വാക്കിംഗ് സ്ട്രീറ്റ്; പട്ടായയിലെ രാത്രികളെ പകലുകളാക്കുന്നയിടം

പട്ടായയിലെ പ്രധാനപ്പെട്ട ഒരു ആകർഷണമാണ് അവിടത്തെ നൈറ്റ് ലൈഫ്. അവിടത്തെ വാക്കിംഗ് സ്ട്രീറ്റ് ആണ് നൈറ്റ് ലൈഫ് ആസ്വദിക്കുവാനുള്ള ഏറ്റവും നല്ല ബെസ്റ്റ് ചോയ്‌സ്. പാട്ടായയിലെ നൈറ്റ് ലൈഫ് നന്നായി ആസ്വദിക്കണമെങ്കിൽ രാത്രി 10 മണിക്ക് ശേഷം വാക്കിംഗ് സ്ട്രീറ്റിലേക്ക് പോയാൽ മതി. രാവിലെ 4 മണി വരെ ഇവിടം ടൂറിസ്റ്റുകളെകൊണ്ട് സജീവമായിരിക്കും.

ഞാനും ഹാരിസ് ഇക്കയും പട്ടായയിൽ താമസിച്ചിരുന്ന ഹോട്ടൽ വാക്കിംഗ് സ്ട്രീറ്റിന് സമീപമുള്ളതായിരുന്നു. പട്ടായയിൽ വന്നിട്ട് വാക്കിംഗ് സ്ട്രീറ്റിൽ പോകാതിരിക്കുന്നതെങ്ങിനെ? മുൻപ് പലതവണ പോയിട്ടുണ്ടെങ്കിലും അവിടത്തെ നൈറ്റ് ലൈഫ് ഒരിക്കലും മടുക്കാത്ത ഒന്നാണ്. അങ്ങനെ രാത്രിയോടെ ഞാനും ഹാരിസ് ഇക്കയും രാത്രിക്കറക്കത്തിനായി ഹോട്ടലിൽ നിന്നും പുറത്തേക്ക് ഇറങ്ങി.

വാക്കിംഗ് സ്ട്രീറ്റിലേക്ക് പോകുന്നതിനു മുൻപായി ‘ഇസ്താംബൂൾ കബാബ്’ എന്നു പേരുള്ള ഒരു റെസ്റ്റോറന്റിൽ ഫുഡ് കഴിക്കുവാനായി ഞങ്ങൾ കയറി. അവിടെ ചെന്ന് ഓർഡർ കൊടുത്ത് ഇരുന്നപ്പോളാണ് ആ കാഴ്ച കണ്ടത്, റെസ്റ്റോറന്റിലെ വലിയ LED ടിവിയിൽ ഹാരിസ് ഇക്ക ഇതേ ഹോട്ടലിൽ മുൻപ് ഷൂട്ട് ചെയ്ത വ്‌ളോഗ് വീഡിയോ ഓടിക്കൊണ്ടിരിക്കുന്നു. ഇതു കണ്ടിട്ട് റെസ്റ്റോറന്റിലുണ്ടായിരുന്ന മറ്റാളുകൾ ഹാരിസ് ഇക്കയെ നോക്കുവാനും ചിരിക്കുവാനുമൊക്കെ തുടങ്ങി. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഭക്ഷണവും കഴിച്ചുകൊണ്ട് വാക്കിംഗ് സ്ട്രീറ്റിലേക്ക് നീങ്ങി.

