ഗുജറാത്തിൽ വണ്ടിപ്രാന്തന്മാർ സന്ദർശിച്ചിരിക്കേണ്ട ഒരു കിടിലൻ സ്ഥലം

അഹമ്മദാബാദിലെ മനേക് ചൗക്കിലെ രുചികളെല്ലാം അനുഭവിച്ചറിഞ്ഞതിന്റെ പിറ്റേന്ന് ഞങ്ങൾ രാവിലെ തന്നെ കുടുംബവുമായി അവിടെ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ പോയി ദർശനം നടത്തുകയുണ്ടായി. അതിനു ശേഷം ഇനി എവിടേക്ക് എന്ന അന്വേഷണത്തിൽ നിൽക്കുന്നതിനിടെയാണ് അഹമ്മദാബാദിലെ പ്രശസ്തയായ കാർ മ്യൂസിയത്തെക്കുറിച്ച് ഓർമ്മ വന്നത്. പിന്നെയൊന്നും ആലോചിക്കുവാൻ നിന്നില്ല, ഞങ്ങൾ നേരെ അവിടേക്ക് യാത്രയായി. ‘ഓട്ടോ വേൾഡ്’ (വേൾഡ് വിന്റേജ് കാർ മ്യൂസിയം) എന്ന പേരിൽ അറിയപ്പെടുന്ന ഈ കാർ മ്യൂസിയം അഹമ്മദാബാദിലെ സർദാർ പട്ടേൽ റിംഗ് റോഡിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഞങ്ങൾ അവിടെയെത്തിയപ്പോൾ ഒട്ടും തിരക്ക് ഉണ്ടായിരുന്നില്ല. ചിലപ്പോൾ Week Day ആയതു കൊണ്ടായിരിക്കാം.

100 രൂപയാണ് കാർ മ്യൂസിയത്തിലേക്ക് പ്രവേശിക്കുന്നതിനായുള്ള ടിക്കറ്റ് ചാർജ്ജ്. കുട്ടികൾക്കാണെങ്കിൽ 50 രൂപ കൊടുത്താൽ മതി. ക്യാമറ ഉപയോഗിക്കണമെങ്കിൽ ഒന്നിന് 100 രൂപയുടെ സ്പെഷ്യൽ ടിക്കറ്റ് എടുക്കുകയും വേണം. പ്രാൺലാൽ ഭോഗിലാൽ എന്ന കാർപ്രേമിയായ വ്യക്തിയാണ് ഇത്തരത്തിലൊരു മ്യൂസിയത്തിന്റെ ആശയം. വിവിധയിടങ്ങളിലായി താൻ സ്വന്തമാക്കി വെച്ചിരുന്ന ഇരുന്നൂറോളം വിന്റേജ് കാറുകളെല്ലാം തൻ്റെ സ്വന്തം ഏരിയയിൽ (Dastan Estate) ഒന്നിച്ച് കൊണ്ടുവന്ന് ഒരു മ്യൂസിയമാക്കി മാറ്റുകയായിരുന്നു പ്രാൺലാൽ. 2011 ൽ പ്രാൺലാൽ ഈ കാറുകളെയെല്ലാം ഭൂമിയിൽ തനിച്ചാക്കി വിടപറഞ്ഞു. എന്നാൽ അദ്ദേഹത്തിൻ്റെ വിശ്വസ്തരായ ജീവനക്കാർ ഇന്നും ഈ മ്യൂസിയം നന്നായി പരിപാലിച്ചു വരുന്നു.

ഇരുന്നൂറിലധികം വ്യത്യസ്തമായ കാറുകളുടെ ശേഖരമാണ് ഈ മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. ലിമോസിനുകൾ, സ്പോർട്സ് കാറുകൾ, വിന്റേജ് കാറുകൾ എന്നിങ്ങനെ Cadillac, Bentley, Maybach, Mercedes തുടങ്ങിയ പ്രശസ്‌തമായ നൂറോളം ബ്രാൻഡുകളുടെ കാറുകളും ഇവിടെയുണ്ട്. കാറുകൾക്ക് പുറമെ ചില ഇരുചക്ര വാഹനങ്ങൾ, കുതിര വണ്ടികൾ തുടങ്ങിയവയുടെ ചെറിയൊരു കളക്ഷനും ഇവിടെയുണ്ട്. 1927 മോഡൽ റോൾസ് റോയ്‌സ് ഫാന്റം കാറാണ് ഇവിടത്തെ ഒരു പ്രധാന ആകർഷണം. ഇന്ത്യൻ പതാകയുടെ നിറം നൽകിയിരിക്കുന്ന ഈ കാറിന് പ്രാൺലാൽ ‘ആസാദ്’ എന്നാണു പേരിട്ടിരിക്കുന്നത്. ഇതുപോലെ ഇവിടത്തെ ഓരോ കാറുകൾക്കും ഓരോ വ്യത്യസ്തമായ വിളിപ്പേരുകൾ അദ്ദേഹം നൽകിയിരുന്നു.

ഈ മ്യൂസിയത്തിലെ പ്രധാനപ്പെട്ട ആകർഷണങ്ങൾ – 1906 Mors, 1906 Minerva, 1909 Fiat, 1910 Ford Motel T, 1911 Daimler, 1914 Minerva, 1935 Hotchkiss Type 968 with coachwork by Figoni & Falachi, 1931 Auburn V12, 1935 Auburn 851, 1926 Lagonda 2 litre, 1936 Lagonda LG6, 1940 Lagonda V12, 1934 Bentley 3.5 litre with coachwork by Gurney Nutting, 1934 Bentley 3.5 litre, 1952 Bentley Mark VI, 1926 Lancia Lamda, 1931 Lancia Dilambda, 1929 Packard, 1937 Packard 120, 1940 Packard 110, 1940 Packard 120, 1937 Hudson with coachwork by Brougham, 1931 Buick Tourer, 1935 Buick Eight, 1938 Buick, 1947 Buick Eight Super, 1937 Riley Sprite Sports, 1931 MG Magna, 1937 AC, 1946 Sunbeam Talbot, 1924 Fiat 509, 1924 Morris Cowley, 1931 Ford Model A, 1933 Chrysler, 1937 Alvis 3.5-litre, 1932 Studebaker Roadster, 1954 Studebaker Champion, 1935 Chevrolet, 1947 Desotta, 1947 Daimler, 1947 Chrysler New Yorker Town & Country, 1947 Lincoln Continental V12, 1947 Dodge, 1950 Jaguar Mark V, 1955 Armstrong Siddeley, 1960 Vanden Plass Princess 4-litre, 1954 Plymouth Belvedere and a 1972 Lincoln Continental Mark IV.

ഈ കാർ മ്യൂസിയത്തിനകത്ത് സന്ദർശകർക്കായി ഒരു വെജിറ്റേറിയൻ താലി റെസ്റ്റോറന്റ് ഒരുക്കിയിട്ടുണ്ട്. 1000 രൂപ കൊടുത്താൽ ഇവയിൽ ചില വിന്റേജ് കാറുകളിൽ ഒരു റൈഡും നടത്താവുന്നതാണ്. എന്തായാലും വണ്ടിപ്രേമികൾ അഹമ്മദാബാദിൽ വരികയാണെങ്കിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ് ഓട്ടോ വേൾഡ്. കാർ മ്യൂസിയത്തിലെ കാഴ്ചകളെല്ലാം കണ്ടതിനു ശേഷം ഞങ്ങൾ അവിടെ നിന്നും അടുത്ത കാഴ്ചകൾ കാണുവാനായി പുറത്തേക്ക് നീങ്ങി.