സിനിമകളിൽ മാത്രം കേട്ടിട്ടുള്ള ‘കാമാത്തിപുര’യിലെ ഞെട്ടിക്കുന്ന നേർക്കാഴ്ചകൾ

വിവരണം – വിഷ്ണു എസ് ആചാരി.

എഞ്ചിനിയറിങ്ങ് കഴിഞ്ഞു എല്ലാവരെയും പോലെ കുറച്ചു ദിവസം വീട്ടിൽ നിന്നപ്പോൾ ഒരു കാര്യം മനസിലായി നാട്ടിൽ നിന്നിട്ട് കാര്യം ഒന്നുമില്ല. എവിടെ പോവും എന്ന് ആലോചിച്ചപ്പോൾ പോവാനും ഒരിടവും ഇല്ല. കുറെ നാളത്തെ ജോലി തെണ്ടലിനും നാട്ടുകാർക്ക് അതിന്റെ വിശദാംശങ്ങൾ വിവരിച്ചുകൊടുത്തും ജീവിതം വിരസമായി തുടങ്ങിയപ്പോഴാണ് മുംബൈയിൽ ഒരു ജോലി ശരിയായത് പിന്നെ ഒന്നും നോക്കിയില്ല അടുത്ത വണ്ടി കയറി.. ഭാഷ അറിയില്ല അവിടെ ആരെയും പരിചയമില്ല എങ്കിലും പഴയ അധോലോകനായകന്മാരും അങ്ങനെയാണല്ലോ പോന്നത് എന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം..

മുംബൈയിൽ എത്തിയതും ഇന്റർവ്യൂവും കടമ്പകളും ചാടിക്കടന്ന് ജോലിയിൽ കയറിയതും വളരെ പെട്ടന്നായിരുന്നു.. പക്ഷെ മലയാളികളായി ഞാനടക്കം രണ്ടുപേരു മാത്രമുള്ള കമ്പനിയിൽ ജോലി തുടങ്ങിയപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി കുറച്ചൊക്കെ കുശുമ്പും കുറച്ചധികം അസൂയയും ഒക്കെ ഉണ്ടന്നേഉള്ളു നമ്മുടെ നാട് സ്വർഗ്ഗം തന്നെയാണ് ഇവിടെ ഞാൻ തമിഴനാണ്. ഇവരാകെ കണ്ടിട്ടുള്ള ഷാരുഖാന്റെ ‘Chennai Express ‘ ലെ ഗുണ്ടകളുടെ രൂപ സാദൃശ്യം തോന്നിയത് കൊണ്ടാവും ഹിന്ദി അറിയാത്ത എന്നെ എല്ലാവരും അണ്ണാ അണ്ണാ എന്നു വിളിച്ചു തുടങ്ങി..

അങ്ങനെ മാസങ്ങൾ കടന്നുപോയി അധികം ആരുമായും ബന്ധങ്ങൾ ഇല്ല താമസിക്കുന്ന സ്ഥലം ഒരു ചെറിയ കേരളമാണ് ‘സാക്കിനാക്ക’ എങ്കിലും മലയാളികൾ തമ്മിൽ അധികം മിണ്ടാറില്ലാ എന്നതാണ് സത്യം.. പാര പേടിച്ചിട്ടാവും.. ഒറ്റയ്ക്കുള്ള ജീവിതം ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു. ഇവിടെയുള്ളവരുടെ ജീവിതം കണ്ടപ്പോൾ നമ്മൾ ഒക്കെ എന്ത് ഭാഗ്യവന്മാരാണ് എന്ന് കരുതി. ഒരു ചെറിയ മുറിയും അടുക്കളയും കഴിഞ്ഞാൽ കഴിഞ്ഞു കുടുംബത്തിന്റെ അതിര്.

