കാടിൻ്റെ വന്യതയിൽ, ഗുഹയ്ക്കുള്ളിലിരുന്നു ഭക്ഷണം കഴിച്ചുറങ്ങിയ രാത്രി

വിവരണം – അജ്മൽ അലി പാലേരി.

കാടുകളിൽ കായ്ക്കനികൾ ഭക്ഷിച്ചും വേട്ടയാടിയും ഗുഹകളിൽ താമസിച്ചും ജീവിതം നയിച്ചവരായിരുന്നു നമ്മുടെ പൂർവ്വികരായ മനുഷ്യർ. കാലങ്ങൾ കടന്നുപോയപ്പോൾ മനുഷ്യന്റെ ജീവിതരീതികളും ചുറ്റുപാടുകളും മാറിയെങ്കിലും കാടിനോടും മലകളോടുമുള്ള ഇഷ്ടം ഇന്നും അവന്റെയുള്ളിൽ നിലനിൽകുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഞാനടക്കമുള്ള സഞ്ചാരികൾ. പ്രകൃതിയെ കൂടുതൽ മനസ്സിലാക്കാനും ആ പ്രകൃതിയോട് ചേർന്നു താമസിക്കാനുമാണ് ഞാനെന്റെ ഓരോ യാത്രയും ഉപയോഗപ്പെടുത്താറ്. കോവിഡ്‌ കാലത്തെ എന്റെ ആദ്യവയനാട് യാത്രയും അത്തരത്തിലുള്ളതായിരുന്നു.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് വീട്ടിൽനിന്നിറങ്ങുമ്പോൾ കൂട്ടിന് സുഹൃത്തുക്കളായ ഷെഫീഖും ജിഷയും മക്കളുമുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ ഞങ്ങൾ ഒരു വർഷത്തോളമായി നേരിൽ കണ്ടിട്ട്. കോവിഡ്‌ ആളുകളെ വീട്ടിലടച്ചപ്പോൾ സൗഹൃദങ്ങളും കൂടിച്ചേരലുകളുമെല്ലാം നീണ്ടുപോയി. കാശ്മീർ യാത്രക്ക് ശേഷം ഞങ്ങൾ ഒരുമിച്ചുള്ള ആദ്യയാത്രകൂടിയാണ് ഈ വയനാട് യാത്ര.

പുലർച്ചെ തിരുവനന്തപുരത്തുനിന്നും മലപ്പുറത്തെ എന്റെ വീട്ടിലെത്തിയ അവരുമൊന്നിച്ചു ഉച്ചഭക്ഷണം കഴിക്കുമ്പോൾതന്നെ വയനാട്ടുകാരനായ എന്റെ സുഹൃത്ത് സാലിഫ് യാത്രാവിവരങ്ങൾ അന്വേഷിച്ചു വിളിക്കുന്നുണ്ടായിരുന്നു. അവധി ദിവസമായിരുന്നതിനാലും വയനാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നു തുടങ്ങിയതിനാലും ചുരത്തിൽ വാഹനങ്ങളുടെ ബാഹുല്യം തന്നെയായിരുന്നു.

അടിവാരത്തെ ചായക്കടയിൽ നിന്നും ബജിയും ചൂടുചായയും കുടിക്കുമ്പോൾ മഴ ചാറിതുടങ്ങിയതും ദൂരെ മലകൾ അപ്രത്യക്ഷമാവുംവിധം കോടമൂടി. ലക്കിടി വ്യൂപോയിന്റിലെത്തിയപ്പോൾ തന്നെ കാറിലെ എയർകണ്ടീഷൻ ഓഫ് ചെയ്തു, വിൻഡോ ഗ്ലാസ് താഴ്ത്തിയതും വയനാടിന്റെ രാത്രികാല തണുപ്പ് ഞങ്ങളെ കീഴ്‌പ്പെടുത്തി.

വയനാട് അമ്പലവയലുള്ള എടക്കൽ ഹെർമിറ്റേജ് റിസോർട്ടിൽ ഞങ്ങൾ എത്തുമ്പോൾ സമയം എട്ടുമണി കഴിഞ്ഞിരുന്നു. എടക്കൽ ഗുഹയിലേക്കുള്ള ചെക്ക്പോസ്റ് കഴിഞ്ഞുള്ള കയറ്റത്തിലെ ആദ്യവളവുകഴിഞ്ഞുവേണം റിസോർട്ടിലെ പാർക്കിങ്ങിലെത്താൻ. എട്ട് ഏക്കറോളം വരുന്ന മലഞ്ചെരുവിലെ കാട്ടിൽ പാറക്കൂട്ടങ്ങളോട് ചേർന്ന് പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കൊട്ടംതട്ടാത്ത രീതിയിൽ നിർമിച്ചെടുത്ത ഏഴു കോട്ടേജുകൾ ചേർന്ന ഒരു പ്രകൃതിസൗഹൃത സ്വർഗ്ഗമാണ് എടക്കൽ ഹെർമിറ്റേജ്.

