ചതും താറാവ് റോസ്റ്റും നെയ്മീൻ തലക്കറിയും കരിമീൻ പൊരിച്ചത്, നെയ്മീൻ പൊരിച്ചത് എന്നിവ ഞങ്ങൾ രണ്ടു കുടുംബത്തിന്റെ മുന്നിലേക്കെത്തി. ഏതൊക്കെ അറബിക്ക് – ചൈനീസ് – ഇറ്റാലിയൻ വിഭവങ്ങൾ വന്നാലും മലയാളികൾക്ക് നാടൻ ഭക്ഷണത്തിന്റെ തട്ട്, അതെന്നും താണ് തന്നെയിരിക്കും എന്ന തത്വം ബലപ്പെടുത്തിക്കൊണ്ടുള്ള വിഭവങ്ങൾ.

സ്വയമ്പൻ ഊണ്. വാഴയില വിരിച്ചു അതിൽ നിരത്തിയ കറികളും തൊടുകറികളും എല്ലാം ഒന്നിനൊന്ന് മെച്ചം. കപ്പക്കറിയും ഉടങ്കൊല്ലി മുളക് ചേർത്ത ചമ്മന്തിയും വേറെ ലെവൽ. നെയ്മീൻ തലക്കറി കിടുക്കാച്ചി. തലക്കറി കഴിക്കുന്നത് ഒരു കലയാണ്. ധൃതി കാണിച്ചാൽ സംഭവം പൊടിഞ്ഞ് ചത എടുക്കാൻ കഴിയാത്ത തരത്തിലായിപ്പോകും. അതിനാൽ വലതുകൈയ്യുടെ പെരുവിരൽ കൊണ്ട് മുറിപ്പിന്റെ ഭാഗത്തു നിന്നും തള്ളി അടർത്തിയെടുത്ത് ആ വെണ്ണ പോലുള്ള കഷ്ണങ്ങൾ കഴിക്കണം. അമ്പോ,അടിപൊളി. അധികം ആക്രാന്തം കാണിക്കാതെ പതിയെ പതിയെ തലക്കറി കഴിച്ചിട്ട് ഏറ്റവും അവസാനം അതിന്റെ മുള്ളൊടിച്ച് അതിന്റകത്തെ മജ്ജ വലിച്ചീമ്പിയെടുക്കണം. ഒരു രക്ഷയില്ല.. അറജ്ജം പുറജ്ജം കിടുക്കാച്ചി. Highly recommended.

പിന്നെ എടുത്തു പറയേണ്ടത് താറാവ് റോസ്റ്റ്.. കുരുമുളകിന്റെ കുത്തൊക്കെ മുന്നിട്ട് നിൽക്കുന്ന വെന്തു നല്ല പരുവം പറ്റിയ താറാവ് റോസ്റ്റ്. പാകത്തിന് എരിവും മസാലയുമൊക്കെ പിടിച്ച ആ താറാവ് റോസ്റ്റ് ചോറിന്റെകൂടെ ഒരസാധ്യ കോമ്പിനേഷൻ തന്നെ. A must try dish. കുഞ്ഞിക്കോഴി പൊരിച്ചത് കിടുക്കാച്ചി. അത് കഴിക്കാതെ ആരും വഴിയോരക്കടയിൽ നിന്നും വരണ്ട. ആദ്യകാലങ്ങളിൽ കോഴി ഫ്രൈ വിഭവങ്ങൾ വഴിയോരക്കടയിൽ ലഭ്യമല്ലായിരുന്നു. പിന്നീട് നിരന്തരമായി ആവശ്യക്കാരേറിയപ്പോൾ പണ്ട് ചാലയിലെ കേത്തൽസ് സാഹിബിന്റെ ചിക്കൻ ഫ്രൈ കഴിച്ചു ഭ്രമം കയറിയ തമ്പി മാമൻ ആ ആശയം മുൻനിർത്തി തന്റേതായ രീതിയിൽ രുചിക്കൂട്ടുകളും മറ്റും കണ്ടുപിടിച്ച് അവതരിപ്പിച്ച വിഭവമാണിത്. ഒന്നൊന്നര അഡാർ ഐറ്റം. ഒരിക്കലും കേത്തൽസിലെ ടെൻഡർ ചിക്കൻ ഫ്രൈയ്യുമായി കുഞ്ഞിക്കോഴി പൊരിച്ചതിനെ താരതമ്യം ചെയ്യരുത്. രണ്ടിന്റെയും മസാലക്കൂട്ടുകളും നിർമാണവും അതിനായി ഉപയോഗിക്കുന്ന കോഴിയുടെ ബ്രീഡും മറ്റും തികച്ചും വ്യത്യസ്തമാണെന്ന വസ്തുത ഓർമയിലിരിക്കട്ടെ.

