അഡ്വാനയിലെ കര്ഷകനോടൊപ്പം ഒരു ദിവസം

വിവരണം – Sakeer Modakkalil.

റൂട്ട് – ജാംനഗർ – കംബലിയ – പോർബന്ദർ. ഡൊണാൾഡ് ട്രംപിന്റെ വിദേശനയവും ഇറാന്റെ ആണവ നയവും ഒക്കെ ഇഴകീറി പരിശോധിക്കുന്ന നമുക്ക് പലപ്പോഴും നെല്ലിന്റെ ഉള്ളിൽ നിന്നു അരി എങ്ങനെയാണ് പൊട്ടാതെയും പൊടിയാതെയും പുറത്തെടുക്കുന്നതെന്ന് അറിയില്ല . ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നു ഗാന്ധിജിയും പറഞ്ഞിട്ടുണ്ടല്ലോ . ഗുജറാത്തിലെ ഒരു കര്ഷകനോടൊപ്പം കുറച്ചു ദിവസം താമസിക്കണമെന്നും അവരുടെ ജീവിതം അടുത്ത് നിന്നു കാണണമെന്നും ഒരാഗ്രഹം കുറേ നാളായി മനസ്സിലുണ്ടായിരുന്നു ….

ആയിടക്കാണ് ഗുജറാത്തിയായ എന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ ഗ്രാമത്തിലെ വീട്ടിലേക്ക് ക്ഷണിച്ചത് . വിളികേൾക്കാൻ കാത്തു നിന്ന പോലെ ഞാൻ പോകാമെന്നേറ്റു . ഞങ്ങൾ 4 പേരായിരുന്നു യാത്രയിൽ . ഒരാൾ പഞ്ചാബി 2 പേർ ഗുജറാത്തികൾ പിന്നെ ഞാനും . ബൈക്കിൽ പോകാനാണ് പ്ലാൻ . സുഹൃത്തിന്റെ കയ്യിൽ ഒരു ബൈക്കുണ്ട്. ഒരു ബൈക്ക് കൂടി ഒപ്പിച്ചാലേ ബൈക്ക് റൈഡ് നടക്കൂ . സുഹൃത്തായ ഖുഞ്ജൻ ബായി ( റൂം ഉടമസ്ഥൻ ) എപ്പോൾ ആവശ്യമുണ്ടെങ്കിലും തന്റെ ബൈക്ക് എടുത്തോളാൻ അനുമതി തന്നിരുന്നു . പക്ഷേ ബൈക്ക് ചോദിച്ചപ്പോൾ അദ്ദേഹം കുറേ പിന്തിരിപ്പിക്കാൻ ശ്രമിച്ചു ( സഹോദര സ്‌നേഹം കൊണ്ടാണ് ).

രാത്രി കൊടും തണുപ്പായിരിക്കും, ഹൈവേയിൽ വണ്ടികൾ യാതൊരു നിയമവും പാലിക്കാതെ തലങ്ങും വിലങ്ങും ഓടുകയാവും എന്നൊക്കെ പറഞ്ഞു . എങ്കിലും ഭായിയുടെ അമ്മ എന്റെ ഭാഗത്തു നിന്നു . അവൻ പോയി വരട്ടെ സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞു . കൊളംബസ് കല്യാണം കഴിച്ചിട്ടില്ലെന്നും കല്യാണം കഴിച്ചിരുന്നെങ്കിൽ എങ്ങോട്ടാ ? എപ്പോളാ വരുക ? ആരൊക്കെയുണ്ട് കൂടെ ? അല്ല ഇന്ന് പോണോ ? തുടങ്ങിയ ചോദ്യങ്ങൾ കേട്ടു യാത്ര ഉപേക്ഷിച്ചേനെ എന്നു കേട്ടിട്ടുണ്ട് .ശരിയാണോ ആവോ ? നമ്മൾ എങ്ങോട്ടെങ്കിലും പോകാൻ തീരുമാനിച്ചാൽ വീട്ടുകാരും ഭാര്യയുമാണ് പ്രധാനമായും ഇടങ്കോലിടുക ( ഈ വിഷയത്തിൽ വായനക്കാരുടെ അഭിപ്രായം തേടുന്നു ) ഞാൻ ഏതായാലും ഒറ്റയ്ക്ക് താമസവും ഭാര്യ നാട്ടിലും ആയതിനാൽ ഇനി സമ്മതം ആവശ്യമില്ല .പോവുക തന്നെ ..ഏകദേശം രാത്രി 6 മണിയോടെ ഞങ്ങൾ യാത്ര തുടങ്ങി …

