എയർപോർട്ടിനടുത്തുള്ള സാഹസിക ട്രെക്കിങ്ങും മനോഹരമായ കാഴ്ചകളും

വിവരണം – Mansoor Pattupara.

ചെരുപ്പടിമലയും മിനിഊട്ടിയും ഒരുപാട് പോയിട്ടുണ്ടെങ്കിലും മലപ്പുറത്തുകാർക്ക് അവിടെ വീണ്ടും പോയിയിരിക്കാൻ ഒരു ഹരമാണ്. ഇപ്രാവശ്യം അവിടേക്കു ഒന്നുടെ പോയാലോ എന്ന ഉദ്ദേശത്തോടെ വൈകിട്ട് 3 മണിക്ക് വണ്ടി തിരിച്ചു. കൂടെ ഇപ്പൊ സ്ഥിരം പങ്കാളീസ് നിസാറും റമീസും തന്നെ. മിനി ഊട്ടി വഴി ചെരുപ്പടിയും കയറി ഇരുട്ടുവോളം ഇരിക്കണം. പ്രകൃതിയുടെ സൗന്ദര്യവും എയർ പോർട്ട്‌ വ്യൂവും ആണ് പ്രധാന ഹൈലൈറ്. ഇപ്രാവശ്യം പോയപ്പോൾ സങ്കടം വരുന്നെത് എന്തെന്നാൽ ചുറ്റിലും ദുനിയാവിന്റെ കീറി മുറിച്ചു കരിങ്കൽ കോറികളുടെ എണ്ണം കൂടി നാലു ഭാഗത്തു നിന്നും വെടിയൊച്ചകളും വേദനചനകമായി.

കരിപ്പൂർ എയർ പോർട്ടിന്റെ റൺവേയിലൂടെ വിമാനം ഇറങ്ങുന്നത് വളരെ ഭംഗിയായിട്ട് കാണാം. ചെറിയ ചുരവും കയറി മുകളിൽ എത്തി കുറച്ച് നേരം അവിടെ തമ്പടിച്ചു. എയർപോർട്ട് വികസന ഭാഗമായി വിമാനങ്ങൾ വളരെ കുറവായിരുന്നു. വിമാനം ഒന്നു പോലും കാണാതെ റമീസ് അവിടെന്ന് ഇല്ല എന്ന് പറഞ്ഞു. കുറെ നേരം ഇരുന്ന് അതിലേറെ അടിപൊളി എയർപോർട്ട് വ്യൂ വേറെ സ്ഥലത്തുണ്ട് എന്ന് പറഞ്ഞു രണ്ടാളെയും എടുത്ത് അവിടെന്നു പോന്നു.

കുറെ മുന്നെ പോയ ഒരു ഓർമ വെച്ച് തറയിട്ടാൽ ജംഗ്ഷനിൽ നിന്നും EMEA കോളേജ് ലക്ഷ്യമാക്കി പോയി. അങ്ങോട്ട് കുറച്ച് കൂടി പോയാൽ കോളേജ് കഴിഞ്ഞ് വലത്തോട്ട് ഒരു ചെറിയ റോഡ് എന്ന് അവിടെന്ന് വഴി ചോദിച്ചപ്പോ ഒരു ഓട്ടോക്കാരൻ പറഞ്ഞു. കോളേജ് കഴിഞ്ഞു റോഡ് എത്തി കഷ്ട്ടിച്ചു ഒരു കാർ പോകുന്ന വഴി ഉള്ളു. അത് തന്നെ അല്ലെ എന്ന് ഉറപ്പാക്കാൻ അതിലൂടെ EMEA കോളേജ് സ്പോർട്സ് ഹോസ്റ്റൽലെ ഒരുത്തനെ കണ്ടു ചോദിച്ചു. ഉള്ള ചെരുപ്പടിയും കളഞ്ഞു ഏത് കാട്ടു മുക്കിൽകാനെന്നു പറഞ്ഞു കൂടെയുള്ള രണ്ടും കൂടെ ചാടികളിക്കാൻ തുടങ്ങി. അവരെ പറഞ്ഞിട്ടും കാര്യമില്ല.

