കൊറോണപ്പേടിയിൽ ട്രെയിനിലെ S7 കോച്ച്; ഭീതി പകർന്ന നിമിഷങ്ങൾ

കോവിഡ് കാലത്തെ ഡ്യൂട്ടിയ്ക്കിടയിൽ ഉണ്ടായ ഗൗരവകരമായ ഒരു സംഭവം വിവരിക്കുകയാണ് ഇന്ത്യൻ റെയിൽവേ ജീവനക്കാരനായ വികാസ് ബാബു. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു.

“പാലക്കാട് ജംഗ്ഷനിലാണ് ഇന്ന് ഡ്യൂട്ടി. പുലർച്ചെ മൂന്ന് മണിയ്ക്ക് അലാറം മുഴങ്ങുമ്പോൾ എനിയ്ക്കൊപ്പം കിടന്ന അഞ്ചുമാസക്കാരൻ മോനും ഉണർന്നു. ഇറങ്ങാൻ നേരം ഉമ്മറക്കോലായിൽ അമ്മയുടെ ഇടുപ്പിൽ അച്ഛനെ യാത്രയാക്കാൻ വന്നുനിന്ന അവനോട് യാത്രപറഞ്ഞിറങ്ങവേ, പതിവ് തമാശകൾക്കും, സ്നേഹ പ്രകടനങ്ങൾക്കും ഇടയിൽ അച്ഛൻവരുമ്പോ കളിയ്ക്കാൻ രണ്ട് കൊറോണക്കുഞ്ഞുങ്ങളെ കൊണ്ടുവരാമെന്ന് പറഞ്ഞപ്പോൾ, ഇടയ്ക്കിടെ കൈകഴുകാൻ ഭാര്യയുടെ ഓർമ്മപ്പെടുത്തൽ വന്നു. മാസ്ക് പോക്കറ്റിൽ ഉണ്ടെന്ന് ഒന്നുകൂടെ ഉറപ്പുവരുത്തി.

കോഴിക്കോട് നിന്നും 19262 പോർബന്ധർ – കൊച്ചുവേളി എക്സ്പ്രസ്സിൽ കയറിയപ്പോൾ ഒരമ്മ ജനലിനടുത്ത് വന്ന് പറഞ്ഞു. “ഈ കോച്ചിൽ കയറണ്ട. ഇതീന്ന് ഒരാളെ കാസറഗോഡ് സ്റ്റേഷനിൽ ഇറക്കിയിട്ടുണ്ട്. കൊറോണയാണെന്നാ പറഞ്ഞത്.” ഞാൻ കയറിയതിലും വേഗം പുറത്തിറങ്ങി. അവരോട് കൂടുതലായി കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചു. “അയാൾ വാസ്കോ എയർപോർട്ട് വഴി വന്നതാണ്. കാസർകോട് വെച്ച് കൊറോണാ ബാധ സംശയാസ്പദമായി ഇറക്കിയിട്ടുണ്ട്. അയാൾ യാത്രചെയ്തത് S7 കോച്ചിലെ 60-ാം നമ്പർ സീറ്റിൽ ആയിരുന്നു.”

ഒന്നാം പ്ളാറ്റ്ഫോമിൽ തന്നെ ആയത്കൊണ്ട് നേരെ പുറത്തേക്കുള്ള കവാടത്തിലെ കൊറോണ പശ്ചാത്തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന RPF മെഡിക്കൽ ടീമിൽ വിവരം ധരിപ്പിച്ചു. ഒരു RPF ഓഫീസറോടൊപ്പം വീണ്ടും യാത്രക്കാരിയായ അമ്മയുടെ അടുത്തെത്തി. S7 ൽ ആരും കയറിയിട്ടില്ല എന്നുറപ്പിച്ച് വാതിലുകൾ അടച്ചു. വണ്ടി പുറപ്പെടും വരെ കോച്ചിൽ കയറാൻ ശ്രമിച്ചവരെ പറഞ്ഞ് മനസ്സിലാക്കി അടുത്തകോച്ചിൽ കയറാൻ നിർദ്ദേശിച്ചു.

ഞാൻ തൊട്ടടുത്ത S8 കോച്ചിൽ കയറി കൈകഴുകി വന്ന് ഒരു സീറ്റിൽ ഇരുന്നു. മുൻപരിചയമുള്ള ചീഫ് കൊമേഴ്സിയൽ ഇൻസ്പെക്ടർ മംഗലാപുരത്തിനെ വിളിച്ച് വിവരം പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം അദ്ദേഹം തിരിച്ച് വിളിച്ചു. കാസർഗോഡ് വച്ച് തന്നെ S7 കോച്ച് കഴുകുകയും ഡിസ്-ഇൻഫക്ട് ചെയ്തതായും അറിയിച്ചു. ഇതിന് മുൻകയ്യെടുത്ത എല്ലാ സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഒഴിഞ്ഞ കോച്ച് ആയതിനാൽ തന്നെ യാത്രക്കാർ അതിലേക്ക് പെട്ടന്ന് ആകൃഷ്ടരാവുന്നുണ്ടെന്ന് അറിയിച്ചപ്പോൾ, ഇനി വരുന്നസ്റ്റേഷനുകളിൽ യാത്രക്കാർക്കുളള മുന്നറിയിപ്പ് സംവിധാനം ഉറപ്പുവരുത്തും എന്നും അദ്ദേഹം അറിയിച്ചു.

ഷൊർണ്ണൂർ ജംഗ്ഷനിൽ പ്രവേശിച്ചപ്പോൾത്തന്നെ S7 കോച്ചിൽ യാത്രചെയ്യരുതെന്നും, അഥവാ യാത്ര ചെയ്തവരുണ്ടെങ്കിൽ മെഡിക്കൽ ടെസ്റ്റിന് വിധേയർ ആവണമെന്നും പ്ലാറ്റ്ഫോം ഉച്ചഭാഷിണികളിൽ മുഴങ്ങുന്നുണ്ടായിരുന്നു. വല്ലാത്തൊരു അഭിമാനം തോന്നിപ്പോയി. കാസർകോഡ് RPF ൽ വിളിച്ചപ്പോൾ പ്രസ്തുതവ്യക്തി കാഞ്ഞങ്ങാട് ഹോസ്പിറ്റലിൽ ആണെന്നും, കൊറോണ/കോവിഡ്19 ൻറെ പ്രാഥമിക ലക്ഷണങ്ങൾ ഇല്ല എന്നും അറിയാൻ കഴിഞ്ഞു.

ഇതുവരെ ഇല്ലാത്ത ഒരു ഞെട്ടൽ ഞാൻ ഉൾക്കൊള്ളുന്നു. കഴിഞ്ഞുപോയ നിമിഷങ്ങൾ പകർന്ന ഭീതി, തലച്ചോറിൽ മിന്നിമാഞ്ഞ ചിന്തകൾ, അയാൾ പൂർണ്ണ ആരോഗ്യവാനായിരിക്കുവാൻ ആഗ്രഹിക്കുന്നു. ഇനി ഒരു തമാശ ട്രോളിൽ പോലും കൊറോണുടെ ഗൗരവം നഷ്ടപ്പെട്ടു പോകരുത് എന്ന് ഞാൻ മനസ്സിലാക്കുന്നു. ജാഗ്രത അതുമാത്രമാണ് ഉത്തമ പ്രതിവിധി.