കെഎസ്ആർടിസി ബസ് സർവീസിനും വിസിറ്റിംഗ് കാർഡ്; ഇത് വേറെ ലെവൽ പ്രൊമോഷൻ..!!

വിസിറ്റിങ് കാർഡുകൾ നമ്മൾ കൂടുതലും കണ്ടിട്ടുള്ളത് ബിസിനസുകാരുടെ പക്കലായിരിക്കും. എന്നാൽ ഇപ്പോൾ വിവിധ സ്ഥാപനങ്ങൾക്കും കലാകാരന്മാർക്കും ഒക്കെ വിസിറ്റിങ് കാർഡ് ഉള്ളതായി കാണാം. അതുപോലെ തന്നെ ട്രാവൽസുകാർ തങ്ങളുടെ വാഹനങ്ങൾ ബുക്ക് ചെയ്യുന്ന വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് വിസിറ്റിങ് കാർഡുകൾ അടിച്ചു നൽകാറുമുണ്ട്. ഇപ്പോൾ ഇതേ ചുവടു പിടിച്ചുകൊണ്ട് ഒരൽപം വേറിട്ട തലത്തിൽ ഒരു കെഎസ്ആർടിസി സർവീസിനും വിസിറ്റിങ് കാർഡ് ഇറക്കിയിരിക്കുകയാണ്.

കോട്ടയം ജില്ലയിലെ പാലായിൽ നിന്നും കാസർഗോഡ് ജില്ലയിലെ ബന്തടുക്കയിലേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ്സ് ബസ്സുകൾക്കാണ് വിസിറ്റിങ് കാർഡുകൾ രംഗത്തിറക്കിയിട്ടുള്ളത്. കേൾക്കുമ്പോൾ വിചാരിക്കും കെഎസ്ആർടിസി ഡിപ്പോ അധികൃതർ നേരിട്ട് ചെയ്ത ഒരു പരിഷ്‌ക്കാരണമാണെന്ന്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. കെഎസ്ആർടിസി പ്രേമികളും അവരോടൊപ്പമുള്ള ചില ജീവനക്കാരും ചേർന്നാണ് ഇത്തരത്തിൽ ഒരു വ്യത്യസ്തമായ പ്രൊമോഷൻ കെഎസ്ആർടിസി സർവ്വീസിന് കൊണ്ടുവന്നിരിക്കുന്നത്.

വിസിറ്റിങ് കാർഡിൽ പ്രസ്തുത റൂട്ടിലോടുന്ന സൂപ്പർ എക്സ്പ്രസ്സ് ബസ്സിന്റെ ചിത്രവും, റൂട്ടും, ഓൺലൈൻ റിസർവേഷൻ സൈറ്റിന്റെ അഡ്രസ്സും, ബുക്കിംഗ് പോയിന്റുകളും, കെഎസ്ആർടിസി പാലാ ഡിപ്പോയിലെ എൻക്വയറി നമ്പറുമെല്ലാം ചേർത്തിട്ടുണ്ട്. ബസ്സുകളിൽ കയറുന്ന യാത്രക്കാർക്കും മറ്റും ഈ വിസിറ്റിങ് കാർഡുകൾ കൈമാറും. പാലായിലെ കെഎസ്ആർടിസി പ്രേമികളുടെ കൂട്ടായുള്ള ഈ പരിശ്രമം എല്ലാ കെഎസ്ആർ ടിസി പ്രേമികൾക്കും അധികൃതർക്കുമെല്ലാം ഒരു മാതൃകയാണ്.

പാലായിൽ നിന്നും ബന്തടുക്കയിലേക്കുള്ള ഈ ബസ് തിരിച്ചുള്ള യാത്രയിൽ കോട്ടയം വരെ സർവ്വീസ് നടത്തും. എല്ലാ ദിവസവും രാത്രി 7 മണിയ്ക്ക് പാലായിൽ നിന്നും പുറപ്പെടുന്ന ഈ സൂപ്പർ ഡീലക്സ് ബസ് തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശ്ശൂർ, കുന്നംകുളം, എടപ്പാൾ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, ആലക്കോട്, ചെറുപുഴ, പരപ്പ വഴി പിറ്റേദിവസം രാവിലെ 7.20 ഓടെ ബന്തടുക്കയിൽ എത്തിച്ചേരും. തിരികെ അവിടുന്ന് വൈകീട്ട് 6.20 നു യാത്ര പുറപ്പെടുന്ന ബസ് വന്ന വഴിയേ തന്നെ രാവിലെ 7.55 നു പാലായിൽ എത്തുകയും അവിടുന്ന് ഏറ്റുമാനൂർ വഴി കോട്ടയത്ത് 8.40 നു എത്തിച്ചേരുകയും ചെയ്യും.

കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ ഹൈറേഞ്ച് ഭാഗങ്ങളിൽ കോട്ടയം ഭാഗങ്ങളിൽ നിന്നും കുടിയേറിയ ആളുകളാണ് കൂടുതലും. അതുകൊണ്ട് ഇവിടങ്ങളിലുള്ളവർക്ക് ബന്ധു വീടുകളിൽ പോകുവാനും മറ്റും ഈ സർവ്വീസ് ഉപകാരപ്പെടും. കൂടാതെ കോട്ടയം, പാലാ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ, കച്ചവടക്കാർ തുടങ്ങിയവരും ഈ ബസ്സിനെ ആശ്രയിക്കുന്നുണ്ട്.

കവർചിത്രം – കടപ്പാട്.