നെയ്മീൻ പൊരിച്ചതും കരിമീൻ പൊരിച്ചതും ശരാശരി നിലവാരം പുലർത്തി. ബീറ്റ്‌റൂട്ട് തോരൻ കുറച്ചുംകൂടെ മൂക്കാമായിരുന്നെന്ന് തോന്നി. കരിമീൻ പൊരിച്ചത് അധികം കഴിച്ചു ശീലമില്ലാത്തതിനാലാകും ഇനിയും നന്നാക്കാമായിരുന്നു എന്നൊരു ശങ്ക. ചിലപ്പോൾ എന്റെ തെറ്റുമായിരിക്കും. കണ്ണ് തട്ടതിരിക്കാൻ ഈ രണ്ട് അഭിപ്രായങ്ങളൊഴിച്ചാൽ ആഹാരത്തിന്റെ കാര്യത്തിൽ മറ്റൊന്നും എനിക്ക് പറയാനില്ല. അല്ലെങ്കിലും ഉത്പതിഷ്ണുക്കളായ അപൂർണതയാണല്ലോ യാഥാസ്ഥിതികമായ പൂർണതയെക്കാൾ കൂടുതൽ ഗോചരമായത്. മേൽപ്പറഞ്ഞവ മാത്രമാണോ വഴിയോരക്കടയെക്കുറിച്ച് കൊട്ടിഘോഷിക്കാൻ മാത്രമുള്ളത്? അല്ലേയല്ല !! ചുവടെയുള്ളത് കൂടെ വായിക്കുക.

“അമൃതാഭി ദാനമസി അന്നദാതാ സുഖീ ഭവ” എന്നും ശ്ലോകം ചൊല്ലി കൈകഴുകി എഴുന്നേറ്റ ഞാൻ പിന്നെ പോയത് മഹേഷേട്ടന്റെ കൂടെ വഴിയോരക്കടയുടെ അടുക്കളയിലേക്കാണ്. അവിടെ എന്റെ ശ്രദ്ധയിൽ പതിഞ്ഞ ചില കാര്യങ്ങൾ താഴെ :- 1.ഒരിടത്തും കാണാത്തത്ര വൃത്തിയും വെടിപ്പുമുള്ള അടുക്കള. പേരിന് പോലും പൊടിയോ മാറാലയോ കാണാനില്ല. ഓരോന്നിനും അതിന്റെതായ സ്ഥാനമുണ്ട്. അടുക്കും ചിട്ടയുമെല്ലാം ബലേ ഭേഷ്. 2.പാചകം മുഴുവൻ വിറകടുപ്പിലാണ്. വിറകും മരപ്പൊടിയും ഉപയോഗിച്ചാണ് രുചിയുടെ മേച്ചിൽപ്പുറങ്ങൾ വഴിയോരക്കടയിൽ നമുക്കായി തയ്യാറാക്കപ്പെടുന്നത്. 3.പാചകത്തിനായി ഇവർ ചെക്കിലാട്ടിയ പുതിയ വെളിച്ചെണ്ണ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.. ഒരു ദിവസം ഉപയോഗിച്ച എണ്ണ അടുത്ത ദിവസം വിറക് കത്തിക്കാനായി പ്രയോജനപ്പെടുത്തുന്നു.

