ഹോട്ടലുകളും റിസോർട്ടുകളും തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹോട്ടലുകൾ, റിസോർട്ടുകൾ, റെസ്റ്റോറന്റ്.. ഈ പേരുകൾ കേൾക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. പലപ്പോഴും ഇവയെല്ലാം നമ്മുടെ ദൈനംദിന സംഭാഷണങ്ങളിൽ ഉൾപ്പെടാറുമുണ്ടാകും. എന്നാൽ ഇവ ശരിക്കും എന്താണെന്ന് അറിയാമോ? ഹോട്ടൽ, റെസ്റ്റോറന്റ്, റിസോർട്ട് ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ?

ആദ്യമായി എന്താണ് ഈ ഹോട്ടൽ എന്ന് നോക്കാം. ആളുകൾക്ക് താമസിക്കുന്നതിനായുള്ള ഒരു സ്ഥലത്തെയാണ് യഥാർത്ഥത്തിൽ ഹോട്ടൽ എന്ന് പറയുന്നത്. നമ്മൾ ലോഡ്ജ് എന്ന് പറയാറില്ലേ? അതെ അതുതന്നെയാണ് ഹോട്ടലും അർത്ഥമാക്കുന്നത്. ഹ്രസ്വകാലത്തേക്ക് പണംകൊടുത്ത് ഉപയോഗിക്കാവുന്ന ഹോട്ടലിൽ മുറി, മേശ, കസേര, കുളിമുറി, തുടങ്ങിയ ആവശ്യ സൗകര്യങ്ങൾ ഒരുക്കിയിരിക്കും. ആധുനിക ഹോട്ടലുകളിൽ ടെലിഫോൺ, ടെലിവിഷൻ, ഇന്റർനെറ്റ്, എസി തുടങ്ങിയ അനേകം സൗകര്യങ്ങളും ലഭ്യമാണ്. ഓരോ ഹോട്ടലിലെയും സൗകര്യങ്ങൾക്കനുസരിച്ച് അവയെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ടു സ്റ്റാർ ഹോട്ടലുകൾ, ത്രിസ്റ്റാർ ഹോട്ടലുകൾ, ഫോർ സ്റ്റാർ ഹോട്ടലുകൾ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, സേവന സ്റ്റാർ ഹോട്ടലുകൾ എന്നിവയാണത്.

സാധാരണയായി നമ്മൾ ഭക്ഷണം കഴിക്കുവാൻ പോകുന്ന സ്ഥലത്തെയാണ് ഹോട്ടലുകൾ എന്ന് പറയുന്നത്. എന്നാൽ സത്യത്തിൽ നമ്മൾ ഹോട്ടൽ എന്ന് വിളിക്കുന്ന ഈ ഭക്ഷണശാലകളുടെ ശരിയായ പേര് റെസ്റ്റോറന്റ് എന്നാണ്. മലയാളത്തിൽ ഇവ ഭക്ഷണശാലകൾ, ലഘുഭക്ഷണശാലകൾ, ഭോജനശാലകൾ, എന്ന പേരിലും അറിയപ്പെടുന്നു. സാധാരണയായി റെസ്റ്റോറന്റുകളിൽത്തന്നെ ഭക്ഷണം പാചകം ചെയ്ത് അവിടെത്തന്നെ വിളമ്പുകയാണ് പതിവ്. ഇവിടെ താമസ സൗകര്യങ്ങൾ ലഭിക്കുകയില്ല. എങ്കിലും ചില റെസ്റ്റോറന്റുകളിൽ ആളുകൾക്ക് വിശ്രമിക്കുവാനായി റസ്റ്റ് റൂമുകൾ ഉണ്ടായിരിക്കും. താമസ സൗകര്യങ്ങളുള്ള ഹോട്ടലുകളുടെയൊപ്പം റെസ്റ്റോറന്റുകളും ഉണ്ടാകും.

ഹോട്ടലുകളെപ്പോലെതന്നെ താമസ സൗകര്യങ്ങളുള്ള ഒരു സ്ഥലമാണ് റിസോർട്ടുകൾ. എന്നാൽ ഹോട്ടലുകളെ അപേക്ഷിച്ച് റിസോർട്ടുകളിൽ താമസ സൗകര്യം കൂടാതെ ട്രെക്കിങ്ങ്, സവാരികൾ, സ്വിമ്മിങ് പൂളുകൾ തുടങ്ങി പലതരം ആക്ടിവിറ്റികളും മറ്റും ഉണ്ടായിരിക്കും. ചിലപ്പോൾ ഏതെങ്കിലും മനോഹരമായ സ്ഥലത്തായിരിക്കും റിസോർട്ടുകൾ സ്ഥിതി ചെയ്യുന്നത്. സാധാരണയായി കേരളത്തിൽ പല വിധത്തിലുള്ള റിസോർട്ടുകൾ ലഭ്യമാണ്. രണ്ടായിരം രൂപ മുതൽ വാടകയുള്ള റിസോർട്ടുകൾ ഇവിടെയുണ്ട്.