അങ്ങനെ ഇരിക്കുമ്പോഴാണ് പണ്ട് സ്കൂളിൽ ഒന്നിച്ചു പഠിച്ച പ്രശാന്തിന്റെ ഫോണ് വരുന്നത്. അവൻ ഇപ്പോൾ അഭിപാഷകൻ ആയിരിക്കുന്നു.. എന്നു പറഞ്ഞാൽ പഠനം കഴിഞ്ഞു കുറച്ചു പഴ അലംബ് കഥകളൊക്കെ അയവിറക്കിയ ശേഷം ഞാൻ കാര്യം തിരക്കി. അല്ല എന്താ ഇപ്പോൾ എന്നെ വിളിച്ചത്. “അത് പിന്നെ ആളിയാ ക്ലാസ് ഒക്കെ കഴിഞ്ഞു ഇനി ആരുടെയെങ്കിലും കിഴിൽ പ്രാക്ടിസ് ചെയ്യണം അതിനു മുമ്പ് എനിക്കും എന്റെ കൂട്ടുകാരനും ഒരു ആഗ്രഹം ഇന്ത്യ മുഴുവൻ ഒന്നു കറങ്ങണം”

അടിപൊളി അവന്റെ ആഗ്രഹം കേട്ടു കൊള്ളാം ഈ പ്രായത്തിൽ ഉള്ള എല്ലാ ചെക്കന്മാരുടെയും ആഗ്രഹം.. അല്ല അതിനുനുള്ള പൈസ ഒക്കെ ഉണ്ടോഡെയ്.. ?ദേ പിന്നേം ഞെട്ടിച്ചു പൈസ ഒന്നും ഇല്ല Hitchhiking ആണ് ഉദ്ദേശം.. എന്ന് വച്ചാൽ വരുന്ന വണ്ടിക്ക് ഒക്കെ കൈകാണിച്ചു കിട്ടുന്നതും തിന്ന് എവിടെയെങ്കിലും കിടന്ന് തെണ്ടിതിരിഞ്ഞുള്ള യാത്രാരീതി. കോളേജിലായിരുന്നപ്പോൾ ഞാനും ഉറ്റസുഹൃത്ത് അക്ബറും ഒരുപാട് പറഞ്ഞതാണ് ഇതുപോലെ ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാൻ ഒരു യാത്ര. ഇതുപോലെ തെണ്ടിതിരിഞ്ഞു ഞങ്ങൾ അന്ന് തമിഴ്നാട് കാണാൻ പോയിരുന്നു.. ഞങ്ങൾക്കോ പറ്റിയില്ല എന്നാ പിന്നെ ഇവന്മാർക്ക് എങ്കിലും സാധിക്കട്ടെ മച്ചാനെ നിങ്ങൾ ധൈര്യമായി ഇറങ്ങിക്കോ ഇവിടെ എത്തുമ്പോൾ എന്നെ വിളിച്ചാൽ മതി ബാക്കി കാര്യം ഞാൻ ഏറ്റു.. പിന്നെ കുറച്ചു ദിവസത്തേയ്ക്ക് വിളിയൊന്നും ഉണ്ടായില്ല. 3,4 ആഴ്ച്ച കഴിഞ്ഞു വിളി വന്നു.

“ഡാ ഞങ്ങൾ North -East മുഴുവൻ കറങ്ങി മേഘാലയ സിക്കിം കൊൽക്കത്ത അങ്ങനെ കുറെ കറങ്ങി ഇപ്പോൾ കുംഭമേള നടക്കുന്നടത്താണ്. നാളെ ഇവിടുന്നു ഇറങ്ങും എങ്ങനെ വരട്ടെ മുംബൈക്ക്. ?” അന്ന് അത്ര കാര്യം ആക്കിയില്ലെങ്കിലും ഇവന്മാര് കൊള്ളാം നേടിയെടുത്തു.. പിന്നെ ഒന്നും നോക്കിയില്ല പോരാൻ പറഞ്ഞു പിറ്റേദിവസം രാത്രി ഒരു 8 അയപ്പോളേക്കും അവർ എത്തി . അപ്പോഴാണ് ഞാൻ പ്രശാന്തിനനെ 7 വർഷം കൂടി കാണുന്നത്. കണ്ടപ്പോളേ 2 തെറി ആഹാ ഒരുമാറ്റവും ഇല്ല.. കൂടെയുള്ള താടിക്കാരനെ പരിചയപെടുത്തി ഇവനാണ് ഞാൻ പറഞ്ഞ കൂട്ടുകാരൻ പ്രശാന്ത് അങ്ങോട്ടും ഇങ്ങോട്ടും പരിചയപെടുത്തി രണ്ടും വിഷ്ണു. അത് പിന്നെ അങ്ങനെ ആണല്ലോ പത്തിൽ 2 വിഷ്ണു കുറഞ്ഞത് ഉണ്ടാവും. വേഗം ഞാൻ അവർക്ക് പറഞ്ഞുവച്ച താമസ സ്ഥലത്തെത്തി കുളിയൊക്കെ കഴിഞ്ഞു അവരെയും കൂട്ടി മുംബൈയിലെ പേരുകേട്ട മലബാർ ഹോട്ടലിൽ കൊണ്ടുപോയി പെറോട്ടയും ബീഫും വാങ്ങി കൊടുത്തു. ചെക്കന്മാരുടെ കണ്ണു നിറഞ്ഞു എന്ന് വേണങ്കിൽ പറയാം.. കുറെ ദിവസങ്ങളായി ഒണക്ക റൊട്ടിയും പച്ചവെള്ളവും മാങ്കോ ഫ്രൂട്ടിയും ആണ് ഭക്ഷണം.

