കെഎസ്ആർടിസി ചതിച്ചു, പാതിരാത്രി പെരുവഴിയിൽ…

വയനാട്ടിലെ കറക്കങ്ങൾക്കിടയിൽ ശ്വേതയ്ക്ക് പനിപിടിക്കുകയുണ്ടായി. അതുകൊണ്ട് ഞങ്ങൾ ഉടനെ വീട്ടിലേക്ക് തിരിച്ചു. ശ്വേതയെ ഹോസ്പിറ്റലിൽ കാണിച്ചു ദീപാവലിയൊക്കെ ആഘോഷിച്ചശേഷം ഞാൻ ഒറ്റയ്ക്ക് വീണ്ടും വയനാട്ടിലേക്ക് യാത്രയായി. രാത്രിയിലായിരുന്നു എൻ്റെ യാത്ര. തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കര, കോട്ടയം വഴി മൈസൂരിലേക്ക് പോകുന്ന സ്‌കാനിയ ബസ്സിൽ ആയിരുന്നു ഞാൻ യാത്ര പ്ലാൻ ചെയ്തത്. ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുകയും ചെയ്തു.

ഞാൻ വീട്ടുകാരോട് യാത്ര പറഞ്ഞതിന് ശേഷം വീടിനടുത്തുള്ള കോഴഞ്ചേരി ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു. ആ സമയത്ത് സ്റ്റാൻഡിൽ ഒട്ടും തിരക്ക് ഉണ്ടായിരുന്നില്ല. തിരുവനന്തപുരം – കോഴഞ്ചേരി റൂട്ടിൽ വര്ഷങ്ങളായിട്ടു മുടങ്ങാതെ ഓടുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് അവിടെ കിടപ്പുണ്ടായിരുന്നു. ഇനി ഈ ബസ് തിരുവനന്തപുരത്തേക്ക് രാവിലെയേ പോകുകയുള്ളൂ.

സ്‌കാനിയ ബസ്സിൽ കൊട്ടാരക്കരയിൽ നിന്നും സുൽത്താൻ ബത്തേരി വരെയാണ് ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. എൻ്റെ വീടിനടുത്തുള്ള മേജർ സ്റ്റേഷനായ തിരുവല്ലയിൽ (ബോർഡിംഗ് പോയിന്റ്) നിന്നും ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഇല്ലായിരുന്നതിനാലാണ് ഞാൻ കൊട്ടാരക്കര വെച്ച് ബുക്ക് ചെയ്തത്. ബസ് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടപ്പോൾ എനിക്ക് കണ്ടക്ടറുടെ നമ്പർ അടങ്ങിയ ഒരു മെസ്സേജ് ലഭിച്ചിരുന്നു. വിളിച്ചു നോക്കിയപ്പോൾ കണ്ടക്ടറുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

പിന്നെ ഞാൻ തിരുവനന്തപുരത്തെ തമ്പാനൂർ ബസ് സ്റ്റേഷനിലെ നമ്പറിൽ വിളിച്ചിട്ട് കൊട്ടാരക്കരയിൽ നിന്നുമാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും തിരുവല്ലയിൽ നിന്നും കയറാൻ സാധിക്കുമോ എന്ന് ചോദിച്ചു. അവർ എൻ്റെ ഡീറ്റെയിൽസ് എല്ലാം ചോദിച്ചിട്ട് തിരികെ വിളിക്കാം എന്നു പറഞ്ഞു ഫോൺ വെച്ചു. അഞ്ചു മിനിറ്റിനു ശേഷം അവർ എന്നെ തിരികെ വിളിക്കുകയും കണ്ടക്ടറോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും തിരുവല്ലയിൽ നിന്നും കയറാമെന്നും അറിയിക്കുകയുണ്ടായി. ഞാൻ വളരെ ഹാപ്പിയായി. അവരോട് നന്ദി പറഞ്ഞുകൊണ്ട് ഞാൻ തിരുവല്ലയിലേക്ക് പോകുവാൻ തയ്യാറായി.