അധിക ദൂരം ഓടിയില്ല ഒരു ബൈക്ക് പഞ്ചറായി … അന്വേഷിച്ചപ്പോൾ 2 Km അകലെയായി പഞ്ചർ കടയുണ്ട് ….തള്ളുകയല്ലാതെ വേറെ രക്ഷയില്ല ..തണുപ്പ് അസ്ഥിയിലേക്ക് അരിച്ചു കയറുന്നുണ്ട് .. പഞ്ചർ കടയിലെത്തിയപ്പോൾ ട്യൂബ് മാറ്റേണ്ടി വന്നു .വലിയൊരു കമ്പിക്കഷണം ആണ് കയറിയിരിക്കുന്നത് . ഹൈവേകളിൽ പഞ്ചർ കടക്കാർ തന്നെ അള്ളു വെക്കുമെന്ന് കേട്ടിട്ടുണ്ട് . മൊത്തത്തിൽ അവലക്ഷണമാണ് …യാത്ര ഉപേക്ഷിച്ചാലോ എന്ന ചിന്ത ഉയർന്നു വരാൻ തുടങ്ങി .. ബസ്സിന്‌ പോയാൽ കംബലിയയിൽ നിന്നു ഇനി ഗ്രാമത്തിലേക്ക് ബസ്സു കിട്ടില്ല . ഈ സുവർണാവസരം പാഴാക്കാനും തോന്നുന്നില്ല . എല്ലാവരും കൂടി എന്റെ അഭിപ്രായം ചോദിച്ചു …മുന്നോട്ടു വെച്ച കാൽ മുന്നോട്ടു തന്നെ …തുടരാൻ തന്നെ തീരുമാനിച്ചു ..

ജാംനഗർ – കംബലിയ ഹൈവേ വഴിയാണ് യാത്ര .പോകുന്ന വഴിക്കാണ് ലോകത്തിലെ ഏറ്റവും വലിയ പെട്രോൾ റിഫൈനറി ആയ റിലയൻസ് ഫാക്ടറി ഉള്ളത് . ജമാനഗറിനും കംബലിയാക്കും ഇടയിയിലുള്ള വലിയൊരു ഭാഗം പ്രദേശവും റിലയൻസും, എസ്സാറും നടത്തുന്ന റിഫൈനറികൾ ആണ് . കൂടെയുള്ള പഞ്ചാബിക്കു മുട്ടിനു മുട്ടിനു ചായ കുടിക്കണം ..അതുകൊണ്ടു നിറുത്തി നിറുത്തി സ്ലോ ആയാണ് യാത്ര .. സിക്കയും റിലയൻസും കംബലിയായും കഴിഞ്ഞു പോർബന്ദര് റൂട്ടിൽ എത്തി.

ഇനി അധികം വാഹനങ്ങളെ പേടിക്കണ്ട ..റോഡ് ഏറെക്കുറെ വിജനമാണ് ..കുറുകെ നായ ചാടാതെ സൂക്ഷിച്ചാൽ മതി .. നായ ചാടിയാൽ ഒരു തീരുമാനം ആകും .. സമയം 12 മണിയോടടുക്കുന്നു .9 മണിക്ക് എത്താമെന്നേറ്റ ഞങ്ങളെ കാത്ത സുഹൃത്തിന്റെ വീട്ടുകാർ ഉറങ്ങിയിട്ടുണ്ടാവും … ഇതിനിടയിൽ അന്തരീക്ഷം മുഴുവൻ ഒരു വല്ലാത്ത സുഗന്ധം .. നാട്ടിൽ പാലപൂത്താൽ ഉണ്ടാകുന്ന പോലെ … ഗുജറാത്തി സുഹൃത്തു ചോദിച്ചു ഒരു ഖുശ്‌ബു ( മണം ) വരുന്നില്ലേ ,എന്താണെന്നറിയൊന്നു … അത് മല്ലി ചെടിയുടെ മണമാണ് ഇനിയങ്ങോട്ട് നോക്കെത്താ ദൂരം കിലോമീറ്ററുകളോളം മല്ലി കൃഷി ചെയ്യുന്ന പാടങ്ങളാണ് . സത്യമായിട്ടും അത് വല്ലാത്തൊരു അനുഭവമായിരുന്നു … ബിരിയാണിയിൽ കുറച്ചു മല്ലിച്ചപ്പ് ഇടുമ്പോൾ തന്നെ നല്ല മണമല്ലേ ? അപ്പോൾ ഒരു പ്രദേശം മുഴുവൻ ആ സുഗന്ധം ..ഒന്നാലോചിച്ചു നോക്കൂ ….