ഇരുപത് വർഷങ്ങൾക്ക് മുന്നേ തോട്ടമായിരുന്ന ഈ പ്രദേശം ഇന്ന് ആയിരക്കണക്കിനു മരങ്ങൾ വെച്ചുപിടിച്ചു ഒരു കാടാക്കിമാറ്റിയിരിക്കുന്നു. എടക്കൽ ഗുഹയോട് വളരെ അടുത്തുനിൽക്കുന്ന ഈ റിസോർട്ടിലെ ലാൻഡ്സ്കേപ്പിംഗിൽ പോലും പരീക്ഷണങ്ങൾക്ക് മുതിരാതെ കാടിന്റെ സ്വാഭാവികത നിലനിർത്തിയിരിക്കുന്നത് എടുത്തുപറയേണ്ടതാണ്. ടെലിവിഷനും വൈഫൈയും ഇല്ലാതെ പ്രകൃതിയോട് ചേർന്നു താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ റിസോർട്ട് ഒരു ആശ്രയമാണ്.

ഈ രാത്രി ഞാൻ താമസിക്കുന്നത് തെക്കുകിഴക്കൻ ഫ്രാൻസിലെ പ്രശസ്തമായ ഷോവേ ഗുഹയുടെ പേരിൽ നാമകരണം ചെയ്ത കോട്ടേജിലാണ്. ഒരു വലിയ പാറക്കുമുകളിലെ ഈ കോട്ടേജിന്റെ ബാൽക്കണിയിൽ നിന്നും നോക്കിയാൽ എടക്കൽവാലിയുടെ ഒരു മനോഹരദൃശ്യം തന്നെ ലഭിക്കും. റൂമിലെത്തി ഒന്നു ഫ്രഷ് ആയപ്പോഴേക്കും ഞങ്ങൾക്കുള്ള ഡിന്നർ റെഡിയായി.

റൂമിൽനിന്നിറങ്ങി മലമുകളിലെ റെസ്റ്റോറന്റിലേക്ക് നടക്കുമ്പോൾ ചീവിടുകളുടെ ശബ്ദത്തോടൊപ്പം ഒരു ചാറ്റൽമഴ കൂടിയായപ്പോൾ ഒരു മഴക്കാടിന്റെ യഥാർത്ഥ നിഗൂഢത അനുഭവിക്കാൻ കഴിഞ്ഞു. രണ്ടാൾപൊക്കത്തിൽ തലയുയർത്തിനിൽക്കുന്ന ഭീമൻ പാറയോട് ചേർന്നുള്ള പടികൾ കയറിച്ചെല്ലുമ്പോൾ വലതുഭാഗത്തായാണ് ഇവിടുത്തെ റെസ്റ്റോറന്റുള്ളത്. എന്നാൽ ഈ രാത്രി എന്റെ ഭക്ഷണം ഇവിടെയല്ല! ഈ രാത്രി നമ്മുടെ പൂർവ്വികരെപോലെ കാട്ടിൽ താമസിച്ചു ഗുഹയ്ക്കുള്ളിലിരുന്നു ഭക്ഷണം കഴിക്കണം.

റെസ്റ്റോറന്റും കഴിഞ്ഞു അല്പം കൂടി മുന്നോട്ട് നടന്നപ്പോൾ മുന്നിലായി ഒരു പാറക്കൂട്ടത്തിനിടയിൽ നിന്നും ഒരു വെളിച്ചം ഞങ്ങളെ സ്വാഗതം ചെയ്തു. മലഞ്ചെരുവിലെ ഭീമാകാരമായ പാറക്കടിയിലെ ഗുഹയിൽ നൂറ്റമ്പതോളം മെഴുകുതിരികൾ കത്തിച്ചു വെച്ചിരിക്കുന്നു. ഗുഹയ്ക്കുള്ളിൽ ഒത്തനടുക്കായിട്ടിരിക്കുന്ന ടേബിളിനുചുറ്റുമിരിക്കുമ്പോൾ പുറത്തു മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു.

