കോഴിക്കോട് ജില്ലയിലെ ‘എലിയോട്ട് മല’യിലേക്ക് ഒരു വീക്കെൻഡ് യാത്ര

വിവരണം – വികാസ് വിജയ്.

ആഴ്ച്ചാവസാനം ഊരുതെണ്ടൽ എന്ന ആ പഴയ ശീലം പൊടിതട്ടി എടുത്താലോ എന്ന് ചോദിച്ചത്, മച്ചൂനൻ വിനീത് ആയിരുന്നു. അങ്ങനെ ഒരുകാലമുണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ 2019ൻറെ തുടക്കത്തിൽ താത്കാലിക യാത്രാവിരാമമിട്ടതിന് കാരണം സന്തതസഹചാരികളായ ഞങ്ങളുടെ ഭാര്യമാർ പത്ത്മാസകാലത്തേക്ക് യാത്രകൾ മാറ്റിവെച്ചത് അപ്പോഴായിരുന്നു. പിന്നീടുള്ള തിരക്കുകൾ, അവസ്ഥകൾ എല്ലാം കൊണ്ടും ഈ ലോകത്തിനൊപ്പം എല്ലാം ഒരു പരിധിവരെ ഇന്നും.

യാത്രയ്ക്ക് തിരഞ്ഞെടുത്തത് പൂക്കുന്ന് മല വ്യൂ പോയിൻറായിരുന്നു. രാവിലെ 5.50ന് പൂക്കാട് ടൗണിൽ നിന്നും യാത്രതുടങ്ങി, കൂടെ അമറും, അമനും, റിതുനും. കുനിയക്കടവ് പാലം കടക്കവേ കുങ്കുമം വിതറിയ ആകാശം വെളിച്ചത്തിൻറെ വരവ് അറിയിച്ചു. അത്തോളി കടന്ന് ചീക്കിലോട് എത്തും മുൻപേ കവുങ്ങും, തെങ്ങും നിറഞ്ഞ ഗ്രാമീണതയിൽ കടന്നുപോകുന്ന പാതയിൽ നേരിയ മഴയുണ്ടായിരുന്നു. ഈ വഴി കാപ്പാട്-തുഷാരഗിരി-അടിവാരം വിനോദയാത്രാ ഇടനാഴിയാണ്.

കേട്ടുമാത്രം പരിചയമുള്ള പൂക്കുന്ന് മലയുടെ അടിവാരത്ത് എത്തിയെങ്കിലും സാങ്കേതികതയുടെ വാലിൽ ചുറ്റിയ ഒരു ബോർഡ് ശ്രദ്ധയിൽപെട്ടു. അതിൻറെ അടിയിൽ എന്ന് പോലീസ് എന്ന് കണ്ടതോടെ വണ്ടിതിരിച്ചു. വെറുതെ ആയിപ്പോയല്ലോ എന്നോർത്തിരിക്കെയാണ് അത്തോളി സ്വദേശിയായ എഴുത്തുകാരൻ സുഹൃത്ത് ശ്രീജിത്ത് ശ്രീവിഹാറിനെ ഓർത്തത്. അങ്ങേരെ വിളിച്ചപ്പോൾ കിട്ടിയ വിവരാടിസ്ഥാനത്തിൽ എലിയറ അഥവാ എലിയോട്ട് മലയെ ലക്ഷ്യമാക്കാൻ തീരുമാനിച്ചു.

ചീക്കിലോട് ടൗണിൽ തട്ടുകടയിലെ കാലിച്ചായ കുടിയ്ക്കുന്നതിനിടെ നാട്ടുകാരൻ സലിംക്കയാണ് വള്ളിക്കാട്ട് കാവ് എന്ന വാനര വിഹാരകേന്ദ്രമായ ദേവീക്ഷേത്ര പരിസരത്ത് നിന്നും എലിയറയിലേക്ക് ഒരു എളുപ്പവഴിയുണ്ടെന്ന് പറഞ്ഞുതന്നത്. സുരേന്ദ്രൻ നായരുടെ കട ആയിരുന്നു അദ്ദേഹം പറഞ്ഞ് തന്ന അടയാളം. അവിടുന്ന് മർക്കട കുടുബത്തിന് എന്തേലും വങ്ങിക്കോളാനും പറഞ്ഞു.

വഴിതെറ്റാതെ കാവിനടുത്ത് എത്തിയെങ്കിലും എലിയറയിലേക്കുള്ള വഴി അടഞ്ഞിരിയ്ക്കയായിരുന്നു. നിരാശയുടെ പാരമ്യതയിൽ നിൽക്കേ ഒരാളുടെ നിർദ്ദേശമായിരുന്നു അന്നശ്ശേരി റോഡിൽ കയറിയാൽ എടക്കര വഴി എലിയറയിലെത്താമെന്ന്. വീണ്ടും മുന്നോട്ട്.
ഇത്തവണ പിഴച്ചില്ല, 130 ഏക്കറിൽ പരം വിസ്തൃതിയുള്ള എലിയറ മലയുടെ താഴ്വാരത്തിൽ എത്തി. വഴിയിൽ കണ്ട ബോർഡിൽ നിന്നും അതൊരു സ്വകാര്യ സ്വത്താണെന്നു ബോദ്ധ്യപ്പെട്ടു.