അധികം താമസിയാതെ ഞങ്ങൾ സുഹൃത്തിന്റെ വീട്ടിൽ എത്തി . സമയം വൈകിയെങ്കിലും സുഹൃത്തിന്റെ അമ്മ ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടായിരുന്നു …അതാണ് മാതൃ സ്‌നേഹം …നമ്മൾ വൈകിയാലും അമ്മമാർ ഭക്ഷണം കഴിക്കാതെ നമ്മളെ കാത്തിരിക്കും . ചെറിയൊരു വീടാണെങ്കിലും സൗകര്യങ്ങൾ എല്ലാമുണ്ട് . പുതക്കാൻ കമ്പിളി പുതപ്പും കിടക്കയും , ടോയ്ലറ്റും എല്ലാം അടക്കം , കുടിക്കാൻ ചൂടുളള എരുമപ്പാൽ …

ആ വീട്ടിൽ വജ്ജസി റാമും ( അച്ഛൻ ) ഭാര്യ ദിവാലിയയും ( അമ്മ ) മാത്രമേ ഉള്ളൂ . ഇവരാണ് നമ്മുടെ കഥയിലെ നായകനും നായികയും . അവരുടെ മകനാണ് എന്റെ സുഹൃത്ത് . 4 എരുമകളും 16 ഏക്കറിലെ കൃഷിയുമായി അവരങ്ങനെ സുഖമായി ജീവിക്കുന്നു . വജ്ജസി റാം ആള് പഴയ കില്ലാടിയാണ് (ആ കഥ പിന്നെ പറയാം ) . മഹർ ജാതിയിൽ ( അംബേദ്‌കറിന്റെ കാസ്റ്റ് അല്ല ) പെട്ടവരാണിവർ .ക്ഷത്രിയരാണ് ..ഇവർക്ക്മുത്തച്ഛന്മാർ വഴി പാക്കിസ്ഥാനുമായി ബന്ധമുണ്ട് . ഇവരുടെ ഒരു മുത്തച്ഛൻ ( മുസ്ലിം ) ഇവിടെ വന്നെന്നും( പ്രേമിച്ചു നാട്ടുകാര് പിടിച്ചു കെട്ടിച്ചു ) ഒരു പെണ്ണ് കെട്ടി ഹിന്ദുവായെന്നും ഒക്കെ സുഹൃത്ത് പറഞ്ഞു . ഇവരുടെ ജാതിയിൽ മുസ്ലിംകളും ഉണ്ട് …പാക്സിതാനിൽ കുടുംബ ബന്ധം ഉള്ളവരെയും വിഭജന കാലത്തു നാടും വീടും ഉപേക്ഷിച് വരേണ്ടി വന്ന ഒരുപാട് ആളുകളെ ഞാൻ ഗുജറാത്തിൽ കണ്ടിട്ടുണ്ട് . ഞങ്ങളുടെ കൂടെയുള്ള പഞ്ചബിയുടെ കുടുംബ വീട് പാകിസ്താനിലെ പഞ്ചാബിൽ ആയിരുന്നു ….വിഭജനത്തിന്റെ മുറിപ്പാടുകൾ നമ്മൾ അറിഞ്ഞതിലും എത്രയോ അധികം ആണ് …. രാവിലെ നേരത്തെ എണീക്കണം എന്ന ഉദ്ദേശത്തോടെ ഉറങ്ങാൻ കിടന്നു ..