4. വഴിയോരക്കടയിൽ മീൻ വിഭവങ്ങൾക്ക് സ്ഥിരമായൊരു പട്ടികയില്ല. അന്നന്ന് എന്ത് കിട്ടുമോ അതിനെ വെടിപ്പായി വച്ചുണ്ടാക്കി നമുക്ക് മുന്നിലെത്തിക്കുന്നു. 5. തികച്ചും ആരോഗ്യപൂർണ്ണമായ ഭക്ഷണ സംസ്കാരത്തിന്റെ ശംഖൊലി ഉയർത്തുന്നതിനാൽ വഴിയോരക്കടയിൽ ബ്രോയിലർ കോഴിയിറച്ചി, പന്നി, കാള, പോത്ത് തുടങ്ങിയ റെഡ് മീറ്റ് വിഭവങ്ങൾ പ്രതീക്ഷിച്ചു പോകുന്നവർ വെറും കയ്യും വിശക്കുന്ന വയറുമായി മടങ്ങേണ്ടി വരും. കാലാകാലങ്ങളായി ഇതൊന്നും അവിടെ ലഭ്യമല്ല . 6. നാടൻ പശുവിന്റെ പാലാണ് ഇവിടെ ചായക്കും മറ്റും ഉപയോഗിക്കുന്നത്. കടയ്ക്ക് അടുത്തുള്ള വീട്ടുകാരാണ് അവരുടെ ഉപജീവനമാർഗ്ഗമായി ഇവിടുത്തേക്കായി പാൽ നൽകിപ്പോരുന്നത്. അതിനാൽ വിശ്വസിക്കാം.

7. ഇറച്ചി വിഭവങ്ങൾക്ക് കുഞ്ഞിക്കോഴിയും വലിയ കോഴിയും താറാവുകളെയും ഇവിടെ തന്നെ വളർത്തിപ്പോരുന്നു. ആവശ്യാനുസരണം തത്സമയം ഇവറ്റകളെ തയ്യാറാക്കാൻ വേണ്ടി മാത്രം മൂന്ന് ജീവനക്കാർ മുഴുവൻ സമയവും ഇവിടെയുണ്ട്. 19 വർഷം ഹോട്ടൽ നടത്തിയിട്ടും ഒരു ദിവസത്തേക്ക് എത്ര ഇറച്ചി വേണമെന്ന് അറിയാഞ്ഞിട്ടല്ല. ഒരാളെ വിളിച്ചു ‘പട പടേന്ന്’ കൊന്ന് വൃത്തിയാക്കി മിച്ചം വരുന്നതിനെ ഫ്രീസറിൽ വയ്ക്കാൻ അറിയാഞ്ഞിട്ടുമല്ല. ഇത് വഴിയോരക്കടയുടെ രീതി. 8. ചെറിയൊരു കുടുംബശ്രീ സമ്മേളനം തന്നെ ഇവിടെയുണ്ട്. തലയിൽ ഹെയർ ബാൻഡും ധരിച്ച് അമ്മമാരും ചേച്ചിമാരും പച്ചക്കറി അരിയുന്നതിലും ചോർ കാലമാക്കുന്നതിലും വ്യാപൃതരാണ്. പുട്ടും മറ്റു കിടുപിടികൾ തയാറാക്കുന്നതും ഇവർ തന്നെ. 9. പരിപ്പ് കറിക്കുള്ള വറുത്ത പരിപ്പ് ഉടച്ചെടുക്കുന്നത് അമ്മിക്കല്ലിലാണ്.