ഇടുങ്ങിയ കറുത്ത റോഡിലൂടെ കുറച്ച് മുന്നോട്ട് എത്തിയപ്പോയേക്കും ഒരു ഒഴിഞ്ഞ പറമ്പ് കോളേജിന്റെ പിന്നാമ്പുറം. റോഡും അവസാനിച്ചു. പടച്ചോനെ ഇവന്മാര് എന്നെ പഞ്ഞിക്കിടുമോ? എന്ന് പേടിച് മുന്നോട്ടെത്തിയപ്പോ അവിടെ ഒരു ബൈക്കും കാറും നിർത്തിയിട്ടിട്ടുണ്ട്. സമാധാനമായി അവിടെ എന്തേലും ഇല്ലാതിരിക്കില്ല. വണ്ടിയിൽ നിന്ന് ഇറങ്ങി പോയി നോക്കി ഒരു ഫാമിലി ഉണ്ടാരുന്നു അവിടെ. താഴേക്ക് നോക്കിയപ്പോ വെള്ളം കെട്ടുകൾ. തൊട്ടു മുകളിൽ റൺവേ, ഭാഗ്യത്തിന് ഒരു ഇൻഡിക്കോ വിമാനം നിർത്തിയിട്ടുണ്ടായിരുന്നു. പ്രധീക്ഷിച്ചതിലും കൂടുതൽ കണ്ട സന്തോഷത്താൽ തടാകത്തിന്റെ രൂപം ശ്രദ്ധിച്ചു.

അതിമനോഹരമായ തടാകം നടുവിലൂടെ ദ്വീപ് പോലത്തെ ഒരു കുന്ന്. നല്ല തെളിഞ്ഞ വെള്ളം, മീനുകൾ കൂട്ടം കൂട്ടം ആയി പോകുന്നത് അവര് കണ്ടു. ഇത് പോലുള്ള എത്ര സ്ഥലങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഇതൊക്കെ കഴിഞ്ഞിട്ട് പോരെ അന്യ നാട്ടിൽ
ഇത്ര ദൂരെ നിന്നിട്ട് എന്താ നമ്മക്ക് ആ നടുവിലുള്ള കുന്നിൽ കയറിയ സുഖമായിട്ട് എയർപോർട്ട് കാണാലോ എന്ന് നിസാർ പറഞ്ഞതോടെ ആ പ്ലാനിലോട്ട് കടന്നു. അങ്ങോട്ടുള്ള വഴി തിരഞ്ഞു നടന്നു കല്ല് വെട്ടു കുഴികളും മഴ പെഴ്ത് പൊന്തിയ ചെറിയ കാടുകളും കടന്നു മുന്നോട്ടു നടന്നു. എയർപോർട്ട് മതിലിനോട് ചേർന്നുള്ള ചെറിയ വഴിയകളിലൂടെ ചാടി കടന്നു താഴെ എത്തി.

ദൂരെ നിന്നു കാണുന്നതിനേക്കാൾ ഭംഗി അടുത്ത് നിന്ന് എന്ന് തോന്നിപോകും.ദ്വീപ് പോലെ ഉള്ള കുന്നിൻ മുകളിലേക്ക് കയറുക എന്നത് ഒരു ടാസ്ക് തന്നെ ആണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഒരു ചെറിയ ട്രെക്കിങ് കൂടി ആണ്. നടുവിലൂടെ ഒരു ചെറിയ പാറയുടെ സൈഡിലൂടെ പ്രവേശിച്ചു. തനി നമ്മുടെ പാടത്തു കൂടെ നടക്കുന്ന ഫീലിംഗ്. രണ്ട് ഭാഗത്തും വെള്ളം നടുവിലൂടെ ഒരു വരമ്പ്. മഴക്കാലം ആയത് കൊണ്ട് വഴുക്കൽ കൂടുതൽ ആണ്. സൂക്ഷിച്ചു വേണം കയറാൻ. ഈ സ്ഥലത്തു എത്തിയ ശേഷം റെമീസിന്റെ ക്യാമറ ഓൺ ആയി. ഓരോന്നും ഒപ്പിയെടുത്തു കുന്നിന്റെ മുകളിലേക്ക് നോക്കിയപ്പോ നിസാർ അവിടെ കുരിശും വരച്ചു നിൽക്കുന്നു. ട്രെക്കിങ് വളരെ ഇഷ്ട്ടപെടുന്ന അവനു ഇത് വെറും സിംപിൾ എന്ന് അവന്റെ മുഖത്തു ഉണ്ടായിരുന്നു.