ഉറക്കം ഉണർന്നപ്പോൾ കുറച്ചു വൈകിപ്പോയി .കർഷകരുടെ ജീവിതം മനസ്സിലാക്കണമെങ്കിൽ രാവിലെ നേരത്തെ എണീറ്റു അവരുടെ കൂടെ കൂടണം .സമയം 7 മണിയായിരിക്കുന്നു . ഭയ്യയെ (വജ്ജസി റാമിനെ ഇനി അങ്ങനെ വിളിക്കാം ) അവിടെങ്ങും കാണുന്നില്ല .കൂടെയുള്ളവന്മാർ മൂടിപ്പുതച്ചു ഉറക്കമാണ് ( ചാത്തപ്പന് എന്ത് മഹ്ശറ എന്നു പറഞ്ഞ പോലെ ) . ദീദി ( ദിവാലിയയെ ഇനി ദീദി എന്നു വിളിക്കാം ) പുറത്തുണ്ട് . എന്റെ പരുങ്ങൽ കണ്ടു ദീദി പല്ലു തേക്കാൻ ഉള്ള വെള്ളമൊക്കെ തന്നു .അവർ ടോയ്ലറ്റ് ഒക്കെ നന്നായി കഴുകി വൃത്തിയാക്കുന്നുണ്ട് .

ദീദി ഒരു typical ഗുജറാത്തി ഗ്രാമീണ സ്ത്രീയാണ് ….ഗുജറാത്തി ഭാഷ മാത്രമേ അറിയൂ …അസാധാരണമായ പൊക്കമുള്ള ഒരു മെലിഞ്ഞ സ്ത്രീ ..കയ്യിൽ മുഴുവൻ പച്ചകുത്തിയിട്ടുണ്ട് …മുൻഭാഗം മാത്രം മറക്കുന്ന പരമ്പരാഗത ബ്ലൗസും തുണിയുമാണ് വേഷം .കാതിൽ വലിയ കടുക്കനൊക്കെ ഇട്ടിട്ടുണ്ട് . നല്ല സ്നേഹമുള്ള ദീദിയാണെന്നു എനിക്ക് അവിടത്തെ താമസം കൊണ്ട് മനസ്സിലായി…

പല്ലും തേച്ചു വീടും പരിസരവും ഒന്നു ചുറ്റിക്കറങ്ങാൻ തീരുമാനിച്ചു . ഇത്രയും മനോഹരമായ ഒരു പ്രഭാതം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല . ചുറ്റും മല്ലി കൃഷിയും ,ജോവരും കൃഷിചെയ്യുന്ന പാടത്തിനു നടുവിലായി ഒറ്റപ്പെട്ട വീടുകൾ . എരുമകളിലൊന്നിന് എന്നെ കണ്ടു കലിപ്പ് കയറി അടുത്തുള്ള ആല്മരത്തിൽ കൊമ്പു ഉരസി അരിശം തീർക്കുന്നു …. ‘ജാക്സൺ’ എന്ന വളർത്തു പട്ടി ഇന്നലെ രാത്രി ഞങ്ങൾ വന്നപ്പോൾ നിശ്ശബ്ദനായിരുന്നെങ്കിലും ഇപ്പോൾ എന്റെ സാന്നിധ്യം അവനെ അസ്വസ്ഥനാക്കി ….നിറുത്താതെ കുരയോട് കുര …ചങ്ങല പൊട്ടിക്കാനുള്ള പണിയും നോക്കുന്നുണ്ട് …

കഴിഞ്ഞ വിളവിലെ നിലക്കടലയുടെ വൈക്കോൽ കുന്നു പോലെ പോലെ കൂട്ടിയിട്ടുണ്ട് …പേരറിയാത്ത കിളികൾ ജോവർ ചെടിയുടെ കായയും തിന്ന് ‘ ബഗീച്ച ..ബഗീച്ച’ എന്നു ശബ്ദമുണ്ടാക്കുന്നു ….തൊട്ടടുത്തുള്ള കിണറിൽ പ്രാവുകൾ കൂടു കൂടിയിട്ടുണ്ട് … വീടിനു പുറകിൽ ചാണകം വട്ടത്തിൽ ഉണക്കി അട്ടി അട്ടിയായി വെച്ചിരിക്കുന്നു …..മണ്പാതയിലൂടെ ഒരു കൃഷിക്കാരൻ പാൽ പാത്രവുമായി ബൈക്കിൽ കടന്നു പോയി .. ആദിത്യൻ തലപൊക്കി നോക്കാൻ തുടങ്ങിയിരിക്കുന്നു…. ‘ Early birds catches the worm’ എന്ന പഴഞ്ചോല് പഠിച്ചിട്ടാണോ ആവോ ചുറ്റും ഇരതേടി ഇറങ്ങിയ കിളികളാണ് . സെൽഫി വടിയും SLR ക്യാമറയും ഒന്നും ഇല്ലാത്തതു ശരിക്കും ഒരു നഷ്ടമായി തോന്നി..

