പാകിസ്ഥാൻ ഇന്ത്യയിൽ നിന്നും വേർപെട്ടിരുന്നില്ലെങ്കിൽ എന്തായിരിക്കും ഇന്നത്തെ അവസ്ഥ?

ഇന്ത്യയുടെ ശത്രു ആരാണെന്നു ചോദിച്ചാൽ എല്ലാവർക്കും ഒരേയൊരു ഉത്തരമേ ഉണ്ടാകുകയുള്ളൂ – പാക്കിസ്ഥാൻ. ഒരിക്കൽ ഒന്നിച്ചു കഴിഞ്ഞിരുന്ന ഒരു ജനത 1947 നു ശേഷം രണ്ടു രാജ്യങ്ങളായി മാറുകയായിരുന്നു. അതും പരസ്പരം ശത്രുരാജ്യങ്ങൾ… ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുത മുതലാക്കുന്ന ചില രാജ്യങ്ങളുമുണ്ട്. ഇവർ ചേർന്ന് ഈ ശത്രുതയ്ക്ക് കൂടുതൽ ആഴം വരുത്തുവാനാണ് ശ്രമിക്കുന്നതും. ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ചു നിന്നിരുന്നെങ്കിൽ, പാകിസ്ഥാൻ ഇന്ത്യയിൽ നിന്നും വേർപെട്ടിരുന്നില്ലെങ്കിൽ എന്തായിരിക്കും ഇന്നത്തെ അവസ്ഥ? ആരെങ്കിലും അത് ഒന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? 1947 ൽ ഇൻഡ്യാ വിഭജനം നടന്നില്ലെങ്കിൽ ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥ എങ്ങനെയിരിക്കുമെന്നുള്ള വിവരങ്ങൾ താഴെ കൊടുക്കുന്നു.

കറാച്ചി ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിറ്റിയായി മാറും. ലാഹോർ അഞ്ചാമത്തേയും. ഇസ്ലാമാബാദും ചണ്ഡിഗണ്ടും ഉണ്ടാകുമായിരുന്നില്ല. ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലീം വിഭാഗങ്ങളുള്ള ജനാധിപത്യ രാജ്യമായി ഇന്ത്യ മാറുമായിരുന്നു. ഹിന്ദു – മുസ്ലിം മത മൈത്രിയ്ക്ക് ലോകത്തിനു മുന്നിൽ ഒരു മികച്ച ഉദാഹരണമായി ഇന്ത്യ മാറും. അതോടൊപ്പം ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ മിലിട്ടറി പവർ. 36 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണ പ്രദേശങ്ങളും ഉണ്ടാകുമായിരുന്നു ഇന്ത്യയിൽ. ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീം എന്നും നമ്മുടേത് ആകുമായിരുന്നു. മിക്കവാറും ഏഷ്യയിലെ തന്നെ മികച്ച ശക്തിയായി ഇന്ത്യ മാറും.

ലോകത്തിലെ ഏറ്റവും മനോഹരമായ സമാധാനപരമായ ടൂറിസ്റ്റ് കേന്ദ്രമായി കശ്മീർ മാറും. അതിർത്തി കടന്നുള്ള ആക്രമണങ്ങളും തീവ്രവാദങ്ങളും ഇല്ലാതാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലാഹോർ, പെഷവാർ, ഇസ്ലാമാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രെയിൻ, വിമാന സർവ്വീസുകൾ ഉണ്ടാകുമായിരുന്നു. കൊച്ചി – ലാഹോർ വിമാന സർവ്വീസും, കൊച്ചുവേളി – ഇസ്ലാമാബാദ് എക്സ്പ്രസ്സ് ട്രെയിനുമെല്ലാം സർവ്വീസ് നടത്തുന്നത് ഒന്നാലോചിച്ചു നോക്കിക്കേ. കേരളത്തിൽ വിവിധ ജോലികൾക്കായി വരുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും പാക്കിസ്ഥാനികൾ ആകുമായിരുന്നു. നമ്മുടെ ആളുകളേക്കാൾ കഠിനാദ്ധ്വാനികളാണ് പാക്കിസ്ഥാനിലെ സാധാരണക്കാർ. ഗൾഫിലും മറ്റും ജോലിയെടുക്കുന്നവർക്ക് ഈ കാര്യം മനസിലാകും.

ഇന്ത്യയിൽ നിന്നും ഇറാനിലേക്കും മറ്റും ട്രെയിൻ സർവ്വീസുകൾ ആരംഭിക്കുമായിരുന്നു. ഇറാൻ – ഇന്ത്യ പൈപ്പ്ലൈൻ പദ്ധതി എളുപ്പത്തിൽ യാഥാർത്ഥ്യമാകുമായിരുന്നു. ചിലപ്പോൾ ഇന്ത്യയുടെ പ്രധാന എതിരാളി ഇറാൻ ആയി മാറിയേനെ. ലോകം മുഴുവനും അസൂയയോടെ നോക്കിക്കാണുന്ന, പ്രശ്‍നങ്ങൾ ഒന്നുമില്ലാത്ത ഒരു രാജ്യമായി നമ്മൾ മാറുമായിരുന്നു. അങ്ങനെയങ്ങനെ ഒത്തിരി നല്ല കാര്യങ്ങളിൽ നമ്മുടെ രാജ്യം ഒന്നാമതെത്തിയേനെ. പക്ഷേ ഇതെല്ലാം ഇതുപോലൊരു കൗതുകകരമായ ലേഖനമായി നിലനിർത്തുവാനേ നമുക്കെല്ലാം ഇന്നു കഴിയുകയുള്ളൂ. ഒരിക്കൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുകൊണ്ട് ഇന്ത്യയുടെ നല്ല ഒരു അയൽക്കാരനായി പാക്കിസ്ഥാൻ മാറുമെന്ന് നമുക്കെല്ലാം പ്രത്യാശിക്കാം.