ആ ബോർഡിൽ ഒരു തമാശയ്ക്കുള്ള വകയുണ്ടായിരുന്നു. അതിൽ ‘Vikas & Family’ ഇങ്ങനെ എഴുതിയിരുന്നു, അതായത് എൻറെ പേര്. കൂടെ വന്നവരോട് ഞാൻ പറഞ്ഞു “ഞാൻ ഇനിയൊരു സത്യം പറയട്ടെ, ഈ എലിയറയുണ്ടല്ലോ….” കുത്തനെയുള്ള കയറ്റങ്ങളിൽ കൃത്രിമത്വമില്ലാത്ത ചെങ്കല്ലും, പാറകളും നിറഞ്ഞ പ്രകൃതിയൊരുക്കിയ പടവുകൾ, വഴിയുടെ വശങ്ങളിൽ ഉയരംകൂടിയ ഈരൻ പുല്ലുകൾ. ഒറ്റയ്ക്കും തെറ്റയ്ക്കും ചില മരങ്ങൾ. പുല്ലുകൾ ഇല്ലാത്ത ഭാഗം എലിയറയുടെ പ്രായാധിക്യത്താൽ വന്ന കഷണ്ടിപോലെ എനിയ്ക്ക് തോന്നി.

മലയുടെ ഒന്നാം ഭാഗം പിന്നിടുമ്പോൾ പുൽമേടിന് നടുവിൽ ക്രിക്കറ്റ് കളിയ്ക്കുന്ന കുട്ടികളെ കണ്ടു. ചുറ്റുവട്ടത്തേയ്ക്കു നോക്കുമ്പോൾ താഴെ വയലും, നാട്ടുപാതയും കാണാം. ഇനിയും മുകളിലേയ്ക്ക് നടന്നാൽ ഒരുപക്ഷേ ആകാശനീലിമ കയ്യെത്തിതൊടാം എന്ന തോന്നലോടെ പിന്നെയും മുകളിലേയ്ക്ക്. ആ ഒരു ആവാസവ്യവസ്ഥയിൽ പാമ്പുകളെ സൂക്ഷിയ്ക്കണം എന്ന് തോന്നുന്നു. ഒരുതരത്തിൽ ഇവിടെ ശല്യക്കാരായി കടന്നുകയറുന്നത് നമ്മളാണല്ലോ.

മുകളിൽ നല്ല കാറ്റും ഇളം മഞ്ഞും നിറഞ്ഞ കാലാവസ്ഥ. സൂര്യൻ ചുവന്ന കുപ്പായം മാറി തെളിഞ്ഞ് ചിരിയ്ക്കാൻ തുടങ്ങിയിരുന്നു. ഒരു പക്ഷേ നേരിട്ട് ഇവിടെ എത്തിയിരുന്നെങ്കിൽ ഇതിലും മനോഹരമായ കാഴ്ച്ചകൾ കാണാമായിരുന്നു എന്നോർത്തുപോയി. ഇരതേടി പോകുന്ന പറവകൾ, അടുപ്പിലെ പുകച്ചുരുളുകൾ ഉയരുന്ന തെങ്ങിൻകൂട്ടം, നന്മണ്ട, കാക്കൂർ, അത്തോളി പ്രദേശങ്ങളുടെ 360° കാഴ്ച്ച.
കയ്യിൽ കരുതിയ വെള്ളവും, ബ്രഡും, ജാമും, പഴവും, കഴിച്ച് തളർച്ചയെ തളച്ചുനിർത്തി. കുറേ സൊറപറഞ്ഞിരുന്നു. ക്യാമറക്കണ്ണുകൾക്ക് മതിവരുവോളം ചിത്രങ്ങൾ പകർത്തി.

ഇനിമടക്കം, വഴിയിൽ ഉപേക്ഷിക്കപ്പെട്ടതായി കണ്ട പ്ളാസ്റ്റിക്ക് മാലിന്യങ്ങളും, കുപ്പികളും മനസ്സിനെ വല്ലാതെ ഉലച്ചു. ഇനിയും ഈ കുന്നുകയറിവരുമ്പോൾ എലിയറയിലെ ഉദയത്തിനും അസ്തമയത്തിനും മാറ്റ് കുറയരുത്. പാമ്പും, പക്ഷിയും, ശലഭവും, കൂടുകൂട്ടിയ ഈ ആവാസവ്യവസ്ഥയിൽ വിഷം വിതയ്ക്കരുത്. വന്നുകയറി കണ്ട് മടങ്ങുന്ന മനുഷ്യനപ്പുറം അവർ ഈ ഭൂമിയുടെ അവകാശികളാണ്. ഒരു പക്ഷേ നമ്മളെക്കാൾ ഏറെ അവകാശമുള്ളവർ. കിഴക്ക് വെള്ള കീറും മുൻപേ, അതല്ലെങ്കിൽ പടിഞ്ഞാറ് നിഴൽ വിരിയും മുൻപേ, രക്തനായ കതിരോനെ കാണാൻ ഞാൻ ഒരിക്കൽ കൂടി ഇവിടെ വരും എന്ന് മനസ്സ് പറയുന്നു.