ഫോട്ടോ എടുത്തു നടക്കുന്നതിനിടയിൽ ഭയ്യ പാൽ വിൽക്കാൻ പോയിടത്തു നിന്നു തിരിച്ചു വന്നു . പറഞ്ഞു കേട്ട കഥകൾ മനസ്സിലുള്ളത് കൊണ്ട് കുറച്ചു സൂക്ഷിച്ചേ ബയ്യയോട് മുട്ടാൻ പറ്റൂ .എന്റെ പടമെടുപ്പു പുള്ളിക്ക് ഇഷ്ടമായില്ലേ എന്നൊരു തോന്നൽ . ഏതായാലും പുള്ളി ഇങ്ങോട്ടു കയറി സംസാരിച്ചു . മൊബൈൽ വാങ്ങി തൊട്ടടുത്തുള്ള ചെണ്ടുമല്ലി ചെടിയുടെ അടുത്ത് നില്ക്കാൻ പറഞ്ഞു .എന്റെ ഒരു ഫോട്ടോ എടുത്തു തന്നു.

സാവധാനം ഞാൻ ഓരോരോ ചോദ്യങ്ങൾ ഇറക്കാൻ തുടങ്ങി . നമ്മൾ പുള്ളിയെ ഇന്റർവ്യൂ നടത്തുകയാണെന്ന് പുള്ളിക്ക് തോന്നരുതല്ലോ . എരുമകളുടെ എണ്ണവും കൃഷിസ്ഥലത്തിന്റെ വിസ്തൃതിയും ഒക്കെ ചോദിച്ചു . ഭയ്യ പണ്ട് ദുബായിൽ പൈലിങ് ജോലി ചെയ്തിട്ടുണ്ട് . ഞാൻ മുൻപ് ഖത്തറിൽ ആയിരുന്നു എന്നു പറഞ്ഞപ്പോൾ പുള്ളിക്ക് ആവേശമായി . പിന്നെ കുറേ അറബിക്കഥയുടെ കെട്ടഴിച്ചു . പലതവണ ഭയ്യ പല വിസയിലും ദുബായിൽ ജോലി ചെയ്തിട്ടുണ്ട് . മകൻ പറഞ്ഞ കഥയനുസരിച്ചു ഭയ്യ കപ്പൽ വഴി സ്വർണം കള്ളക്കടത്തു വരെ നടത്തിയിട്ടുണ്ട് . ഭയ്യയുടെ ദുബായ് കാലത്തെ യൗവന തീക്ഷ്ണമായ ഫോട്ടോകൾ ഞാൻ പിന്നീട് ചൂണ്ടി ( അടിച്ചു മാറ്റി ) അത് കണ്ടാൽ കഥകൾ അതിശയോക്തി പരമല്ലെന്നു തോന്നും . ( ഫോട്ടോകൾ ചേർക്കുന്നുണ്ട് . ഫോട്ടോകളിൽ വലതു ഭാഗത്തുള്ളതാണ് ഭയ്യ )

ഗൾഫിലെ ജോലി മടുത്ത ഭയ്യ അവസാനം അവിടന്ന് രക്ഷപ്പെടാൻ കണ്ടു പിടിച്ച വഴിയാണ് രസകരം .തന്റെ മുഴുവൻ രേഖകളും കത്തിച്ചു .എന്നിട്ടു പോലീസിന് പിടികൊടുത്തു .ജയിലിൽ കിടന്ന ഭയ്യക്കു അവിടത്തെ നോൺ വെജ് തിന്നാൻ പറ്റില്ല .പുള്ളി അസ്സൽ വെജിറ്റേറിയൻ ആണ് .രാവിലെ കിട്ടുന്ന കുബ്ബൂസും ജാമും കൊണ്ട് കുറച്ചു ദിവസം പിടിച്ചു നിന്നു .പിന്നീട് ഗാന്ധിമാർഗത്തിൽ നിരാഹാര സമരം തുടങ്ങി .അവസാനം കാര്യം മനസ്സിലാക്കിയ അറബി പോലീസ് പലവിധ പഴവർഗങ്ങൾ കൊടുത്തു സമരം അവസാനിപ്പിച്ചു . നാട്ടിലേക്ക് കയറ്റിവിട്ടു .