അതൊക്കെ കഴിഞ്ഞു ഞങ്ങൾ കാര്യത്തിലോട്ടു കടന്നു നിങ്ങൾക്ക് ഇവിടെ എന്താണ് കാണാണ്ടത് ? ഞാൻ ചോദിച്ചു. “ മുംബൈ കാണാൻ ആണെങ്കിൽ മുംബൈ ദർശൻ എന്നു പറഞ്ഞു സർക്കാരിന്റെ ഒരു പരുപാടി ഉണ്ട് എല്ലാ പ്രദാനസ്ഥലവും ബസ്സിൽ കൊണ്ടുപോയി കാണിച്ചു വൈകുന്നേരം തിരികെയെത്താം.” പ്രശാന്ത് പറഞ്ഞു – “അങ്ങനെ എല്ലാവരും കാണുന്ന കുറെ സ്ഥലങ്ങൾ കണ്ടിട്ട് എന്ത് കാര്യം ഞങ്ങൾ ഇപ്പോൾ North – East മുഴുവൻ കറങ്ങി വന്നതാണ് ഒരു സ്ഥലതേപറ്റി അറിയണമെങ്കിൽ അവിടെ ആളുകൾ ജീവിക്കുന്ന ഇടങ്ങളിൽ പോവണം നേരിട്ട് കണ്ട് അറിയണം അങ്ങനെ കിട്ടുന്ന അറിവുകൾക്കും അനുഭവങ്ങൾക്കും ഒരുപാട് വിലയുണ്ട്.”

പിന്നെ ഞാൻ ഒന്നും നോക്കിയില്ല അങ്ങനെ ആണെങ്കിൽ നമുക്ക് നാളെ രാവിലെ Gateway of India യും താജ് ഹോട്ടലും പോയികാണണം കാരണം മുംബൈയുലെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് അത് പിന്നെ പോകണ്ടത് നിങ്ങൾ കേട്ട് മാത്രം പരിചയമുള്ള കാമാട്ടിപുരയിലേക്കാണ്. അവിടെ നിങ്ങൾക്ക് കുറെ ജീവിതങ്ങൾ കാണാം ആളുകൾ അറയ്ക്കുന്ന പുച്ഛത്തോടെയും അറപ്പോടെയും മാത്രം നോക്കുന്ന ജീവിക്കാൻ വേണ്ടി ശരീരം വിറ്റുജീവിക്കുന്ന കുറെ ആളുകളെ കാണാം. ഉറപ്പിച്ചു ! അപ്പോൾ നാളെ അത് തന്നെ പ്ലാൻ. എങ്ങനെ പോവും എവിടെയാണ് സ്ഥലം ഇവിടെ വർഷങ്ങളായുള്ള ഒരു പരിചയകരനോട് ചോദിച്ചപ്പോൾ പറഞ്ഞു കൊള്ളാം ഒരിക്കലെങ്കിലും നമ്മൾ കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് കാമാട്ടിപുര ലോകത്തോട് തന്നെയുള്ള നിങ്ങളുടെ കാഴ്ചപ്പാട് മറിപ്പോവും. അത്യാവശ്യം വേണ്ട മാർഗ്ഗ നിർദേശങ്ങളൊക്കെ ചേട്ടൻ തന്നു. അങ്ങനെ രാവിലെ തന്നെ ഞങ്ങൾ Gateway of India യിൽ എത്തി. പലതവണ ഞാൻ പോയിട്ടുണ്ട് വല്യകാര്യമായി എനിക്ക് ഒന്നും തോന്നിയിട്ടില്ല. അവർ ചുറ്റിനടന്നു കണ്ടു കൂടെ ഞാനും പണ്ട് വെടിവെപ്പ് ഉണ്ടായ കഥകൾ ഒക്കെ പറഞ്ഞുകൊണ്ടേയിരുന്നു..

