ഹെൽമറ്റിനു പകരം തലയിൽ അലുമിനിയം പാത്രം വച്ച് യുവതിയുടെ സ്കൂട്ടർ യാത്ര

പാണ്ടിപ്പട എന്ന സിനിമയിൽ ഹരിശ്രീ അശോകൻ കുതിരപ്പുറത്തു യാത്ര ചെയ്യുമ്പോൾ മൺചട്ടി ഹെൽമറ്റ് ആയി വെച്ചതു കണ്ട് ചിരിച്ചവരാണ് നമ്മൾ. എന്നാൽ അതിനു സമാനമായ ഒരു സംഭവം അരങ്ങേറിയിരിക്കുകയാണ് ഇപ്പോൾ. പോലീസിൻ്റെ ചെക്കിംഗിൽ നിന്നും പിഴയിൽ നിന്നുമൊക്കെ നിന്ന് തന്ത്രപൂര്‍വ്വം രക്ഷപെടാന്‍ അലുമിനിയ പാത്രം തലയില്‍ ഹെൽമറ്റ് ആയി വെച്ച് യാത്ര ചെയ്യുന്ന യുവതിയുടെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പരക്കെ വൈറലായത്.

രസകരമായ പല കമന്റുകളും വീഡിയോയ്ക്ക് താഴെ ആളുകള്‍ പങ്കുവെയ്ക്കുന്നുണ്ട്. ‘വീട്ടുജോലിയെല്ലാം തീര്‍ത്തു പെട്ടെന്നിറങ്ങിയപ്പോള്‍ ഓര്‍ത്തുകാണില്ല പാവം. എന്തെല്ലാം ടെന്‍ഷന്‍ ആയിരിക്കും ആ പാവത്തിന്’, എന്നു തുടങ്ങി പല കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.

സംഭവം നടന്നത് ഇന്ത്യയിൽ ആണെങ്കിലും എവിടെ വച്ചു നടന്നതാണെന്നോ യുവതി ആരാണെന്നോ എന്നതില്‍ വ്യക്തതയില്ല. യുവതിയുടെ സ്‌കൂട്ടറിനു പിറകില്‍ സഞ്ചരിച്ചവര്‍ പകര്‍ത്തിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലായിരിക്കുന്നത്. വീഡിയോയിൽ യുവതി ഓടിക്കുന്ന സ്‌കൂട്ടറിന്റെ നമ്പർ അവ്യക്തമായി കാണാം. പോലീസ് എങ്ങാനും അതു തപ്പിപ്പിടിച്ച് ആളെ പൊക്കിയാൽ പണിയാകും.

ഇതേപോലെ തന്നെ ഹെല്‍മറ്റിന് പകരം ചെരുവം ഉപയോഗിച്ച യുവാവിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നിരവധി പേരാണ് ആ വീഡിയോ കണ്ടത്. എന്തായാലും സിനിമകളിൽ കാണുന്ന തരത്തിലുള്ള മുട്ടൻ കോമഡി സീൻ ജീവിതത്തിൽ നേരിട്ട് കണ്ട് ആസ്വദിക്കുവാനും ചിരിക്കുവാനും കഴിഞ്ഞതിന്റെ ത്രില്ലിലാണ് നാട്ടുകാർ.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടിക്കൊണ്ട് പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ വന്നതോടെ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്ന ശീലം പലരും ഒഴിവാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവരില്‍ നിന്ന് വന്‍ തുകയാണ് പിഴയായി ചുമത്തുന്നത് എന്ന സത്യമാണ് ഹെൽമറ്റ് വിരോധികളെക്കൊണ്ട് പോലും അത് ധരിപ്പിക്കുന്നത്. പിന്നിലിരിക്കുന്ന യാത്രക്കാർക്കും ഇപ്പോൾ ഹെൽമറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഇത് കൂടുതലും ബാധിച്ചിരിക്കുന്നത് വഴിയരികിൽ നിന്നും ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുന്നത് സ്ഥിരം പരിപാടിയാക്കിയ ആളുകളെയാണ്.