വെള്ളത്തിന്റെ ദൗർലഭ്യം ആണ് എല്ലായിടത്തെയും പോലെ ഇവിടെയും കർഷകരുടെ പ്രധാന പ്രധന പ്രശ്നം . സംസാരത്തിനിടത്തിനിടയിൽ വെള്ളംവരുന്നത് ഒരു 3-4 Km അകലെ നിന്നാണെന്നും നമുക്കവിടെക്കു പോകാമെന്നും ഭയ്യ . ബയ്യയെ പിന്തുടർന്ന് അകലെ ഒരു കായൽ പോലുള്ള സ്ഥലത്തെത്തി . ഓരോ കർഷകർക്കും 2 ലക്ഷത്തോളം വില വരുന്ന വലിയ മോട്ടോർ ഉണ്ട് .ഇത്ര അകലേക്കും വെള്ളം പമ്പു ചെയ്യാൻ കഴിയുന്ന യമണ്ടൻ മോട്ടോർ . തടാകത്തിൽ താറാവുകളും ഫ്ളമിംഗോകളും ഒക്കെ ഉണ്ട് . കുറച്ചു സമയം അവിടെ ചുറ്റിപ്പറ്റി നിന്നു തിരിച്ചു പൊന്നു .

തിരിച്ചു വന്നപ്പോഴേക്കും ബാക്കിയുള്ളവരൊക്കെ എണീറ്റിരുന്നു . കുറച്ചു സമയം ‘ ചീച്ചിലായി ‘ എന്ന കായ തിന്നും ,വൈക്കോൽ കൂനയിൽ കേറിമറിഞ്ഞും നഷ്ട ബാല്യം തിരിച്ചു പിടിക്കാൻ നോക്കി .ഇതിനിടയിൽ ദീദി ഭക്ഷണവും റെഡിയാക്കിയിട്ടുണ്ട് . ഗോദമ്പ് റൊട്ടിയും തൈരും ,ചമ്മന്തിയും ആണ് ഭക്ഷണം .ചായക്ക്‌ പകരം എരുമപ്പാൽ . 5 റൊട്ടി കഴിച്ച എന്നെ ദീദി നിർബന്ധിച്ചു രണ്ടു റൊട്ടി കൂടി കഴിപ്പിച്ചു . നല്ല ടേസ്റ്റ് ആണ് ഏതായാലും . ഭക്ഷണശേഷം പ്രകൃതിയുടെ വിളി കേട്ടും , പാടത്തു വെള്ളമടിക്കുന്ന പൈപ്പിന് ചുവട്ടിൽ കുളിച്ചും ,ഭയ്യയുടെ കത്തി കേട്ടും ഒക്കെ നേരം ഉച്ചയായി . രാവിലത്തെ എന്റെ തീറ്റ കണ്ടിട്ടാവണം ദീദി ഉച്ചഭക്ഷണം കാര്യമായി ഉണ്ടാക്കുന്നുണ്ട് …

ഇന്ത്യൻ കാർഷിക മേഖലയിൽ പ്രധാനമായും 3 സീസൺ വിളകളാണ് ഖാരിഫ് ,റാബി ,സയ്ദ് എന്നിവ . ഖാരിഫ് മഴക്കാല വിളയും ,റാബി ശൈത്യകാല വിളയും ,സയ്ദ് വേനൽ വിളയും ആണ് . ഭയ്യയുടെ ഖാരിഫ് വിള നിലക്കടലായിരുന്നു .അത് മുഴുവൻ കിന്റൽ കണക്കിന് ധാന്യപ്പുരയിൽ കെട്ടിക്കിടക്കുകയാണ് . മോദി ‘നോട്ട് ബന്ദി ‘ ( Demonitisation ) നടത്തിയത് ഖാരിഫ് വിളവെടുക്കുന്ന സമയത്തായിരുന്നു . അതിനാൽ ആരുടെ കയ്യിലും കാശില്ലാതെ വിലയിടിഞ്ഞു .കഷ്ടപ്പെട്ട് കൃഷിചെയ്തത് വിൽക്കാനാവാതെ ഇരിക്കുന്ന കർഷകരുടെ കൂട്ടത്തിൽ ബയ്യയും ഉൾപ്പെടുന്നു . ഒരു 3-4 മാസം കൂടി അത് കേടു കൂടാതെ ഇരിക്കും .അതിനുള്ളിൽ വില തിരിച്ചു കയറിയില്ലെങ്കിൽ നഷ്ടത്തിൽ കലാശിക്കും