അടുത്തത് റമീസും താഴെ ഞാനും കയറി തുടങ്ങി, അവനെങ്ങാനും സ്റ്റെപ് തെറ്റിയാൽ എന്നെയും കൂട്ടി നേരെ വെള്ളത്തിലേക്കാണ്. ഒരാൾക്ക് കയറാൻ പറ്റുന്ന സ്ഥലമേ നമ്മളെ ഈ കുന്നിനൊള്ളു അതും കുത്തനെ ഉള്ള കയറ്റം. ഒരു വിധം ഒപ്പിച്ചു മുകളിൽ കയറി. താഴെ മൂന്നു സൈഡും വെള്ളം, തൊട്ടടുത്തു തന്നെ എയർപോർട്ട് മതിൽ, റൺവേ, പൊട്ടന് ലോട്ടറി അടിച്ചപോലെ ഒന്ന് കഴിയുമ്പോൾ അതിലേറെ വലുത് വേറൊന്ന്. വിമാനങ്ങൾ ഒന്നു അപ്പോഴും എത്തിയിരുന്നില്ല. എന്തായാലും ഇരുട്ടും വരെ സമയം ഉണ്ടല്ലോ

തണുത്ത കാറ്റും തടാകത്തിന്റെ ഭംഗിയും എല്ലാം മതി മറന്നു ആസ്വദിച്ചു നില്കുമ്പോ ആണ് ഒരു കൂട്ടം കുട്ടികൾ താഴെ വെള്ളത്തിൽ മീന്പിടിക്കലും അവിടെ ഉള്ള ചെടികളിൽ നിന്ന് എന്തൊക്കെയോ പറിക്കുന്നതും ചളിയിൽ കളിക്കുന്നതും ഒക്കെ കണ്ടപ്പോൾ നമ്മളെ കുട്ടികാലം ഓർത്തു പോയി. താമസിയാതെ ആ കുട്ടിപ്പട്ടാളം ഞങ്ങളെ അടുത്ത് മുകളിൽ എത്തി. അവർ ആ കുന്നിന്റെ മറ്റൊരു വഴിലൂടെ ആണ് വന്നത്. അത് കുറച്ച് ബുദ്ധിമുട്ടാണെന്നലും മറ്റേതിനേക്കാളും എളുപ്പമാണ്. അവര് എത്തിയതോടെ മുകളിൽ ആകെ സൗണ്ട് പറന്നു. അവിടെ അടുത്തുള്ള വീടുകളിലെ പയ്യന്മാർ ആണെന്ന് പറഞ്ഞു. അതിന്റെ ഒരു സംസാരം അവർക്കുണ്ട്.

ഞങ്ങൾ ഇരിക്കുന്ന സൈഡിൽ അടുത്ത് ഒരു സെക്യൂരിറ്റി റൂം ഉണ്ട്. ഒരു പട്ടാളക്കാരനും വേറെ ഒരാളും അവിടെ ഉണ്ടായിരുന്നത്. ചെക്കന്മാരുടെ കുരുത്തക്കേട് കാരണം അവിടെന്ന് പോകാൻ പറയുമോ എന്ന് പേടിച്ചിരുന്നു. കൂട്ടത്തിൽ ഒരുത്തൻ അയാളോട് ഒരു പടക്കം പൊട്ടിക്കാൻ പറഞ്ഞു. റൺവേയിൽ ഉള്ള പക്ഷികൾ പോകാൻ വേണ്ടിയാണു പടക്കം പൊട്ടിക്കുന്നത്. പിള്ളേർ പറഞ്ഞത് കേട്ടോ എന്ന് അറിയില്ല അയാളെടുത്തു ഒന്ന് പൊട്ടിച്ചു. അടിപൊളി..

സമയം പോയതറിഞ്ഞില്ല. കാത്തിരിപ്പിനു വിരാമം വേറെ ഒരു ഇൻഡിഗോ വിമാനം പറന്ന് ഇറങ്ങി. ലാൻഡിംഗ് ആയതിനാൽ ഒന്നും അധികം കാണുകയില്ല. ടേക്ക് ഓഫ് ആണ് ഇവിടെന്നു കിടിലൻ. അതിനടക്ക് കുട്ടികളോട് ചോദിച്ചറിഞ്ഞാണ് ആ തടാകത്തിന്റെ പേര് അറിഞ്ഞത്. വെങ്കുളം തടാകം എന്നാണ് കരിപ്പൂർ എയർ പോർട്ടിന്റെ അടുത്തുള്ള ഈ റാണി.