10. ഒരു വിധം എല്ലാ ഹോട്ടലിലും ഒളിച്ചുവച്ചു ചെയ്യുന്ന ഒന്നാണ് പാത്രം കഴുകൽ. ഇവിടെ അതിനായി മാത്രം പ്രത്യേകം ഒരിടമുണ്ട്. അവിടെ ആവശ്യത്തിലധികം ജീവനക്കാരും. 11. പൊരിച്ച വിഭവങ്ങൾ കഴിവതും ആവശ്യത്തിനനുസരിച്ചു മാത്രമേ പാചകം ചെയ്യാറുള്ളൂ. നേരത്തെ പാചകം ചെയ്ത് സമയത്ത്‌ ചൂടാക്കി കൊടുക്കുന്ന പരിപാടി വളരെ പരിമിതമാണ്. 12. നാടൻ വെളിച്ചെണ്ണ, നാടൻ പുളി, നാടൻ കറിവേപ്പില എല്ലാം തനി നാടൻ. 13. ഇതെല്ലാം ഉണ്ടാക്കുമ്പോൾ അതിന്റെകൂടെ ഉൽപാദിക്കപ്പെടുന്ന മാലിന്യം എന്ത് ചെയ്യും? അതിനും വഴി കണ്ടിട്ടുണ്ട് വേസ്റ്റ് ഡിസ്പോസലിനായി കടയുടെ പുറകിൽ തന്നെ അതിനുള്ള സംഭവ വികാസങ്ങൾ ചെയ്തിട്ടുണ്ട്.

14. ഒരാൾക്ക് ഒരു ഭക്ഷണശാലയിൽ പോയാൽ സൗജന്യമായി മനുഷ്യത്വത്തിന്റെ പേരിലോ നിയമത്തിന്റെ പേരിലോ കൊടുക്കേണ്ടത് രണ്ടേ രണ്ട് കാര്യങ്ങൾ മാത്രം. 1. വെള്ളം.. പതിമുഖ പട്ടയിട്ട വെള്ളമാണ് ഇവിടെ കുടിക്കാൻ കൊടുക്കുന്നത്. അതിലിത്ര പറയാനെന്തിരിക്കുന്നുവെന്ന് ചോദിച്ചാൽ കടയിൽ നിന്നും കൂലിക്ക് ആളെ വിട്ടി പട്ട വെട്ടി, ചീകി ചെറിയ കഷ്ണങ്ങളാക്കി അവിടെ തന്നെ ഉണക്കിയാണ് വെള്ളം തിളപ്പിക്കാൻ ഉപയോഗിക്കുന്നത്. കടയിൽ തുച്ഛമായ വിലയിൽ ‘ഇൻസ്റ്റന്റ്’ പതിമുഖം കിട്ടുമ്പോഴാണ് ഈ പെടാപ്പാടെന്നെന്നത് ആലോചിക്കണം. 2. ശുചിമുറി… പലരും ശ്രദ്ധിക്കാതെ പോകുന്ന എന്നാൽ വളരെ ശ്രദ്ധിക്കേണ്ടതുമായ ഒരിടം. തികച്ചും വൃത്തിയും വെടിപ്പുമുള്ള ടോയ്‌ലറ്റുകളാണ് വഴിയോരക്കടയിലേത്. അതിന് കാരണം ഇവിടുത്തെ ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്നത് ഈ കടയുടെ ഉടയോൻ തന്നെയാണ് – തമ്പി മാമൻ. വായിക്കുന്ന ചിലർക്ക് അമ്പരപ്പുണ്ടായേക്കാം ചിലർക്ക് പുച്ഛവും, പക്ഷേ തമ്പി മാമന് അതൊരു നിർബന്ധമാണ്. ഒരു പക്ഷേ നിങ്ങളിത് വായിക്കുന്ന ദിവസം രാവിലെ പോലും വഴിയോരക്കടയിലെ ശുചിമുറി വൃത്തിയാക്കിയത് ‘കാരണവർ’ തന്നെയായിരിക്കും.