കമിതാക്കൾ പരസ്യമായി ചുംബിക്കുന്നത് കണ്ടിട്ട് പ്രശാന്ത് പറഞ്ഞു, “കാര്യം നമ്മൾ എന്തൊക്കെ പറഞ്ഞാലും ഒരു സദാചാരവാദിയെ പോലും ഇവിടെ കാണാനില്ലല്ലോടേയ് ഇത് ഒക്കെ കാണുമ്പോളാണ് നമ്മുടെ ഉള്ളിലെ ശരി സദാചാരവാദി ഉണരുന്നത്.. ” അല്ലെങ്കിലും കിട്ടാത്ത മുന്തിരി പുളിക്കും നമ്മുടെ നാട്ടിലെ ഏറ്റുവും രൂക്ഷമായ ദാരിദ്ര്യം ലൈംഗിക ദാരിദ്ര്യമാണ് നോക്ക് ഇവരെയൊന്നും ആരും ശ്രദ്ധിക്കുന്നുപോലുമില്ല.. “ആ സമയം പോവുന്നു ഇനി എങ്ങോട്ടാണ് കാമാട്ടിപുരയല്ലേ.. ?” “പതുക്കെ പറയഡെയ് ആരെങ്കിലും കേട്ടാൽ തെറ്റിദ്ധരിക്കും.” “നമുക്ക് അതിനു അടുത്തുള്ള ഏതെങ്കിലും സ്ഥലതൊട്ടുള്ള വഴി അന്വേഷിക്കാം ഗൂഗിൾ മാപ്പ് എടുത്തു നോക്ക്” വിഷ്ണു പറഞ്ഞു. ഞാൻ എടുത്തു നോക്കി, കിട്ടി. ‘ചോർബസാർ.’ പഴയ സാധനങ്ങൾ പൊളിച്ചു വിൽക്കുന്ന ചന്തയാണ് ചോർബസാർ. പഴയത് എന്നുപറഞ്ഞാൽ അവിടെ എന്തും കിട്ടും. മോഷ്ടിച്ചു കൊണ്ടുവരുന്ന വണ്ടികൾ പൊളിച്ചു കൊടുക്കുന്ന പ്രധാന സ്ഥലമാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

ഞങ്ങൾ പുറത്ത് വന്ന് ഒരു ടാക്സി വിളിച്ചു ചോർബസാർ പോകണം എന്ന് പറഞ്ഞു. അയാൾ ഒന്നു നോക്കി, കയറാൻ പറഞ്ഞു. ഞാൻ മുമ്പിലും അവർ രണ്ട് പേരും പുറകിലുമായി കയറി. കണ്ടപ്പോൾ തന്നെ ഞങ്ങൾ മലയാളികളെന്നു വണ്ടികാരന് മനസിലായി ഒരു പ്രത്യേക തരം പുച്ഛം അയാളുടെ മുഖത്ത് ഞാൻ കണ്ടു. ഇതിനിടയിൽ ഞാൻ പലതും അയാളോട് ചോദിച്ചു അടുത്ത കാണാൻ പറ്റിയ സ്ഥലങ്ങൾ ഏതാണ് എന്നൊക്കെ ഒന്നിനും തന്നെ അയാൾ മറുപടി തന്നില്ല.