വാക്കിംഗ് സ്ട്രീറ്റിലേക്ക് കടന്നതോടെ അത് മറ്റൊരു ലോകമായി മാറിയപോലെ. വാക്കിംഗ് സ്ട്രീറ്റിന്റെ ഇരു വശത്തും രാത്രിയാകുന്നതോടെ റോഡ് ബ്ലോക്ക് ചെയ്യും. പിന്നെയങ്ങോട്ട് കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കും പ്രവേശനം. വാക്കിംഗ് സ്ട്രീറ്റിൽ പ്രവേശിച്ചപ്പോൾ തന്നെ ഇരുവശങ്ങളിൽ നിന്നും തായ് സുന്ദരിമാരുടെ ക്ഷണങ്ങൾ ലഭിക്കുവാൻ തുടങ്ങി. ഫ്രീ മസ്സാജ്, ഫ്രീ ഡാൻസ് ബാർ എന്നിങ്ങനെ പല കാര്യങ്ങൾ പറഞ്ഞുകൊണ്ടും അവർ നമ്മളെ പ്രലോഭിപ്പിച്ചു കൊണ്ടിരിക്കും. ഇതൊന്നും മൈൻഡ് ചെയ്യാതെ നമ്മുടെ കാര്യം നോക്കി പോകുക മാത്രമാണ് നല്ലത്. അല്ലെങ്കിൽ നല്ല ഉഗ്രൻ ഫ്രോഡ് പണിയിൽ വീഴാൻ സാധ്യതയുണ്ട്.

പല രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളെയും വാക്കിംഗ് സ്ട്രീറ്റിൽ ധാരാളമായി കാണാമായിരുന്നു. സ്ട്രീറ്റിൽ മാജിക്, ഡാൻസ്, പാട്ട് തുടങ്ങിയ ലൈവ് പ്രോഗ്രാമുകൾ ചിലർ അവതരിപ്പിക്കുന്നുണ്ട്. അതെല്ലാം ആളുകൾ കണ്ടു രസിക്കുകയും സന്തോഷത്തിനു പണം നൽകുകയും ചെയ്യും. ചില ബാർ റെസ്റ്റോറന്റുകളുടെ മുൻപിൽ മെനു കാർഡുകളൊക്കെ പിടിച്ചുകൊണ്ട് അല്പവസ്ത്രധാരികളായ സുന്ദരിമാർ നമ്മെ അവിടേക്ക് ആകർഷിക്കും. പറ്റിക്കപ്പെടണോ വേണ്ടയോ എന്ന് നമുക്ക് സ്വന്തമായി തീരുമാനിക്കാം. അല്ലാതെ വേറൊന്നും പറയാനില്ല.

ഡിസ്കോ ബാറുകളും മസ്സാജ് സെന്ററുകളും മാത്രമല്ല പലതരത്തിലുള്ള റസ്റ്റോറന്റുകൾ തുടങ്ങി മറ്റു ധാരാളം ഷോപ്പുകളും വാക്കിംഗ് സ്ട്രീറ്റിലുണ്ട്. അതുപോലെ തന്നെ ബാറിൽക്കയറി മദ്യം കഴിക്കാൻ താല്പര്യമില്ലാത്തവർക്കായി വഴിയരികിലെ പെട്ടിക്കടകളിൽ നിന്നും വിസ്‌കി, വോഡ്ക, ബ്രാണ്ടി തുടങ്ങിയവ വാങ്ങി വഴിയരികിൽ നിന്നു തന്നെ കഴിക്കാം. നമ്മുടെ നാട്ടിൽ വഴിയരികിൽ നിന്നും ചായയും നാരങ്ങാവെള്ളവുമൊക്കെ കുടിക്കുന്ന പോലെ. എന്താല്ലേ? അതാണ് പട്ടായ. ഇവിടെ നമുക്ക് നല്ല രീതിയിൽ സ്വാതന്ത്ര്യം അനുവദിച്ചു തരുന്നുണ്ട്. നമ്മൾ അത് മിസ് യൂസ് ചെയ്യാതിരുന്നാൽ മാത്രം മതി.

എന്തായാലും ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഒരു സ്ഥലമാണ് തായ്‌ലൻഡിലെ പട്ടായ. ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകണമെന്നു തോന്നിപ്പിക്കുന്ന ഒരിടം. കിടിലൻ പട്ടായ പാക്കേജുകൾക്കായി നിങ്ങൾക്ക് ഹാരിസ് ഇക്കയെ വിളിക്കാവുന്നതാണ്. നമ്പർ – 9846571800.