പൈതൃക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ റിസോർട്ടിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് ഞങ്ങളിപ്പോൾ ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. ലോണലിപ്ലാനെറ്റ് മാഗസിനിന്റെ 2012, 2015 വർഷങ്ങളിൽ വന്ന ലോകത്ത് ഏറ്റവും മനോഹരമായ 25 റൊമാന്റിക് ഐഡിയകളിലൊന്നാണ് ഇവിടുത്തെ ഈ കേവ് ഡിന്നർ. ഹണിമൂണിനും വിവാഹവാർഷികം ആഘോഷിക്കാനുമായി ഇവിടെയെത്തുന്നവരുടെ ആവശ്യാർഥം ഒരു ദിവസം രണ്ടോമൂന്നോ നവദമ്പതികൾക്കെ ഈ കേവ് ഡിന്നർ ഉപയോഗപ്പെടുത്താൻ കഴിയുകയുള്ളു. അതുകൊണ്ടുതന്നെ ഞങ്ങൾ നേരത്തെ ബുക്ക് ചെയ്താണ് ഇവിടേക്കെത്തിയത്.

കാടിന്റെ വന്യതയിൽ ഗുഹയ്ക്കുള്ളിലിരുന്നു മെഴുകുതിരി വെട്ടത്തിൽ ട്രൈബൽ ചിക്കനും ഗോപിമഞ്ചൂരിയും ചാപ്പത്തിയുമെല്ലാം ആസ്വദിച്ചുകഴിക്കുമ്പോൾ നമ്മൾ നൂറ്റാണ്ടുകൾ പിറകോട്ടുപോയപോലെ തോന്നിപ്പോവും. ഗുഹക്കുള്ളിൽനിന്നിറങ്ങി എന്റെ കോട്ടേജിലേക്കു തിരിചുനടക്കുമ്പോൾ ആംഫി തിയേറ്ററിനോട് ചേർന്ന് ക്യാമ്പ്ഫയർ ആസ്വദിക്കുന്ന നവദമ്പതികളോട് ശുഭരാത്രി ആശംസിക്കാൻ ഞാൻ മറന്നില്ല.

പതിവുപോലെ രാവിലെ അഞ്ചരയ്ക്കു തന്നെ ഞാൻ ഉറക്കമുണർന്നു. ഇത്തവണ മൊബൈൽ അലാമിന്റെ ശബ്ദം കേട്ടെല്ലെന്നു മാത്രം. റൂമിന്റെ ബാൽക്കണിയോടുചേർന്നുള്ള മരത്തിലെ കിളികളുടെ പാട്ട്കേട്ട് പുറത്തിറങ്ങുമ്പോൾ ദൂരെ മലകളത്രയും കോടമഞ്ഞിൽ കുളിച്ചിരിക്കുകയായിരുന്നു. പടിഞ്ഞാറ് പക്ഷിപതാളത്തിൽ നിന്നും കിഴക്ക് വെസ്റ്റേണ്ഘട്ടിന്റെ ഭാഗമായുള്ള മലനിരകളിലേക്കുള്ള പക്ഷികളുടെ യാത്രയിലെ ഒരു ഇടത്താവളമായതുകൊണ്ടുതന്നെ ഇവിടെ വ്യത്യസ്തങ്ങളായിട്ടുള്ള അമ്പതോളം പക്ഷികളെ നമുക്ക് കാണാൻ കഴിയും.

അഞ്ചേമുക്കാൽ ആയപ്പോഴേക്കും വിനോദ്‌ജി ഞങ്ങളെയും കാത്തു റിസോർട്ടിലെ റിസപ്‌ഷനിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. വിനോദ് ജിയെക്കുറിച്ചു പറയുകയാണെങ്കിൽ അദ്ദേഹമാണ് ഈ പ്രകൃതി സൗഹൃദ സ്വർഗ്ഗത്തിലെ എല്ലാം എല്ലാം. ജിഷ കുട്ടികൾക്ക് കൂട്ടായി റിസോർട്ടിൽ തന്നെയിരുന്ന കാരണം ഷെഫീഖും സാലിഫും ഞാനും മാത്രമാണ് ട്രെക്കിങ്ങിനുണ്ടായിരുന്നത്. പിന്നെ ഞങ്ങൾക്ക് വഴികാട്ടിയായി വിനോദ്ജിയും ശിവയും.