കുറേ കഴിഞ്ഞു ഒരു ചേരിയിൽ നിർത്തിയിട്ടു അയാൾ പറഞ്ഞു “ഇവിടെ മുതലാണ് ചോർബസാർ..” റോഡിൽ നിന്ന് പല ഇടവഴികൾ ഉള്ളിലേക്ക് പോകുന്നു. രണ്ട് വശങ്ങളിലുമായി കച്ചവടക്കാർ. വളരെ തിരക്കേറിയ സ്ഥലം. ആർക്കും ആരെയും ശ്രദിക്കാൻപോലും സമയമില്ല. എല്ലാവരും അവരവരുടെ തിരക്കിൽ ഓടുന്നു. പൈസ കൊടുത്ത് കാറിൽനിന്നിറങ്ങി മാപ്പ് നോക്കി. നമ്മൾ നിക്കുന്നതിനു ഒരു കിലോമീറ്റർ ഉള്ളിലാണ് കമാട്ടിപുര. “ഇനി ആരോടും ഒന്നും ചോദിക്കരുത്. നേരെ നടക്കുക. നമ്മൾ തമ്മിലും ഒന്നും സംസാരിക്കരുത്.” വിഷ്ണു മുമ്പിൽ മാപ്പ് നോക്കി നടന്നു. ഞങ്ങൾ രണ്ടും പുറകെയും.

ചുറ്റും നോക്കി, ഒരു സ്ഥലത്ത് വണ്ടിയുടെ ഹോണ് മാത്രം കൂട്ടിയിട്ടിരിക്കുന്നു. ചിലടത്ത് സൈലൻസർ മാത്രം. എല്ലാം പൊളിച്ചു വിൽക്കുന്നതാണ്. ഓരോ സാധനങ്ങൾക്കും ഓരോ പ്രത്യേകം കടകൾ. ഒരു ഇടവഴിയിലൂടെ നടന്നു ചുറ്റും നോക്കി. നമ്മൾ സിനിമയിലും മറ്റുമായി കണ്ടിട്ടുള്ള കമാട്ടിപുര എങ്ങും കാണുന്നില്ല.. വീണ്ടും നടന്നു.. വളരെ തിരക്കേറിയ ഒരു സ്ഥലം. ഇവിടെ തന്നെ ആയിരിക്കുമോ? ഉള്ളിൽ ഇപ്പോൾ നല്ല ഭയം ഉണ്ട്.

ഫോണ് ഒന്നു വിറച്ചു. അതെ നമ്മൾ കാമാട്ടിപുരയിൽ എത്തിയിരിക്കുന്നു. ചുറ്റും നോക്കി. ഇത്രയും നേരം കണ്ട അതേ തിരക്കേറിയ ചന്ത.. വ്യത്യസ്തമായി ഒന്നും കാണുന്നില്ല.. കുറച്ചുകൂടെ നടന്നു വെറുതെ മുകളിലേക്ക് നോക്കിയ ഞാൻ ഒന്ന് ഞെട്ടി.. സിനിമകളിൽ കണ്ടിട്ടുള്ള അതേ ചിത്രം.. മുകളിൽ ഒരു ബാൽക്കണിയിൽ കുറെ സ്ത്രീകൾ താഴെ വഴിയിലോട്ട് നോക്കി നിൽക്കുന്നു. ഒരു 30,40 പ്രായം തോന്നിക്കുന്നവർ. പരിധിയിലും കൂടുതൽ മേക്കപ്പ് ഇട്ടിരിക്കുന്നു. പെട്ടന്ന് ഞാൻ നോട്ടം പിൻവലിച്ചു പതിയെ പ്രശാന്തിനെ വിളിച്ചു “ഡാ..കണ്ടു കണകുണാന്ന് അങ്ങോട്ടുമിങ്ങോട്ടും നോക്കാതെ നേരെ നടന്നോ ഒന്നും മിണ്ടണ്ടാ..”