വീണ്ടും കണ്ടക്ടറെ വിളിച്ചപ്പോൾ എനിക്ക് കോൾ കണക്ട് ആകുകയും അവർ ആ സമയത്ത് വട്ടപ്പാറ എന്ന സ്ഥലത്ത് എത്തിയിട്ടുള്ളൂയെന്നും മറുപടി ലഭിച്ചു. അപ്പോൾ സമയം ഏകദേശം 9 മണിയാകാറായിരുന്നു. അങ്ങനെയാണ് ഞാൻ കോഴഞ്ചേരി ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നത്. കുറച്ചു സമയം കാത്തു നിന്നപ്പോൾ ഒരു തിരുവല്ല ബസ് വരികയും ഞാൻ അതിൽ കയറുകയും ചെയ്തു. ബസ്സിൽ വെച്ച് എന്റെ സുഹൃത്തായ ജസ്റ്റോ ഫിലിപ്പിനെ കണ്ടുമുട്ടുകയും ചെയ്തു. അങ്ങനെ ഞാൻ തിരുവല്ല കെഎസ്ആർടിസി ബസ് ടെർമിനലിൽ എത്തിച്ചേർന്നു.

തിരുവല്ല ബസ് ടെർമിനലിൽ രാത്രി സമയത്ത് ചില ബസ്സുകൾ കയറാറില്ലായിരുന്നതിനാൽ ഞാൻ കണ്ടക്ടറെ വീണ്ടും വിളിച്ചു കാര്യം അന്വേഷിച്ചു. ഞാൻ കരുതിയതുപോലെ തന്നെ എനിക്ക് പോകേണ്ട സ്‌കാനിയ ബസ്സും സ്റ്റാൻഡിൽ കയറില്ലായെന്നു കണ്ടക്ടർ പറഞ്ഞു. കേരളത്തിൽ മാത്രമായിരിക്കും ഇങ്ങനെയൊരു ചടങ്ങ്. രാത്രിസമയത്ത് ബസ് സ്റ്റാൻഡിൽ കയറാതെ പോകുന്നതുമൂലം കുടുംബമായി യാത്ര ചെയ്യുന്നവരടക്കം വഴിയരികിൽ കാത്തു നിൽക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഇത്രയും വലിയ ബസ് ടെര്മിനലൊക്കെ ഉണ്ടാക്കി വെച്ചിട്ട് രാത്രി അതിൽ ബസ് കയറില്ലെന്നു പറയുന്നത് എന്തൊരു വിരോധാഭാസമാണ്?

ധാരാളം ആളുകൾ ബസ് കാത്ത് ടെർമിനലിനുള്ളിൽ നിൽക്കുമ്പോഴാണ് കെഎസ്ആർടിസിയുടെ ഈ ആളെ വട്ടംകറക്കൽ. ഇവർക്ക് ഒന്ന് ബസ് സ്റ്റാൻഡിൽ കയറിയാലെന്താ? ഒരു യാത്രക്കാരനെയെങ്കിലും കിട്ടില്ലേ? കഷ്ടം തന്നെ… ഇതൊക്കെ ഓർത്തുകൊണ്ട് അങ്ങനെ നിൽക്കുമ്പോൾ അതാ വരുന്നു എനിക്ക് പോകേണ്ട മൈസൂർ സ്‌കാനിയ ബസ്. ഞാൻ വഴിയരികിൽ നിന്നും ബസ്സിൽ കയറി.

എൻ്റെ സീറ്റ് നമ്പർ 35 ആയിരുന്നു. എൻ്റെ സീറ്റിൽ കമ്പിളിപ്പുതപ്പ് ഒക്കെ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. ഞാൻ കയറിയതോടെ ബസ് വീണ്ടും യാത്ര തുടങ്ങി. എൻ്റെ തൊട്ടടുത്ത സീറ്റിൽ ഉണ്ടായിരുന്നില്ലാത്തതിനാൽ ഞാൻ പതിയെ റിലാക്സ് ചെയ്ത് ഉറങ്ങാൻ തുടങ്ങി.

ബസ് കോട്ടയത്ത് എത്തിയപ്പോഴാണ് ഞങ്ങൾക്ക് മുട്ടൻ പണി കിട്ടിയത്. ബസ്സിന്റെ എസി വർക്ക് ആകുന്നില്ല. ആളുകളെ ഇറക്കിയിട്ട് ബസ് വഴിയരികിൽ പാർക്ക് ചെയ്യുകയുണ്ടായി. ജീവനക്കാർ ആരെയൊക്കെയോ ഫോണിൽ വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു. കെഎസ്ആർടിസിയുടെ ഏറ്റവും വലിയ പോരായ്മ എന്തെന്നാൽ എല്ലാ ജില്ലകളിലെയും പ്രധാന ഡിപ്പോകളിൽ ഒരു സ്പെയർ ബസ് ഇല്ലെന്നതാണ്.

