വിജയ് ധാബ : കൊരട്ടി ഹൈവേയിലെ പഞ്ചാബി രുചികളുടെ സർദാർ

മൂന്നു വർഷങ്ങൾക്ക് മുൻപ് ചാലക്കുടിയിലുള്ള സുഹൃത്ത് ശബരിയുടെ അടുത്ത് പോയപ്പോളാണ് കൊരട്ടിയിലുള്ള ധാബകളെക്കുറിച്ച് കേൾക്കുന്നത്. പലതവണ അതുവഴി പോയിട്ടുണ്ടെങ്കിലും വഴിയരികിൽത്തന്നെ സ്ഥിതി ചെയ്യുന്ന പഞ്ചാബി ധാബകൾ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.

അങ്ങനെ അന്നാദ്യമായി ശബരിയുടെ കൂടെ കൊരട്ടിയ്ക്ക് സമീപത്തെ ചെറങ്ങര എന്ന സ്ഥലത്തുള്ള ധാബകളിൽ പ്രധാനിയായ വിജയ് ധാബയിൽ പോയി. എഗ്ഗ് റൈസ്, ബട്ടർ ചിക്കൻ എന്നിവയാണ് ധാബയിലെ ഹോട്ട് സ്റ്റാറുകൾ. ഞങ്ങൾ അന്ന് അതുതന്നെ ഓർഡർ ചെയ്തു.

ഏതാണ്ട് ഇരുപത് മിനിറ്റോളം കാത്തിരിക്കേണ്ടി വന്നെങ്കിലും ഭക്ഷണത്തിന്റെ അളവ് കണ്ടപ്പോൾ കണ്ണു മിഴിച്ചുപോയി. ഒരു ഫുൾ എഗ്ഗ് റൈസ് രണ്ടുപേർക്ക് കുശാലായി കഴിക്കുവാനുണ്ട്. അതുപോലെ തന്നെയാണ് ഒരു ക്വാർട്ടർ ബട്ടർ ചിക്കനും. രുചി ആണെങ്കിൽ പറയുകയേ വേണ്ട. ഗംഭീരം തന്നെ. പഞ്ചാബി ധാബയല്ലേ, അതുകൊണ്ട് രുചിയും നോർത്ത് ഇന്ത്യൻ തന്നെ. പൊതുവെ നോർത്ത് ഇന്ത്യൻ വിഭവങ്ങളോട് ഇഷ്ടമുള്ള എനിക്കത് ലോട്ടറി തന്നെയായിരുന്നു.

അങ്ങനെ അന്ന് ധാബയുടെ മുന്നിൽ വെച്ച് ശബരിയോട് യാത്ര പറഞ്ഞുകൊണ്ട് വീട്ടിലേക്ക് തിരിച്ചെങ്കിലും വിജയ് ധാബ ഒപ്പം കൂടി. പിന്നെ അതുവഴി ഒറ്റയ്‌ക്കോ, സുഹൃത്തുക്കളുമായോ പോകുകയാണെങ്കിൽ വിജയ് ധാബയിൽ ഒരു സ്റ്റോപ്പ് പതിവായി. പലപ്പോഴും ധാബയിലെ ഫുഡ് കഴിക്കാനായി കിലോമീറ്ററുകൾ താണ്ടി ഇങ്ങു എറണാകുളത്തു നിന്നും കൊരട്ടിയിലേക്ക് വെച്ചുപിടിച്ചിട്ടുണ്ട്.
അതുപോലെ കല്യാണം കഴിഞ്ഞപ്പോൾ ഭാര്യയുമായി എത്രയോ തവണ ധാബയിലെ എഗ്ഗ് റൈസും ചിക്കനും രുചിച്ചിരിക്കുന്നു. എഗ്ഗ് റൈസും ചിക്കനും കൂടാതെ മറ്റു നോർത്ത് ഇന്ത്യൻ വിഭവങ്ങൾ കൂടി വിജയ ധാബയിൽ ലഭിക്കും.

ഇടയ്ക്ക് അടുത്തുള്ള ധാബകളിലെ രുചികൾ ഒന്നു പരീക്ഷിച്ചെങ്കിലും അതൊന്നും എനിക്കത്ര സുഖിച്ചില്ല. എന്തായാലും വിജയ് ധാബയുടെ അത്രേം വരില്ല ബാക്കിയുള്ളവ എന്ന് ഇത് പരിചയപ്പെടുത്തിയ സുഹൃത്ത് ശബരി തന്നെ പിന്നീട് പറയുകയുണ്ടായി. വിജയ് ധാബയുടെ രുചി വിശേഷങ്ങൾ അറിയുവാൻ താഴെക്കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

അതിനിടയിൽ വിജയ് ധാബയിലും മാറ്റങ്ങൾ വന്നു. പഴയ നടത്തിപ്പുകാർ മാറിയെന്നു തോന്നുന്നു. പഴയ ആ രുചി ഇപ്പോൾ ഇല്ലെങ്കിലും ഹൈവേയിലെ ധാബകളിൽ ഇന്നും സൂപ്പർസ്റ്റാർ വിജയ് ധാബ തന്നെയാണ്. അതുകൊണ്ടു തന്നെയാകാം, ദുൽഖർ സൽമാൻ നായകനായ ‘കർവാൻ’ എന്ന ബോളിവുഡ് ചിത്രത്തിൽ വിജയ് ധാബയും ഉൾപ്പെട്ടത്.

ഇപ്പോഴും ഹൈവേയിലൂടെ സ്വന്തം വാഹനത്തിൽ പോകുകയാണെങ്കിൽ വിശപ്പ് ഇല്ലെങ്കിലും വിജയ് ധാബ എത്തുമ്പോൾ വണ്ടി തനിയെ ഇടതു വശത്തെ സർവ്വീസ് റോഡിലേക്ക് കയറിപ്പോകുന്നു. ചിലപ്പോൾ ഇത് എനിക്ക് മാത്രമായിരിക്കും ഇങ്ങനെയൊന്ന്. അതെ, അതങ്ങനെയാണ്. ഒരിക്കൽ പോയാൽ പിന്നെ ചില രുചിയിടങ്ങൾ നമ്മെ വിട്ടു പോകില്ല. നിങ്ങൾക്ക് ഇനി എന്നെങ്കിലും അങ്കമാലി – തൃശ്ശൂർ ഹൈവേയിലൂടെ യാത്ര ചെയ്യേണ്ടി വന്നാൽ കൊരട്ടിയ്ക്ക് സമീപത്തുള്ള ചെറങ്ങര എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന വിജയ് ധാബയിലെ രുചികൾ ഒന്നു പരീക്ഷിക്കാവുന്നതാണ്.