കുറച്ചു കൂടി നടന്നപ്പോൾ വഴിയിൽ രണ്ടു വശങ്ങളിലുമായി ഒരേ അകലം പാലിച്ചു സ്ത്രീകൾ നിരന്നു നിൽക്കുന്നു. അവർക്കിടയിലൂടെ തിരക്കേറിയ ചന്ത സജീവമായി പ്രവർത്തിക്കുന്നു. കൂട്ടത്തിൽ ചെറിയ പെണ്കുട്ടികളെ വരെ കണ്ടു. 20 തിനും 30 നും ഇടയിൽ പ്രായമുള്ളവർ. വളരെ സുന്ദരികളാണവർ. ഇതുപോലെ ഒരു പെണ്കുട്ടി നമ്മുടെ കോളേജിൽ ഉണ്ടായിരുന്നെങ്കിൽ അവളായേനെ ക്യാംപസ് ബ്യൂട്ടി. വഴിയെ പോകുന്നവരിൽ അവരുടെ ആവശ്യകാരുണ്ടോ എന്നു എല്ലാവരും തിരയുന്നു.. അവരെ ആകർഷിക്കാൻ എന്തൊക്കെയോ ചെയ്യുന്നു.. എന്റെ മനസ്സും ശരീരവും ഒരുപോലെ മരവിച്ച അവസ്ഥ. തികച്ചും യാന്ത്രികമായി ഒരിടത്തും ഉറച്ചു നോക്കാതെ മുന്നോട്ട് നടക്കുന്നു. അവർ രണ്ടുപേരും മുമ്പിൽ നടക്കുന്നു പോവുന്നുണ്ട്.

ഇവിടെ അധികം ആളുകൾ ഒന്നും വരാറില്ല എന്ന് മനസ്സിലായി. കാരണം ഓരോരുത്തരിലും അവർ അത്ര പ്രതീക്ഷ വയ്ക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി. ഇപ്പോൾ എല്ലാം ഓൺലൈനായി വാങ്ങുന്ന കാലമാണല്ലോ.. പെട്ടന്ന് പിന്നിൽ നിന്ന് ഒരു വിളി, “അണ്ണാ..” ഞാൻ തിരിഞ്ഞു നോക്കിയില്ല. നടന്ന വേഗം തെല്ലുപോലും കുറയ്ക്കാതെ മുമ്പോട്ട് നടന്നു. തീർത്തും മെലിഞ്ഞു തികച്ചും അലസമായി വസ്ത്രം ധരിച്ച ഒരുത്തൻ. ഞാൻ നടക്കുന്ന ഒപ്പം അതേ വേഗത്തിൽ നടന്നു കൊണ്ടു ഹിന്ദിയിൽ പറഞ്ഞു “ഇത്‌ ഒന്നും കൊള്ളില്ല. ഇങ്ങോട്ട് വാ നല്ലത് ഇവിടെയുണ്ട്.”
ഞാൻ അയാൾ എന്നോട് ആണ് പറയുന്നത് എന്നുപോലും ശ്രദ്ധിക്കാതെ മുമ്പോട്ട് നടന്നുകൊണ്ടേയിരുന്നു. അയാൾ എന്റെ ഒപ്പവും. പിന്നെ അയാൾ മലയാളത്തിലും തമിഴിലുമായി എന്നോട് ചോദിച്ചു, “എവിടുന്നു വരുന്നു? ഏത് വേണം? മലയാളം വേണോ? തമിഴ് വേണോ? ഏത് പ്രായം വേണം? പറ അണ്ണാ..”