ഇതൊക്കെ സത്യമാണോ അല്ലെങ്കിൽ സംഭവ്യമാണോ എന്ന്‌ ശങ്കിക്കുന്നവർക്ക് സന്ദർശിക്കുവാനായി വഴിയോരക്കടയുടെ വാതിലുകൾ നിങ്ങൾക്ക് സ്വാഗതമരുളി കാത്തിരിപ്പുണ്ട്. മനസ്സും വയറും നിറഞ്ഞ് പുക അടുക്കളയിൽ നിന്നും വെളിയിൽ വന്നപ്പോഴാണ് ഷർട്ടിനുള്ളിലെ ബനിയൻ വിയർത്തൊലിച്ചു ശരീരത്തോട് ഒട്ടിപ്പിടിക്കുന്നതറിഞ്ഞത്. മുന്നേ കഴിച്ചത് വയറ്റിൽ ഒന്നൊതുങ്ങിയെന്നു തോന്നിയപ്പോൾ വീണ്ടുമൊരു ചായ കുടിക്കാൻ മോഹം. അതിനും വഴിയോരക്കടയിൽ വഴിയുണ്ട്. തന്റെ പത്തൊൻപതാം വയസ്സു മുതൽ നിത്യവൃത്തിക്കായി ചായയടി തുടങ്ങി, കഴിഞ്ഞ നാൽപ്പതിമൂന്നു വർഷങ്ങളായി വൃത്തിക്ക് ആ പണി ചെയ്യുന്ന നമ്മുടെ വിജയൻ മാമന്റെ കയ്യിൽ നിന്നൊരു ബിരിയാണി ചായ.

പറഞ്ഞാലുടൻ ഏലയ്ക്ക പൊട്ടിച്ചു കൊഴുത്ത നാടൻ പാലിലിട്ട് പിന്നെ പുള്ളിയുടെ മാത്രം ചില പൊടിക്കൈകൾ ചേർത്ത്, ടൈറ്റാനിക്ക് സിനിമയിലെ ജാക്കിനെ അനുസ്മരിപ്പിക്കും വിധം നൂറ്റിയെൺപത് ഡിഗ്രിയിൽ കൈകൾ വലിച്ചുനീട്ടി രണ്ടടിയും അടിച്ചൊരു ചിരിയോടെ നുര നിറഞ്ഞ ചായ വിജയേട്ടൻ നമുക്ക് മുന്നിലേക്ക് നീട്ടും. റോഡിലെ വണ്ടികളെയും മറ്റും നോക്കി ഊതിയൂതി ആ ചായ മൊത്തുമ്പോൾ തുടക്കത്തിൽ ഹോട്ടൽ ഗ്രേഡ് പൊടിച്ചായയുടെ കടുപ്പവും ക്രമേണ നാടൻ പാലിൽ ഏലയ്ക്ക ചേർത്തിന്റെ രുചിയും കൂടെ ഇതിരിയോത്തിരി നന്മയും. കുടിച്ചു കഴിയുമ്പോൾ ഒരു ഫസ്റ്റ് ക്ലാസ് പായസം കുടിച്ച അനുഭൂതിയും…. കിടുക്കാച്ചി ചായ. മഹേഷേട്ടന്റെ വാക്കുകൾ കടമെടുത്തു പറയുകയാണെങ്കിൽ നാളെയൊരുകാലത്ത് കേരളത്തിൽ ചായയടി നിരോധിച്ചാൽ ആദ്യം കഷ്ടത്തിലാകുന്നത് വിജയൻ മാമനാകും… വേറൊന്നും കൊണ്ടല്ല പുള്ളിക്ക് വേറൊരു പണിയുമറിയില്ല…