കുട്ടികളുടെ ബഡായികളും കേട്ട് അങ്ങനെ ഇരിക്കുമ്പോൾ താഴെ കുറച്ച് പേര് കൂടെ ഇങ്ങോട്ട് ലക്ഷ്യമാക്കി വരുന്നത് കണ്ടു കൂട്ടത്തിലെ ഒരുത്തൻ പറഞ്ഞു എല്ലാരും കൂടി വന്ന എവടെ ഈ കുന്നിൽ സ്ഥലം. സത്യമാണ് അവിടെ അവർക്ക് നില്കാമെങ്കിലും വളരെ ചുരുങ്ങിയ ഒരു കുന്നാണ്. അവരെ കൂട്ടത്തിൽ നേരത്തെ വഴി ചോദിച്ച കോളേജ് ടീമിലെ അവനും അവിടെ കാണാത്തവരെ കൂട്ടി പോന്നതാണ്. അവരും മുകളിൽ എത്തി. വേറെ മഞ്ചേരിയിൽ നിന്നും മൂന്നു പേരും എത്തി. എല്ലാരും കൂടെ അഡ്ജസ്റ്റ് ചെയ്തു അവിടെ നിന്നു ടേക്ക് ഓഫ്നായി കാത്തു നിന്നു. കുട്ടികൾ അവരുടെ ക്ഷമ കെട്ടു ഇറങ്ങി പോയി. അവർ കണ്ടു മടുത്തതും ആവും. പിന്നെ ടിക്ക് ടോക്കും ഫോട്ടോ പിടുത്തവുമായി ആകെ കലപില.

വിമാനം മെല്ലെ ചലിക്കുന്നത് കണ്ടു എല്ലാവരും സൈലന്റ് ആയി. എല്ലാവരും മൊബൈൽ വീഡിയോ ഓൺ ആക്കി. യാത്രകരേം കൊണ്ട് വിമാനം പറന്ന് ഉയർന്നു. അപ്പോയെക്കും കുറച്ച് ഇരുട്ടായി തുടങ്ങിയിരുന്നു. വിശന്നിട്ടു കണ്ണു കാണാതെയും, പ്രധാന പ്രശ്നം ഇതൊന്നും അല്ല. കയറിയ പോലെ അല്ല കുന്ന് ഇറങ്ങുന്നത് . കുട്ടികൾ വന്ന വഴി എളുപ്പമാണെകിലും വന്ന വഴി മറക്കരുതല്ലോ.. നിസാർ കയറിയ പോലെ ഇറങ്ങി തുടങ്ങി. വിശന്നിട്ടാണോ എന്നറിയില്ല അവന്റെ കയ്യ് വിറക്കുന്നുണ്ടായിരുന്നു. അടുത്തത് ഓരോരുത്തർ ആയി ഇറങ്ങി. താഴേക്ക് നോക്കിയാൽ രണ്ട് ഭാഗവും വെള്ളം ആയതോണ്ടാ അല്ലെങ്കിൽ ചാടി ചാടി ഇറങ്ങാമായിരുന്നു. നിരങ്ങി ഒരു വിധം താഴെ എത്തി പെട്ടു. തടാകത്തിൽ കുളിക്കാൻ കുറെ പേര് വന്നിട്ടുണ്ടായിരുന്നു.

വിമാനത്താവള റണ്‍വേ ഉയര്‍ത്താനായി മണ്ണെടുത്ത സ്ഥലമാണ് വെങ്കുളം തടാകം. റണ്‍വേയുടെ വടക്ക് ഭാഗത്തായി പരന്നുകിടക്കുന്ന തടാകത്തില്‍ വെള്ളം സുലഭമായി ലഭിക്കും. ഇതു മേഖലയിലെ കിണറുകളിലും വെള്ളം നിലനില്‍ക്കാന്‍ സഹായിച്ചിരുന്നു. വര്‍ഷക്കാലത്ത് വെള്ളം പരന്ന് പുഴപോലെ നിറഞ്ഞു കിടക്കും.

എപ്പോഴും പറയുന്ന പോലെ നമ്മുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിയാത്തതു തന്നെ. ആളുകളെ വരുത്താൻ തക്ക വിധത്തിൽ ഒരു ഫെസിലിറ്റിയും ഇല്ല. ഒരുപക്ഷേ അതുകൊണ്ടു തന്നെയാകും ഇത്രേം നല്ല രീതിയിൽ അതു കിടക്കുന്നത്. പാറക്കെട്ടുകളിലൂടെ നടക്കാനും കൂട്ടുകാരുമൊത്തു കളിക്കാനുമെല്ലാം. ഫാമിലിക്കും കുട്ടികൾക്കും ഇതിനു മുകളിൽ കയറുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അതേപോലെ ഫാമിലിക്ക് സൂര്യാസ്തമയം കാണാനും സൊറ പറയാനും ഉതകുന്ന തരത്തിൽ ഉള്ള സ്ഥലം അതിൻപ്പുറത്തു ഉണ്ട്.