ഞാൻ അടക്കമുള്ള യാത്രക്കാർ പെരുവഴിയിലായി. പിന്നാലെ വന്ന മാനന്തവാടി മിന്നൽ ബസ് ഞങ്ങൾ കൈകാണിച്ചിട്ടും നിർത്തിയില്ല. ചിലപ്പോൾ ബസ് ഫുൾ ആയതു കൊണ്ടാകും. അങ്ങനെ ആ പ്രതീക്ഷയും കൈവിട്ടു. എന്താല്ലേ? കെഎസ്ആർടിസിയുടെ ഒരു പ്രീമിയം സർവ്വീസിലെ യാത്രക്കാരുടെ അവസ്ഥയാണ്. എല്ലാവരും കെഎസ്ആർടിസിയെ ശപിക്കുന്നുണ്ടായിരുന്നു.

വേറെ രക്ഷയില്ലെന്നായതോടെ കണ്ടക്ടർ ഞങ്ങൾക്ക് ഒരു സ്ലിപ്പ് തരികയുണ്ടായി. ഈ സ്ലിപ്പ് ഉപയോഗിച്ചിട്ട് യാത്രക്കാർക്ക് മറ്റു കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്ത് സ്ഥലത്തെത്താം. അങ്ങനെ ഞാൻ എറണാകുളത്തേക്ക് പോകുകയായിരുന്ന ഒരു ലോഫ്‌ളോർ ബസ്സിൽകയറി. അതിലെ കണ്ടക്ടറോട് കാര്യം പറയുകയും എനിക്ക് കിട്ടിയ സ്ലിപ്പ് കാണിക്കുകയും ചെയ്തു.

അങ്ങനെ ഞാൻ കയറിയ ലോഫ്‌ളോർ ബസ് എറണാകുളത്ത് എത്തിച്ചേർന്നപ്പോൾ ഇതിലെ കണ്ടക്ടർ സ്റ്റേഷൻ മാസ്റ്ററെ കണ്ട് വിവരം ധരിപ്പിച്ച് എനിക്ക് യാത്രാമാർഗ്ഗം ശരിയാക്കി തന്നു. അവധിക്കാലമായതിനാൽ എല്ലാ ബസ്സുകളിലും നല്ല തിരക്കായിരുന്നു. അവസാനം കോഴിക്കോടേക്കുള്ള ഒരു സൂപ്പർ എക്സ്പ്രസ്സ് ബസ്സിൽ അവർ എന്നെ കയറ്റിവിട്ടു. ഈ ബസ് കോഴിക്കോട് എത്തിയപ്പോൾ അതിലെ കണ്ടക്ടർ എന്നെ ഒരു മൈസൂർ ഫാസ്റ്റിൽ കയറ്റിവിട്ടു.

അങ്ങനെ അവസാനം ഞാൻ രാവിലെയോടെ കൽപ്പറ്റയിൽ എത്തിച്ചേർന്നു. അവിടെ എന്നെക്കാത്ത് ഹൈനാസ്‌ ഇക്ക നിൽപ്പുണ്ടായിരുന്നു. ഇക്കയോട് ഞാൻ അവിടെ ബസ്സുകൾ മാറികയറി എത്തിച്ചേർന്ന കഥ പറഞ്ഞു. ഇനിയൊരിക്കലും കെഎസ്ആർടിസി സ്‌കാനിയ ബസ്സിൽ സീറ്റ് ബുക്ക് ചെയ്യില്ലെന്ന തീരുമാനത്തിൽ ഞാൻ എത്തുകയും ചെയ്തു. ഇപ്പോൾ മനസ്സിലായില്ലേ എങ്ങനെയാണ് യാത്രക്കാർ കെഎസ്ആർടിസിയിൽ നിന്നും അകന്നു പ്രൈവറ്റ് ബസ്സുകളുടെ പിന്നാലെ പോകുന്നതെന്ന്. ഇത്ര നാളും ആനവണ്ടിയെ പ്രൊമോട്ട് ചെയ്ത് നടന്ന എനിക്ക് കിട്ടിയ എട്ടിന്റെ പണി ആയിപ്പോയി ഇത്. ഡ്രൈവറും കണ്ടക്ടറും മാത്രം നന്നായാൽ പോരാ, ഉന്നതങ്ങളിൽ ഇരുന്ന് ഭരിക്കുന്ന ജീവനക്കാരും നന്നാകണം. ബസ്സ് സർവ്വീസ് നടത്താനുള്ള മാന്യമായ വിവരവും ബോധവും ഇല്ലെങ്കിൽ നൂറുകണക്കിനാളുകൾ കെ എസ് ആർ ടി സിയെ കയ്യൊഴിയും.