ഞാൻ ഒന്നും മിണ്ടാതെ വീണ്ടും നടന്നു. അയാൾ ഇത് തന്നെ കുറച്ചു ദൂരം കൂടെ എന്റെ പുറകെ നടന്നു പറഞ്ഞു. ഒടുവിൽ ഒരു വഴിയിൽ തിരിഞ്ഞു പോയി. എന്റെ ശ്വാസം നേരെ വീണു. ഇത് ഒന്നും ശ്രദ്ധിക്കാതെ കൂട്ടുകാർ 2 പേരും മുമ്പേ നടക്കുന്നുണ്ടായിരുന്നു.. അല്ലെങ്കിലും എവിടെ പോയാലും ഇത്തരം വള്ളികൾ എല്ലാം എന്റെ കൂടെയാണ് കൂടാറുള്ളത്.. പണ്ട് ഒരിക്കൽ കൂട്ടുകാരുടെയൊപ്പം ആന്ത്രയിൽ ട്രെയിനിൽ വച്ചു മൂന്നാം ലിംഗക്കാർ പിടിച്ചതും പൈസ കൊടുക്കാത്തതിന് വസ്ത്രം ഉയർത്തി തെളിവ് തന്നതും, കൊടൈക്കനാൽ പോയപ്പോൾ ഇതുപോലെ ഒരു കൂണുകാരൻ എന്റെ കൂടെ കൂടിയതും ഞാൻ ഒരു നിമിഷം ഓർത്തു. രൂപത്തിലെ എന്തെങ്കിലും സവിശേഷതയായിരിക്കും.!

ഞങ്ങൾ ആ സ്ഥലത്തു നിന്നു പുറത്ത് എത്തി മൂന്നുപേരും ഒരുമിച്ചു നടക്കാൻ തുടങ്ങി. “വേഗം ഇവിടുന്നു പോവാം എന്തോ ഒരു വല്ലാത്ത അവസ്ഥയാണ് മനസ്സിന്.” അയാൾ പറഞ്ഞ ചില വാക്കുകൾ എന്റെ ചെവിയിൽ വീണ്ടും വീണ്ടും കേൾക്കുന്ന പോലെ തോന്നി.. “ഏത് പ്രായം വേണം മലയാളം വേണോ തമിഴ് വേണോ പറയു സാർ എല്ലാമുണ്ട്.. !” ഒരുപക്ഷേ അയാൾ വിളിച്ച വഴിയേ പോലയാൽ ഈ പറഞ്ഞ മലയാളിയെയും തമിഴത്തിയെയും ഒക്കെ കാണിച്ചു വില പറയുമായിക്കും. അവർ എങ്ങനെ അവിടെയെത്തിപെട്ടു? ഒരിക്കലും നമ്മുടെ നാട്ടിൽ നിന്നും ആരും അറിഞ്ഞോണ്ട് ഇങ്ങനെ ഒരു സ്ഥലത്ത് എത്തില്ല. അപ്പോൾ എങ്ങനെ.? ഒരുപക്ഷേ രക്ഷപെടാൻ ആവാതെ നിസ്സഹായരായി കഴിയുന്നവർ ആയിരിക്കും. ഓർത്തിട്ട് എന്തോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥ. തികച്ചും മരവിച്ചിരുന്നു മനസ്സും ശരീരവും..

ചന്തയ്ക്ക് പുറത്തു വന്നതും പിന്നെയും കുറെ ദൂരം പോയി ഒരു ഹോട്ടലിൽ കയറി 7 up വാങ്ങി കുടിച്ചിരുന്നപ്പോഴാണ് സ്വബോധത്തിലേക്ക് തിരിച്ചു വന്നത്. അതോടെ ധാരാവി എന്ന അടുത്ത ലക്ഷ്യം ഉപേക്ഷിച്ചു മറൈൻ ഡ്രൈവിൽ വന്നിരുന്നു. കാറ്റും കൊണ്ട് ഞങ്ങൾ മടങ്ങിയപ്പോൾ രാത്രിയായിരുന്നു. അവർ എന്നോട് നന്ദി പറഞ്ഞു. “ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരുന്നു. നമ്മുടെ നാട്ടിൽ ഉള്ളവർ ഒരിക്കലെങ്കിലും ഇതൊക്കെ വന്ന് ഒന്നു കണ്ടാൽ കുറെ മാറ്റം ഉണ്ടാവും കാഴ്ചപ്പാടിൽ..” “ശരിയാണ്..!” ഞാനും പറഞ്ഞു..അപ്പോഴും അയാൾ പറഞ്ഞ വാക്കുകൾ എന്നെ അലട്ടികൊണ്ടേയിരുന്നു.. “ഏത് പ്രായം വേണം മലയാളം വേണോ തമിഴ് വേണോ പറയു സാർ എല്ലാമുണ്ട്.. !”