ദീദി ഉച്ചഭക്ഷണം തയ്യാറാക്കി . ‘റോട്ട്ല’ എന്നു പറയുന്ന ബജ്‌റ റൊട്ടി, വഴുതനങ്ങായും ഉള്ളിയും മല്ലിച്ചപ്പും ചേർത്ത കറിയും ,മാങ്ങാ അച്ചാറും ,മോരും , പച്ചക്കറി സലാഡും ആണ് വിഭവങ്ങൾ . എല്ലാം ഒന്നിനൊന്നു മെച്ചം .ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് മാങ്ങാ അച്ചാർ ആണ് .അസാധ്യ ടേസ്റ്റ് ആണ് . പതിവിലധികം ഭക്ഷണം കഴിച്ചത് കൊണ്ടാവാം പെരുമ്പാമ്പ് ഇര വിഴുങ്ങിയ അവസ്ഥയായി .ഇരിക്കാനും വയ്യ നീക്കാനും വയ്യ .

ഇനിയൊരിക്കൽ ഭാര്യയെയും കുട്ടികളെയും കൂട്ടി വരണമെന്ന് ദീദി …. ഞാൻ അവരെ കേരളത്തിലേക്ക് ക്ഷണിച്ചെങ്കിലും കേരളത്തിൽ എല്ലാവരും മത്സ്യം തിന്നുന്നവരും അത് മാത്രമേ കിട്ടൂ എന്നുമാണ് അവരുടെ ധാരണ .’ഭാഗ്യം ബീഫ് തിന്നുന്നത് അറിഞ്ഞില്ല ! തിരിച്ചു വരാൻ നേരം ഭയ്യ ഒരുകുട്ടിച്ചാക്കു നിറയെ കടല തന്നു വിട്ടു .എന്നെ ഞെട്ടിച്ചു കൊണ്ട് ഭയ്യയുടെ കണ്ണുകളിൽ നിന്നു കണ്ണീർ ഒഴുകാൻ തുടങ്ങി . ഈ പാവം സ്നേഹസംബന്ധനായ മനുഷ്യനെയാണല്ലോ ഞാൻ പേടിച്ചത് ….ദീദി കരയാതെ കട്ടക്ക് പിടിച്ചു നിക്കുന്നുണ്ട് ….

വഴിയിൽ വെച്ചു’ റബാരി ‘ എന്നറിയപ്പെടുന്ന ആട്ടിടയന്മാരെ കണ്ടു .ആട്ടിടയൻ തന്റെ ചായയിൽ നിന്നു ഒരു ഷെയർ എനിക്കും തന്നു . തനിക്കു 4 ഒട്ടകം കൂടിയുണ്ടെന്നും വേണമെങ്കിൽ അതിനെയും നമുക്ക് പോയി ഫോട്ടോ എടുക്കാമെന്നും ഓഫർ .ഇതിനിടയിൽ ഒരു ആട് പ്രസവിച്ചു .അമ്മയുടെയും കുഞ്ഞിന്റെയും ഫോട്ടോ എടുത്തോ എന്നു പുള്ളി ….. ദരിദ്രരെങ്കിലും അത്തരം ആളുകളുടെ സ്നേഹവും പങ്കു വെക്കാനുള്ള മനസ്സും ആരെയും അത്ഭുദപ്പെടുത്തും .

ഇടയ്ക്കു ചായ കുടിക്കാൻ കയറിയപ്പോൾ ഒരു ഗ്രാമീണനെ കണ്ടു ….കാണാൻ നല്ല ലുക്ക് ഉണ്ട് ..ഒരു രാജകീയത എവിടെയോ ഒളിച്ചിരിപ്പുണ്ട് …വിക്രമാദിത്യ മഹാരാജ ലൂക്ക് …ക്യാമറ കണ്ട പുള്ളി കൊമ്പൻ മീശ ഒന്നു കൂടി പിരിച്ചു ഗമയിൽ ഇരുന്നു . വരുന്ന വഴിക്ക് റിലൈൻസിന്റെ ഷോപ്പിംഗ് മാളിലും കയറി രാത്രി 10 മണിയോടെ കൂടി റൂമിലെത്തി .