ഹോട്ടലുകൾ / റിസോർട്ടുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഏതൊരു ഹോട്ടൽ ആയാലും റിസോർട്ട് ആയാലും അവിടെ താമസിക്കുന്നവർക്കാണ് ഒരു ചെക്ക് ഇൻ, ചെക്ക് ഔട്ട് സമയം ഉണ്ടായിരിക്കും. സാധാരണയായി ഉച്ചയ്ക്ക് 12 മണിയ്ക്കാണ് മിക്ക ഹോട്ടലുകളിലും ചെക്ക് ഇൻ സമയം വെച്ചിരിക്കുന്നത്. എന്നാൽ ഇതിനു മുൻപ് ചെക്ക് ഇൻ ചെയ്യാൻ സൗകര്യമുള്ള ഹോട്ടലുകളും ലഭ്യമാണ്. ഹോട്ടൽ റൂമുകൾ ബുക്ക് ചെയ്യുന്ന സമയത്തു തന്നെ ചെക്ക് ഇൻ സമയം കൃത്യമായി അറിഞ്ഞിരിക്കണം. ചില ഹോട്ടലുകാർ ചെക്ക് ഇൻ സമയത്തിനു മുൻപ് നമുക്ക് റൂം വേണമെങ്കിൽ അതിനു പ്രത്യേകം ഫീസ് കൂടി ഈടാക്കാറുണ്ട്. എന്നാൽ നിങ്ങൾ ഒരു ട്രാവൽ ഏജന്റ് വഴിയാണ് റൂം എടുത്തതെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് നേരത്തെയുള്ള ചെക്ക് ഇൻ സൗകര്യങ്ങൾ ഹോട്ടലുകാരും ഏജൻസിയുമായുള്ള ബന്ധത്തിന്മേൽ ലഭിക്കാവുന്നതാണ്.

ചില ഹോട്ടലുകളിൽ റൂം ബുക്ക് ചെയ്യുമ്പോൾ അതിനൊപ്പം ഫ്രീ ബ്രേക്ക് ഫാസ്റ്റ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ടാകും. ബുക്ക് ചെയ്യുന്ന സമയത്ത് ഇത് പ്രത്യേകം ശ്രദ്ധിക്കുക. ഇനി നിങ്ങൾ ഹോട്ടലുകളിൽ നേരിട്ട് ചെന്ന് റൂമെടുക്കുകയാണെങ്കിൽ അവിടെ ഈ കാര്യങ്ങൾ ചോദിച്ചറിയുവാനും മടിക്കേണ്ട.

അതുപോലെതന്നെ ഒരു രാത്രി മാത്രം താമസിക്കുവാനാണ് നിങ്ങളുടെ പ്ലാൻ എങ്കിൽ ലക്ഷ്വറി റിസോർട്ടുകൾ ബുക്ക് ചെയ്യുന്നത് വളരെ നഷ്ടമായിരിക്കും. ഒരു ദിവസം മുഴുവനും ചെലവഴിക്കുവാൻ താല്പര്യമുണ്ടെങ്കിൽ മാത്രം വലിയ റിസോർട്ടുകൾ ബുക്ക് ചെയ്യുക. റിസോർട്ടുകൾ താമസത്തിനായി തിരഞ്ഞെടുക്കുന്നതിന് മുൻപ് അവയെക്കുറിച്ചുള്ള വിവരങ്ങളും റേറ്റിങ്ങുകളും ഇന്റർനെറ്റിലോ ബുക്കിംഗ് ആപ്പുകളിലോ ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.

കുടുംബമായി താമസിക്കുവാനാണ് നിങ്ങൾക്ക് ഉദ്ദേശ്യമെങ്കിൽ വളരെ ചീപ്പ് ആയിട്ടുള്ള താഴെക്കിടയിലുള്ള ഹോട്ടലുകൾ ഒഴിവാക്കുന്നതായിരിക്കും സുരക്ഷിതം. ഈ സമയത്തും ഹോട്ടലിനെക്കുറിച്ചുള്ള കസ്റ്റമർ ഫീഡ് ബാക്കുകളും റേറ്റിങ്ങും ഒക്കെ പരിശോധിക്കാവുന്നതാണ്. ഹോട്ടലിലോ റിസോർട്ടിലോ താമസിക്കുവാനായി ചെല്ലുമ്പോൾ നിങ്ങളുടെ കൈവശം എന്തെങ്കിലും ഐഡി കാർഡ് ഉണ്ടായിരിക്കേണ്ടതാണ്. ഇതൊക്കെ ചില നിയമപ്രശ്നങ്ങൾ ഉള്ളതിനാലാണ്.

ഇപ്പോൾ മനസ്സിലായില്ലേ ഹോട്ടലുകളും റിസോർട്ടുകളും റെസ്റ്റോറന്റുകളും തമ്മിലുള്ള വ്യത്യാസം. ഇനി നിങ്ങൾ ഒരു ഹോട്ടലിലോ റിസോർട്ടിലോ താമസിക്കുവാനായി പോകുന്നതിനു മുൻപ് മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒന്നു ഓർത്തിരിക്കുന്നത് നല്ലതാണ്.