ഉടമസ്ഥൻ വഴിയിലുപേക്ഷിച്ച പാവം നായയ്ക്ക് പുതുജീവൻ നൽകി ഒരു രക്ഷക…

നമ്മൾ വീടുകളിൽ നായകളെ ഓമനിച്ചു വളർത്താറുണ്ട്. കള്ളന്മാരെ പേടിച്ചാണ് മിക്കയാളുകളും ഇവയെ വളർത്തുന്നതെങ്കിലും ചിലരൊക്കെ ഒരു ഓമന എന്ന രീതിയിലും വളർത്താറുണ്ട്. അവരുടെ വീട്ടിലെ ഒരംഗത്തെപ്പോലെ തന്നെ ആയിരിക്കും നായയും. എന്നാൽ ഇത്തരത്തിൽ വളർത്തുന്ന അരുമയായ നായകൾക്ക് എന്തെങ്കിലും അസുഖമോ വാർദ്ധക്യമോ പിടിപെട്ടാൽ എന്തായിരിക്കും സ്ഥിതി? ചിലർ അവയെ അവസാനം വരെയും പൊന്നുപോലെ നോക്കും. എന്നാൽ ചിലർ അവയ്ക്ക് വയ്യാതെയായാൽ എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കും.

ഇത്തരക്കാർക്ക് അവയോടുണ്ടായിരുന്നത് സ്നേഹമായിരുന്നോ? ഒരിക്കലുമല്ല, കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പില എന്നതുപോലെയാണ് ഇവർക്ക് നായകൾ. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട നായകളെ ചിലരൊക്കെ എടുത്തു വളർത്തി അസുഖമെല്ലാം മാറ്റി വീണ്ടും പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാറുണ്ട്. അത്തരമൊരു അനുഭവ കഥയാണ് തൃശ്ശൂരിൽ താമസിക്കുന്ന സാമൂഹ്യ പ്രവർത്തകയും ആർട്ടിസ്റ്റുമായ ശ്രീജ കളപ്പുരയ്ക്കലിനു പറയുവാനുള്ളത്. ശ്രീജയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഒന്നു വായിക്കാം.

“ഇന്നേക്ക് 7 ദിവസം മുൻപ് തൃശൂർ കണ്ണംകുളങ്ങര, വീടിന്റെ വഴിയിൽ ആരോ ഉപേക്ഷിക്കപ്പെട്ട നിലയിൽ എണീറ്റു നിൽക്കാൻ പോലും സാധിക്കാതെ കിട്ടിയതാണ് ഇവളെ.. കഴുത്തിലും തൊലിപ്പുറത്തും എന്തോ അസുഖം ഉണ്ട്. വീട്ടിൽ ട്രെയിനിങ് നൽകി വളർത്തിയിരുന്ന നായ ആണ് എന്ന് അതിന്റെ അനുസരണ കാണുമ്പോൾ അത് മനസ്സിലാകുന്നുണ്ട്. ഒരസുഖം വരുമ്പോൾ, കൊടും വേനലിൽ അപരിചിതമായ ഒരിടത്തുപേക്ഷിക്കുക. ഇതുപോലുള്ള മഹാപാപം ചെയ്യാൻ എങ്ങനെയാണ് മനസുവരുന്നത്. ഇനിയും അതവിടെ കിടന്നാൽ ചത്തുപോകുമെന്നു തോന്നിയതുകൊണ്ട് മാത്രമാണ് വീട്ടിലേക്കു കൊണ്ടുവന്നത്.

Veternery surgen നെ കാണിച്ചു മരുന്നു നൽകി. കനത്ത ചൂട് സഹിക്കാനാവാതെ മൂക്കിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു. വയറുനിറയെ ഭക്ഷണം നൽകി. കുളിപ്പിച്ച്, ഒരാഴ്ച കൊണ്ടവൾ നടക്കാനും ഓടാനും കളിക്കാനും മിടുക്കിയായി. എന്റെ ലക്കിയുടെയും വിക്കി, മാളു, ഇവരുടെ കൂടെ സന്തോഷത്തോടെ അവളുണ്ട്. അവൾക്കു ഞങ്ങൾ ഡോറ എന്ന് പേരിട്ടു. പക്ഷെ വീട്ടിലാരുവന്നാലും അവരുടെ വാഹനത്തിൽ കയറി ഇരിക്കുകയാണ്, അതിന്റ യജമാനന്റെ അടുത്തേക്ക് പോകാൻ തയ്യാറായിട്ട്. ആ നന്ദിയില്ലാത്തവരെ ഇപ്പോളും സ്നേഹിക്കുന്നു അത്.

അതിനറിയില്ലല്ലോ അവളെ നിഷ്കരുണം ഉപേക്ഷിച്ചതാണെന്ന്. ഇതു ചെയ്തതാരായാലും അതിനനുഭവിക്കും. മിണ്ടാപ്രാണികളെ സ്നേഹം നടിച്ചു വളർത്തി എന്തെകിലും അസുഖം വരുമ്പോൾ പെരുവഴിയിൽ ഉപേക്ഷിക്കുന്ന കുറേ കഥകൾ കേട്ടിട്ടുണ്ട്. ഇതും അതിലൊന്ന് മാത്രം. ഇനി അവളെ ചോദിച്ചു ആരും വരില്ല എന്നെനിക്കറിയാം. സുഖപ്പെടുത്തി ആരോഗ്യം മെച്ചപ്പെട്ടു വന്നാൽ അവകാശം പറഞ്ഞു വന്നാൽ കൊടുക്കാനുള്ള മറുപടി ഇപ്പോൾ തന്നെ ഞങ്ങൾക്കുണ്ട്. ഇതിനി ഇവിടെ സ്വതന്ത്രമായി ജീവിക്കട്ടെ.”

ആയകാലത്ത് ആർക്കൊക്കെയോ വേണ്ടി ജീവിച്ച് അവസാനം തെരുവിൽ ജീവിതം അവസാനിക്കേണ്ടിയിരുന്ന ഒരു പാവം മിണ്ടാപ്രാണിയുടെ ജീവിതം തിരികെ കൊടുത്തതിനു ശ്രീജ കളപ്പുരയ്ക്കലിന് ഞങ്ങളുടെ വക ഒരു ബിഗ് സല്യൂട്ട്.. ഈ ഒരു വാർത്ത കണ്ടിട്ടെങ്കിലും ഇതുപോലെ ഒരു ക്രൂരത ഒരു യജമാനനും വളർത്തു മൃഗങ്ങളോട് ചെയ്യാതിരിക്കട്ടെ.