വിലവിവരം…. ഊണ് :- ₹.90/- കരിമീൻ പൊരിച്ചത് :- ₹.180/- താറാവ് റോസ്റ്റ് :- ₹.160/- നെയ്മീൻ തലക്കറി :- ₹.180/-(ചെറുത്) നെയ്മീൻ പൊരിച്ചത് :- ₹.160/- കുഞ്ഞിക്കോഴി പൊരിച്ചത് :- ₹.260/- ബിരിയാണി ചായ :- ₹.20/- ശ്രദ്ധിക്കുക :- മീൻ തലക്കറി , നെയ്മീൻ പൊരിച്ചത് എന്നിവ വലുപ്പമനുസരിച്ചാണ് വിലവരുന്നത്… നേരിൽ കാണാൻ കഴിയാത്തതിനാൽ മഹേഷേട്ടൻ വഴി ഫോൺ വിളിച്ചാണ് തമ്പി മാമനോട് സംസാരിച്ചത്. പേരും നാളും പറഞ്ഞ് പരിചയപ്പെട്ടത്തിന് ശേഷം ആദ്യത്തെ ചോദ്യമിതായിരുന്നു. “മാമന് തലയ്ക്ക് വല്ല ഭ്രാന്തുമുണ്ടോ, വെറുതെ ഇത്രയും ആളുകളെ വച്ച് തുരുമ്പിച്ച കുറേ ധാർമികതയും പറഞ്ഞ് ഇതു പോലൊരു പ്രസ്ഥാനം നടത്തിക്കൊണ്ട് പോകാൻ?” ഒരു ചെറു ചിരിയോടെ അദ്ദേഹത്തിന്റെ മറുപടി ” എടാ അനിയാ, ഞാൻ വീട്ടിൽ നല്ല ഭക്ഷണം കഴിച്ചു വളർന്നവനാണ്. അപ്പോൾ ഞാൻ ഉണ്ടാക്കി കൊടുക്കുന്നതും അതുപോലെ ആയിരിക്കണം എന്നെനിക്ക് നിർബന്ധമുണ്ട്,അതു തന്നെ കാരണം”.

ഒരു മണിക്കൂറിലേറെ സമയം സംസാരിച്ച് കുറെയേറെ ചരിത്രങ്ങളും നേരിട്ട സംഭവങ്ങളും ചോദിച്ചറിഞ്ഞ ശേഷം അവസാനം ഒരു ചോദ്യം കൂടിയെറിഞ്ഞു ” ഇനിയെന്താണ് ഈ കട കൊണ്ട് മാമൻ നേടാൻ ഉദേശിക്കുന്നത് ?” ഉടൻ മറുപടി “എനിക്കെന്ത് വേണം? രണ്ട് ഒറ്റമുണ്ടും, ഷർട്ടും ഒരു ജോഡി സ്ലിപ്പറുമുണ്ടെങ്കിൽ എനിക്കത് മതി. ഉള്ളത് മര്യാദയ്ക്ക് നടത്തിക്കൊണ്ട് പോണം. അത്ര തന്നെ”. ചിലർ അങ്ങനെയാണ് ലാഭ-നഷ്ട കണക്കുകളല്ല അവരുടെ മനസ്സിൽ എങ്ങനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകാം എന്നുള്ളതാണ്. എങ്ങനെ മറ്റുള്ളവരെ ചകിതരാക്കാം എന്നുള്ളതാണ്. എങ്ങനെ മറ്റുള്ളവർക്ക് ഒരു പ്രചോദനമാകാം എന്നുള്ളതാണ്. മറക്കില്ലൊരിക്കലും വഴിയുടെ ഓരത്തിലെ ആ കടയെ.

ഒട്ടേറെ സെലിബ്രിറ്റികൾ സന്ദർശിക്കുന്ന വഴിയോരക്കടയ്ക്ക് മറ്റ് ശാഖകളില്ല. അതിനാൽ പേരിന്റെ മുന്നിലും പിന്നിലും ‘അശ്വത്ഥാമ ഹത: കുഞ്ജര’ എന്ന രീതിയിൽ ഒളിച്ചും മറച്ചും ഏച്ചുകെട്ടുകളുള്ള വഴിയോരക്കടകളിൽ പോയി വഞ്ചിതരാകാതിരിക്കുക. ലൊക്കേഷൻ :- Vazhiyorakkada Kuravankuzhi,Kilimanoor P.O, Pazhayakunnummel, 098956 48406. https://maps.app.goo.gl/2rGGo.