റിസോർട്ടിൽ നിന്നും അരമണിക്കൂർ ട്രെക്ക്‌ചെയ്തുവേണം പൊന്മുടിക്കോട്ടയിലെത്താൻ. കാപ്പിത്തോട്ടത്തിലെ ഇരുട്ടിനെ വകഞ്ഞുമാറ്റി ശിവക്കുപിറകെ ഞങ്ങൾ നടക്കുമ്പോൾ ദൂരെ സൂര്യൻ ഉതിച്ചുയരുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഒരാൾപൊക്കത്തിൽ വളർന്നിരിക്കുന്ന പുൽക്കാടുകളെ വകഞ്ഞുമാറ്റി പാറക്കൂട്ടം കയറിച്ചെല്ലുമ്പോൾ സൂര്യോദയം കാണാനെത്തിയ സഞ്ചാരികളുടെ ചെറിയകൂട്ടങ്ങൾ അവിടെ ഇവിടെയായുണ്ടായിരുന്നു.

വീണ്ടും പത്തുമിനുട്ടോളം മുന്നോട്ട് നടന്നു പാറയിൽ അള്ളിപ്പിടിചു മലകയറി ഏറ്റവും മുകളിലെത്തുമ്പോൾ താഴെ ദൂരെ നമുക്ക് എടക്കൽ ഗുഹ ഉൾപ്പെടുന്ന മലകാണാം. അല്പം വിശ്രമിച്ചു ചിത്രങ്ങൾ പകർത്താൻ തുടങ്ങിയപ്പോഴേക്കും സൂര്യനും മഞ്ഞുമേഘങ്ങളും മത്സരം ആരംഭിച്ചിരുന്നു. സൂര്യപ്രകാശം ഭൂമിയിൽ പതിക്കാൻ സമ്മതിക്കാതെ കോടമൂടിതുടങ്ങിയപ്പോൾ കാറ്റും അവളുടെ കൂടെ കൂടി. ഇത് ഞങ്ങൾ സഞ്ചാരികൾക്ക് സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു.

സമയം ഒൻപതായിട്ടും അവർ മത്സരത്തിൽ നിന്നും പിന്മാറാൻ ഒരുക്കമല്ലായിരുന്നു. ഒടുവിൽ അവരോടു യാത്രപറഞ്ഞു മലയിറങ്ങുമ്പോഴാണ് മലയിലേക്കുള്ള വഴിയോടുചേർന്നുള്ള രണ്ടു ക്ഷേത്രങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടത്. അതിലൊന്ന് പൊന്മുടി ശ്രീ പാർത്ഥസാരഥി ക്ഷേത്രവും മറ്റൊന്നു പുരാധനമായൊരു ശിവക്ഷേത്രവുമായിരുന്നു. ഷീറ്റുകൾകൊണ്ടു മറച്ചിരിക്കുന്ന ആ ക്ഷേത്രമുറ്റത്തെ ആ കല്ലുകൾ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെന്നും ക്ഷേത്രത്തിനോട് ചേർന്നുള്ള കാട്ടിൽ നിന്നും നിരവധി പുരാതനവസ്തുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വിനോദ് ജി യിൽ നിന്നുമറിയാൻകഴിഞ്ഞു.

ഓരോ സഞ്ചരിക്കും ഓരോയാത്രയും പൂർണ്ണമാവുക ആ നാടിനെ അറിഞ്ഞും ആ നാട്ടുകാരോട് സംവദിച്ചും മടങ്ങുമ്പോഴാണ്. തിരിച്ചു മലയിറങ്ങുന്ന വഴി ചായക്കടയിൽ നിന്നും ചൂടുചായയും കുടിച്ചു നാട്ടുകാരായിട്ടുള്ള ആളുകളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാനുമൊരു വയനാട്ടുകാരനായി.

തിരിച്ചു റിസോർട്ടിലെത്തി കുളിച്ചു ഫ്രഷ് ആയി പ്രഭാതഭക്ഷണവും കഴിഞ്ഞു മടങ്ങുമ്പോൾ ഞാനൊരു പുതിയ മനുഷ്യനായിരുന്നു. കാടിനുള്ളിൽ താമസിച്ചു, ഗുഹയ്ക്കുള്ളിലിരുന്നു ഭക്ഷണം കഴിച്ചു, മലകയറി സൂര്യോദയം കണ്ട ഒരു പുതിയ പുരാതന മനുഷ്യൻ. വയനാട്ടിൽ കാടും മലയും മാത്രമല്ല, അരുവികളും തടാകങ്ങളുമുണ്ട്! സൂര്യോദയം കണ്ട എനിക്കിന്നൊരു സൂര്യാസ്തമയം കാണണം. അതും വയനാട്ടിലെ ഒരു തടാകക്കരയിലിരുന്നുകൊണ്ട്.